Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശീമാട്ടിയുടെ ഭൂമിയിൽ മെട്രോ ഓടിക്കാൻ മാത്രമേ കെഎംആർഎല്ലിന് കഴിയൂ; പുറമ്പോക്ക് സ്ഥലത്തിനും ഖജനാവിൽ നിന്ന് കാശുനൽകി; ബീനാ കണ്ണന്റെ മൊഴിയിൽ തെളിയുന്നത് ഒത്തുകളി തന്നെ; രാജമാണിക്യത്തിന്റെ വാദങ്ങൾ പൊളിയുന്ന വെളിപ്പെടുത്തലുകൾ വേറെയും

ശീമാട്ടിയുടെ ഭൂമിയിൽ മെട്രോ ഓടിക്കാൻ മാത്രമേ കെഎംആർഎല്ലിന് കഴിയൂ; പുറമ്പോക്ക് സ്ഥലത്തിനും ഖജനാവിൽ നിന്ന് കാശുനൽകി; ബീനാ കണ്ണന്റെ മൊഴിയിൽ തെളിയുന്നത് ഒത്തുകളി തന്നെ; രാജമാണിക്യത്തിന്റെ വാദങ്ങൾ പൊളിയുന്ന വെളിപ്പെടുത്തലുകൾ വേറെയും

കൊച്ചി: ശീമാട്ടിയുടെ സ്ഥലം മെട്രോ റെയിൽ ഗതാഗതത്തിനു മാത്രമല്ല മറ്റെന്തു കാര്യത്തിനും ഉപയോഗിക്കാമെന്നുള്ള കരാറാണ് താൻ ഉണ്ടാക്കിയതെന്ന് എറണാകുളം ജില്ലാ കളക്ടർ രാജമാണിക്യത്തിന്റെ വാദം തെറ്റ്. കെഎംആർഎല്ലിന് ഇത് സംബന്ധിച്ചു കൊടുത്ത മറുപടിയിലും പിന്നിട് വന്ന വിജിലൻസ് അന്വേഷണത്തിലും രാജമാണിക്യം ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ ഇതെല്ലാം അപ്രസക്തമാക്കുന്ന മൊഴിയാണ് ശീമാട്ടി ഉടമ ബീനാ ണ്ണൻ നൽകുന്നത്. ഇതോടെ രാജമാണിക്യത്തിന്റെ വാദങ്ങൾ ദുർബലമാവുകയാണ്. എന്നിട്ടും രാജമാണിക്യത്തിന് സഹായകമായ അന്വേഷണ റിപ്പോർട്ടാണ് വിജിലൻസ് തയ്യാറാക്കിയതെന്നതും വ്യക്തമാണ്. സംശയം ജനിപ്പിക്കുന്ന മറ്റ് മൊഴികളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി സ്ഥലമെടുപ്പിൽ മെട്രോ റെയിലിനു വേണ്ടി ശീമാട്ടിയിൽ നിന്നും ഏറ്റെടുത്ത സ്ഥലം മെട്രോ ഓടിക്കാനല്ലാതെ മറ്റു കാര്യങ്ങൾക്കു ഉപയോഗിക്കാൻ പാടില്ലെന്നാണ് കരാറെന്ന് വിജിലൻസിന് കൊടുത്ത മൊഴിയിൽ ബീനാ കണ്ണൻ വ്യക്തമാക്കുന്നു. 32 സെന്റ് സ്ഥലം മെട്രോയ്ക്ക് വേണ്ടി സെന്റിന് 52 ലക്ഷം രൂപ വിലയ്ക്ക് കൊടുത്തുവെന്നും തന്റെ സ്ഥലത്തിന് 80 ലക്ഷത്തിന്റെ മുകളിൽ വിലയുണ്ടായിട്ടും താൻ അത് വികസനത്തിനായി മാത്രമാണ് കുറഞ്ഞ വിലയ്ക്ക് മെട്രോയ്ക്ക് കൊടുത്തതെന്നും ബീനയുടെ മൊഴിയിൽ പറയുന്നു. ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന വ്യവസ്ഥയോടെയാണ് കരാറിൽ ഒപ്പിട്ടതെന്നും വ്യക്തമാണ്.

സംഭവം വിവാദമായപ്പോൾ വ്യവസ്ഥകളിൽ യാതൊരു പ്രശ്‌നവും ഭാവിയിൽ ഉണ്ടാവില്ലെന്നും ഇവരുമായുള്ള കരാറിലെ ഏഴാമത്തെ കണ്ടീഷൻ അനുസരിച്ച് ഈ സ്ഥലവുമായി ബന്ധപ്പെട്ട് എന്തു കാര്യങ്ങളും ശീമാട്ടിയിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിൽ ചെയ്യാമെന്നുമാണ് രാജമാണിക്യം കെഎംആർഎല്ലിനെ അറിയിച്ചത്. കെഎംആർഎല്ലിന് അയച്ച കത്തിലും ഒപ്പം വിജിലൻസ് അന്വേഷണ റിപ്പോർട്ടിലും രാജമാണിക്യം പറഞ്ഞത് ഇങ്ങനെയാണ്. പക്ഷെ ഇതിനു ഘടക വിരുദ്ധമായാണ് ബീന കണ്ണന്റെ മൊഴി. സർക്കാർ പുറമ്പോക്ക് സ്ഥലം വരെ കൈവശം വച്ച് ശീമാട്ടി അതേ സ്ഥലം മെട്രോയ്ക്കായി കൊടുത്തു പണം വാങ്ങിയെന്നാണ് ഇതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഹർജിക്കാരൻ വാദിക്കുന്നത്.

അതിനിടെ കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നടന്നു വരുന്ന കേസ് വിശദമായ വാദം കേൾക്കുന്നതിനായി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. വിജിലൻസ് ത്വരിതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ പ്രകാരം പുറമ്പോക്ക് ഭൂമിക്കും വില വാങ്ങിയതായി കാണുന്നു. സർവേ നമ്പർ 428/1, 428/2 എന്നീ സ്ഥലങ്ങൾ പുറമ്പോക്കാണെന്നും വിജിലൻസ് കോടതിയിൽ സമർപ്പിച്ച ത്വരിത അന്വേഷണ റിപ്പോർട്ടിലെ മൊഴിയിലുണ്ട്. ഇത് കെഎംആർഎൽ ജനറൽ മാനേജർ ചന്ദ്രബാബു വിജിലൻസ് അന്വേഷണ സംഘത്തിന് കൊടുത്ത മൊഴിയിലുള്ളതായി ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒപ്പം കേസിലെ എട്ടാം സാക്ഷിയായ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ മൊഴി അന്വേഷണ സംഘം എടുത്തപ്പോൾ ഏലിയാസ് ജോർജ് പറഞ്ഞത് ശീമാട്ടിയുമായി ഉണ്ടാക്കിയ കരാർ കെഎംആർഎല്ലിന്റയും സർക്കാരിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ് എന്നാണ്.

അതോടൊപ്പം ഓഫീസിൽ നിന്നും കമ്പ്യൂട്ടറിൽ തയാറാക്കിയ എഗ്രിമെന്റ് ഒപ്പിട്ടു വന്നപ്പോൾ ശീമാട്ടിക്കു അനുകൂലമായി മൂന്നു വ്യവസ്ഥകൾ കൂട്ടിച്ചേർത്തതായി കൊച്ചി മെട്രോ റെയിൽ പ്രോജക്ടിന്റെ സ്‌പെഷൽ തഹസിൽദാർ ആർ രേണു മൊഴി കൊടുത്തിട്ടുണ്ട്. ശീമാട്ടിയുടെ സ്ഥലം കൊച്ചി മെട്രോ റെയിൽ ഓടിക്കാൻ വേണ്ടിയിട്ടും ബാക്കി ഏറ്റെടുത്ത ഭൂവുടമകളുടെ സ്ഥലം മെട്രോ റെയിൽ പ്രോജെക്ടിന് വേണ്ടിയിട്ടും എന്ന രീതിയിലാണ് കരാർ. നേരിട്ട് കൂടിയാലോചനകൾ നടത്തി വസ്തുവില തീരുമാനിച്ചു. തുക കൈപ്പറ്റണമെന്നായിരുന്നു കെഎംആർഎൽ തീരുമാനം. പക്ഷേ ജില്ലാ കളക്ടർ ശീമാട്ടിക്കു സെന്റിന് 52 ലക്ഷം തീരുമാനിച്ചതിന് പുറമെ സെന്റിന് 80 ലക്ഷം രൂപ അധികമായി ശീമാട്ടിയുടെ ഭൂമിക്കു കിട്ടത്തക്ക വിധത്തിലാണ് കരാർ ഉണ്ടാക്കിയതെന്നും വാദമുണ്ട്. വസ്തു നികുതിയിൽ പോലും ശീമാട്ടിക്കു മാത്രം ഇളവ് നൽകിയെന്നതാണ് മറ്റൊരു ആരോപണം. വസ്തു സർക്കാരിന് കെമാറുന്നതുവരെ ശീമാട്ടിക്ക് നികുതി അടച്ചാൽ മതിയെന്നും മറ്റുടമകൾക്ക് ആധാരം ചെയ്യുന്നതു വരെ അടയ്ക്കുകയും വേണമായിരുന്നു വ്യവസ്ഥ. ഇതും ഇരട്ടത്താപ്പായി ചൂണ്ടിക്കാണിക്കുന്നു.

സംശയം ജനിപ്പിക്കുന്ന കൊച്ചി മെട്രോ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ സർക്കാരിന് നഷ്ടമുണ്ടാക്കാത്തതിനാൽ കൊച്ചി കളക്ടർ രാജമാണിക്ക്യത്തിനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിഗമനത്തിൽ വിജിൻസ്. ഇക്കാര്യം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ രേഖാമൂലം അന്വേഷണ സംഘം അറിയിച്ചു. ഇടപാടിൽ അഴിമതി നടന്നോ എന്ന് പരിശോധിക്കാതെയാണ് ദ്രുത പരിശോധന പൂർത്തിയാക്കിയത്. കളക്ടറെ രക്ഷിക്കാനുള്ള നീക്കമാണ് വിജിലൻസിന്റെ ദ്രുത പരിശോധനാ റിപ്പോർട്ട് എന്നാണ് വിലയിരുത്തൽ. ബീന കണ്ണന്റെ ശീമാട്ടിക്ക് കൂടുതൽ പണം ലഭിക്കുന്ന വിധത്തിൽ കരാർ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് കോടതിയിൽ എത്തിയതും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിതും, മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ശീമാട്ടിക്ക് വേണ്ടി വഴിവിട്ട് സഹായം ചെയ്തുവെന്നായിരുന്നു ആരോപണം. ശീമാട്ടിയിൽ നിന്നും ഏറ്റെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകൾ പ്രത്യേകമായി ഉൾപ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. ക്രമക്കേടുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. പ്രസ്തുത സ്ഥലമറ്റെടുക്കലുമായി ബന്ധപെട്ടു സർക്കാരിന് യാതൊരു നഷ്ടവും ജില്ലാ കലക്ടർ രാജമാണിക്യം വരുത്തിയില്ല എന്നാണ് കേസ് അന്വേഷിച്ച വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനാണ് ഹർജിക്കാരന്റെ തീരുമാനം. മൊഴിയിലെ വൈരുദ്ധ്യങ്ങൾ അദ്ദേഹം കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപെട്ടു ശീമാട്ടി ക്കായി ഉണ്ടാക്കിയ കരാറിൽ ജില്ലാ കലക്ടർ രാജമാണിക്യം മറ്റാർക്കും ഇല്ലാത്ത വ്യവസ്ഥകൾ ഉണ്ടാക്കിയതു പുറത്തുകൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട കെഎം ആർ എൽ ജില്ലാ കലക്ടറോടു ഈ വ്യവസ്ഥകൾ മാറ്റണമെന്ന് പറഞ്ഞു കത്തയച്ചു. ഇതോടെയാണ് വിഷയത്തിന് പുതിയ മാനങ്ങൾ വന്നത്. മെട്രോ സ്ഥലമേറ്റെടുപ്പിന്റെ പേരിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ജില്ലാ കളക്ടർ എം ജി രാജമാണിക്യവും തമ്മിൽ വീണ്ടും തുറന്ന പോരിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ശീമാട്ടിക്ക് അധികം പണം നൽകി സ്ഥലം ഏറ്റെടുക്കാമെന്ന വിധത്തിൽ കരാർ ഉണ്ടാക്കിയത് ഏറെ ചർച്ചയാവുകയും ചെയ്തു. മറ്റുള്ളവർക്കൊന്നും ഇല്ലാത്ത വിധത്തിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം കരാർ തയ്യാറാക്കിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കെഎംആർഎൽ നിലപാടെടുത്തത്. നേരത്തെ കൊച്ചി മെട്രോയ്ക്ക് ശീമാട്ടി വെറുതെ ഭൂമി കൊടുക്കുന്നു എന്ന വിധത്തിലായിരുന്നു പ്രചരണം. ഇത് രേഖകൾ സഹിതം പൊളിച്ചത് മറുനാടൻ മലയാളിയായിരുന്നു. രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും മറുനാടൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയ പാവപ്പെട്ടവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്.ഇതിനുള്ള സാഹചര്യമാണ് രാജമാണിക്യത്തിന്റെ കുറിപ്പുണ്ടാക്കിയത്. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP