Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'

സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ മലയാളത്തിന്റെ പ്രതീക്ഷയാണ് സഞ്ജു വി സാംസൺ. സിംബാബ് വെ പര്യടനത്തിൽ സഞ്ജു ടീമിലുണ്ട്. ഏകദിന ടീമിലെ പ്രധാന മുഖമായി സഞ്ജു മാറാനും സാധ്യതയുണ്ട്. 27 വയസ്സ് മാത്രമുള്ള സഞ്ജുവിന് മുന്നിൽ ഇനിയും അവസങ്ങൾ ഏറെയുണ്ട്. ഇത് മനസ്സിലാക്കി സിംബാബ് വെയിൽ സഞ്ജുവിനെ തളർത്താൻ ആളെത്തുമോ? ഇതാണ് കേരളാ ക്രിക്കറ്റിൽ സഞ്ജുവിനെ സ്‌നേഹിക്കുന്നവർ ഉയർത്തുന്ന ചോദ്യം. കേരളാ ക്രിക്കറ്റിലെ ഒരു വിഭാഗവും സഞ്ജുവും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ല. ചില മുതിർന്ന ക്രിക്കറ്റ് താരങ്ങൾ അസോസിയേഷനിലെ ചിലർക്കെതിരെ രംഗത്തുണ്ട്. ഇതിന് പിന്നിൽ സഞ്ജുവാണെന്ന പ്രചരണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ തളർത്താൻ സിംബാബ് വെയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള ചിലരുടെ നീക്കം.

കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ഇതിനുള്ള നീക്കം സജീവമാണ്. തിരുവനന്തപുരത്ത് നിന്നുള്ള കെ സി എയുമായി ബന്ധപ്പെട്ട ഒരാളെ സിംബാബ് വെ ടീമിന്റെ മാനേജരാക്കാനാണ് നീക്കം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയോട് പോകണമെന്ന നിർദ്ദേശം ചിലർ മുമ്പോട്ട് വച്ചു. എന്നാൽ താനില്ലെന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറി ഒഴിഞ്ഞു മാറി. ക്രിക്കറ്റിലെ ചേരി തിരിവും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞു തന്നെയായിരുന്നു ഈ ഇടപെടൽ. സഞ്ജുവിനെ പിന്തുണയ്‌ക്കേണ്ടത് തിരുവനന്തപുരം അസോസിയേഷനാണെന്ന ചിന്തയിലാണ് ഈ മാറ്റം. ഇതോടെയാണ് മറ്റൊരാളുടെ പേരിലേക്ക് ചർച്ച എത്തിയത്. ഇയാൾ തന്നെയാകും സിംബാബ് വെയിലെ മാനജരാകുക എന്നാണ് പുറത്തു വരുന്ന സൂചനകൾ. ബിസിസിഐയ്ക്ക് മുമ്പിൽ ഈ നിർദ്ദേശം എത്തി കഴിഞ്ഞു. ഹാരാരെ ഏകദിനത്തിലെ മാനേജർ പദവിയിൽ ഉടൻ ബിസിസിഐ തീരുമാനം എടുക്കും.

കേരളത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററുടെ മകന്റെ ക്രിക്കറ്റ് ഭാവി തകർത്ത ആളിനെയാണ് സിംബാബ് വെയിലേക്ക് കെ സി എ നിയോഗിക്കാൻ തയ്യാറെടുക്കുന്നത്. പത്ത് വർഷം മുമ്പ് ഒരു ക്രിക്കറ്ററുടെ മകൻ ജൂനിയർ ക്രിക്കറ്റിൽ ബൗളറായി തിളങ്ങിയിരുന്നു. അന്ന് ജില്ലാ ടീമിലേക്ക് ഇടം നേടുകയും ചെയ്തു ആ പയ്യൻ. അന്ന് കേരളാ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു വ്യക്തി ജില്ലാ ടീമിന്റെ മാനേജരായി. ഒരു കളി പോലും മുതിർന്ന താരമായിരുന്ന ഇതിഹാസ താരത്തിന്റെ മകന് നൽകിയതുമില്ല. സാധാരണ നിലയിൽ ജില്ലാ ടീമിന്റെ മാനേജരായി പ്രമുഖർ പോകാറില്ല. ഈ പതിവ് തെറ്റിച്ച് ജില്ലാ ടീമിലേക്ക് ഇയാൾ വന്നത് മുതിർന്ന താരത്തിന്റെ മകനെ കളിയിൽ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതേ വ്യക്തിയെയാണ് സിംബാബ് വെയിലേക്കും അയക്കുന്നത്.

തിരുവനന്തപുരത്തെ പരിശീലന തർക്കങ്ങളാണ് ഇതിനെല്ലാം കാരണം. തിരുവനന്തപുരത്ത് മുതിർന്ന കളിക്കാരുടെ നേതൃത്വത്തിൽ പരിശീലന കേന്ദ്രം തയ്യാറായി കഴിഞ്ഞു. ഇവിടെയാണ് പ്രധാന യുവതാരങ്ങളെല്ലാം ഇപ്പോൾ പരിശീലനത്തിന് കൂടുതലായി എത്തുന്നത്. ഈ സാഹചര്യത്തിലാണ് സെലക്ഷൻ കമ്മറ്റിയെ നിയോഗിച്ചപ്പോൾ പോലും ചില കരുതലുകൾ എടുത്തത്. ഈ തർക്കങ്ങൾക്ക് പിന്നിൽ സഞ്ജുവിന് പങ്കുണ്ടെന്നാണ് കേരളാ ക്രിക്കറ്റിലെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു കൂടിയാണ് എല്ലാ വിധത്തിലും കരുതലുകൾ കേരളാ ക്രിക്കറ്റിലെ ചിലർ എടുക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചന.

സിംബാബ് വെയിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടനാക്കുമെന്നാണ് റിപ്പോർട്ടുകൾ. ടീം മാനേജ്‌മെന്റിന്റെ ഭാഗമാകുന്ന കെ സി എയുടെ പ്രതിനിധി ഇതു തടയുമോ എന്ന ആശങ്ക സഞ്ജുവിനെ സ്‌നേഹിക്കുന്നവർക്കുണ്ട്. സഞ്ജുവിനെ മാനസികമായി തളർത്താനുള്ള ശ്രമം ഉണ്ടാകാനും സാധ്യത ഏറെയാണ്. തിരുവനന്തപുരത്ത് സഞ്ജുവിനേയും സുഹൃത്തുക്കളേയും തളർത്താൻ ശ്രമിക്കുന്ന പ്രമുഖനാണ് സിംബാബ് വേയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതെന്നതാണ് പുറത്തു വരുന്ന സൂചനകൾ. സിംബാബ് വെയിൽ സഞ്ജു അടിച്ചു തകർത്താൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയായി ഈ മലയാളി മാറും. അത് തകർക്കുകയാണേ്രത ലക്ഷ്യം.

രോഹിത് ശർമ്മയും വിരാട് കോലിയും ദിനേശ് കാർത്തിക്കും അടക്കമുള്ള താരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഉടൻ വിരമിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സഞ്ജുവിനെ പോലുള്ളവർക്ക് സാധ്യത ഏറെയാണ്. ബാറ്റിംഗിൽ ഫോം നിലനിർത്തിയാൽ ഭാവി ഇന്ത്യൻ നായകനായി പോലും സഞ്ജു മാറും. ഇതിനെല്ലാം നിർണ്ണായകമാണ് സിംബാബ് വെ പര്യടനം. സിംബാബ് വെയിൽ ബാറ്റിംഗിൽ സഞ്ജു തകർത്താൻ ട്വന്റി ട്വന്റി ലോകകപ്പിലേക്ക് പോലും പരിഗണിക്കേണ്ടി വരും. ഏഷ്യാ കപ്പ് ടീമിൽ സഞ്ജുവില്ലെങ്കിലും ലോകകപ്പിന്റെ സാധ്യതാ പട്ടികയിൽ സഞ്ജുവും ഉണ്ട്. അതുകൊണ്ട് തന്നെ സിംബാബ് വെയിലെ പ്രകടനം നിർണ്ണായകമാണ്. മാനസിക കരുത്ത് ഇതിന് അനിവാര്യമാണ്. തിരുവനന്തപുരത്തെ മാനേജർ ടീമിനൊപ്പമുണ്ടെങ്കിൽ അത് നടക്കുമോ എന്നതാണ് ഉയരുന്ന സംശയം.

സിംബാബ്വെ പര്യടനത്തിൽ, സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് അഭ്യൂഹം. ഇതു സംബന്ധിച്ചു നിരവധി ട്വീറ്റുകളാണ് നിറയുന്നത്. 15 അംഗ ടീമിനെ ശിഖർ ധവാനാണ് നയിക്കുന്നത്. വൈസ് ക്യാപ്റ്റനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ധവാൻ കഴിഞ്ഞാൻ, ബാക്കിയുള്ള 14 താരങ്ങളിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു യോഗ്യനായി സഞ്ജു സാംസൺ മാത്രമാണ് ഉള്ളതെന്നതാണ് ആരാധകരുടെ പക്ഷം. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവസമ്പത്തും സഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നു. ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്നാൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലുൾപ്പെടെ ഇഷാനു പകരം സഞ്ജുവാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടത്. ഒരു അർധസെഞ്ചറി നേടിയ സഞ്ജുവിന്റെ കീപ്പിങ്ങിലെ മികവ് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. അതുകൊണ്ടുതന്നെ സിംബാബ്വെയ്ക്കെതിരായ പരമ്പരയിലും സഞ്ജു കളത്തിലിറങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്നാൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാകുമോ സഞ്ജു സാംസൺ എന്നറിയാൻ കാത്തിരിക്കുക തന്നെ വേണം. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്വെയ്‌ക്കെതിരായ ഏകദിന മത്സരങ്ങൾ.

അതിനിടെ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുലും വിരാട് കോലിയും തിരിച്ചെത്തി. പരിക്കിൽ നിന്ന് മോചിതനായി രാഹുൽ തിരിച്ചെത്തുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാഹുലാണ് സഹനായകൻ. ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മൂന്ന് റിസർവ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചാഹർ എന്നിവരാണ് റിസർവ് ലിസ്റ്റിലുള്ളത്.

ഓഗസ്റ്റ് 27 മുതൽ യു.എ.ഇയിലാണ് ഇത്തവണ ഏഷ്യ കപ്പ് നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി 20 മത്സരങ്ങളായാണ് ടൂർണമെന്റ് നടക്കുന്നത്. ഈ ടൂർണ്ണമെന്റിലെ ഇന്ത്യൻ പ്രകടനം അതിനിർണ്ണായകമാണ്. സിംബാബ് വെയിലെ പ്രകടനവും ഏഷ്യാകപ്പിലെ മത്സരവും തമ്മിൽ താരതമ്യം ചെയ്താകും ലോകകപ്പ് 2020ക്കുള്ള ടീമിനെ നിശ്ചയിക്കുക.

സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം(ഏകദിനം): ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP