Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202402Saturday

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖത്തെ നിരോധിക്കാത്തത് ഇടപെടലുകളിലെ തീവ്രത കുറവ് കാരണം; കേന്ദ്ര സംഘടനയെ വിലക്കുമ്പോൾ കരുത്ത് ചോരുമെന്ന് നിരീക്ഷണം; രാഷ്ട്രീയ പാർട്ടിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കും; കൊച്ചിയിലെ റെയ്ഡിൽ കിട്ടിയ തെളിവുകൾ നിർണ്ണായകം; എസ് ഡി പി ഐയെ നിരോധിക്കാതെ തളർത്താൻ കേന്ദ്ര സർക്കാർ

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖത്തെ നിരോധിക്കാത്തത് ഇടപെടലുകളിലെ തീവ്രത കുറവ് കാരണം; കേന്ദ്ര സംഘടനയെ വിലക്കുമ്പോൾ കരുത്ത് ചോരുമെന്ന് നിരീക്ഷണം; രാഷ്ട്രീയ പാർട്ടിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കും; കൊച്ചിയിലെ റെയ്ഡിൽ കിട്ടിയ തെളിവുകൾ നിർണ്ണായകം; എസ് ഡി പി ഐയെ നിരോധിക്കാതെ തളർത്താൻ കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐയെ നിരോധിക്കാതെ തളർത്താൻ കേന്ദ്ര സർക്കാർ. എസ് ഡി പി ഐയ്ക്ക് രാഷ്ട്രീയ മുഖമുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ഇടപെടലുകളിൽ വലിയ തീവ്രത കാണുന്നില്ലെന്നതാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം. എന്നാൽ ശക്തമായ നിരീക്ഷണം ഈ സംഘടനയ്ക്ക് മേലുണ്ടാകും. പോപ്പുലർ ഫ്രണ്ട് നിരോധനത്തോടെ എസ് ഡി പി ഐയും തളരുമെന്നാണ് പ്രാഥമിക നിഗമനം. പി എഫ് ഐ നേതാക്കളുടെ സഹായം ഇനി എസ് ഡി പി ഐയ്ക്ക് കിട്ടില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ എസ് ഡി പി ഐയുടെ സാമ്പത്തിക സ്രോതസ് അടക്കം പരിശോധനാ വിധേയമാക്കും.

കാലങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് റിഹാബ് ഇന്ത്യ എന്ന സംഘടനയും പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം കണ്ടെത്തിയത്. രാജ്യത്ത് നാല് ബ്രാഞ്ചുകൾ അവർക്കുണ്ടായിരുന്നു. ഇതിലൂടെ വൻ തോതിൽ വിദേശ പണം എത്തി. ചെറിയ ഫണ്ടും വലതുമെല്ലാം ഒഴുകി. ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ആ സംഘടനയെ നിരോധിച്ചത്. ഇതിന് സമാനമായി എസ് ഡി പി ഐയിലും നിരീക്ഷണം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലെ വ്യക്തയ്‌ക്കൊപ്പം മറ്റ് തെളിവുകളും തേടും. ഏതായാലും പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയിൽ എൻ.ഐ.എ അന്വേഷണം തുടരും. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിലും നിർണ്ണായക തെളിവുകൾ കിട്ടി. എസ് ഡി പി ഐയെ നിരോധിക്കാത്തതിലൂടെ ഏകപക്ഷീയമല്ല നടപടികൾ എന്ന സന്ദേശം നൽകാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്റെ ഭാഗമായി എൻഐഎയുടെ പിടിയിലായവരിൽ ടെക്കികളും ലക്ചററും മുതൽ സർക്കാർ ഉദ്യോഗസ്ഥൻ വരെ. മലയാളികളായ, ചെയർമാൻ ഒ എം എ സലാം, ദേശീയ വൈസ് പ്രസിഡന്റ് ഇ എം അബ്ദുർ റഹിമാൻ , ദേശീയ സെക്രട്ടറി വി പി നസറുദ്ദീൻ എളമരം , ദേശീയ എക്‌സിക്യൂട്ടിവ് കൗൺസിൽ മെമ്പർ പി കോയ തുടങ്ങിയ സംഘടനയുടെ ഉന്നത പദവികൾ വഹിക്കുന്നവരെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന റെയ്ഡിനുശേഷം എൻഐഎ അറസ്റ്റു ചെയ്തത്. ഇവർക്കു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി നേതാക്കളെയും എൻഐഎ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർക്കൊന്നും എസ് ഡി പി ഐയുമായി പരസ്യ ബന്ധമില്ല. എന്നാൽ പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയും ഒന്നാണെന്നത് പകൽ പോലെ വ്യക്തമാണ്.

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാം സർക്കാർ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന സലാമിനെ 2020 ഡിസംബർ 14 ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിഎഫ്‌ഐ ചെയർമാനായി ചുമതലയേറ്റതിനു പിന്നാലെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു സസ്‌പെൻഷൻ നടപടി. പിഎഫ്‌ഐക്കൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ചേർന്നും സലാം പ്രവർത്തിച്ചുവന്നിരുന്നു. 2000 ൽ എൻഡിഎഫ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2007 മുതലാണ് പിഎഫ്‌ഐക്കൊപ്പം പ്രവർത്തിച്ചു തുടങ്ങിയത്. എറണാകുളം സ്വദേശിയായ ഇ എം അബ്ദുർ റഹിമാൻ 70 കളിൽ സിമിയിലൂടെയാണ് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് സിമിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തി.

കളമശേരി കുസാറ്റിലെ ലൈബ്രേറിയൻ ആയിരുന്നു. എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിൽ അബ്ദുർ റഹിമാൻ മുഖ്യപങ്കുവഹിച്ചിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റുഡന്റ് ഇസ്ലാമിക് ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് റഹിമാൻ. ഇതോടൊപ്പം ഓൾ ഇന്ത്യ മില്ലി കൗൺസിൽ അടക്കമുള്ള സംഘടനകളിലും അംഗമാണ്. കോഴിക്കോട് സ്വദേശിയായ ഇ അബൂബക്കർ 1982 മുതൽ 1984 വരെ സിമി കേരള ഘടകത്തിന്റ അധ്യക്ഷനായിരുന്നു. എൻഡിഎഫ്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപക ചെയർമാനുമാണ്. ഇതൊടൊപ്പം എസ്ഡിപിഐ, അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് എന്നിവയുടെ സ്ഥാപക പ്രസിഡന്റുമാണ്. ഹിന്ദി മാസികയായ ഇന്ത്യ നെക്സ്റ്റിന്റെ എഡിറ്ററായും തേജസ് ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു.

അതിനിടെ നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്യാംപസ് ഫ്രണ്ട് വ്യക്തമാക്കി. അതിനിടെ പോപ്പുലർ ഫ്രണ്ടിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി. രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തും തുടർ നടപടികൾ ആരംഭിച്ചു. കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിശദമായ സർക്കുർലർ ഡിജിപി പുറത്തിറക്കും.തുടർന്ന് ജില്ലാ കളക്ടർമാരും എസ്‌പിമാരും ചേർന്ന് നടപടികൾ സ്വീകരിക്കും.അതിനിടെ പി എഫ്‌ഐ നിരോധനം സംബന്ധിച്ച കാര്യത്തിൽ ഓൺലൈനായി ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം ഡിജിപി വിളിച്ചു ചേർത്തു.പിഎഫ്‌ഐ ഓഫീസുകൾ സീൽ ചെയ്യുക,ആസ്ഥികൾ കണ്ടുകെട്ടുക തുടങ്ങിയ നടപടികൾ ഇതിന്റെ ഭാഗമായി പ്രാഥമിക ഘട്ടത്തിൽ നടപ്പിലാക്കും.

യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്‌പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കിയ ശേഷമായിരിക്കും നടപടിക്രമങ്ങൾ. രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനം നിരോധിച്ചുള്ള വിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.

രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവർത്തനത്തിൽ നേരിട്ട് ബന്ധം, ഫണ്ട് സ്വരൂപണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. 2006 നവംബർ 22നാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപിച്ചത്. കേരളത്തിലെ എൻ.ഡി.എഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകൾ ചേർന്ന് രൂപം കൊടുത്ത ദേശീയ സംഘടനയാണ് പി.എഫ്.ഐ.

ആന്ധ്രപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക് അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയും പോപുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP