Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

സിംബാബ് വെയിലെ സിക്‌സടി മികവ് തുണച്ചേക്കും; ഏഷ്യാക്കപ്പ് ടീമിൽ ഇല്ലെങ്കിലും മലയാളി താരത്തെ ടീമിനൊപ്പം തന്നെ നിലനിർത്തും; യുഎഇയിലും ഉണ്ടാകണമെന്ന് രാജസ്ഥാൻ റോയൽസ് നായകന് ബിസിസിഐയുടെ നിർദ്ദേശം; നാട്ടിലേക്ക് ഉടനൊന്നും വിക്കറ്റ് കീപ്പർ ബാറ്റർ മടങ്ങില്ല; സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം 'അനൗദ്യോഗികമായി' തുടരും

സിംബാബ് വെയിലെ സിക്‌സടി മികവ് തുണച്ചേക്കും; ഏഷ്യാക്കപ്പ് ടീമിൽ ഇല്ലെങ്കിലും മലയാളി താരത്തെ ടീമിനൊപ്പം തന്നെ നിലനിർത്തും; യുഎഇയിലും ഉണ്ടാകണമെന്ന് രാജസ്ഥാൻ റോയൽസ് നായകന് ബിസിസിഐയുടെ നിർദ്ദേശം; നാട്ടിലേക്ക് ഉടനൊന്നും വിക്കറ്റ് കീപ്പർ ബാറ്റർ മടങ്ങില്ല; സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം 'അനൗദ്യോഗികമായി' തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരക്കിന്റെ ക്രിക്കറ്റ് സീസണാണ് ഇന്ത്യൻ ടീമിനുള്ളത്. ഒക്ടോബറിലെ ട്വന്റി ട്വന്റി ലോകകപ്പാണ് അതിൽ പ്രധാനം. ഏഷ്യാ കപ്പിന് തൊട്ടു പിന്നാലെ കുട്ടി ക്രിക്കറ്റിൽ ഇന്ത്യയിൽ മാറ്റുരയ്ക്കാൻ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും എത്തും. ഈ കളിയിലെ തിരക്കുകളാണ് സഞ്ജു വി സാംസണിന്റേയും പ്രതീക്ഷ. ഏഷ്യാ കപ്പ് ടീമിൽ ഇല്ലെങ്കിലും ഇന്ത്യൻ ടീമിന്റെ സജീവ പരിഗണനയിൽ സഞ്ജുവും ഉണ്ട്. ലോകകപ്പിൽ സഞ്ജു കളിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. സിംബാബ് വെ പര്യടനത്തിന് ശേഷം സഞ്ജു നാട്ടിലേക്ക് മടങ്ങില്ലെന്നാണ് സൂചന. ഏഷ്യാ കപ്പ് ടീമിൽ ഇല്ലെങ്കിലും ഇന്ത്യൻ ടീമിനൊപ്പം യാത്ര തുടരാനാണ് സഞ്ജുവിന് ബിസിസിഐ നൽകുന്ന നിർദ്ദേശം. ലോകകപ്പിലെ സാധ്യതാ താരങ്ങളിൽ സഞ്ജു ഉള്ളതാണ് ഇതിന് കാരണം. യുഎഇയിൽ കളിക്കില്ലെങ്കിലും സംഘത്തിൽ സഞ്ജുവുമുണ്ടാകും.

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമായി സഞ്ജുവും കളിക്കും. ഇവിടെ മികവ് കാട്ടിയാൽ ലോകകപ്പ് ടീമിൽ സഞ്ജുവുമുണ്ടാകും. അങ്ങനെ വന്നാൽ ശ്രീശാന്തിന് ശേഷം ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ വേണ്ടി കളിക്കുന്ന താരമായി സഞ്ജു മാറും. ശ്രീശാന്തിന്റെ സാന്നിധ്യ ഭാഗ്യം ഇന്ത്യയ്ക്ക് ഏകദിന-2020 കിരീടങ്ങൾ സമ്മാനിച്ചുവെന്നത് ചരിത്രമാണ്. അതിന് ശേഷം സഞ്ജു കൂടി ഉൾപ്പെട്ട ടീം ലോകകപ്പിൽ കളിക്കുമ്പോൾ ഇന്ത്യ വീണ്ടും കിരീടമുയർത്താനുള്ള സാധ്യത ഏറെയുമാണ്.

2022ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കെ എൽ രാഹുലിനു പകരം സഞ്ജു സാംസണെ തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്ന് മുൻ പാക്കിസ്ഥാൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടിരുന്നു. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് കെൽ രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കും കോവിഡും കാരണം ദീർഘനാൾ കെൽ രാഹുൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു. കിട്ടിയ അവസരങ്ങളിൽ സഞ്ചു സാംസൺ മികവു തെളിയിച്ചെങ്കിലും ഏഷ്യാ കപ്പ് ടീമിൽ ഇടം നേടിയിരുന്നില്ല. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെ എൽ രാഹുലിന് അൽപ്പം അവധി നൽകണമായിരുന്നു, സഞ്ജു സാംസണിന് ഏഷ്യാ കപ്പിൽ കളിക്കാനുള്ള അവസരം നൽകണമായിരുന്നുവെന്ന വിലയിരുത്തലും സജീവമാണ്.

ഇന്ത്യയുടെ യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് സഞ്ജു സാംസൺ. ഈ വർഷം സ്ഥിരതയോടെ കളിച്ചിട്ടും സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പിന് പരിഗണിച്ചിട്ടില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിനെ തഴഞ്ഞപ്പോൾ ഇന്ത്യ ബാക്കപ്പ് കീപ്പറായി ദിനേഷ് കാർത്തികിനാണ് അവസരം നൽകിയത്. സഞ്ജുവിനെ തഴഞ്ഞതിനെതിരേ നേരത്തെ തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു. ശ്രേയസ് അയ്യരെപ്പോലും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടും സഞ്ജുവിനെ തഴഞ്ഞത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തി.

ഇതിനിടെയിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനുവേണ്ടി ചില മികച്ച ഇന്നിങ്സുകൾ കളിച്ചതോടെ കേരള ബാറ്റർ സഞ്ജു സാംസൺ പ്രതീക്ഷയിലാണ്. ദേശീയ ടീമിൽ സ്ഥിരാംഗത്വം ലഭിക്കാനായി ഏറെക്കാലമായി കാത്തിരിക്കുകയാണ് താരം. ടീമിനകത്തും പുറത്തുമായി അധികം മത്സരങ്ങളൊന്നും സഞ്ജുവിന് ലഭിച്ചിട്ടില്ല. 2015ൽ അരങ്ങേറിയതിന് ശേഷം കളിച്ചത് 7 ഏകദിന മത്സരങ്ങളും 16 ടി20 മത്സരങ്ങളുമാണ്.

ഇത്തവണ സിംബാബ്വെ പര്യടനത്തിൽ കളിക്കാൻ അവസരം ലഭിച്ച സഞ്ജു അത് നന്നായി വിനിയോഗിച്ചു. രണ്ടാം മത്സരത്തിൽ 43 റൺസുമായി കളിയിലെ താരമായി. മൂന്നാമത്തെ ഏകദിനത്തിൽ 15 റൺസെടുത്താണ് താരം പുറത്തായത്. അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ സഞ്ജു പുറത്താവുകയായിരുന്നു. രണ്ട് കൂറ്റൻ സിക്സറുകൾ ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.

ടീമിൽ സ്ഥിരാംഗത്വം ലഭിക്കാത്തതിനെ കുറിച്ച് സഞ്ജു പ്രതികരിക്കുകയും ചെയ്തു. അത് പ്രയാസകരമായ അനുഭവമാണെന്നാണ് വിക്കറ്റ് കീപ്പർ ബാറ്ററുടെ പ്രതികരണം. കാര്യങ്ങളെ പോസിറ്റീവായി കാണാനാണ് താത്പര്യം. കരിയറിൽ ഏതൊക്കെ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോവുക എന്ന ചിന്താഗതിയാണ് തനിക്കുള്ളതെന്നും സഞ്ജു പ്രതികരിച്ചു.

നിങ്ങളുടെ കൂട്ടുകാരെല്ലാം കളിക്കുകയും നിങ്ങൾ പുറത്തിരിക്കുകയും ചെയ്യുക എന്നത് വിഷമകരമായ കാര്യമാണ്. ഒട്ടേറെ ആരാധകരുള്ളത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. ഇന്ത്യയ്ക്കുവേണ്ടി കറച്ചു മത്സരങ്ങൾ മാത്രം കളിച്ചിട്ടും ഏറെ ആരാധകരെ നേടാൻ സാധിച്ചത് സന്തോഷകരമാണെന്നും സഞ്ജു ഇന്ത്യ സിംബാബ്വെ പരമ്പരയ്ക്കിടെ പറഞ്ഞു. ഐപിഎൽ 2022 സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. സീസണിൽ 17 കളികളിൽ നിന്നും താരം 458 റൺസാണ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP