Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമങ്കരിയിലും ആലപ്പുഴയിലും വക്കീൽ ഓഫിസുകളിൽ അഭിഭാഷക കുപ്പായം ഇടാതെയാണ് പ്രവർത്തിച്ചതെന്ന് വാദം തെറ്റ്; ഗൗണിട്ട ചിത്രങ്ങൾ മറുനാടന്; സെസിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലുമുള്ളത് അഡ്വക്കേറ്റ് എന്ന്; ജാമ്യം കിട്ടാൻ സെസി സേവ്യർ കള്ളം പറയുന്നുവോ?

രാമങ്കരിയിലും ആലപ്പുഴയിലും വക്കീൽ ഓഫിസുകളിൽ അഭിഭാഷക കുപ്പായം ഇടാതെയാണ് പ്രവർത്തിച്ചതെന്ന് വാദം തെറ്റ്; ഗൗണിട്ട ചിത്രങ്ങൾ മറുനാടന്; സെസിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലുമുള്ളത് അഡ്വക്കേറ്റ് എന്ന്; ജാമ്യം കിട്ടാൻ സെസി സേവ്യർ കള്ളം പറയുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിയമബിരുദം ഇല്ലാതെ പ്രാക്ടീസ് ചെയ്തു നിയമസംവിധാനത്തെ വഞ്ചിച്ചു എന്ന ആരോപണത്തിൽ കുടുങ്ങി മുങ്ങിയ വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തി കഴിഞ്ഞു. താനൊരിക്കലും അഡ്വക്കേറ്റായി മാറിയിരുന്നില്ലെന്ന വാദമാണ് ഈ ജാമ്യ ഹർജിയിൽ സെസി ഉയർത്തുന്നത്. എന്നാൽ തെറ്റാണെന്ന് ആലപ്പുഴയിലെ അഭിഭാഷകരും പറയുന്നു. ഫോട്ടോയും പൊലീസ് എഫ് ഐ ആറുമെല്ലാം തെളിവായി ചൂണ്ടിക്കാട്ടുന്നുമുണ്ട്.

കഴിഞ്ഞയാഴ്ച ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത വിവരം അറിഞ്ഞു മുങ്ങിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനിൽക്കില്ല എന്നുമുള്ള വാദങ്ങളുമായാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഈ വാദങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ മറുനാടന് കിട്ടി.

താൻ മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസി സേവ്യർ വിശദീകരിക്കുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിയമ ബിരുദ കോഴ്‌സ് പൂർത്തിയാക്കാൻ ആയില്ല. ആലപ്പുഴ ബാർ അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പിൽ തന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതായി, മുൻകൂർ ജാമ്യാപേക്ഷയിൽ സെസി കോടതിയെ അറിയിച്ചു. എന്നാൽ ഇത് ശരിയല്ലെന്നാണ് മറുനാടന് ലഭിച്ച ഫോട്ടോകളിലും രേഖകളിലും വ്യക്തമാണ്. അഡ്വക്കേറ്റ് എന്ന പദവി സെസി ഉപയോഗിച്ചിരുന്നു.

2014-17കാലത്ത് തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ചില വിഷയങ്ങൾക്കു പരാജയപ്പെട്ടതിനാൽ എൽഎൽബി നേടാനായില്ല. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കോഴ്‌സ് പൂർത്തിയാക്കുന്നതിന് തടസ്സമായി. അതിനാൽ ആലപ്പുഴയിലെ വക്കീൽ ഓഫിസിൽ ഇന്റേൺ ആയി ചേർന്നു. രാമങ്കരിയിലും ആലപ്പുഴയിലും വക്കീൽ ഓഫിസുകളിൽ അഭിഭാഷക കുപ്പായം ഇടാതെയാണ് പ്രവർത്തിച്ചതെന്ന് സെസി പറയുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ മറുനാടന് കിട്ടി. ഗൗൺ ധരിച്ച് സെസി നിൽക്കുന്നത് ഈ ചിത്രങ്ങളിൽ വ്യക്തമാണ്.

ബാർ അസോസിയേഷനിലെ സുഹൃത്തുക്കൾ തന്നെ നിർദ്ദേശിച്ചത് അനുസരിച്ചാണ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. തെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദ്ദേശിച്ച സുഹൃത്തുക്കൾ തന്നെയാണ് പിന്നീട് കോഴ്‌സ് പാസായിട്ടില്ലെന്നും ബാർ കൗൺസിലിൽ എന്റോൾ ചെയ്തിട്ടില്ലെന്നും പ്രചരിപ്പിച്ചതെന്ന് സെസി പറയുന്നു. അതായത് താൻ അഭിഭാഷകയാണെന്ന് ആരോടും പറഞ്ഞില്ലെന്നാണ് പ്രചരിക്കുന്നത്.

2019ൽ ആലപ്പുഴ കോടതിയിൽ നിന്ന ഒരു വിവാദ കേസിൽ സെസിയും ഇടപെട്ടിരുന്നു. ഈ കേസിൽ പൊലീസിനെ വിവിരം അറിയിച്ചത് സെസിയാണ്. പരാതിക്കാരിയുടെ അഡ്രസിൽ അഡ്വക്കേറ്റ് എന്നാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കേസിലെ നടപടികളും കോടതിയിൽ നടന്നിരുന്നു. പൊലീസ് എഫ് ഐ ആറിലെ അഡ്വക്കേറ്റ് എന്ന പദത്തെ ഈ കേസിലൊന്നും സെസി എതിർത്തതുമില്ല. അതുകൊണ്ട് താൻ അഡ്വക്കേറ്റാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന സെസിയുടെ വാദത്തെ ആലപ്പുഴയിലെ അഭിഭാഷകർ എതിർക്കുകയാണ്.

നിയമ പഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തെന്നും ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മൽസരിച്ചെന്നും ആരോപിച്ചുള്ള പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് രാമങ്കരി സ്വദേശിയായ സെസി ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് ആദ്യം കേസെടുത്തതെന്നും പിന്നീടാണ് വഞ്ചനാ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഹർജിയിൽ പറയുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടു വിചാരമില്ലാതെയാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും ബാർ അസോസിയേഷൻ അംഗമല്ലാതിരുന്നിട്ടും നാമനിർദ്ദേശ പത്രിക സ്വീകരിച്ചെന്നും ഹർജിയിൽ പറയുന്നു.

കോടതിയെയും കേസുമായെത്തുന്നവരേയും ബോധപൂർവം വഞ്ചിക്കാനുള്ള ശ്രമം ഹർജിക്കാരിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ബാർ കൗൺസിലിനോ, ഭാരവാഹികൾക്കോ ഹർജിക്കാരിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. കോടതി നിർദ്ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട സാഹചര്യത്തിൽ നേരത്തെ ആലപ്പുഴ കോടതിയിൽ നിന്ന് കടന്നുകളഞ്ഞ സെസി ദിവസങ്ങളായി ഒളിവിലായിരുന്നു. എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകവൃത്തി നടത്തിയെന്നാണ് കുട്ടനാട് രാമങ്കരി സ്വദേശിയായ സെസിക്കെതിരായ കേസ്. മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ഇവർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷനിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.

സെസി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തിയതെന്നും, വ്യാജ എന്റോൾമെന്റ് നമ്പർ നൽകി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ പൊലീസ് സെസിക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP