Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുന്നികൾക്കിടയിലെ എതിർപ്പിന്റെ ആ മഞ്ഞുമല ഉരുകുമോ? പിതാവിന്റെ സ്വപ്നം സക്ഷാത്കരിക്കാൻ പാണക്കാട് മുനറവലി തങ്ങൾ; സമ്മേളനത്തിൽ പങ്കെടുക്കാൻ കാരന്തൂർ മർക്കസിലെത്തിയത് സജീവ ചർച്ചയാകുന്നു; സുന്നി ഐക്യം അകലെയല്ലെന്ന് സൂചന

സുന്നികൾക്കിടയിലെ എതിർപ്പിന്റെ ആ മഞ്ഞുമല ഉരുകുമോ? പിതാവിന്റെ സ്വപ്നം സക്ഷാത്കരിക്കാൻ പാണക്കാട് മുനറവലി തങ്ങൾ; സമ്മേളനത്തിൽ പങ്കെടുക്കാൻ കാരന്തൂർ മർക്കസിലെത്തിയത് സജീവ ചർച്ചയാകുന്നു; സുന്നി ഐക്യം അകലെയല്ലെന്ന് സൂചന

എം പി റാഫി

കോഴിക്കോട്: ഒരുമിച്ച് കൈകോർത്ത് കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഏറെ സംഭാവനകൾ സാധിക്കാൻ കഴിയുന്നവരാണ് എപി-ഇകെ വിഭാഗങ്ങൾ. എന്നാൽ പരസ്പ്പര ഭിന്നത രൂക്ഷമായതോടെ ഇ കെ വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന മുസ്ലിംലീഗാണ് വെള്ളംകുടിച്ചത്. എ പി വിഭാഗത്തെ അരിവാൾ സുന്നിയെന്നും ഇ കെ വിഭാഗത്തെ ചേളാരി സുന്നിയെന്നും വിളിച്ച് പരസ്പ്പരം പോരടിക്കുന്ന സംഘടനകൾ ഒരിക്കൽ കൂടി ഒരുമിച്ച് കൈകോർക്കുമോ? കാന്തപുരം നിർമ്മിക്കുന്ന തിരുകേശപള്ളിയെ നഖശിഖാന്തം എതിർക്കുന്ന ഇ കെ വിഭാഗത്തിനെതിരെ അന്വേഷണം വരെ വേണമെന്ന് പറഞ്ഞ് ചേളാരി വിഭാഗം രംഗത്തെത്തിയിരുന്നു. ഇതിനിടെ കാന്തപുരവുമായി അടുക്കാനുള്ള ചില ലീഗ് മന്ത്രിമാരുടെ നീക്കത്തെയും ഇ കെ വിഭാഗം എതിർത്തു. എന്നാൽ സുന്നി ഐക്യത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ.

പിതാവ് തുടങ്ങി വച്ച സുന്നി ഐക്യം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനും ലീഗ് നേതാവുമായി മുനവറലി ശിഹാബ് തങ്ങളാണ് വർഷങ്ങളായി അടഞ്ഞുകിടന്ന സുന്നി ഐക്യമെന്ന സ്വപ്നത്തിന് ജീവൻ നൽകിയിരിക്കുന്നത്. മർകസ് സമ്മേളനത്തിന് മുന്നോടിയായി ഒരുക്കിയ ചടങ്ങിൽ പങ്കെടുക്കാൻ മുനറവലി തങ്ങൾ എത്തിയതാണ് സുന്നി ഐക്യമെന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരുന്നത്. ഏറെ കാലങ്ങൾക്ക് ശേഷമാണ് പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഒരംഗം എ.പി വിഭാഗം സുന്നികളുടെ മർക്കസ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നാളെ മുതൽ നാല് ദിവസം നീണ്ടുനിൽക്കുന്ന മർക്കസ് സമ്മേളനത്തിന് മുന്നോടിയായി ഒരുക്കിയ മർക്കസ് ഊദ് എക്‌സ്‌പോ ഉദ്ഘാടനം നിർവഹിക്കാനായിരുന്നു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇന്ന് രാവിലെ കാരന്തൂർ മർക്കസിലെത്തിയത്.

മുനവ്വറലി തങ്ങളുടെ മർക്കസ് സന്ദർശനത്തോടെ കേരളത്തിലെ സുന്നികൾക്കിടയിൽ ഐക്യ ചർച്ചകൾക്ക് വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്. മുസ്ലിം ലീഗ് അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരുന്നപ്പോൾ സുന്നി ഐക്യത്തിനായി ഏറെ പ്രയത്‌നിച്ചിരുന്നു. എന്നാൽ ലീഗുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇ.കെ വിഭാഗം സുന്നികൾ ശിഹാബ് തങ്ങളുടെ ഐക്യ ശ്രമത്തിന് കടിഞ്ഞാണിടുകയായിരുന്നു. ഇത് മറികടന്ന് മുഹമ്മദലി തങ്ങൾ ചാലിയത്ത് കാന്തപുരവുമായി വേദി പങ്കിട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കാന്തപുരം വിഭാഗത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട പിതാവിന്റെ വാഹനം ഇ.കെ വിഭാഗം തടഞ്ഞിരുന്ന സംഭവം വിവരിച്ച് മുനവ്വറലി തങ്ങൾ പിതാവിന്റെ മരണ ശേഷം പത്രങ്ങളിൽ എഴുതിയിരുന്നു. മുഹമ്മദലി തങ്ങളുടെ മരണ ശേഷം സുന്നി ഐക്യമെന്ന ചർച്ച ക്രമേണ തണുക്കുകയാണുണ്ടായത്.

കേരളത്തിലെ മുസ്ലിംങ്ങൾക്കിടയിൽ അനേകം വിഭാഗങ്ങളും ഗ്രൂപ്പുകളും ഉണ്ടെങ്കിലും ആദർശപരമായി വലിയ അകലമില്ലാതിരുന്ന ഇരു വിഭാഗം സുന്നികളും വർഷങ്ങളായി അകന്നു നിൽക്കുകയാണ്. 1989 ന് ശേഷമാണ് സമസ്തയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് സുന്നികൾ ഇരു വിഭാഗങ്ങളായി പിളർപ്പിലേക്ക് നയിച്ചത്. പിന്നീട് എ.പി, ഇ.കെ സുന്നികളായി അറിയപ്പെടുകയായിരുന്നു. ഇരു വിഭാഗം സുന്നികളുടെ പേരിൽ ഉണ്ടാകുന്ന ഗ്രൂപ്പു വഴക്കുകൾ അധികവും പ്രശ്‌നങ്ങളിൽ കലാശിക്കുന്നത് മലബാറിലെ സ്ഥിരം കാഴ്ചയായ. എന്നാൽ അടിസ്ഥാനപരമായി പുലർത്തിപ്പോരുന്ന വിശ്വാസത്തിലോ ആദർശത്തിലോ ഇരു വിഭാഗങ്ങൾക്കിടയിലും വ്യത്യാസമില്ലെന്നതാണ് വാസ്തവം.

2010ൽ നടന്ന മർക്കസ് സമ്മേളന സുവനീരിൽ മുഹമ്മദലി ശിഹാബ് തങ്ങൾ എ.പി വാഭാഗത്തിന് അനുകൂലമായി എഴുതിയതും അതിന് മുമ്പ് ഇ.അഹമ്മദ്, പി.കെ ഫിറോസ് തുടങ്ങിയ ലീഗ് നേതാക്കൾ മർക്കസിൽ പോയതും ഇ.കെ വിഭാഗം സുന്നികൾക്കിടയിൽ ഏറെ മുറുമുറുപ്പിന് വഴിവച്ചിരുന്നു. അതേ സമയം ഇ.കെ വിഭാഗം സുന്നികളിൽ തന്നെ ഒരു വിഭാഗം നേതാക്കൾ മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ഐക്യ ശ്രമത്തിന് പിന്തുണ നൽകിയിരുന്നു. എന്നാൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണ ശേഷം ഇ.കെ സമസ്തയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഹൈദരലി തങ്ങൾ ലീഗിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതോടെ ചർച്ചകളെല്ലാം പാതിവഴിയിൽ നിലക്കുകയായിരുന്നു.

മുനവ്വറലി ശിഹാബ് തങ്ങൾ മർക്കസ് സമ്മേളന പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതോടെ സുന്നികൾക്കിടയിലെ മഞ്ഞുമല ഉരുകിപ്പോകുമോ എന്നാണ് സമൂഹം ഉറ്റുനോക്കുന്നത്. കൂടാതെ നാളെ മുതൽ നടക്കുന്ന മർക്കസ് സമ്മേളനത്തിലേക്ക് മുൻ വർഷത്തേക്കാളും ലീഗ് നേതാക്കൾ എത്തുമെന്നാണ് സൂചന. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ സെമിനാറുകളിലും പരിപാടികളിലുമായി ഇ.ടി മുഹമ്മദ് ബഷീർ, മോയീൻകുട്ടി, അബ്ദുറഹിമാൻ രണ്ടത്താണി, ഇബ്രാഹീംകുഞ്ഞ്, കെ.എൻ.എ ഖാദർ, പി.കെ ഫിറോസ് തുടങ്ങിയ ലീഗ് നേതാക്കൾ സമ്മേളനത്തിൽ എത്തുമെന്ന് ഉറപ്പുനൽകിയതായി സംഘാടകർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP