Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'യൂദാസിന് സുവിശേഷം രചിക്കുന്നത് വർഗ്ഗവഞ്ചക പരിഷകൾ': പിണറായി വിജയനെ യൂദാസെന്ന് വിളിച്ച് സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; ചൊടിപ്പിച്ചത് അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റത്തിന് രണ്ട് മത്സരപരീക്ഷ പാസാകണമെന്ന ഭരണപരിഷ്‌കാര റിപ്പോർട്ട്

'യൂദാസിന് സുവിശേഷം രചിക്കുന്നത് വർഗ്ഗവഞ്ചക പരിഷകൾ': പിണറായി വിജയനെ യൂദാസെന്ന് വിളിച്ച് സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; ചൊടിപ്പിച്ചത് അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റത്തിന് രണ്ട് മത്സരപരീക്ഷ പാസാകണമെന്ന ഭരണപരിഷ്‌കാര റിപ്പോർട്ട്

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് സെക്രട്ടറിയേറ്റിലെ സിപിഎം സംഘടന നോട്ടീസിറക്കി. സർവീസ് സംഘടനകളുടെ എതിർപ്പ് തള്ളി പൊതുഭരണവകുപ്പ് സമിതിയുടെ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തീരുമാനം എടുത്തതിന്റെ പുറകെയാണ് സെക്രട്ടറിയെറ്റിലെ ഏറ്റവും ശക്തമായ സിപിഎം സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയെ യൂദാസ് എന്ന് വിശേഷിപ്പിച്ച് നോട്ടീസിറക്കിയത്. പൊതുഭരണവകുപ്പ് വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോടെ സെക്രട്ടറിയേറ്റിൽ ഇനി സ്ഥാനക്കയറ്റത്തിന് സർവീസ് മാത്രം പോരാ. ജോലി മികവും വേണ്ടി വരും. അസിസ്റ്റന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നവർ സ്പെഷൽ സെക്രട്ടറി വരെയുള്ള സ്ഥാനക്കയറ്റത്തിനായി രണ്ടു മത്സരപ്പരീക്ഷകൾ കൂടിയെഴുതി യോഗ്യത തെളിയിക്കേണ്ടി വരും തുടങ്ങി സർവീസിൽ ഒട്ടനവധി മാറ്റങ്ങൾ നിർദ്ദേശിക്കുന്ന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോടെയാണ് സംഘടന മുഖ്യമന്ത്രിക്ക് എതിരെ തിരിഞ്ഞത്.

സർക്കാരിനെതിരെയുള്ള സിപിഎം സംഘടനയുടെ യുദ്ധ പ്രഖ്യാപനമായാണ് നോട്ടീസ് വിലയിരുത്തപ്പെടുന്നത്. പിണറായി ഭരണത്തിന്നെതിരെയുള്ള സിപിഎം സംഘടനയുടെ മുഴുവൻ രോഷവും നോട്ടീസിൽ പ്രകടമാണ്. . ഈ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നു സംഘടന ഭീഷണി മുഴക്കുകയും സമിതിയിലെ അംഗങ്ങളെ സെക്രട്ടറിയെറ്റ് എംപ്ലോയീസ് അസോസിയേഷനിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് പുറത്തിറങ്ങിയത്. സെക്രട്ടറിയെറ്റ് ജീവനക്കാരുടെ അന്തകവിത്താണ് വിദഗ്ധ സമിതി റിപ്പോർട്ട് എന്നാണ് നോട്ടീസിൽ വിശേഷിപ്പിക്കുന്നത്. അതിനാൽ റിപ്പോർട്ട് തള്ളിക്കളയണം എന്നാണ് സിപിഎം സംഘടന ആവശ്യപ്പെടുന്നത്. അഖിലേന്ത്യാ സർവീസിൽ പോലും കോൺഫിഡൻഷ്യൽ റിപ്പോർട്ട് കാര്യക്ഷമതയ്ക്കുള്ള അളവുകോലാണ്. ഇവിടെ മത്സര പരീക്ഷ വേണം എന്നാണ് മേലാളന്മാരുടെ ശുപാർശ-നോട്ടീസ് പരിഹസിക്കുന്നു.

ഭരണപരിഷ്‌ക്കാര റിപ്പോർട്ടിന്മേലുള്ള ചർച്ചകളിൽ എംപ്ലോയീസ് അസോസിയേഷൻ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാതെയും നൽകിയ നിവേദനങ്ങൾ പരിഗണിക്കാതെയും പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന് ഏതെങ്കിലും ദുഷ്ടലാക്കുകൾ കരുതുന്നുവെങ്കിൽ അവർ മൂഡ സ്വർഗ്ഗത്തിലാണ്. സംഘടനയുടെ വിഹിതത്തിൽ ആസനസ്ഥരായ ശേഷം യൂദാസിന് സുവിശേഷം രചിക്കുന്ന വർഗ വഞ്ചക പരിഷകൾ കാലത്തിന്റെ ചരിത്ര നീതി ഏറ്റുവാങ്ങാൻ കരുതിയിരിക്കുക എന്നാണ് നോട്ടീസിൽ പറയുന്നത്. മുഖ്യമന്ത്രിയെ യൂദാസ് ആയും റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ വർഗ വഞ്ചക പരിഷകളായുമാണ് വിശേഷിപ്പിക്കുന്നത്. സെക്രട്ടറിയെറ്റ് ജീവനക്കാരെ കൂട്ടപലായനം ചെയ്യിക്കാൻ വിജിലൻസ് അന്വേഷണം നേരിടുന്നവരും കൂര പൊളിച്ച് സർവീസിൽ എത്തിയവരും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ആണിതെന്നും ഈ റിപ്പോർട്ട് തള്ളിക്കളയണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

ഇടത് ഭരണകാലത്ത് സെക്രട്ടറിയെറ്റ് ഭരിക്കാറുള്ള സെക്രട്ടറിയെറ്റ് എംപ്ലോയീസ് അസോസിയേഷന് പിണറായി ഭരണത്തിൽ ദുർദശയായിരുന്നു. പല തവണ സർക്കാരുമായി സംഘടന ഉടക്കുകയും സർക്കാർ എതിർ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ പഠനത്തിനായി അനുമതി നൽകിയ പൊതുഭരണ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ അധിക്ഷേപിച്ച് സിപിഎം സംഘടന നോട്ടിസ് ഇറക്കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെയാണ് സര്ക്കാരിനെതിരെ സംഘടന നോട്ടീസ് ഇറക്കുകയും രോഷം മുഴുവൻ മുഖ്യമന്ത്രിക്ക് നേരെ പ്രകടിപ്പിക്കുകയും ചെയ്തത്.

ഭരണ സംവിധാനം അടിമുടി നവീകരിക്കാനാണ് വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത്. സർവീസ് അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം എന്ന കീഴ്‌വഴക്കം ഇതോടെ അവസാനിച്ചു. സ്ഥാനക്കയറ്റത്തിന് കഴിവും കാര്യപ്രാപ്തിയും വേണം. അതിനു പരീക്ഷകളും നടത്തണം. അസിസ്റ്റന്റ് തസ്തികയിൽ നിയമനം നേടിയവർ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള സ്ഥാനക്കയറ്റത്തിന് രണ്ടു തട്ടിൽ മത്സരപ്പരീക്ഷ നേരിടേണ്ടി വരും.

തസ്തികമാറ്റത്തിനും പിഎസ്‌സി പരീക്ഷ പാസാകണം. അധിക ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിപ്പിക്കണം. സ്ഥലംമാറ്റുമ്പോൾ നിയോഗിക്കുന്ന വകുപ്പുകളിലെ വിഷയങ്ങളിൽ പരിശീലനം വേണം. ഓരോ വർഷവും ജീവനക്കാർ നിർബന്ധമായി പങ്കെടുക്കേണ്ട പരിശീലനങ്ങളുടെ എണ്ണം നിശ്ചയിക്കണം തുടങ്ങി ഒട്ടനവധി നിർദ്ദേശങ്ങളാണ് സമിതി റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നത്. ഇതാണ് സിപിഎം സംഘടനയെയും ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP