Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുട്ടിയെ പാമ്പു കടിച്ചത് 3.15ന്; കാറുള്ള അദ്ധ്യാപകർ പോലും കരുണ കാട്ടാത്തത് കൃത്യസമയത്ത് സ്വന്തം വീട്ടിലെത്താൻ! ഷെഹല ഷെറിന്റെ ജീവനെടുത്തത് നാലു മണിക്ക് സ്‌കൂളിൽ നിന്ന് പോകാനുള്ള അദ്ധ്യാപകരുടെ ക്രൂര മനസ്സ് തന്നെ; മാളങ്ങൾക്കിടയിൽ പഠിക്കുമ്പോഴും ക്ലാസ് റൂമിൽ ചെരുപ്പിടാൻ അനുവദിക്കാത്തതിന് പ്രധാന അദ്ധ്യാപകൻ പറയുന്നത് കമ്പ്യൂട്ടർ കഥ; കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ ടീച്ചറെ ആട്ടിപായിച്ചതും വിവാദത്തിൽ; അഞ്ചാം ക്ലാസുകാരിയുടെ മരണത്തിന് ഉത്തരവാദി ഷിജിൽ എന്ന അദ്ധ്യാപകൻ മാത്രമോ?

കുട്ടിയെ പാമ്പു കടിച്ചത് 3.15ന്; കാറുള്ള അദ്ധ്യാപകർ പോലും കരുണ കാട്ടാത്തത് കൃത്യസമയത്ത് സ്വന്തം വീട്ടിലെത്താൻ! ഷെഹല ഷെറിന്റെ ജീവനെടുത്തത് നാലു മണിക്ക് സ്‌കൂളിൽ നിന്ന് പോകാനുള്ള അദ്ധ്യാപകരുടെ ക്രൂര മനസ്സ് തന്നെ; മാളങ്ങൾക്കിടയിൽ പഠിക്കുമ്പോഴും ക്ലാസ് റൂമിൽ ചെരുപ്പിടാൻ അനുവദിക്കാത്തതിന് പ്രധാന അദ്ധ്യാപകൻ പറയുന്നത് കമ്പ്യൂട്ടർ കഥ; കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ ടീച്ചറെ ആട്ടിപായിച്ചതും വിവാദത്തിൽ; അഞ്ചാം ക്ലാസുകാരിയുടെ മരണത്തിന് ഉത്തരവാദി ഷിജിൽ എന്ന അദ്ധ്യാപകൻ മാത്രമോ?

എം മനോജ് കുമാർ

വയനാട്: ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിൻ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ നിറയുന്നത് അദ്ധ്യാപകരുടെ ഗുരുതരമായ വീഴ്ചകൾ. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകനെതിരെ നടപടി വരുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾ പരാതി ഉന്നയിച്ച ഷിജിൽ എന്ന അദ്ധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്‌പെൻഡ് ചെയ്തു. എന്നാൽ കുട്ടിക്ക് ചികിൽസ നിഷേധിച്ചതിന് എല്ലാ അദ്ധ്യാപകരും ഉത്തരവാദികളാണ്. അതുകൊണ്ട് തന്നെ പേരിന് മാത്രം നടപടി പോരെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. എന്നാൽ വിവാദം ഒഴിവാക്കാൻ ആരുടെയെങ്കിലും തലയിൽ എല്ലാം കെട്ടിവയ്ക്കാനാണ് നീക്കം.

സ്‌കൂളിലെ അദ്ധ്യാപകർക്കു കാർ ഉണ്ടായിട്ടുപോലും ഷെഹലയെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നതാണ് വസ്തുത. സ്‌കൂൾ വിടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. അതുകൊണ്ടാണ് കുട്ടി വേദന കൊണ്ട് പിടഞ്ഞിട്ടും അദ്ധ്യാപകർ ആരും തിരിഞ്ഞു നോക്കാത്തതും പ്രശ്‌നം ലഘൂകരിക്കാൻ ശ്രമിച്ചതും. കുട്ടിയുമായി ആശുപത്രിയിൽ പോയാൽ സ്‌കൂളിലെ അവസാന ബെൽ മുഴങ്ങുമ്പോൾ കാറുമായി വീട്ടിലേക്ക് പോകാൻ അദ്ധ്യാപകർക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ ഏൽപ്പിച്ച് രക്ഷപ്പെടനാണ് അദ്ധ്യാപകർ ശ്രമിക്കുന്നത്. ഇതാണ് കുട്ടികളുടെ രോഷം ഇരമ്പാനും കാരണം. അദ്ധ്യാപകരെ കൈയേറ്റം ചെയ്തും സ്റ്റാഫ് റൂം അടിച്ചു തകർത്തും ജനരോഷം ഇരമ്പുന്നത് ഇതുകൊണ്ടാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന അദ്ധ്യാപകരാണ് ഷെഹലയുടെ മരണത്തിലെ യഥാർത്ഥ ഉത്തരവാദികൾ.

തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാൽ മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്‌നയുടെയും മകൾ ഷെഹല ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണി കഴിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. പാമ്പു കടിയേറ്റതു പോലുള്ള പാടുകളും കണ്ടു. പാമ്പാണ് കടിച്ചതെന്ന് കുട്ടിയും തിരിച്ചറിഞ്ഞു. പക്ഷേ വീട്ടിലെത്താൻ തിടുക്കമുണ്ടായിരുന്ന അദ്ധ്യാപകർ ഇതൊന്നും കാര്യമായെടുത്തില്ല.

തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു. സ്‌കൂൾ അധികൃതർ നൽകിയ വിവരമനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഇവിടെ ദുരന്തമുണ്ടാക്കിയത്. കാറിൽ സ്‌കൂളിലെത്തുന്ന അദ്ധ്യാപകർ പോലും പ്രശ്‌നത്തിൽ മനുഷ്യത്വ പരമായ ഇടപെടൽ നടത്തിയില്ല.

പാമ്പുകടിച്ചതായി ഷഹല അദ്ധ്യാപകരോട് പലതവണ പറഞ്ഞിരുന്നു. കുട്ടിയുടെ കാലിന് നീല നിറവുമുണ്ടായിരുന്നു. ഷഹലയ്ക്ക് വിറയലും അനുഭവപ്പെട്ടിരുന്നു. തന്നെ ആശുപത്രിയിൽ കൊണ്ടുപോവണമെന്നും വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. എന്നാൽ, കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് പ്രധാനാധ്യാപകൻ പറഞ്ഞത്. സ്വന്തമായി വാഹനമുള്ള അദ്ധ്യാപകരുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ഒരു അദ്ധ്യാപിക ആശുപത്രിയിൽ കൊണ്ടുപോവാൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രധാനാധ്യാപകൻ നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക സ്‌കൂൾ വിട്ട് ഇറങ്ങിപ്പോവുകയാണ് ചെയ്തത്. ടോയ്ലറ്റില്ല, ബക്കറ്റില്ല, വെള്ളമില്ല. ചെരുപ്പിട്ട് ക്ലാസിൽ കയറാൻ അനുവദിക്കാറില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. അതേസമയം, വിദ്യാർത്ഥിനികളുടെ ആരോപണം അദ്ധ്യാപകർ നിഷേധിച്ചു. ആശുപത്രിയിൽ കൊണ്ടുപോവാൻ വൈകിയിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ എന്തിന് മാതാപിതാക്കൾ എത്തുന്നതു വരെ കാത്തിരുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.

പാമ്പുകടിച്ചതെന്ന് അറിഞ്ഞിരുന്നില്ല. രക്ഷകർത്താവ് വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കംപ്യൂട്ടറുള്ളതിനാലാണ് ചെരുപ്പിട്ട് കയറാൻ ക്ലാസ് മുറിയിൽ അനുവദിക്കാത്തത്. അല്ലാതെ ചെരുപ്പ് ഇടരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രധാനാധ്യാപകൻ മോഹനൻ പറയുന്നു. അതേസമയം, കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർക്കും പാമ്പുകടിച്ചതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് റഫർ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെയായിരുന്നു മരണം. ഷെഹല ഷെറിൻ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ ക്ലാസ് മുറികളിൽ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങളുണ്ട്. ഇതിൽ ഒരു വിടവിൽ കാൽ പെട്ടപ്പോഴാണ് കുട്ടിയുടെ കാൽ മുറിഞ്ഞത്. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP