Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതോടെ തട്ടിപ്പുകാരിയുടെ കുരുക്കിലായി; ഇട്ടിമാണിയുടെ സെറ്റിൽ മോഹൻലാലിനെ കാണാൻ പോയത് സീമ സജിയുടെ നിർബന്ധപ്രകാരം; സൗഹൃദം സൃഷ്ടിച്ച് സീമ തന്നെ തട്ടിപ്പിന് ഇരയാക്കി; ഫേസ്‌ബുക്ക് അക്കൗണ്ടിലെ ചിത്രം കോപ്പി ചെയ്താണ് വ്യാജ പ്രൊഫൈലിൽ ഉപയോഗിച്ചത്; തട്ടിപ്പിന് ഇരയായവർ വിളിച്ചപ്പോൾ മാത്രമാണ് വ്യാജ പ്രൊഫൈൽ ഉള്ളത് അറിയുന്നത്; സൗഹൃദം മറയാക്കി സീമ നടത്തിയതുകൊടുംചതി; സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കഥ മറുനാടനോട് പറഞ്ഞ് നീരജ

ഫേസ്‌ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതോടെ തട്ടിപ്പുകാരിയുടെ കുരുക്കിലായി; ഇട്ടിമാണിയുടെ സെറ്റിൽ മോഹൻലാലിനെ കാണാൻ പോയത് സീമ സജിയുടെ നിർബന്ധപ്രകാരം; സൗഹൃദം സൃഷ്ടിച്ച് സീമ തന്നെ തട്ടിപ്പിന് ഇരയാക്കി; ഫേസ്‌ബുക്ക് അക്കൗണ്ടിലെ ചിത്രം കോപ്പി ചെയ്താണ് വ്യാജ പ്രൊഫൈലിൽ ഉപയോഗിച്ചത്; തട്ടിപ്പിന് ഇരയായവർ വിളിച്ചപ്പോൾ മാത്രമാണ് വ്യാജ പ്രൊഫൈൽ ഉള്ളത് അറിയുന്നത്; സൗഹൃദം മറയാക്കി സീമ നടത്തിയതുകൊടുംചതി; സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കഥ മറുനാടനോട് പറഞ്ഞ് നീരജ

എം മനോജ് കുമാർ

തിരുവല്ല: തട്ടിപ്പുകാരിയായ സീമ സജിയുടെ വലയിലേക്ക് അപ്രതീക്ഷിതമായി ചാടിക്കൊടുത്ത ഞെട്ടലിൽ നിന്ന് തനിക്ക് ഇപ്പോഴും മോചനമായില്ലെന്ന് നീരജ ശരത്. കുന്നന്താനം കവല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാവുകയും പിന്നീട് വ്യാജപ്രൊഫൈൽ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന പ്രവാസികളുടെ പരാതിയിൽ നിരപരാധിയായ തനിക്ക് നേരെയും കേസ് വന്നത് കേരളം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും നീരജ മറുനാടൻ മലയാളിയോട് പറഞ്ഞു. പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്ന സീമ സജി മനഃപൂർവം തന്നെ കുരുക്കുകയായിരുന്നുവെന്നും നീരജ പറഞ്ഞു.

വ്യാജ പ്രൊഫൈൽ നിർമ്മിച്ച സീമ സജി സാമ്പത്തിക തട്ടിപ്പിന് ഒരുങ്ങിയപ്പോൾ നീരജയുടെ ഫോട്ടോ ഉപയോഗിച്ചതാണ് നീരജയ്ക്ക് കുരുക്കായി മാറിയത്. ഒരു യുവതിക്ക് ചികിത്സാ സഹായം വേണമെന്ന് ആവശ്യപ്പെട്ടു സീമ സജി നിർമ്മിച്ച വ്യാജ പ്രൊഫൈലിലാണ് നീരജ അറിയാതെ നീരജയുടെ ഫോട്ടോ സീമ ഉപയോഗിച്ചത്. നീരജയ്ക്ക് ചികിത്സ സഹായം വേണമെന്ന ധാരണയിലാണ് സീമ സജിയുടെ അക്കൗണ്ടിലേക്ക് യുവാക്കൾ പണം നൽകിയത്. പിന്നീട് സംശയം തോന്നിയ യുവാക്കൾ നീരജയുമായി ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് ഇതുമായി ബന്ധമില്ലെന്നും തന്റെ ഫോട്ടോ സീമ താൻ അറിയാതെ ഉപയോഗിക്കുകയാണെന്നും ഉള്ള വിവരം നീരജ പറയുന്നത്. ഇതോടെയാണ് സീമ സജിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു യുവാക്കൾ നൽകിയ പരാതിയിൽ കീഴ്‌വായ്പൂർ പൊലീസ് സീമയ്ക്ക് എതിരെ കേസ് എടുക്കുന്നത്. ഇതേ കേസിലാണ് രണ്ടാം പ്രതിയായി നീരജയുടെ പേര് കൂടിയുള്ളത്. ഈ കേസിൽ നിന്നും തലയൂരേണ്ട കാര്യമാണ് നീരജയും കുടുംബവും ഇപ്പോൾ ആലോചിക്കുന്നത്.

ഫെയ്‌സ് ബുക്ക് വഴി സീമയുടെ ഫ്രെന്റ് റിക്വസ്റ്റ് നീരജ സ്വീകരിച്ചതോടെയാണ് സീമ എന്ന തട്ടിപ്പുകാരിയുടെ കുരുക്കിൽ നീരജ അകപ്പെടുന്നത്. നീരജ അറിയാതെ തന്നെ ചെറിയ ചുവടുകൾ വഴി നീരജയുമായുള്ള അടുപ്പം സീമ കൂട്ടുകയായിരുന്നു. നീരജയെപ്പോലെ തന്നെ തിരുവല്ലക്കാരി തന്നെയായതിനാൽ സീമയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാനും നീരജയ്ക്ക് കഴിഞ്ഞില്ല. ആകെ മൂന്നു തവണ മാത്രമേ സീമയും നീരജയും നേരിട്ട് കണ്ടിട്ടുള്ളൂ. സീമയെ ഒഴിവാക്കാൻ നീരജ ശ്രമിച്ചെങ്കിലും നീരജയുമായി അടുക്കാൻ സീമ നിരന്തരം ശ്രമം നടത്തുകയായിരുന്നു. ഒരു തവണ മോഹൻലാലും ഒരുമിച്ചുള്ള ഫോട്ടോ വാട്‌സ് അപ്പ് സ്റ്റാറ്റസ് ആയി ഇട്ടപ്പോൾ ഇത് സംബന്ധിച്ച് നീരജ തിരക്കിയിരുന്നു. ഇതോടെ നീരജയുമായി അടുക്കാൻ മോഹൻലാലിന്റെ പേര് സീമ ഉപയോഗിക്കുകയായിരുന്നു. മോഹൻലാൽ എന്റെ വീട്ടിൽ വന്നിരുന്നു. തുറവൂരിൽ മോഹൻലാലിന്റെ ഷൂട്ട് ഉണ്ട്. ലൊക്കേഷനിൽ വന്നോളൂ മോഹൻലാലിനെ കാണാം.

സഹോദരിയുടെ ചികിത്സ സംബന്ധിച്ച് യാത്ര ഉള്ളതിനാൽ ഈ യാത്രയിൽ മോഹൻലാലിനെ തുറവൂരിൽ വന്നു കാണാൻ നീരജയെ സീമ നിർബന്ധിക്കുകയായിരുന്നു. ഇട്ടിമാണി ലൊക്കേഷനിൽ മോഹൻലാലിനെ കുടുംബസമേതം കണ്ടപ്പോൾ പിന്നീടും മോഹൻലാലിനെ വന്നു കാണാൻ സീമയുടെ ക്ഷണം വന്നു. ഈ ക്ഷണത്തിലാണ് രണ്ടാമതും കൊച്ചിയിലെ സ്റ്റുഡിയോയിൽ പോയി നീരജയും കുടുംബവും മോഹൻലാലിനെ കാണുന്നത്. ഇങ്ങിനെ രണ്ടു തവണയും ഒരു തവണ വീട്ടിൽ വന്നപ്പോഴും മാത്രമാണ് നീരജയും സീമയും തമ്മിൽ നേരിട്ട് കാണുന്നത്. ഇങ്ങിനെ നീരജയുമായി അടുക്കുമ്പോൾ തന്നെ നീരജയുടെ ഫെയ്‌സ് ബുക്ക് ഫോട്ടോ കോപ്പി ചെയ്‌തെടുത്ത് നീരജയുടെ പേരിൽ സീമ തട്ടിപ്പിന് അരങ്ങൊരുക്കിയിരുന്നു. നീരജയെ രോഗിയാക്കി ചികിത്സാ സഹായം തേടുകയായിരുന്നു സീമ ചെയ്തത്. യുവാക്കൾക്ക് സംശയം തോന്നി നീരജയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോൾ തട്ടിപ്പ് പൊളിയുകയും ഫോട്ടോ നീരജയുടെത് ആയതിനാൽ നീരജയ്ക്ക് കൂടി പങ്കുണ്ടെന്ന സംശയത്തിലാണ് യുവാക്കൾ നൽകിയ പരാതിയിൽ നീരജ കൂടി പ്രതിയായി മാറിയത്. സീമയുടെ ചതിയെക്കുറിച്ച് നീരജ മറുനാടനോട് പറഞ്ഞ കഥ ഇങ്ങിനെ:

സീമയുടെ ചതിയുടെ കഥ തുറന്നു പറഞ്ഞു നീരജ

സീമ ഒരു തട്ടിപ്പുകാരിയാണെന്നു എനിക്ക് അറിയുമായിരുന്നില്ല. ഞാനുമായി സൗഹൃദം തുടരുമ്പോൾ എന്റെ ഫോട്ടോ ഉപയോഗിച്ച് സീമ മറുവശത്ത് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞതേയില്ല. ഇതറിഞ്ഞപ്പോൾ വൈകിയിരുന്നു. അപ്പോഴേക്കും എനിക്കെതിരെ കേസും വന്നു. പരാതി കൊടുത്ത യുവാക്കളിൽ ഒരാളായ ഷാനോസ് വിളിക്കുന്ന സമയത്താണ് എന്റെ ചികിത്സാ സഹായം തേടുന്ന വ്യാജ പ്രൊഫൈലിൽ സീമ എന്റെ ഫോട്ടോ ഉപയോഗിക്കുന്ന കാര്യം ഞാൻ അറിയുന്നത്. നിങ്ങളുടെ പേരിൽ ഒരു ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ട്. അതിൽ ചികിത്സാ സഹായം തേടുന്നുണ്ട്. ഷാനോസ് ആരെന്നോ, എന്താണ് പറയുന്നതെന്നോ അതിന്റെ ഗൗരവം എന്താണോ എന്നൊന്നും എനിക്ക് അറിയില്ല. മൂന്നു നമ്പറും കൂടി അയച്ചു തന്നിട്ട് മെസ്സഞ്ചറിൽ സന്ദേശം അയക്കുകയാണ്. ഫെയ്‌സ് ബുക്ക് അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ട് അയച്ചു തന്നു. ഇതു നിങ്ങളുടെ അക്കൗണ്ട് ആണോ എന്ന് ചോദിച്ചു. എനിക്ക് എന്റെ അക്കൗണ്ട് മാത്രമേയുള്ളൂ എന്ന് ഞാൻ സന്ദേശം അയച്ചു. ഞാൻ വാട്‌സ് അപ്പ് നമ്പർ നൽകിയപ്പോൾ അവർ കൂടുതൽ ഫോട്ടോകൾ വാട്ട്‌സ് അപ്പ് വഴി അയച്ചു. എന്താണ് കാര്യം എന്ന് ഞാൻ അപ്പോഴും അറിയുന്നില്ല. ഞാൻ ബന്ധുവിനെ വിളിച്ചു ഈ കാര്യം പറഞ്ഞു. അവൻ വിളിച്ചപ്പോഴാണ് ഷനോസ് കാര്യം പറയുന്നത്. സ്മിതാ മേനോൻ എന്ന ഫെയ്‌സ് ബുക്ക് പേജ്, ഫോട്ടോ നീരജയുടെത്. ഈ പ്രൊഫൈൽ വഴി ചികിത്സാ സഹായത്തിനായി പണം വാങ്ങിച്ചിട്ടുണ്ട് എന്ന് ഷാനോസ് പറഞ്ഞു.

സീമയുടെ പേര് ഷാനോസ് പറയുന്നില്ല. അതുകൊണ്ട് സീമയെ എനിക്ക് അപ്പോഴും സംശയം വന്നില്ല. ഈ ഫെയ്‌സ് ബുക്ക് പേജ് ആര് സൃഷ്ടിച്ചു എന്നും എനിക്ക് അറിയില്ല. അപ്പോൾ എന്റെ സഹോദരൻ പറഞ്ഞു. നമുക്ക് പൊലീസ് സ്റ്റേഷനിൽ നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ പൊലീസിൽ പരാതി നൽകുന്നത്. ഷാനോസ് പറഞ്ഞ കാര്യങ്ങൾ വെച്ചുള്ള പരാതിയാണ് ഞാൻ ഞാൻ പൊലീസിൽ നൽകിയത്. അവിടെ ഷാനോസ് നൽകിയ നമ്പരുകളും നൽകി. പൊലീസ് ചോദിച്ചപ്പോഴാണ് ഇതിന്റെ പിന്നിൽ സീമയാണെന്ന കാര്യം ഞാൻ അറിയുന്നത്. അക്കൗണ്ടിൽ ഇട്ട പണം പോയത് സീമയുടെ അക്കൗണ്ടിലേക്കാണ്. ഇതാണ് ഷാനോസ് പറഞ്ഞത്. ഇതോടെ പൊലീസ് സീമയെ ഫോൺ ചെയ്തു. സീമ വലിയ കരച്ചിൽ ആയിരുന്നു. ഞാൻ ഇപ്പോൾ തന്നെ വരാം എന്ന് സീമ പറഞ്ഞു.

രാവിലെ പത്ത് മണിക്ക് വന്നാൽ മതി എന്ന് പൊലീസ് പറഞ്ഞു. അന്ന് വൈകീട്ട് സീമയും സീമയുടെ ഭർത്താവും കൂടി ഞങ്ങളുടെ വീട്ടിൽ വന്നു. സീമയും ഭർത്താവും കൂടി കരച്ചിൽ. എന്നിട്ട് പറഞ്ഞു ഇങ്ങിനെ ഒന്നും ആകില്ലെന്നു ഞങ്ങൾ കരുതിയില്ല. നീരജയുടെ അടുക്കലേക്ക് ഈ കാര്യം എത്തും എന്നും ഓർത്തില്ല. നാല് ലക്ഷം രൂപയും മുപ്പത്തിയഞ്ച് പവനും ഒരു സുഹൃത്തിനെ സഹായിച്ചു. ആ പണം പോയി. അപ്പോൾ ഭർത്താവ് അറിയാതെ ഈ പണം എങ്ങിനെയെങ്കിലും സ്വരൂപിക്കണം. അതിനാണ് ഇങ്ങിനെ വ്യാജ പേരിൽ പ്രൊഫൈൽ തുടങ്ങിയത്. നീരജ വരും എത്തും ഓർത്തില്ല. ഞങ്ങൾ പരാതിയുമായി വന്നവരോട് പറഞ്ഞതാണ്. ഇത് നീരജയുടെ അടുക്കൽ എത്തിക്കരുത് എന്ന്. ഇവരുടെ പണം ഞങ്ങൾ നൽകിക്കോളാം എന്നും പറഞ്ഞതാണ്.

പക്ഷെ അവർ പരാതി നൽകി. അതാണ് പ്രശ്‌നമായത്. നീരജ കേസ് പിൻവലിക്കണം. ഇവർ ആവശ്യപ്പെട്ടു. പക്ഷെ ഞങ്ങൾ അതിനു തയ്യാറല്ല. ഇത് വലിയ ക്രൈം ആണെന്ന് ഞങ്ങൾ മനസിലാക്കിയിരുന്നു. പക്ഷെ സീമ കാലുപിടുത്തം തുടർന്നു. സീമ ചെയ്തതിന് സീമ അനുഭവിക്കണം എന്ന് പറഞ്ഞപോൾ ആത്മഹത്യ ചെയ്യും എന്നാണ് സീമ പറഞ്ഞത്. അതൊന്നും എന്റെ വിഷയമല്ല. ഇതൊന്നും എന്നെ ബാധിക്കില്ല. സീമ ചെയ്തത് വലിയ ക്രൈം ആണ്. ഞാൻ പറഞ്ഞു. കൂടെ വന്നവരും ഞങ്ങളെ നിർബന്ധിച്ചു. കേസ് പിൻവലിക്കാൻ. പക്ഷെ ഞങ്ങൾ തയ്യാറല്ല. കാരണം ഞാൻ ആൻസറബിൾ ആണെന്ന് എനിക്ക് ബോധ്യമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ കുലുങ്ങിയില്ല.

നൂറു രൂപയുടെ പുസ്തകം നൽകാൻ വീട്ടിൽ വരാൻ അനുവദിച്ചത് വിനയായി

അവർ പിറ്റേന്ന് സിഐയുടെ മുന്നിലിരുന്നു കരഞ്ഞു. ചികിത്സാ സഹായത്തിനു ഇവർ നാല് ലക്ഷം രൂപയും മുപ്പത്തിയഞ്ച് പവനും നൽകി എന്ന് പറയുന്നു. പക്ഷെ എന്തുകൊണ്ട് ഇവർ ആ സ്ത്രീയുടെ ഫോട്ടോ നൽകിയില്ല. സിഐയ്ക്ക് മുന്നിലിരുന്നു ഞാൻ ചോദിച്ചു. അപ്പോൾ സിഐ ഈ കാര്യത്തിൽ സീമയെ ചോദ്യം ചെയ്തു. അതോടെ ആ സ്റ്റോറിയും പൊളിഞ്ഞു. അത് കള്ളമാണെന്ന് പൊലീസിന് താമസം വിനാ മനസിലാകുകയും ചെയ്തു. അപ്പോൾ എന്തിനു എന്റെ ഫോട്ടോ ഇട്ടു എന്ന് സിഐ ചോദിച്ചു. എന്തിനാണ് ഫെയ്‌സ് ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തതെന്നും സിഐ ചോദിച്ചു. അത് ഇങ്ങിനെ ഒന്ന് ഉണ്ടെന്നു കാണിക്കാൻ വേണ്ടി ക്രിയേറ്റ് ചെയ്തതാണ്. അപ്പോൾ ഇന്നു തന്നെ നിങ്ങളെ അറസ്റ്റ് ചെയ്യാൻ വകുപ്പുണ്ട് എന്നാണ് സിഐ പറഞ്ഞത്. ഇതോടെ അവർ മെലോഡ്രാമ കാണിക്കാൻ തുടങ്ങി. ബിപി കൂടിയിട്ടുണ്ട്.

എങ്ങിനെയാണ് ഈ ബന്ധം തുടങ്ങിയത് എന്നാണ് സിഐ എന്നോടു ചോദിച്ചത്. ഇവരുടെ ഒരു സുഹൃത്തുണ്ട്. മനേഷ് മാധവൻ. ഇവരുടെ ബുക്ക് വാങ്ങിക്കണം എന്ന് പറഞ്ഞാണ് സീമ എന്റെ അടുക്കൽ വരുന്നത്. നൂറു രൂപയുടെ പുസ്തകം എന്നാണ് പറഞ്ഞത്. ഇവരുടെ വീട് എന്റെ അമ്മ വീടിനു അടുത്താണ്. അതുകൊണ്ടാണ് അടുപ്പം കാണിക്കാൻ വന്നപ്പോൾ ഞാൻ തടയാത്തത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ബുക്കിന്റെ പേര് പറഞ്ഞു എന്റെ ബന്ധപ്പെടുകയാണ്. ഒടുവിൽ സഹികെട്ടാണ് ഞാൻ പറഞ്ഞത്. ഞാൻ തിരുവല്ല വരുമ്പോൾ പറയാം. അപ്പോൾ ബുക്ക് നൽകിയാൽ മതി എന്ന് ഞാ ൻ പറഞ്ഞപ്പോൾ വേണ്ട തിരുവനന്തപുരത്ത് ബുക്ക് എത്തിക്കാം എന്നായിരുന്നു മറുപടി. നൂറു രൂപയുടെ ബുക്ക് തരാൻ തിരുവനന്തപുരത്ത് വരും എന്ന് പറഞ്ഞപ്പോൾ എനിക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒടുവിൽ ഭർത്താവ് ഇടപെട്ടു. അവരെ ഒഴിവാക്കി. തിരുവല്ല വരാൻ പറയൂ എന്ന് പറഞ്ഞു. ഇതോടെയാണ് തിരുവല്ല എന്റെ വീട്ടിൽ ഇവരും ഭർത്താവും വരുന്നത്. അന്ന് ഇവർ ബുക്ക് തരാൻ വന്നപ്പോൾ അവർ സെൽഫിയും എടുത്തു. ബുക്ക് ഞങ്ങൾ എല്ലാവർക്കും നൽകുന്നുണ്ട്. അതിനു അവരെ കാണിക്കാൻ വേണ്ടിയാണ് ഫോട്ടോ എന്നാണ് ഇവർ പറഞ്ഞത്.

മോഹൻലാൽ ഭ്രമം ചൂഷണം ചെയ്ത് സൗഹൃദത്തിന്റെ വ്യാപ്തി കൂട്ടി

അതിനു ശേഷം എനിക്ക് നിരന്തരം മെസ്സേജ് അയക്കും. പക്ഷെ ഞാൻ വലിയ പ്രതികരണം നടത്താറില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. അതിന് ശേഷം ഇവർ ഒരു തവണ എന്നെ വിളിച്ച് പരാതി പറഞ്ഞു. ഞാൻ തിരക്കിലാണ് എപ്പോഴും ഫോൺ വിളിച്ചാൽ എടുക്കാൻ കഴിയില്ല എന്ന് പറഞ്ഞു. അപ്പോഴാണ് ഇവരും മോഹൻലാലും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. ഇത് കണ്ടപ്പോൾ ഞാൻ വിളിച്ചു. മോഹൻലാലിനെ അറിയാമോ എന്ന് ചോദിച്ചു. എന്റെ വീട്ടിൽ വന്നിരുന്നു എന്നാണ് നല്കിയ മറുപടി. മോഹൻലാലിനെ കാണാം എന്നും പറഞ്ഞു. നിങ്ങൾ എറണാകുളത്ത് പോകുന്നു. തുറവൂരിൽ മോഹൻലാൽ ഷൂട്ടിങ് ഉണ്ട്. ലൊക്കേഷനിൽ വരാൻ നിർബന്ധിച്ചു. അങ്ങിനെയാണ് വരുമ്പോൾ കുടുംബ സഹിതം മോഹൻലാലിനെ കാണുന്നത്. അപ്പോൾ ലൊക്കേഷനിൽ കയറി മോഹൻലാലിനെ കണ്ടു. പക്ഷെ സീമയ്ക്ക് അവിടെ വലിയ പരിചയം ഉണ്ടെന്നു എനിക്ക് തോന്നിയില്ല. അവിടുന്ന് ഫോട്ടോ എടുത്തു. എന്റെ കുടുംബവുമായി സീമ അടുപ്പം കൂടി.

ഇനിയും മോഹൻലാലിനെ കാണാൻ നിർബന്ധിച്ചു. നിർബന്ധം കൂടിയപ്പോൾ എന്റെ അപ്പച്ചി വഴി എന്നെ നിർബന്ധിച്ചു. അപ്പോൾ ഡബ്ബിങ് സ്റ്റുഡിയോയിൽ കയറി മോഹൻലാലിനെ കണ്ടു. ഇങ്ങിനെ മൂന്നു തവണ മാത്രമാണ് ഞങ്ങൾ സീമയെ കണ്ടത്. ഇതല്ലാതെ സീമയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സീമ തട്ടിപ്പ്കാരി ആണെന്ന് എനിക്കും സംശയവും തോന്നിയതല്ല. സീമ എന്റെ സുഹൃത്തല്ല. ബന്ധുവല്ല. അടുപ്പക്കാരിയല്ല. എന്റെ ഫെയ്‌സ് ബുക്ക് ഫോട്ടോയിൽ നിന്ന് കോപ്പി ചെയ്ത് എടുത്ത ഫോട്ടോയാണ് സീമ വ്യാജ പ്രൊഫൈലിൽ നൽകിയത്. ഇപ്പോൾ കുടുംബക്കാരോടും അടുപ്പക്കരോടും ഞാൻ ഉത്തരം പറയേണ്ട അവസ്ഥയിലാണ്. ഞാൻ എന്ത് മറുപടിയാണ് നൽകേണ്ടത്. ഇപ്പോൾ പൊലീസ് കേസും. ഞാൻ ആകെ വെട്ടിലാണ്. ഇനി ഇപ്പോൾ കേസ് ഞാൻ നേരിടേണ്ട അവസ്ഥയാണ്. സീമയും ഞാനും തമ്മിലുള്ള ഫോട്ടോ കണ്ടു സംശയിച്ചാണ് പരാതിപ്പെട്ടവർ എന്റെ പേരിൽ കൂടി കേസ് നൽകിയത്. എന്റെ ഫോട്ടോ വ്യാജ പ്രൊഫൈലിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ പെട്ടത്. ഇനി എന്റെ നിരപരാധിത്വം ഞാൻ തെളിയിക്കേണ്ട അവസ്ഥയാണ്-നീരജ പറയുന്നു.

കുന്നന്താനം കേന്ദ്രമാക്കി രൂപീകരിച്ച കവല എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളെ വ്യാജഫേസ് ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ച് വശത്താക്കി പണം തട്ടിയ കേസിൽ ഇപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിലുള്ള മുഖ്യപ്രതി സീമ സജിയുടെ ബന്ധങ്ങൾ അന്വേഷിച്ച പൊലീസ് സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ പിന്നാമ്പുറത്തുള്ള പെൺവാണിഭ റാക്കറ്റിലെ കണ്ണിയാണ് സീമയെന്ന സൂചനകൾ പൊലീസിന് ലഭിച്ചുവെന്നാണ് അറിയുന്നത്. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ പൊലീസ് തയാറല്ല. കുന്നന്താനം കവല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാവുകയും പിന്നീട് വ്യാജപ്രൊഫൈൽ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന പ്രവാസികളുടെ പരാതിയിൽ രണ്ടു യുവതികൾക്കെതിരേ കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേർത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവിൽപ്പോയി. ഈ കേസിലെ രണ്ടാം പ്രതിയാണ് നീരജ ശരത്.

സീമയുടെ തട്ടിപ്പിന്റെ വ്യാപ്തി തിരഞ്ഞു പൊലീസും

സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്ന പല ഉന്നതരും സൂപ്പർ സ്റ്റാറുകളും നിർമ്മാതാക്കളും സീമയുടെ വെട്ടിൽ വീണിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലധികമായി സിനിമയുടെ പിന്നാമ്പുറത്ത് സീമയുണ്ട്. ഭർത്താവ് പ്രൊഡക്ഷൻ വാഹനം ഓടിക്കുന്ന ആളെന്ന നിലയിലാണ് ഇവർ സിനിമ സെറ്റുകളിലേക്ക് കടന്നു ചെന്നത്. പിന്നീട് സ്വന്തം നിലയിൽ പരിചയം സ്ഥാപിച്ചെടുത്തു. അതിന് ശേഷം ഓരോരുത്തരുമായി വ്യക്തി ബന്ധവും സ്ഥാപിച്ചു. നിർമ്മാതാവ് സുരേഷ് കുമാറുമായി അടുത്ത ബന്ധമാണ് തനിക്കെന്നാണ് സീമ സുഹൃദ്വലയങ്ങളിൽ പ്രചരിപ്പിച്ചിട്ടുള്ളത്. വിശ്വാസം വരാൻ വേണ്ടി സുരേഷ്‌കുമാറിനൊപ്പം നിൽക്കുന്ന ഫോട്ടോ, തന്റെ് ഫേസ്‌ബുക്ക് പോസ്റ്റിന് സുരേഷ്‌കുമാർ ഇട്ട കമന്റ്,

സുരേഷുമായുള്ള ഫോൺ സംഭാഷണം എന്നിവയൊക്കെ ഗ്രൂപ്പുകളിൽ പങ്കു വച്ചു. മോഹൻലാലും ദിലീപുമായി തനിക്ക് അടുത്ത പരിചയം ഉണ്ടെന്ന് ഒപ്പം നിൽക്കുന്ന ഫോട്ടോകളിലൂടെ വിശദീകരിച്ചു. സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ സൃഷ്ടിച്ച് യുവാക്കളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ആദ്യം കുറ്റസമ്മതം നടത്തുകയും പണം തിരികെ നൽകാമെന്ന് സീമ വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. പിറ്റേന്ന്, നിലപാട് മാറ്റിയ സീമ തനിക്ക് സുരേഷ്‌കുമാറും ദിലീപും സഹായത്തിനുണ്ടെന്ന് പറഞ്ഞാണ് പരാതിക്കാരെ വിരട്ടിയത്. എന്നാൽ ഈ കേസിൽ ഒന്നും മോഹൻലാലിനോ സുരേഷ് കുമാറിനോ ദിലീപിനോ പങ്കില്ല. ആളുകളെ പറ്റിക്കാൻ ഇവരുടെ പേര് ഉപയോഗിക്കുകയായിരുന്നു.

കേസിലെ രണ്ടാം പ്രതി നീരജ ശരത്തുമായി മോഹൻലാലിന്റെ ഇട്ടിമാണി എന്ന സിനിമയുടെ ലൊക്കേഷനിൽ സീമ ചെന്നിരുന്നു. നീരജയുടെ കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈലിൽ നീരജയുടെ ചിത്രമാണ് സീമ ഉപയോഗിച്ചിരുന്നത്. സിനിമയോടുള്ള നീരജയുടെ ഭ്രമം മുതലെടുത്താണ് സീമ അവരെ വീഴ്‌ത്തിയത്. ഇട്ടിമാണിയുടെ സെറ്റിൽ നീരജയ്‌ക്കൊപ്പം നിന്ന സീമ ഫേസ്‌ബുക്കിൽ തനിക്കൊപ്പം സ്മിത മേനോനും ഉണ്ടെന്ന് സ്റ്റാറ്റസ് ഇട്ടിരുന്നു. കുന്നന്താനം കേന്ദ്രമാക്കി നവീന ആശയമുള്ള ഒരു പറ്റം യുവാക്കൾ രൂപം കൊടുത്ത ഫേസ് ബുക്ക് കൂട്ടായ്മ ആയിരുന്നു കവല. ഇരുപത്തഞ്ചോളം യുവതി-യുവാക്കളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്.

ഇതിൽ ഉൾപ്പെട്ട സീമ സജി എന്ന യുവതിയാണ് ഗ്രൂപ്പിൽ തന്നെയുള്ള യുവാക്കളിൽ നിന്ന് വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടിയത്. ഗ്രൂപ്പിൽ അംഗമായ ശേഷം എല്ലാവരുടെയും വിശ്വസ്തത നേടാൻ സീമയ്ക്ക് കഴിഞ്ഞിരുന്നു. ഇവരുടെ ഭർത്താവ് സജി സിനിമയിൽ പ്രൊഡക്ഷൻ വാഹനം ഓടിക്കുന്നയാളാണ്. ആ പരിചയം ഉപയോഗിച്ച് സിനിമ സെറ്റുകളിൽ സ്ഥിരം സാന്നിധ്യമായി സീമ. ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നിന്ന് ചിത്രമെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു. മോഹൻലാലും നിർമ്മാതാവ് സുരേഷ്‌കുമാറും തന്റെ ഉറ്റചങ്ങാതിമാരാണ് എന്ന് ഇവർ ഗ്രൂപ്പിലുള്ളവരെ വിശ്വസിപ്പിച്ചു. അത്തരം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഗ്രൂപ്പിലെ ചെറുപ്പക്കാരുടെ വിശ്വാസം ആർജിച്ചു കഴിഞ്ഞാണ് സീമ തട്ടിപ്പിന് കരുക്കൾ നീക്കിയത് എന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP