Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളേജ് ക്യാമ്പസിൽ ഒരു മുറി വേണമെന്ന് തോന്നിയപ്പോൾ കോൺട്രാക്ടറെ വെച്ച് ആരെയും കൂസാതെ സ്വന്തമായി നിർമ്മാണം; നിർമ്മാണം കഴിഞ്ഞപ്പോൾ ഫണ്ട് പ്രിൻസിപ്പൽ നൽകണമെന്ന് ചട്ടംകെട്ടി കുട്ടിസഖാക്കൾ; അനുമതിയില്ലാത്ത നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് തീർത്തു പറഞ്ഞ പ്രിൻസിപ്പലിന് എസ്എഫ്‌ഐയുടെ ഭീഷണി; കാര്യവട്ടം ഗവൺമെന്റ് കോളേജ് എസ്എഫ്‌ഐയുടെ സ്വന്തം വെള്ളരിക്കാപ്പട്ടണം! ഗുണ്ടായിസം ഭയന്ന് കോളേജ് അധികാരികൾ

കോളേജ് ക്യാമ്പസിൽ ഒരു മുറി വേണമെന്ന് തോന്നിയപ്പോൾ കോൺട്രാക്ടറെ വെച്ച് ആരെയും കൂസാതെ സ്വന്തമായി നിർമ്മാണം; നിർമ്മാണം കഴിഞ്ഞപ്പോൾ ഫണ്ട് പ്രിൻസിപ്പൽ നൽകണമെന്ന് ചട്ടംകെട്ടി കുട്ടിസഖാക്കൾ; അനുമതിയില്ലാത്ത നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് തീർത്തു പറഞ്ഞ പ്രിൻസിപ്പലിന് എസ്എഫ്‌ഐയുടെ ഭീഷണി; കാര്യവട്ടം ഗവൺമെന്റ് കോളേജ് എസ്എഫ്‌ഐയുടെ സ്വന്തം വെള്ളരിക്കാപ്പട്ടണം! ഗുണ്ടായിസം ഭയന്ന് കോളേജ് അധികാരികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജ് രീതിയിൽ കാര്യവട്ടം ഗവൺമെന്റ് കോളേജിലും എസ്എഫ്‌ഐ ഗുണ്ടായിസം. നിയമങ്ങൾ കാറ്റിൽപ്പറത്തി കാര്യവട്ടം ഗവൺമെന്റ് കോളെജിൽ സ്വന്തമായി ഒരു മുറി പണി തീർത്തിരിക്കുകയാണ് കോളെജിലെ എസ്എഫ്‌ഐ നേതാക്കൾ. സർക്കാരിന്റെയോ കോളെജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്‌ഐയുടെ ഈ അനധികൃത നിർമ്മാണം. നിയമങ്ങൾ നോക്കുകുത്തിയാക്കി സ്വന്തം ഇഷ്ടപ്രകാരം മുറി പണിത എസ്എഫ്‌ഐ നേതാക്കൾ നിർമ്മാണത്തിന് ആവശ്യമായി വന്ന ഫണ്ട് നൽകാൻ ഇപ്പോൾ കോളെജ് അധികൃതരെ ഭീഷണിപ്പെടുത്തുകയുമാണ്.

കോളെജ് യൂണിയൻ ഭരിക്കുന്ന എസ്എഫ്‌ഐ യൂണിയൻ നേതാക്കൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് പുതിയ മുറി എന്നാണ് എസ്എഫ്‌ഐ ഭാഷ്യം. തങ്ങൾ ചെലവിട്ട തുക ഏതെങ്കിലും രീതിയിൽ ഉൾക്കൊള്ളിച്ച് തുക തിരികെ നല്കണം എന്നാണ് എസ്എഫ്‌ഐ നേതാക്കൾ ഉയർത്തിയിരിക്കുന്ന ഡിമാൻഡ്. മുറി നിർമ്മാണം സർക്കാരിന്റെ അനുമതിയില്ലാതെ നടന്നതിനാൽ സർക്കാരിനെ അറിയിക്കാനോ ഫണ്ട് അനുവദിക്കാനോ കഴിയാതെ എസ്എഫ്‌ഐയുടെ അനധികൃത നിർമ്മാണത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുന്നത് കോളെജ് അധികൃതരാണ്. അനുമതിയില്ലാതെ നിർമ്മാണം നടത്തിയതിന്റെ പേരിൽ ആദ്യം ഉത്തരം നല്‌കേണ്ടി വരുക പ്രിൻസിപ്പാളാണ്. ഇതുകൊണ്ട് തന്നെ കോളെജ് പ്രിൻസിപ്പാളും സ്റ്റാഫ് കൗൺസിലും പ്രശ്‌ന പരിഹാരത്തിന് തല പുകയ്ക്കുകയാണ്.

കോളേജിൽ ഫണ്ടില്ല എന്നും അനധികൃത നിർമ്മാണത്തിനു ഫണ്ട് അനുവദിക്കാൻ കഴിയില്ലാ എന്നും പ്രിൻസിപ്പാൾ പറഞ്ഞപ്പോൾ അതൊന്നും തങ്ങൾക്ക് അറിയേണ്ട കാര്യമില്ല എന്ന നിലപാടാണ് എസ്എഫ്‌ഐ നേതാക്കൾ സ്വീകരിച്ചത്. കോളെജ് ഫണ്ട് ഇല്ലെങ്കിൽ പിടിഐ ഫണ്ട് നൽകണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്‌നം രൂക്ഷമായാപ്പോൾ സ്വന്തമായി തീരുമാനത്തിന് നിൽക്കാതെ സ്റ്റാഫ് കൗൺസിൽ വിളിച്ചു ചേർക്കുകയാണ് പ്രിൻസിപ്പാൾ ചെയ്തത്. അനുമതിയില്ലാതെ സർക്കാർ കോളെജിൽ നിർമ്മാണം നടത്തി ഫണ്ട് വേണമെന്ന എസ്എഫ്‌ഐയുടെ ആവശ്യത്തെ സ്റ്റാഫ് കൗൺസിൽ ആശങ്കയോടെയാണ് കണ്ടത്. എസ്എഫ്‌ഐ തീരുമാനത്തിന്നെതിരെ ശബ്ദിക്കണമെന്നു പല അദ്ധ്യാപകർക്കും തോന്നിയെങ്കിലും പ്രിൻസിപ്പാൾ അടക്കം എല്ലാവരും നിശബ്ദരായി ഇരുന്നു. എസ്എഫ്‌ഐ ആക്രമണത്തെയും ഭീഷണിയേയും ഭയന്നാണ് ഈ അനധികൃത നിർമ്മാണത്തിനെതിരെ ആരും ശബ്ദിക്കാതിരുന്നത്.

സ്റ്റാഫ് കൗൺസിലിനു ഈ കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഇടത് അദ്ധ്യാപക സംഘടനയായ എകെജിസിടി വഴി രഹസ്യമായി പ്രശ്‌ന പരിഹാരത്തിന് അധികൃതർ ശ്രമിക്കുകയാണെന്നും സൂചനയുണ്ട്. എകെജിസിടിഎ നേതാവും അതുവഴി സിൻഡിക്കേറ്റ് മെമ്പറും ആയ കോളെജ് പ്രിൻസിപ്പാൾ ഈ പ്രശ്‌നം സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യുക. പ്രശ്‌നം വഷളാകാതിരിക്കാൻ സംഘടനാ നേതാക്കൾ എസ്എഫ്‌ഐ സംസ്ഥാന നേതാക്കളെ വിളിച്ച് ഈ നിർമ്മിതി പൊളിച്ചു കളയാൻ ആവശ്യപ്പെടുക. ഇതാണ് ഇപ്പോൾ ഉരുത്തിരിയുന്ന പരിഹാരമാർഗം. പ്രശ്‌ന പരിഹാരമാകാത്തതിനാൽ ഈ നിർമ്മിതി ഇപ്പോൾ കോളെജ് അധികൃതരെ നോക്കി പല്ലിളിക്കുകയുമാണ്.

യൂണിവേഴ്സിറ്റി കോളെജ് രീതിയിൽ കാര്യവട്ടം കോളേജിനെയും നിയന്ത്രിക്കാൻ സ്വന്തമായി ഒരു മുറി വേണമെന്ന് തോന്നിയപ്പോഴാണ് കോളേജ് കവാടത്തിൽ നിന്നും ഉള്ളിലേക്ക് കയറുന്ന ടോയിലറ്റ് കോംപ്ലക്സിന് സമീപത്തായി ഒരു മുറി എസ്എഫ്‌ഐ നേതാക്കൾ സ്വന്തമായി പണി തീർത്തത്. സർക്കാർ കോളെജ് ആയതിനാൽ എന്ത് നിർമ്മാണത്തിനും സർക്കാരിനെ അനുമതി വേണം. കോളെജ് പ്രിൻസിപ്പലിന്റെ അനുമതിയും ഇതിനായി തേടണം. നിർമ്മാണത്തിന് സർക്കാർ ഉത്തരവ് തന്നെ വരണം. നിർമ്മാണം നടത്തുക പൊതുമരാമത്ത് വകുപ്പുമാകും. ഇതിനൊക്കെ ഒട്ടനവധി നടപടിക്രമങ്ങളുമുണ്ട്. ഇങ്ങിനെ നടപടിക്രമം വന്നാൽ തന്നെ എസ്എഫ്‌ഐക്ക് ഒരു റൂം ഒന്നും സർക്കാർ അനുവദിക്കില്ല. ഇത്തരം ആവശ്യത്തിന് കോളേജ് അധികൃതർക്ക് അനുമതിക്ക് എഴുതാനും കഴിയില്ല.

എന്നാൽ കേരളം ഭരിക്കുന്ന ഇടത് സർക്കാർ ആണെന്ന തിരിച്ചറിവിൽ ഒരു നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിൽ എസ്എഫ്‌ഐ നിർമ്മാണം ആരംഭിക്കുകയും മുറി പണിതീർക്കുകയുമായിരുന്നു. ഇപ്പോൾ റൂം നിർമ്മാണം ഏതാണ്ട് പൂർത്തീകരിച്ചിരിക്കുകയാണ്. എസ്എഫ്‌ഐ നേതാക്കൾക്ക് അറിയാവുന്ന ഒരു കോൺട്രാക്ടറെവച്ചാണ് ഇവർ മുറി പണിതീർത്തിരിക്കുന്നത്. ഇപ്പോൾ റൂംമുറി നിർമ്മാണം ഏതാണ്ട് പൂർത്തീകരിക്കപ്പെട്ടിരിക്കെ റൂമിനു ആവശ്യമായ ഫണ്ട് നല്കണം എന്നതാണ് എസ്എഫ്‌ഐയുടെ ആവശ്യം. എസ്എഫ്‌ഐയുടെ റൂം നിർമ്മാണം പുരോഗമിക്കുന്നത് കണ്ടിട്ടും കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർകൂടിയായ പ്രിൻസിപ്പാളോ കോളെജ് അദ്ധ്യാപകരോ അനങ്ങിയില്ല.

അനധികൃത നിർമ്മാണം എതിർക്കാൻ പോയാൽ കോളെജ് ക്യാമ്പസിനകത്തെ സ്വന്തം വാഹനങ്ങൾ ആദ്യം തകർക്കപ്പെടും എന്നും ഗുണ്ടാ ആക്രമണം നേരിടേണ്ടി വരും എന്നും അറിയാവുന്നതിനാലാണ് റൂം നിർമ്മാണം പുരോഗമിക്കുമ്പോൾ ഇവർ അനങ്ങാതിരുന്നത്. പ്രിൻസിപ്പാളും കോളേജ് അദ്ധ്യാപകരും ക്യാമ്പസിലെ എസ്എഫ്‌ഐയെ പേടിച്ചാണ് മുന്നോട്ടു പോകുന്നത്. എസ്എഫ്‌ഐ ഇടപെട്ടാൽ ആരും അനങ്ങില്ല. മുൻപ് ഇതേ എസ്എഫ്‌ഐ നേതാക്കൾ പ്രിൻസിപ്പാളെ പല രീതിയിൽ വിരട്ടിയിട്ടുണ്ട്. പ്രിൻസിപ്പാളെ മാത്രമല്ല കോളേജിലെ അദ്ധ്യാപകരെയും. പലപ്പോഴും വിരട്ടൽ നേരിട്ട അനുഭവം ഉള്ളതിനാൽ എസ്എഫ്‌ഐ ഇടപെട്ട പ്രശ്‌നമായതിനാൽ പ്രതികരണത്തിന് നിൽക്കില്ല. ഇതുകൊണ്ട് തന്നെയാണ് വീറോടെ പ്രിൻസിപ്പാളിനെ കണ്ടിട്ട് ഫണ്ട് അനുവദിക്കാൻ എസ്എഫ്‌ഐ സമ്മർദ്ദം ചെലുത്തുന്നത്.

അനധികൃത നിർമ്മാണം കോളേജിയേറ്റ് ഡയറക്ടറേറ്റിനെ അറിയിക്കുമെന്ന് പ്രിൻസിപ്പാൾ

എസ്എഫ്‌ഐയുടെ അനധികൃത നിർമ്മാണം കോളെജ് ഡയറക്ടറെറ്റിനെ അറിയിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഉണ്ണിക്കൃഷ്ണൻനായർ മറുനാടൻ മലയാളിയോട് പറഞ്ഞു. അനധികൃത നിർമ്മാണത്തിന് എസ്എഫ്‌ഐ പറയുന്നത് പോലെ കോളേജിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. തീരുമാനം കോളേജിയേറ്റ് ഡയറക്ടറേറ്റ് എടുക്കട്ടെ. അവരെ ഞങ്ങൾ ഈ കാര്യം അറിയിക്കും. കോളെജ് യൂണിയൻ ആണ് റൂം നിർമ്മാണം നടത്തിയത്. കോളേജ് യൂണിയൻ എന്ന് പറഞ്ഞാൽ എസ്എഫ്‌ഐ അല്ലേ എന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു പ്രിൻസിപ്പാളിന്റെ മറുപടി. യൂണിയന് ഒരു മുറി മുൻപ് ഉണ്ടായിരുന്നു.

റോഡ് വൈഡനിങ് വന്നപ്പോൾ ഈ സ്ഥലം നഷ്ടപ്പെട്ടു. അപ്പോൾ അനുവദിച്ചിരുന്ന മുറി ഇടിച്ചു കളഞ്ഞിരുന്നു. കോളേജിന്റെ സ്ഥലം പോയപ്പോൾ പകരം പണം സർക്കാർ കോളേജിന് അനുവദിച്ചിട്ടുണ്ട്. റോഡ്, മതിൽ, ഗേറ്റ് എന്നിവയ്ക്കാണ് പണം നൽകിയിരിക്കുന്നത്. പൊതുമരാമത്തു വകുപ്പ് ഇതിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയുമാണ്. ഇതിനിടയിലാണ് യൂണിയൻ ക്യാമ്പസിൽ ഒരു നിർമ്മാണം നടത്തുന്നത്. സർക്കാർ അലോട്ട് ചെയ്ത പണം യൂണിയൻ നേതാക്കൾക്ക് നൽകാൻ കഴിയില്ല. അവർ ആവശ്യം ഉന്നയിക്കും. അതൊക്കെ അവരുടെ കാര്യം. ഞങ്ങൾക്ക് സർക്കാർ സംവിധാനം അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ- പ്രിൻസിപ്പാൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP