Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിവിൽ സർവീസ് ഓഫിസേഴ്‌സ് ക്ലബ്ബിലെ സ്ഥിരം സന്ദർശകൻ; ഉന്നതരുമായി അടുത്ത ബന്ധവും മദ്യസത്ക്കാരങ്ങളുടെ സംഘാടകനും; സ്വപ്ന കുരുക്കിൽ തലസ്ഥാനത്തെ പ്രമുഖ ബിൽഡറും; എസ്എഫ്എസ് ഉടമ ശ്രീകാന്ത് കഴിഞ്ഞ മാസം സ്വപ്നയെ വിളിച്ചത് 17 തവണ; സംഭാഷണങ്ങൾ 14 സെക്കന്റ് മുതൽ 600 സെക്കന്റിലേറെ നീളുന്നത്; പ്രമുഖ ഡീൽ മേക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസും ഒരുങ്ങവേ ആശങ്കയിലായി ഉന്നതർ; ദുബായ് ഓഫീസിലെ കുരുക്കഴിക്കാൻ വേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്ന് ശ്രീകാന്ത് മറുനാടനോട്

സിവിൽ സർവീസ് ഓഫിസേഴ്‌സ് ക്ലബ്ബിലെ സ്ഥിരം സന്ദർശകൻ; ഉന്നതരുമായി അടുത്ത ബന്ധവും മദ്യസത്ക്കാരങ്ങളുടെ സംഘാടകനും; സ്വപ്ന കുരുക്കിൽ തലസ്ഥാനത്തെ പ്രമുഖ ബിൽഡറും; എസ്എഫ്എസ് ഉടമ ശ്രീകാന്ത് കഴിഞ്ഞ മാസം സ്വപ്നയെ വിളിച്ചത് 17 തവണ; സംഭാഷണങ്ങൾ 14 സെക്കന്റ് മുതൽ 600 സെക്കന്റിലേറെ നീളുന്നത്; പ്രമുഖ ഡീൽ മേക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസും ഒരുങ്ങവേ ആശങ്കയിലായി ഉന്നതർ; ദുബായ് ഓഫീസിലെ കുരുക്കഴിക്കാൻ വേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്ന് ശ്രീകാന്ത് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയുടെ കോൾ ലിസ്റ്റിൽ പേര് വന്നതിനെ തുടർന്ന് തലസ്ഥാനത്തെ പ്രമുഖ ബിൽഡറായ എസ്എഫ്എസും കുരുക്കിലാകുന്നു. സ്വപ്നയെ 17 തവണ കഴിഞ്ഞ മാസം വിളിച്ചത് തെളിഞ്ഞതിനെ തുടർന്നാണ് എസ്എഫ്എസും സ്വപ്ന കുരുക്കിലേക്ക് നീങ്ങിയത്. എസ്എഫ്എസ് ഉടമ ശ്രീകാന്താണ് കഴിഞ്ഞ മാസം നിരന്തരം സ്വപ്നയെ ഫോണിൽ ബന്ധപ്പെട്ടത്. 14 സെക്കന്റ് മുതൽ 600സെക്കന്റിലേറെ നീളുന്ന സംഭാഷണങ്ങളാണ് സ്വപ്നയും ശ്രീകാന്തും തമ്മിൽ നടത്തിയത്. സ്വപ്നയെ വിളിച്ചതായി തെളിഞ്ഞതിനെ തുടർന്ന് എസ്എഫ്എസ് ഗ്രൂപ്പ് ഉടമ ശ്രീകാന്തിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. ശ്രീകാന്തിനു തലസ്ഥാനത്ത് ഉള്ള ഉന്നതതല ബന്ധത്തെക്കുറിച്ച് കസ്റ്റംസ് ഇപ്പോഴേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്വപ്ന ബന്ധം തെളിഞ്ഞതിനെ തുടർന്ന് ഡിആർഐയും ശ്രീകാന്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് സൂചന. സ്വപ്നയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി എസ്എഫ്എസ് ഉടമയേയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. സ്വപ്നയുടെ സ്വർണം കടത്തിലും മറ്റു ഇടപാടുകളിലും ശ്രീകാന്തിനു ബന്ധമുണ്ടോ, സ്വപ്നയുടെ ഏതെങ്കിലും ഇടപാടിൽ ശ്രീകാന്ത് ഇടനിലനിന്നിട്ടുണ്ടോ എന്നൊക്കെയാണ് കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജൂണിൽ 17 തവണയോളം ശ്രീകാന്ത് സ്വപ്നയെ വിളിച്ചതിന്റെ ഫോൺ രേഖകൾ മറുനാടനു ലഭിച്ചു. ജൂൺ മാസത്തിൽ 17 തവണയും സ്വപ്നയെ വിളിച്ചതായി ശ്രീകാന്ത് മറുനാടനോട് സമ്മതിച്ചു.

ദുബായിൽ എസ്എഫ്എസ് മാർക്കറ്റിങ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനാണ് ജൂണിൽ സ്വപ്നയെ വിളിച്ചത് എന്നാണ് ശ്രീകാന്ത് മറുനാടനോട് പറഞ്ഞത്. ദുബായ് ബന്ധമുള്ള ആളെ തിരഞ്ഞപ്പോൾ സുഹൃത്താണ് സ്വപ്നയുടെ പേര് നിർദ്ദേശിച്ചത്. വിളിച്ചപ്പോൾ സ്വപ്ന സഹായിക്കാമെന്നു സ്വപ്ന സമ്മതിക്കുകയും ചെയ്തു. അതിന്റെ പേരിലാണ് തുടർ വിളികൾ നടത്തിയത് എന്നാണ് ശ്രീകാന്ത് മറുനാടനോട് പറഞ്ഞത്. ശ്രീകാന്തിനു സ്വപ്നയുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന ഫോൺ രേഖകൾ പുറത്ത് വന്നതിനെ തുടർന്ന് എസ്എഫ്എസ് ഉടമയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളും ഐഎഎസ്-ഐപിഎസ് ഉന്നതരും ആശങ്കയിലാണ്. സംശയാസ്പദമായ രീതിയിൽ ഏതെങ്കിലും രീതിയിൽ ബന്ധം നീണ്ടാൽ ഇവരെയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. തലസ്ഥാനത്തെ ഡീൽ മേക്കർമാരിൽ പ്രമുഖനാണ് എസ്എഫ്എസ് ഉടമയായ ശ്രീകാന്ത്. അത്യുന്നത ബന്ധങ്ങളാണ് തലസ്ഥാനത്ത് ശ്രീകാന്തിനു സ്വന്തമായി ഉള്ളത്. അതുകൊണ്ട് തന്നെ ശ്രീകാന്തിനു സ്വപ്നയുമായി ബന്ധം വരുന്നത് ഉന്നതരെ അലട്ടുന്നുണ്ട്.

കസ്റ്റംസ് ചോദ്യം ചെയ്താൽ പിറകെ ഡിആർഐ വരും. ഡിആർഐ വന്നാൽ അതിനു പിറകെ എൻഐഎകൂടി വരും. സ്വപ്നയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ വന്നാൽ വലിയ പ്രശ്‌നങ്ങളാണ് പിന്നീട് വരുക. സ്വർണ്ണക്കടത്ത് മുഖ്യ ആസൂത്രകയായ സ്വപ്നയുമായി ബന്ധമുണ്ടെന്നു വന്നതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ തന്നെ സംശയ നിഴലിലാണ്. ശിവശങ്കറുമായി സ്വപ്നയ്ക്കുണ്ടായിരുന്ന ബന്ധത്തിന്റെ വിവിധ തലങ്ങൾ എൻഐഎ അടക്കമുള്ള ഏജൻസികൾ ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സ്വർണ്ണക്കടത്തുമായി എന്തെങ്കിലും ബന്ധം തെളിഞ്ഞാൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ തന്നെയാണ് കസ്റ്റംസ് ഒരുങ്ങുന്നത്. ഇങ്ങനെ ആശങ്കാകുലമായ സാഹചര്യം നിലനില്ക്കുമ്പോഴാണ് സ്വപ്നയുടെ കാൾ ലിസ്റ്റിൽ എസ്എഫ്എസ് ഉടമയുടെ പേര് കൂടി വരുന്നത്. ഇതോടെയാണ് ശ്രീകാന്തുമായി ബന്ധമുള്ള ഉന്നതർ ആശങ്കയിലായത്. തലസ്ഥാനത്തെ ഡീൽ മേക്കർ എന്ന രീതിയിലാണ് ശ്രീകാന്ത് അറിയപ്പെടുന്നത്.

ഡിജിപിമാരും ചീഫ് സെക്രട്ടറിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധങ്ങളാണ് ശ്രീകാന്തിനു ഉള്ളത്. പല ഡീലുകളിലും ശ്രീകാന്ത് ഇടനിലക്കാരൻ കൂടിയാണ്. മദ്യസത്ക്കാരങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഉയർന്നു കേൾക്കുന്ന പേര് ശ്രീകാന്തിന്റെതാണ്. ഈ അടുപ്പം വച്ചാണ് ജവഹർ നഗറിലെ സിവിൽ സർവീസ് ഓഫിസേഴ്‌സ് ക്ലബ്ബിലെ സ്ഥിരം സന്ദർശകനായി ശ്രീകാന്ത് മാറിയത്. ഉദ്യോഗസ്ഥർക്കായുള്ള ക്ലബ്ബിൽ ഇയാളെപ്പോലുള്ളവരെ കൊണ്ടുവരുന്നത് ശരിയല്ലെന്ന്  ജൂനിയർ ഉദ്യോഗസ്ഥരിൽ ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ ബിൽഡറും സ്വപ്നയുമായുള്ള ബന്ധം പുറത്തുവന്നതോടെ ഉന്നതരിൽ പലരും ആശങ്കയിലാണ്. എന്നാൽ ദുബായ് ഓഫീസിലെ കുരുക്കഴിക്കാൻ വേണ്ടി മാത്രമാണ് സ്വപ്നയുമായി ബന്ധപ്പെട്ടതെന്നാണ് ശ്രീകാന്ത് മറുനാടനോട് പറഞ്ഞത്. നേരിൽ സ്വപ്നയെ കണ്ടിട്ടില്ല. ആവശ്യം വന്നപ്പോൾ അതുമായി ബന്ധപ്പെട്ടു നിരന്തരം വിളിച്ചു. അല്ലാതെ സ്വപ്നയുമായി ഒരു ബന്ധവുമില്ല-ശ്രീകാന്ത് പറയുന്നു.

സ്വപ്നയുടെ നമ്പർ നൽകിയത് ഹോൾസെയിൽ വ്യാപാരി; ദുബായ് പ്രശ്‌നം വന്നപ്പോൾ ഫോണിൽ ബന്ധപ്പെട്ടു: ശ്രീകാന്ത്

എനിക്ക് ദുബായിൽ എസ്എഫ്എഎസ് ഓഫീസുണ്ട്. അവിടെ ഒരു പവർ ഓഫ് അറ്റോർണി നൽകാനുണ്ടായിരുന്നു. ഇലക്ട്രിസിറ്റി, വാട്ടർ ബിൽ എന്നിവ അടയ്ക്കാൻ വേണ്ടി ഒരു കൂട്ടുകാരന്റെ പേരിൽ പവർ ഓഫ് അറ്റോർണി നൽകാൻ വേണ്ടിയാണ് ഇത്. അതിന്റെ നടപടിക്രമങ്ങൾ അറിയില്ലായിരുന്നു. എന്റെ സുഹൃത്ത് നമ്പർ നൽകിയത് സ്വപ്നയുടേത് ആണ്. അദ്ദേഹം വെജിറ്റബിൾ ഹോൾസെയിൽ വ്യാപാരിയാണ്. ഇവർ യുഎഇ കോൺസുലെറ്റിൽ ജോലി ചെയ്യുന്നില്ല എന്നൊന്നും എനിക്കറിയില്ല. ഞാൻ അപേക്ഷ നൽകിയപ്പോൾ സ്വപ്ന തിരുത്ത് പറഞ്ഞു. നോട്ടറി അറ്റസ്റ്റ് ചെയ്യണം, ഹോം ഡിപ്പാർട്ട്‌മെന്റ് അറ്റസ്റ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞു. എനിക്കും സംശയമായി. പേപ്പർ തിരിച്ചു വാങ്ങി. നോട്ടറിക്ക് നൽകി. ഹോം ഡിപ്പാർട്ട്‌മെന്റിൽ കാണിച്ചപ്പോൾ അതിൽ അറബിക് എഴുതിയിട്ടുണ്ട്. അതിന്നാൽ അറബിക് ട്രാൻസ്ലെറ്റ് ചെയ്യണം. അറബി അറിയുന്ന ആളെ അന്വേഷിച്ച് നടന്നു. പിന്നെ ഒരാളെ കണ്ടുപിടിച്ചു. പിന്നെ ഹോം ഡിപ്പാർട്ട്‌മെന്റിൽ പോയി അറ്റസ്റ്റ് ചെയ്തു. എന്നിട്ടാണ് വീണ്ടും സ്വപ്നയെ സമീപിക്കുന്നത്. എല്ലാം ഫോൺ സംഭാഷണങ്ങൾ മാത്രമാണ്. ജൂണിൽ അല്ലാതെ അതിനു മുൻപും പിൻപും വിളിച്ചിട്ടില്ല. എനിക്ക് സ്വപ്നയെ അറിയില്ല. നേരിൽ കണ്ടിട്ടില്ല. സ്റ്റാഫാണ് സ്വപ്നയെ നേരിൽ കണ്ടത്. പിന്നീടാണ് യുഎഇ കോൺസുലെറ്റിൽ സ്വപ്ന ഇല്ലെന്ന് അറിയുന്നത്. സ്വപ്നയ്ക്ക് പക്ഷെ കാര്യങ്ങൾ എല്ലാം അറിയാം. എൻഐഎയും കസ്റ്റസും ഒന്നും എന്നെ വിളിച്ചിട്ടില്ല-ശ്രീകാന്ത് പറയുന്നു.

അതേസമയം വിവാദ സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അപേക്ഷ ഇന്ന് എൻഐഎ കോടതി പരിഗണിക്കും. ഈ മാസം 24 വരെ എൻഐഎയുടെ കസ്റ്റഡിയിലാണ് ഇരുവരും. കേസിൽ ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിലായത്. കടത്താൻ ശ്രമിച്ച സ്വർണ്ണത്തിനായി പണം മുടക്കിയ കേസിലാണ് ഇയാളുടെ അറസ്റ്റ്. ഇന്ന് രാവിലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. . മറ്റു രണ്ടു പ്രതികളായ കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസിന്റെ അപേക്ഷ, സാമ്പത്തിക കുറ്റകൃത്യ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന ഫൈസൽ ഫരീദിന്റെ മൂന്നുപീടികയിലെ വീടിനു മുന്നിൽ എൻഐഎ ഇന്നലെ അറസറ്റ് വാറണ്ട് പതിപ്പിച്ചിരുന്നു. ദുബായ് പൊലീസിന്റെ പിടിയിലായ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP