Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

നടിയോട് കാട്ടിയത് ചിലരുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റി നിലനിൽപ് സുരക്ഷിതമാക്കാത്തതിന്റെ പ്രതികാരം; ഇഷ്ടക്കേടുണ്ടായാൽ നടിമാർ സാഷ്ടാംഗം വീണ് മാപ്പിരക്കണം എന്നാണ് സിനിമയിലെ നിയമം; മോഷണ കേസാക്കി മാറ്റി ഗൂഢാലോചനക്കാരെ ഒഴിവാക്കിയാൽ തെരുവിൽ പ്രക്ഷോഭം; 'അമ്മ'യുടെ യോഗത്തോട് പരമപുച്ഛം: സൂപ്പർതാരത്തിന്റെ പങ്ക് പുറത്തു കൊണ്ടുവരുമെന്ന് മറുനാടനോട് വിനയൻ

അരുൺ ജയകുമാർ

കൊച്ചി: സിനിമയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു മാക്ടയെന്ന സംഘടനയുമായി വിനയൻ എത്തിയത്. ഇതിനെ അന്നത്തെ സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ എതിർത്ത് തോൽപ്പിച്ചു. പകരം ഫെഫ്കയുണ്ടാക്കി. ഫെഫ്കയുണ്ടാക്കുമ്പോൾ പറഞ്ഞതൊന്നും ശരിയായിട്ടില്ലെന്നാണ് നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച സംഭവം തെളിയിക്കുന്നത്. ഈ സാഹചര്യത്തിൽ താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സുരക്ഷിതത്വത്തിനുള്ള ബദൽ ചർച്ചകളും സജീവമാകുന്നു. ഇതിനിടെ ഫെഫ്കയെ പ്രതിക്കൂട്ടിലാക്കി മാക്ടയുടെ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കരയും രംഗത്തുവന്നു. ഫെഫ്കയെക്കെതിരെ ബദലിന് നേതൃത്വം നൽകാൻ സംവിധായകൻ വിനയനും തയ്യാറെടുക്കുന്നതായാണ് സൂചന. ഏതായാലും നടിക്ക് നീതി ലഭ്യമാക്കുന്നതിൽ താര സംഘടനയായ അമ്മ ഇരട്ടത്താപ്പ് കാട്ടുമെന്ന വികാരമാണ് വിനയൻ പങ്കുവയ്ക്കുന്നത്.

ആരുടേയും കാലുപിടിക്കാതെ സ്വന്തം നിലയ്ക്ക് പോയ ആക്രമിച്ചതിൽ വലിയ ഗൂഢാലോചനയുണ്ടെന്ന വികാരമാണ് വിനയൻ പങ്കുവയ്ക്കുന്നത്. ഒരു നടനുമായി ബന്ധപ്പെട്ട് ചിലതെല്ലാം തുറന്നു പറഞ്ഞിരുന്നു. ഈ ആക്രമണത്തിൽ ചില സംശയങ്ങൾ വിനയൻ ഉയർത്തുന്നത് ഈ സാഹചര്യത്തിലാണ്. തട്ടിക്കൊണ്ട് പോകാനും ഉപദ്രവിക്കാനും ശ്രമിച്ച സംഭവം വറും ഡ്രൈവർമാരുടെ പകയായി ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുവെന്ന് സംവിധായകൻ വിനയൻ പറയുന്നു. വെറും 30 ലക്ഷം രൂപയ്ക്ക് വേണ്ടി ഇത്രയും വലിയ സാഹസം കാണിക്കാൻ ഡ്രൈവർ തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇയാൾക്ക് സിനിമാ മേഖലയിൽ നിന്നും പിന്തുണയുണ്ടെന്നും ഉന്നത തലത്തിൽ ഗൂഢാലോചന നടന്നുവെന്നത് ഉറപ്പാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

പൊലീസ് ഇതിനെ വെറും പണം തട്ടാനുള്ള ശ്രമമായി കണ്ട് ഒതുക്കി തീർക്കരുതെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വന്നില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മലയാളിയുടെ മനസ്സാക്ഷിയേ ഞെട്ടിച്ച ക്രൂരമായ സംഭവമാണ് കഴിഞ്ഞ ദിവസം എറണാകുളത്തു നടന്നത് . തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയേ നഗര മദ്ധ്യത്തിൽ, നടുറോഡിലൂടെ തട്ടിക്കൊണ്ട് പോകാനും വാഹനംഓടിച്ചു നടക്കാൻ ധൈര്യം കാണിച്ചത് സിനിമാരംത്തു തന്നെ പ്രവർത്തിക്കുന്നവരാണ് എന്ന സത്യം സിനിമാമേഖലയിൽ ഉള്ള സംഘടനകൾ എത്രമാത്രം ഗൗരവത്തോടെ കാണുന്നു എന്നതാണ് പ്രധാനമെന്നും വിനയൻ പറയുന്നു.നാളുകൾ നീണ്ട വ്യക്തമായ ഗൂഢാലോചനയോടുകൂടി തന്നെയാണ് ഈ കൃത്യം നടന്നതെന്ന് പൊലീസ് പറയുക കൂടി ചെയ്യുമ്പോൾ ആ ഗൂഢാലോചന നടത്തിയത് ഈ ഡ്രൈവർമാർ മാത്രമാണോ എന്ന് കണ്ടെത്തണം. അല്ലാതെ പണത്തിനായി നടത്തിയ അക്രമമെന്ന് പറഞ്ഞ് ഒതുക്കി തീർക്കരുതെന്നും വിനയൻ പറയുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ അമ്മ സംഘടിപ്പിച്ച യോഗത്തോട് പരമ പുച്ഛമാണ് തനിക്ക് തോന്നിയതെന്നും മഞ്ജു വാര്യർ ഒഴികെയുള്ള ആരാണ് അവിടെ സംഘടിപ്പിച്ച യോഗത്തിൽ കാര്യമായി സംസാരിച്ചതെന്നും വിനയൻ ചോദിക്കുന്നു. ഗൂഢാലോചന നടന്നുവെന്നും ഇതേക്കുറിച്ച് വ്യക്തമായി അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.ആത്മർതഥയോടെയാണ് അവർ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതെന്നും അതേ നിലപാടാണ് ഇക്കാര്യത്തിൽ തനിക്കെന്നും വിനയൻ പറയുന്നു. വേറെ ഒരൊറ്റയാളുപോലും ഇതേക്കുറിച്ച് വാ തുറന്നിട്ടില്ല. ഗൂഢാലോചന നടന്നുവെന്ന കാര്യം അവിടെക്കൂടിയ എല്ലാവർക്കുമറിയാവുന്നതാണ് എന്നിട്ടും അതേക്കുറിച്ച സംസാരിക്കാനുള്ള ധൈര്യം കാണിക്കാതെ വെറുതേ നിനക്കൊപ്പം ഞങ്ങളുണ്ട്, നീ ധീരതയുടെ പ്രതീകമാണ് എന്നൊക്കെ വിളിച്ച് കൂവിയിട്ട് എന്താണ് ഗുണമെന്നും വിനയൻ ചോദിക്കുന്നു.

ഇവിടുത്തെ ചിലരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ അവർ ശ്രമിച്ചില്ലെന്നതാണ് അവരുടെ ഭാഗത്തു നിന്നും വന്ന വീഴ്ചയെന്നും വിനയൻ പറയുന്നു. തന്നെ ഒരു സൂപ്പർ സ്റ്റാറിന്റെ നേതൃത്വത്തിൽ ഒതുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് അവർ തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സാധാരണയായി മലയാള സിനിമയിൽ ഇത്തരം ഇഷ്ടക്കേടുകളുണ്ടായാൽ നടിമാർ പോയി സാഷ്ടാങ്കം വീണ് മാപ്പ് ഇരക്കുകയും ഗുഡ് ബുക്കിൽ കയറിപ്പറ്റി നിലനിൽപ് സുരക്ഷിതമാക്കാറുമാണ് പതിവ്. അത് ചെയ്തില്ല. ഇവിടെ വേഷങ്ങൾ ഇല്ലാതാക്കിയപ്പോൾ അവർ അന്യ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച് ശക്തമായ തിരിച്ചവരവാണ് നടത്തിയതെന്നും ഇക്കാര്യത്തിൽ നടിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും വിനയൻകൂട്ടിച്ചേർത്തു.

അഞ്ച് വർഷം മുൻപ് നടി മേനകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലും പ്രതിയായ ഇയാളെ സിനിമാ മേഖലയിൽ നിന്നും അകറ്റി നിർത്താൻ ഇവിടുത്തെ സിനിമാക്കാർക്ക് കഴിയാത്തത് എന്ത്‌കൊണ്ടാണെന്ന് പരിശോധിക്കണമെന്നും ഇത് മാത്രം മതിയല്ലോ പൾസർ സുനിയുടെ ഉന്നത ബന്ധങ്ങൾ വെളിവാക്കാനെന്നും വിനയൻ ചോദിക്കുന്നു. മേനകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്ന വാർത്ത കേട്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും വിനയൻ പറയുന്നു. സുരേഷ് കുമാറിനെപോലെയൊരാളാണ് പരാതി നൽകിയത്. അപ്പോൾ തന്നെ സിനിമാ മേഖലയിലുള്ളവർക്ക് വ്യക്തമായ സൂചനയുള്ള സ്ഥിതിക്ക് ഇയാളെ ഒഴിവാക്കാത്തത് എന്ത്‌കൊണ്ടെന്നതാണ് സംശയകരമെന്നും വിനയൻ പറയുന്നു. മേനകയെ തട്ടിക്കൊണ്ട് പോയെന്ന കാര്യം സുരേഷ്‌കുമാർ കഴിഞ്ഞ ദിവസം പറഞ്ഞപ്പോഴാണ് ആദ്യമായി അറിഞ്ഞതെന്നും വിനയൻ പറയുന്നു.

ഒപ്പം ജോലിചെയ്ത ഒരു കലാകാരിയോട് ഇത്തരത്തിൽ പെരുമാറിയവരുടെ ഗൂഢാലോചന അറിയമായിരുന്നിട്ടും ഫേസ്‌ബുക്കിൽ വീമ്പിളക്കുന്ന ചില യുവ രക്തങ്ങളോടും തനിക്ക് പരമ പുച്ഛമാണെന്ന് സംവിധായകൻ തുറന്നടിച്ചു.തന്റെ സെറ്റിലാണ് ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കിൽ വണ്ടി എടുത്ത് ചെയ്‌സ് ചെയ്ത് പിന്നാലെ പോയ് ഇങ്ങനെയൊരു ചെറ്റത്തരം കാണിച്ച ഡ്രൈവറിന്റെ കരണം അടിച്ച് തകർക്കുമായിരുന്നുവെന്നും വിനയൻ പറയുന്നു.

മലയാള സിനിമയിലെ സീനിയറായിട്ടുള്ള ഒരു നടിയാണെന്നും തന്റെ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അവരുമായി നല്ല ബന്ധമാണുള്ളതെന്നും പിതാവും സ്റ്റിൽ ഫോട്ടോഗ്രഫറുമായിരുന്ന തന്റെ നല്ല സുഹൃത്തായിരുന്നുവെന്നും വിനയൻ ഓർമ്മിക്കുന്നു. താൻ ആക്രമിക്കപ്പെട്ടുവെന്ന കാര്യം പൊലീസിൽ പരാതിപ്പെടാൻ അവർ കാണിച്ച ധൈര്യം അസാമന്യമാണ്. കൃത്യമായ സ്ഥലതെത്തിക്കാതെ നടിയേയും കൊണ്ട് ഡ്രൈവർ വാഹനമോടിക്കുകയും പിന്നെ അവരെ ചിലർ പിന്തുർന്നപ്പോൾ ഉണ്ടായ മാനസിക സംഘർഷവും ഊഹിക്കാൻ പോലും തനിക്ക് കഴിയുന്നില്ലെന്നും വിനയൻ പറയുന്നു.

മാദ്ധ്യമങ്ങളിൽ പല കഥകളും അടിച്ച് വരാൻ സാധ്യതയുണ്ടായിട്ടും തന്റെ ഗതി മറ്റുള്ളവർക്ക് വരരുതെന്ന ചിന്തയാണ് പൊലീസിൽ പരാതി നൽകാൻ അവരെ പ്രേരിപ്പിച്ചതെന്നും വിനയൻ പറയുന്നു.അപ്പോൾ നീതിപൂർണമായ അന്വേഷണം നടത്തി ആ കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്നും വിനയൻ പറയുന്നു.തനിക്കുണ്ടായേക്കാവുന്ന അഭിമാനക്ഷതം സഹിക്കാനുള്ള ത്യാഗമനോ ഭാവത്തോടെ പൊലീസിൽ പരാതികൊടുക്കാൻ തയ്യാറായ ആ യുവകലാകാരിക്ക് നീതി കിട്ടിയില്ലൻകിൽ ചരിത്രം ഈ പൊലീസിനും ഭരണാധികാരികൾക്കും മാപ്പു കൊടുക്കില്ല. സ്ത്രീകളുടെ സുരക്ഷക്കായി ഒരു വകുപ്പു പോലും രൂപീകരിക്കാൻ തയ്യാറെടുക്കുന്ന ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി എടുക്കുമെന്നു പ്രതീക്ഷിക്കാമെന്നും വിനയൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP