Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെൻകുമാറിനോട് ഉടക്കി തന്നെ തുടരാൻ തീരുമാനിച്ച് ബീനാകുമാരി; ടോപ് സീക്രട്ട് സെക്ഷനിലെ വിവരങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നതിനെതിരെ ടി സെക്ഷൻ ചുമതലക്കാരിയുടെ കുറിപ്പിന്റെ വിശദാംശങ്ങൾ മറുനാടന്; പൊലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ കമ്മീഷണറെ അറിയിക്കണമെന്ന ഉത്തരവ് നിയമ വിരുദ്ധമെന്ന് ബീനാകുമാരി

സെൻകുമാറിനോട് ഉടക്കി തന്നെ തുടരാൻ തീരുമാനിച്ച് ബീനാകുമാരി; ടോപ് സീക്രട്ട് സെക്ഷനിലെ വിവരങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നതിനെതിരെ ടി സെക്ഷൻ ചുമതലക്കാരിയുടെ കുറിപ്പിന്റെ വിശദാംശങ്ങൾ മറുനാടന്; പൊലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ കമ്മീഷണറെ അറിയിക്കണമെന്ന ഉത്തരവ് നിയമ വിരുദ്ധമെന്ന് ബീനാകുമാരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ടോപ് സീക്രട്ട് വിഭാഗത്തിലെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം പൊതു ജനങ്ങൾക്ക് നൽകണമെന്ന പൊലീസ് മേധാവി ടിപി സെൻകുമാറിന്റെ ഉത്തരവ് ബീനാകുമാരി അംഗീകരിക്കില്ല. പൊലീസ് മേധാവിയുടെ ഉത്തരവിൽ അതൃപ്തി അറിയിച്ച് ടി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ബീനാകുമാരി കുറിപ്പ് നൽകി. ഫലത്തിൽ പൊലീസ് മേധാവിയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന സൂചനയാണ് ബീനാകുമാരി നൽകുന്നത്. പൊലീസ് മേധാവിയുടെ ഉത്തരവിലെ നിയമ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 2008ലെ സർക്കാർ ഉത്തരവിന്റെ ഓർമ്മപ്പെടുത്തലുമായാണ് പൊലീസ് ആസ്ഥാനത്ത് വിവരാവാശ നിയമം കർശനമാക്കുന്ന സർക്കുലർ സെൻകുമാർ പുറത്തിറക്കിയത്. മനുഷ്യാവകാശ ലംഘനവും അഴിമതിയുമായി ബന്ധപ്പെട്ട വിവരമെല്ലാം പുറത്തുവിടണമെന്നായിരുന്നു സെൻകുമാറിന്റെ നിർദ്ദേശം. ടോപ് സീക്രട്ട് സെക്ഷനും ഇതിന്റെ പരിധിയിൽപ്പെടുമെന്ന് സെൻകുമാർ വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട കുറിപ്പുകളിലാണ് സെൻകുമാറിന്റെ ഉത്തരവിലെ പ്രശ്‌നങ്ങൾ ബീനാകുമാരി ചൂണ്ടിക്കാട്ടുന്നത്. 2008ലെ സർക്കാർ ഉത്തരവ് പ്രകാരം അഴിമതിയും ഹ്യൂമൻ റൈറ്റ്‌സ് നിഷേധിക്കപ്പെടുന്ന കാര്യങ്ങൾ മാത്രം ഡിക്ലോസ് ചെയ്താൽ മതി. അതായത് നിതി നിഷേധം മാത്രം പുറത്തുവിട്ടാൽ മതിയെന്നാണ് ബീനാകുമാരിയുടെ വാദം. ഇതിനൊപ്പം പൊലീസ് മേധാവിയുടെ ഉത്തരവിനെ ലംഘിച്ചാൽ അത് മുഖ്യ വിവരാവകാശ കമ്മീഷണറെ അറിയിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനേയും ബീനാകുമാരി ഖണ്ഡിക്കുന്നു. ്അത്തരത്തിലൊരു നിർദ്ദേശം നിലനിൽക്കുന്നതല്ല. ഏതെങ്കിലും വിരവം നിഷേധിച്ചാൽ വിവരാവകാശ നിയമം സെക്ഷൻ 18(1) അനുസരിച്ചോ 19(3) അനുസരിച്ചോ പൗരന്മാർ നേരിട്ട് വിവരാവകാശ കമ്മീഷണറെ അറിയിക്കണം. അല്ലാതെ പോപീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അത് അറിയിക്കേണ്ട കാര്യമില്ലെന്നാണ് ബീനാകുമാരിയുടെ വാദം. ഇതോടെ സെൻകുമാറിന്റെ രണ്ട് ദിവസം മുമ്പത്തെ വിവരാവകാശ സർക്കുലറിലും പൊലീസ് ആസ്ഥാനത്ത് പോര് മുറുകുകയാണ്.

പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിലും എത്തിക്കഴിഞ്ഞു. ബീനാകുമാരിയുടേതിന് സമാനമായ വാദങ്ങൾ തന്നെയാണ് സർക്കാരിനുമുള്ളത്. അതുകൊണ്ട് തന്നെ ഈ ഉത്തരവ് സർക്കാർ ഉടൻ റദ്ദാക്കാനാണ് സാധ്യത. ഇതിന്റെ ആലോചനകൾ സർക്കാർ തലത്തിൽ തുടങ്ങി കഴിഞ്ഞു. അതിനിടെ പൊലീസ് ആസ്ഥാനത്തെ വിഷയങ്ങൾ വിവരാവകാശ കമ്മീഷണറുടെ പരിധിയിലേക്ക് കൊണ്ടു വരുന്നതാണ് സെൻകുമാറിന്റെ പുതിയ ഉത്തരവ്. ഇതിന് പിന്നിൽ വ്യക്തമായ ഉദ്ദേശങ്ങളുണ്ടെന്ന് സർക്കാരും കരുതുന്നു. സെൻകുമാറിന്റെ ഈ ഉത്തരവ് വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത് റദ്ദാക്കിയാൽ വിവരാവകാശ പ്രവർത്തകർ നിയമ പോരാട്ടത്തിന് തയ്യാറെടുക്കും. സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതിനുള്ള തന്ത്രമാണ് സെൻകുമാറിന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഉത്തരവിന് അനുകൂലമായി നിലപാട് എടുത്താൽ അത് പുതിയ വിവാദങ്ങളിലേക്ക് സർക്കാരിനെ കൊണ്ടു ചെന്നെത്തിക്കും.

ഇതെല്ലാം മനസ്സിലാക്കിയാണ് സർക്കാരും നീങ്ങുന്നത്. തന്ത്രപരമായി തന്നെയാണ് സെൻകുമാർ നീങ്ങുന്നത്. രണ്ട് ദിവസം മുമ്പ് പൊലീസ് ആസ്ഥാനത്ത് സെൻകുമാറിന്റെ അഭിഭാഷകൻ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിവരാവകാശത്തിലെ ഉത്തരവ് പുറത്തിറങ്ങിയതെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഹാരീസ് ബീരാൻ പൊലീസ് ആസ്ഥാനത്ത് എത്തിയത് സെൻകുമാറിന് നിയമോപദേശം നൽകാനാണെന്ന സൂചന സർക്കാരിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ ഉത്തരവും പുറത്തിറങ്ങുന്നത്. സർക്കാരുമായി ഏറ്റുമുട്ടലിന് തന്നെയാണ് പൊലീസ് മേധാവി നൽകുന്നതെന്നും സർക്കാർ വിലയിരുത്തുന്നു. ഭാവിയിൽ സർക്കാരിന് വലിയ തലവേദനയാകുന്ന തരത്തിലാണ് പൊലീസ് ആസ്ഥാനത്തെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരുന്ന ഉത്തരവ് പൊലീസ് മേധാവി പുറപ്പെടുവിച്ചത്. പൊലീസിലെ ടോപ് സീക്രട്ട് സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരേണ്ട ഒരു സാഹചര്യവുമില്ല. ഇതിന് വേണ്ടി മാത്രമാണ് പുതിയ ഉത്തരവെന്നും സർക്കാർ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ഉത്തരവ് റദ്ദാക്കുകയും ചെയ്യുമെന്നാണ് സൂചന.

അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളാണ് ടോപ് സീക്രട്ട് സെക്ഷൻ കൈകാര്യം ചെയ്യുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള ഈ സെക്ഷനെ അതുകൊണ്ട് തന്നെ വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കാം. കേന്ദ്ര സർക്കാർ വകുപ്പുകൾ പോലും ഇത് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഡിജിപിയുടെ ഉത്തരവിനെ റദ്ദാക്കാമെന്ന പ്രാഥമിക ഉപദേശമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. നേരത്തെ ഇറക്കിയ സെൻകുമാറിന്റെ ചില ഉത്തരവുകൾ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് പുറത്തുള്ളവർക്ക് നിയമ പോരാട്ടത്തിന് അവസരമൊരുക്കുന്ന തരത്തിൽ വിവരാവകാശത്തിലെ പുതിയ നിർദ്ദേശം. ഇത് മനസ്സിലാക്കിയാണ് ബീനാകുമാരിയെ കൊണ്ട് തന്നെ നോട്ട് എഴുതിച്ചുള്ള പോരാട്ടത്തിന് സർക്കാർ തുടക്കമിടുന്നത്. ടി സെക്ഷനെ ഒരു കാരണവശാലും രഹസ്യ സ്വഭാവത്തിൽ നിന്ന് പുറത്തു കൊണ്ടു വരാനുള്ള നീക്കത്തെ സർക്കാർ അനുകൂലിക്കില്ല.

സെൻകുമാറും സർക്കാരും തമ്മിലെ നിയമ പോരാട്ടം നടക്കുമ്പോൾ ടി സെക്ഷനുമായി ബന്ധപ്പെട്ട് ചില വിവരാവകാശ അപേക്ഷകൾ സർക്കാരിന് കിട്ടിയിരുന്നു. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഈ അപേക്ഷകൾക്ക് ബീനാകുമാരി മറുപടി നൽകിയില്ല. സെൻകുമാർ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ എഴുതിയ കുറിപ്പുകൾ സ്വന്തമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ബീനാകുമാരി അത് നിഷേധിച്ചതും. ഇതിന്റെ തുടർച്ചയായിരുന്നു പിന്നീടുണ്ടായ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള വിവാദങ്ങളെന്നായിരുന്നു പൊതുവേ ഉയർന്ന വിലയിരുത്തലുകൾ. ആദ്യം ബീനാകുമാരിയുടെ കസേര തെറുപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ വിവരാവകാശം അടിച്ചേൽപ്പിച്ച് ടി സെക്ഷന്റെ പ്രസക്തി കുറയ്ക്കാൻ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇത് അംഗീകരിക്കേണ്ടെന്ന നിർദ്ദേശം ബീനാകുമാരിക്ക് സർക്കാർ നൽകുമെന്നും സൂചനയുണ്ട്.

എഡിജിപി ടോമിൻ തച്ചങ്കരി അടക്കമുള്ളവരുടെ അറിവില്ലാതെയാണ് ഈ ഉത്തരവ് അതീവ രഹസ്യമായി സെൻകുമാർ ഇറക്കിയതെന്നാണ് സൂചന. ഉത്തരവിൽ സെൻകുമാർ തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. പഴയ ഉത്തരവുകളെല്ലാം വ്യക്തമായി ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കേരള പൊലീസിലെ ഏറ്റവും സുപ്രധാനമായ ഓഫിസ് വിഭാഗമാണ് ടി ബ്രാഞ്ച് പൊലീസിലെ രഹസ്യ രേഖകൾ കൈകാര്യം ചെയ്യുന്ന മേഖല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടി ബ്രാഞ്ചും അവിടത്തെ ജൂനിയർ സൂപ്രണ്ട് വി എൻ ബീനാ കുമാരിയും വാർത്തകളിൽ നിറഞ്ഞത് സെൻകുമാറിന്റെ ഉത്തരവിലൂടെയായിരുന്നു. പാലീസ് ആസ്ഥാനത്തെ അധികാര തർക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നു വിലയിരുത്തപ്പെടുന്നു. സർക്കാരിന്റെ പിന്തുണയുള്ള എഡിജിപി ടോമിൻ തച്ചങ്കരി സെൻകുമാറിനെ മറികടന്ന് പൊലീസ് ഭരണത്തിൽ പിടിമുറുക്കുന്നതായാണു സൂചന. സ്ഥലംമാറ്റിയിട്ടും ബീനാകുമാരി കസേര ഒഴിയാതിരുന്നത് തച്ചങ്കരിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ഡിജിപിയും തച്ചങ്കരിയും തമ്മിൽ അടിപടിയുടെ വക്കിലെത്തുന്ന വാക്കേറ്റം പോലും ഉണ്ടായിക്കഴിഞ്ഞു. എന്തും ഏതും അവിടെ നടക്കാം. ഇതിലെല്ലാം സെൻകുമാറിനെ മാത്രമാണ് മുഖ്യമന്ത്രി ഓഫീസ് കുറ്റക്കാരനായി കാണുന്നത്. താൻ നിയമിച്ചതു കൊണ്ട് എഡിജിപിയെ സെൻകുമാർ അംഗീകരിക്കുന്നില്ല. ചർച്ചയ്ക്ക് എന്ന് പറഞ്ഞ് എല്ലാ സീമയും വിടുന്ന സംഭാഷണമാണ് സെൻകുമാർ നടത്തുന്നത്. തച്ചങ്കരിയോട് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹവും തട്ടിക്കയറി. ഇത്തരം സാഹചര്യം ഉണ്ടാക്കുന്നത് സെൻകുമാറാണ്. പൊലീസ് ആസ്ഥാനത്തെ അച്ചടക്കം ഡിജിപി തന്നെ ഇല്ലാതാക്കുന്നു. ഇതൊന്നും ആരും ചെയ്യാൻ പാടില്ലെന്നാണ് സർക്കാർ പക്ഷം.

കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെൻകുമാർ കസേരയിൽ വീണ്ടുമെത്തിയത്. ജനപിന്തുണയും മാധ്യമ സഹകരണവും ആവോളം ലഭിക്കുന്നുമുണ്ട്. എന്നാൽ ഇതിന്റെ മറവിൽ സർക്കാരിനെ അനുസരിക്കില്ലെന്ന നിലപാട് സെൻകുമാർ എടുക്കുന്നു. കഴിഞ്ഞ ഒൻപതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെൻകുമാർ ഉത്തരവിട്ടത്. ഇതിൽ കുമാരി ബീനയ്ക്കു പകരം സി.എസ്.സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാൽ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയർ സൂപ്രണ്ടിനെ അവിടെ നിയമിച്ചു. കുമാരി ബീനയെ പേരൂർക്കട എസ്എപി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയർ സൂപ്രണ്ടുമാരെയാണു സെൻകുമാർ മാറ്റിയത്. എന്നാൽ അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. പുറ്റിങ്ങൽ, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി.

തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സെൻകുമാറിനെ ബന്ധപ്പെട്ടു തൽക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബീനാകുമാരി ടി ബ്രാഞ്ചിൽ തുടർന്നു. അവർക്കൊപ്പം മാറ്റിയവർ പൊലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തെങ്കിലും പഴയ സ്ഥലത്തേക്കു മടങ്ങാനായിരുന്നു ഓഫിസ് മാനേജരുടെ നിർദ്ദേശം. അവരും പഴയ സ്ഥലങ്ങളിൽ ചുമതലയേറ്റു. ഇതിനിടെയാണ് ആദ്യ സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ട രണ്ടു ജൂനിയർ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവായത്. സുരേഷ് കൃഷ്ണ, സതി കുമാർ എന്നിവരെ കെ, ആർ ബ്രാഞ്ചുകളിലാണു നിയമിച്ചത്. ഒന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നോക്കുന്ന സെക്ഷൻ, മറ്റൊന്നു പൊലീസ് വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കുന്ന സെക്ഷൻ. മുഖ്യമന്ത്രിയോട് ചോദിക്കാതെയായിരുന്നു ഈ ഉത്തരവുകൾ. ഇതിനെ ഗൗരവത്തോടെ സർക്കാർ എടുത്തു. ഉത്തരവിറങ്ങിയതു നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. തുടർന്നു സെൻകുമാർ ഒൻപതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിട്ടു. ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി. ഇതിന് പിന്നാലെയാണ് പുതിയ വിവാദം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP