Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരിങ്ങാലക്കുടയിലെ സെറ്റിൽ നായകൻ എത്തിയത് 15ന് വൈകിട്ട്; അടുത്ത ദിവസം അഭിനയിച്ചത് കുറച്ചു സീനുകളിൽ; 17ന് റൂമിൽ സുഖ ഉറക്കം; ഇടപെടലിലെ അസ്വാഭാവിക തിരിച്ചറിഞ്ഞ് അമ്മയെ സെറ്റിലേക്ക് വിളിച്ചു വരുത്തിയത് ഷൂട്ടിങ് സുഗമമാകാൻ; 18ന് അമ്മയുടെ സാന്നിധ്യത്തിൽ തകർപ്പൻ അഭിനയം; വീണ്ടും ക്ഷീണിതനായി മുറിയിൽ; 20ന് എത്തിയത് ഇനി ഡീസന്റ് എന്ന് എല്ലാവരോടും പ്രഖ്യാപിച്ചും; 21ന് ബൈക്കിൽ എങ്ങോട്ടോ സ്ഥലം വിട്ടു; 'ഒത്തുതീർപ്പ്' ഷെഡ്യൂളിൽ വെയിൽ പ്രതിസന്ധിയിൽ ആയത് ഇങ്ങനെ

ഇരിങ്ങാലക്കുടയിലെ സെറ്റിൽ നായകൻ എത്തിയത് 15ന് വൈകിട്ട്; അടുത്ത ദിവസം അഭിനയിച്ചത് കുറച്ചു സീനുകളിൽ; 17ന് റൂമിൽ സുഖ ഉറക്കം; ഇടപെടലിലെ അസ്വാഭാവിക തിരിച്ചറിഞ്ഞ് അമ്മയെ സെറ്റിലേക്ക് വിളിച്ചു വരുത്തിയത് ഷൂട്ടിങ് സുഗമമാകാൻ; 18ന് അമ്മയുടെ സാന്നിധ്യത്തിൽ തകർപ്പൻ അഭിനയം; വീണ്ടും ക്ഷീണിതനായി മുറിയിൽ; 20ന് എത്തിയത് ഇനി ഡീസന്റ് എന്ന് എല്ലാവരോടും പ്രഖ്യാപിച്ചും; 21ന് ബൈക്കിൽ എങ്ങോട്ടോ സ്ഥലം വിട്ടു; 'ഒത്തുതീർപ്പ്' ഷെഡ്യൂളിൽ വെയിൽ പ്രതിസന്ധിയിൽ ആയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെയിൽ സിനിമയുടെ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി നടന്ന ചിത്രീകരണത്തിൽ ഷെയ്ൻ നിഗം കാട്ടിയത് വലിയ അനുസരണ കേടുകൾ. ഇരിങ്ങാലക്കുടയിലെ സെറ്റിൽ 15ന് വൈകിട്ടാണ് ഷെയൻ നിഗം എത്തിയത്. അടുത്ത ദിവസം കുറച്ചു ഭാഗം അഭിനയിച്ചു. എന്നാൽ 17ന് സ്‌കൂളിൽ കിടന്ന് ഉറങ്ങി. ഇതോടെ സംവിധായകൻ ശരത് മേനോന് പ്രശ്‌നം പിടികിട്ടി. ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുത്ത ഷെയൻ നിഗമിന്റെ അമ്മയെ വിവരം അറിയിച്ചു. അങ്ങനെ അമ്മ സെറ്റിലെത്തി. 18ന് സജീവമായി തന്നെ ഷൂട്ടിംഗിൽ പങ്കെടുത്തു. 19ന് വീണ്ടും റെസ്റ്റ്. അതിന് ശേഷം സെറ്റിൽ എല്ലാവരോടും നന്നായി ഷെയ്ൻ പെരുമാറി. പിന്നെ പൊടുന്നനെ അപ്രത്യക്ഷമാകൽ. അതിന് ശേഷം സിനിമയെ ആകെ വെട്ടിലാക്കി മുടി വെട്ടലും. വെയിൽ സിനിമയും അതിന്റെ പുതുമഖ സംവിധായകൻ ശരത് മേനോനുമാണ് പ്രതിസന്ധിയിലാകുന്നത്.

മലയാള സിനിമയിൽ ഏറെ നാളായി സജീവമായി നിൽക്കുന്ന നിർമ്മാതാവാണ് ജോബി ജോർജ്. അതുകൊണ്ട് തന്നെ ഈ സിനിമ പ്രതിസന്ധിയിലാകുന്നത് ചെറിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും അതിന് മറികടക്കാൻ ജോബി ജോർജിന് വേഗത്തിൽ കഴിയും. അതുകൊണ്ട് ഷെയ്ൻ നിഗമിന്റെ നടപടി പ്രതിസന്ധിയിലാക്കുന്നത് ഷെയ്ൻ നിഗിന്റെ കരിയറിനേയും സംവിധായകന്റെ സ്വപ്‌നങ്ങളേയുമാണ്. താര സംഘടനകൾ ആരും ഇനി ഷെയൻ നിഗമിനെ പിന്തുണയ്ക്കില്ല. അവരോട് ആലോചിക്കാതെ മുടി മുറിച്ചതിലുള്ള പ്രതിഷേധമാണ് ഇത്. അബിയുടെ മകനെന്ന പരിഗണന നൽകി നിർമ്മാതാവിനെ കുറ്റപ്പെടുത്തും വിധമായിരുന്നു താര സംഘടന പോലും വിഷയത്തിൽ ഇടപെട്ടത്. ഫെഫ്ക ചർച്ചകളിൽ ഭാഗമായതുമില്ല. സംവിധാകനിൽ നിന്ന് പരാതി കിട്ടാത്തതു കൊണ്ടായിരുന്നു ഇത്. അങ്ങനെ എല്ലാവരും കൃത്യമായ അകലം പാലിച്ചു. അങ്ങനെ അനുകൂല നിലപാട് എടുത്തവരെ കൂടി വെട്ടിലാക്കുകയാണ് ഷെയ്ൻ നിഗം.

നിർമ്മാതാക്കളും താര സംഘടനയും മുൻ കൈയെടുത്ത് നടത്തിയ ചർച്ചകളിൽ ഷെയൻ നിഗമിന്റെ അമ്മയും പങ്കെടുത്തിരുന്നു. അമ്മയെ കൂടി വിശ്വാസത്തിലെടുത്താണ് പുതിയ ഷെഡ്യൂൾ പോലും പ്രഖ്യാപിച്ചത്. എന്നിട്ടും ഇതുമായി നിസഹകരണം തുടരുകയായിരുന്നു ഷെയ്ൻ. പറഞ്ഞ ദിവസം സെറ്റിലെത്തിയെങ്കിലും സഹകരിക്കാൻ തയ്യാറാകാത്ത മനസ്സാണ് നടൻ കാട്ടിയത്. ഇതോടെയാണ് അമ്മയെ സംവിധായകൻ തന്നെ വിവരങ്ങൾ അറിയിച്ചത്. അമ്മയെ കാര്യങ്ങൾ ധരിപ്പിച്ചതിന്റെ അമർഷം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ട കുറിപ്പിൽ ഷെയ്ൻ നിഗമും പങ്കുവച്ചിരുന്നു. നവംബർ 16ന് ലൊക്കേഷനിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്‌നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജർ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് അവനെ മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.-ഇങ്ങനെയാണ് സെറ്റിലെ വിഷയങ്ങളെ ഷെയ്ൻ നിഗം തന്നെ സോഷ്യൽ മീഡിയയിലുടെ അവതരിപ്പിച്ചത്.

വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ പുത്തൻ ലുക്കിൽ ഷെയ്ൻ നിഗം എത്തിയത് ഏവരേയും ഞെട്ടിച്ചിട്ടണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മേക്കോവർ ചിത്രങ്ങൾ പുറത്തുവിട്ടത്. മുടി പറ്റെ വെട്ടി താടിയും മീശയും എടുത്തുകളഞ്ഞ ലുക്കിലുള്ള ഷെയ്നെ ആദ്യ കാഴ്ചയിൽ ആരും തിരിച്ചറിയില്ല. വെയിൽ സിനിമയുടെ അണിയറ പ്രവർത്തകരോടുള്ള പ്രതിഷേധസൂചകമായാണ് ഷെയ്ൻ മുടി മുറിച്ചത്. പ്രതിഷേധം എന്ന് ഹാഷ്ടാഗോടെ തലയിൽ എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് ഷെയ്ൻ മുടി വെട്ടിയതിനെ ചൊല്ലിയായിരുന്നു തർക്കങ്ങൾ തുടങ്ങിയത്. അന്ന് കഥാപാത്രത്തിനായി നീട്ടി വളർത്തിയ മുടി ഷെയ്ൻ വെട്ടിയത് സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്നാരോപിച്ച് നിർമ്മാതാവ് ജോബി രംഗത്തുവന്നിരുന്നു. ജോബി വധഭീഷണി മുഴക്കിയെന്ന് ഷെയ്ൻ നിഗവും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പ്രതിഫല തർക്കമാണെന്നായിരുന്നു ജോബിയുടെ വാദം. താരസംഘടന ഇടപെട്ട് ഇരുവർക്കുമിടയിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഷെയ്നും വെയിലിന്റെ സംവിധായകൻ ശരത് മേനോനുമായുള്ള തർക്കങ്ങൾ രൂക്ഷമായി. താരം സിനിമയുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കി ശരത് മേനോൻ രംഗത്തുവന്നിരുന്നു. എന്നാൽ വിശ്രമമില്ലാതെ തന്നെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണെന്നും മാനസികമായും ശാരീരികമായും പീഡനങ്ങൾ ഷൂട്ടിങ് സെറ്റിൽ ഏറ്റുവാങ്ങേണ്ടി വന്നതായും ഷെയ്ൻ നിഗവും വ്യക്തമാക്കി.

ഹെയർ സ്‌റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്നും വെയിൽ എന്ന സിനിമയുടെ നിർമ്മാതാവായ ജോബി ജോർജും തമ്മിലുള്ള പ്രശ്നം ആരംഭിക്കുന്നത് . 'വെയിലി'ൽ ഷെയ്‌ന്റേത് മുടി നീട്ടി വളർത്തിയ ഗെറ്റപ്പായിരുന്നു. എന്നാൽ വെയിലിന്റെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് ഷെയ്ൻ മറ്റൊരു ചിത്രമായ കുർബാനിക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു ജോബിയുടെ ആരോപണം. ഇതിൽ ക്ഷുഭിതനായ ജോബി തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്‌നാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് താരസംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും ചേർന്ന് നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകി. എന്നാൽ ചിത്രീകരണത്തിനിടയിൽ ഷെയ്ൻ ഇറങ്ങിപ്പോയെന്നും സഹകരിക്കുന്നില്ലെന്നും കാണിച്ച് വീണ്ടും വെയിലിന്റെ അണിയറപ്രവർത്തകർ രംഗത്ത് വന്നു. ഇത് കാണിച്ച് ജോബി ജോർജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകുകയും ഷെയ്‌നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനം നിർമ്മാതാക്കളുടെ സംഘടന 'അമ്മ'യെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ആരാധകനെ അസഭ്യം പറയുന്ന ഒരു ഓഡിയോ ഷെയ്ൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതും വിവാദമായി.

മിമിക്രി-ചലച്ചിത്രതാരമായിരുന്ന അബിയുടെ മകനാണ് ഷെയ്ൻ. അച്ഛന്റെ മരണ ശേഷമാണ് ഷെയ്ൻ താരമായി വളരുന്നത്. പൃഥ്വരാജ് നായകനായി എത്തിയ അൻവർ ആണ് ആദ്യ മലയാള ചിത്രം. ഈ ചിത്രത്തിനുശേഷം 2013ൽ തമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വർഷം തന്നെ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിൽ കുഞ്ഞുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ൽ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന ചിത്രത്തിൽ മജീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം, ഷാവനാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

കിസ്മകത്ത് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ഷെയ്ൻ ശ്രദ്ധിക്കപ്പെട്ടത്. ഷെയ്ൻ നായകനായി എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു അത്. 2017ൽ ആന്റണി സോണി സംവിധാനം ചെയ്ത കെയർ ഓഫ് സൈറ ബാനു,സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തിയേറ്ററിൽ നിന്നും മികച്ച വിജയം നേടിയ പറവയിലൂടെ മലയാളസിനിയിൽ സ്വന്തമായൊരു ഇടം ഷെയ്ൻ സ്വന്തമാക്കി. 2018ൽ ബി.അജിത്കുമാർ സംവിധാനം ചെയ്ത ഈട എന്ന ചിത്രത്തിലെ നായക കഥാപാത്രം ഷെയിനിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. അതേ വർഷം തന്നെ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

ഒരു ചിത്രകാരനായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയത്.2019ൽ മധു സീ നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിൽ നായകനായി. അങ്ങനെ യുവ നിരയിലെ ഹിറ്റ് നായകനായി മാറുന്നതിനിടെയാണ് ഷെയ്ൻ നിഗം വിവാദ പുരുഷനാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP