Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമുസ്ലിംങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും പ്രസംഗിച്ച ഷംസുദ്ദീൻ പാലത്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ; പൊലീസ് പിടികൂടിയത് യുഎപിഎ എടുത്തു കളഞ്ഞതോടെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ

അമുസ്ലിംങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും പ്രസംഗിച്ച ഷംസുദ്ദീൻ പാലത്ത്  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ; പൊലീസ് പിടികൂടിയത് യുഎപിഎ എടുത്തു കളഞ്ഞതോടെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ

എം പി റാഫി

കോഴിക്കോട്: അമുസ്ലിംങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും പ്രസംഗിച്ച സലഫി പ്രഭാഷകൻ ശംസുദ്ദീൻ പാലത്ത് പൊലീസ് കസ്റ്റഡിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ന് വൈകിട്ട് നാല് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പൊലീസിന്റെ പിടിയിലായത്. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ(ഐ.എസ്) മൂന്ന് അടിസ്ഥാന ആശയങ്ങളിലൊന്നായ 'അൽ വലാ വൽ ബറാ' ആശയം പ്രസംഗിച്ചതിനാണ് ഷംസുദ്ദീനെതിരെ കേസെടുത്തത്. മതസ്പർദ പരത്തുന്ന വിദ്വേഷ പ്രസംഗം നടത്തിയ ഷംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയെങ്കിലും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പിന്നീട് യു.എ.പി.എ എടുത്തു കളയുകയായിരുന്നു.

കാസർകോട് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതിയെ തുടർന്ന് കാസർകോഡ് പൊലീസ് 2016 സെപ്റ്റംബർ ഏഴിനാണ് ശംസുദ്ദീൻ പാലത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കാസർകോഡ് ജില്ലാ ഗവ.പ്ലീഡറയിരുന്ന അഡ്വ.സി ശൂക്കൂർ എസ്‌പിക്കു നൽകിയ പരാതിയെ തുടർന്നായിരുന്നു കേസെടുത്തത്. നിലവിൽ പ്രഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പ് ഐപിസി 153 എ ആണ് ചുമത്തിയിട്ടുള്ളത്. പ്രസംഗം നടന്ന കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പിന്നീട് കേസ് കൈമാറുകയും നോർത്ത് അസിസ്റ്റന്റ് കമ്മീഷണർക്ക് അന്വേഷണ ചുമതല നൽകുകയും ചെയ്തിരുന്നു. എന്നാൽ യു.എ.പി.എ എടുത്ത് കളഞ്ഞ ശേഷം നടക്കാവ് സി.ഐക്കാണ് അന്വേഷണ ചുമതലയുള്ളത്.

കേരളീയ സമൂഹത്തിൽ ഇന്നു നിലനിൽക്കുന്ന ഇതര മത വിശ്വാസികളാട് ഇസ്ലാം മത വിശ്വാസികൾക്കുള്ള സ്‌നേഹവും പരസ്പര ബഹുമാനവും മറ്റു സാമൂഹ്യ ബന്ധങ്ങളും ഒഴിവാക്കണമെന്നു ആഹ്വാനം ചെയ്യുന്നതും ഇസ്ലാം മത വിശ്വാസികളെ ഈ രാജ്യത്തു നിന്നു തന്നെ പലായനം ചെയ്യുവാൻ പ്രേരിപ്പിക്കുന്നതുമാണ് ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. മുസ്ലിങ്ങൾ മാത്രമുള്ള ഒരു രാജ്യത്തേക്കു ഇവിടുത്തെ മുസ്ലിംകളും യാത്ര പോകണം എന്നുള്ള ആഹ്വാനം നമ്മുടെ രാജ്യം നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയ ഇസ്ലാമിക്ക് സ്റ്റേറ്റ് എന്ന സംഘടന പോലുള്ളവ ഭരണം നടത്തുന്നിടത്തേക്ക് പോകുവാൻ പ്രേരിപ്പിക്കുന്നതാണ്. ഐഎസ് ആശയങ്ങളാണ് വാക്കുകൾക്കിടയിലൂടെ അദ്ദേഹം തിരുകി വെക്കുന്നത്. ഇത്തരം പ്രഭാഷണങ്ങൾ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അവരിൽ ഇതര മത വിശ്വാസികളാട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി സമൂഹത്തിൽ നിലവിലുള്ള സമാധാന അന്തരീക്ഷം പോലും തകർക്കാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇയാളുടേതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കൂടാതെ ഐഎസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മത വിശ്വാസത്തിന്റെ മറവിൽ ജനങ്ങളിലേക്കു പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇയാളുടേത്. സോഷ്യൽ മീഡിയ വഴി ഇയാളുടെ പ്രസംഗം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആ പ്രസംഗം കേൾക്കുവാനിടയുള്ള മുസ്ലിംകളല്ലാത്തവർ സ്വാഭാവികമായും മുസ്ലിം സമൂഹത്തെ സംശയത്തോടെ നോക്കുവാൻ അത് കാരണമാകുമെന്നും പരാതിയിൽ ശുക്കൂർ വക്കീൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണവും പ്രസംഗിച്ച 'അൽ വലാഅ് വൽ ബറാഅ് ' എന്ന ആശയവും ആഗോള ഭീഗര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മൂന്ന് അടിസ്ഥാന ആശയങ്ങളിലൊന്നാണെന്നത് ഏറെ ഗൗരവകരമാണ്. മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളായിരുന്നു പ്രസംഗത്തിൽ. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നുണ്ട്., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒന്നര വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിലായിരുന്നു പ്രസംഗിച്ചത്.

കേസെടുത്ത ശേഷം ഷംസുദ്ദീൻ പാലത്ത് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈയിടെ ഐക്യപ്പെട്ട ഇരുവിഭാഗം സംഘടനക്കു പുറമെയുള്ള വിസ്ഡം ഗ്രൂപ്പിൽ നിന്നും വിഘടിച്ച വിഭാഗത്തിൽപ്പെട്ടയാളാണ് ഷംസുദ്ദീൻ പാലത്ത്. കേരളത്തിൽ നിന്നും ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് പോയ ഏതാനും പേർ ഈ വിഭാഗത്തോടൊപ്പം പ്രവർത്തിച്ചവരാണ്. കേസെടുത്ത ശേഷം ഷംസുദ്ദീൻ പാലത്ത് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

രാഷ്ട്രീയ സമ്മർദത്തെ തുടർന്ന ഇയാൾക്കു മേലുള്ള യു.എ.പി.എ എടുത്തു കളഞ്ഞതോടെ രാജ്യം വിടാനായി നെടുമ്പോശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇന്ന്. എമിഗ്രേഷൻ വിഭാഗമാണ് ഷംസുദ്ദീൻ പാലത്തിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ ഇന്ന് രാത്രിയോടെ കോഴിക്കോട്ടെത്തിക്കും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP