Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് കാര്യങ്ങൾക്കു വേണ്ടിയാണ് ഈ അധ്വാനം; ഒന്നെന്റെ സ്വപ്നം നേടിയെടുക്കാൻ; രണ്ട് ജീവിത പ്രാരാബ്ദങ്ങളിൽ ഉലഞ്ഞുപോകാതെ കുടുംബത്തെ നിവർത്തി നിർത്താൻ; ലക്ഷ്യം സിവിൽ സർവീസും; ആ ഹെർബലാ ചായയുടെ കൂട്ട് പറഞ്ഞു കൊടുത്തത് നടക്കാൻ പതിവായി എത്തുന്നയാളും; സംഗീത ചിന്ന മുത്തു കൊച്ചിക്കാരുടെ പ്രിയപ്പെട്ടവളായ കഥ

രണ്ട് കാര്യങ്ങൾക്കു വേണ്ടിയാണ് ഈ അധ്വാനം; ഒന്നെന്റെ സ്വപ്നം നേടിയെടുക്കാൻ; രണ്ട് ജീവിത പ്രാരാബ്ദങ്ങളിൽ ഉലഞ്ഞുപോകാതെ കുടുംബത്തെ നിവർത്തി നിർത്താൻ; ലക്ഷ്യം സിവിൽ സർവീസും; ആ ഹെർബലാ ചായയുടെ കൂട്ട് പറഞ്ഞു കൊടുത്തത് നടക്കാൻ പതിവായി എത്തുന്നയാളും; സംഗീത ചിന്ന മുത്തു കൊച്ചിക്കാരുടെ പ്രിയപ്പെട്ടവളായ കഥ

ആർ പീയൂഷ്

കൊച്ചി: പ്രഭാത സവാരിക്കായി കലൂർ സ്റ്റേഡിയത്തിലെത്തുന്നവർ ലിങ്ക് റോഡിന് സമീപം ചായ വിൽക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരു സാധാരണക്കാരി എല്ലാവരെയും പോലും ജീവിക്കാനായി ചായ വിൽക്കുന്നു എന്നാണ് അവർ കരുതിയത്. ഒരു നാൾ ആരോ ഈ ചായക്കച്ചവടക്കാരിയെ പറ്റി ഫെയ്സ് ബുക്കിൽ ഒരു വീഡിയോ ചെയ്തു. വീഡിയോ വമ്പൻ വൈറൽ.

കാരണം പി.ജി പഠിക്കാനും വീടിന്റെ ബാങ്ക് വായ്പയും കണ്ടെത്താനായി ചായക്കച്ചവടം നടത്തുന്ന പെൺകുട്ടിയായിരുന്നു അത്. വീഡിയോ വൈറലായതോടെ അന്നുവരെ കണ്ടതു പോലെയല്ല നടക്കാനിറങ്ങുന്നവർ അവളോട് പെരുമാറിയത്. അതേ.. കൊച്ചിക്കാരും വിവിധ നാടുകളിൽ നിന്നും ഇവിടെ എത്തിയവരും ചേർന്ന് അവളെ ചേർത്തു പിടിച്ചു. അങ്ങനെ സംഗീത ചിന്ന മുത്തു എന്ന ചായക്കച്ചവടക്കാരി കൊച്ചിക്കാരുടെ പ്രിയപ്പെട്ടവളായി.

കഴിഞ്ഞ മാർച്ചിലായിരുന്നു കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പുറക് വശത്ത് സംഗീത ചായക്കച്ചവടം ആരംഭിക്കുന്നത്. സെന്റ് തെരാസസിൽ ബികോം കഴിഞ്ഞു നിൽക്കുകയായിരുന്നു. വീടിന്റെ കടബാധ്യത തീർക്കാനും മുന്നോട്ടുള്ള പഠനത്തിനുമായി പിതാവിന്റെ ഇസ്തിരിയിടുന്ന ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് കഴിയാതെ വന്നതോടെയാണ് ചായക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. സ്റ്റേഡിയത്തിൽ എന്നും നടക്കാൻ വരുന്നവർക്ക് ചായ വിൽക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരു ദിവസം സ്ഥിരമായി ചായകുടിക്കുന്ന ഒരാൾ ഹെർബൽ ചായയുടെ കൂട്ട് പറഞ്ഞു കൊടുക്കുകയും ഇനിമുതൽ ഹെർബൽ ചായ വിൽക്കാനും ഉപദേശിച്ചു.

അങ്ങനെ നടക്കാനായും എക്സർസൈസിനുമായി വരുന്നവർക്ക് ക്ഷീണമകറ്റുന്ന ഒന്നാന്തരം ഹെർബൽ ചായ. ഇഞ്ചിയും കുരുമുളകും കറുവപ്പട്ടയും ഏലയ്ക്ക തുടങ്ങി സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്ത് ഒരു ചായ. പരീക്ഷണമെന്നോണം അവതരിപ്പിച്ച ചായ കൊച്ചിയുടെ ഫേവറൈറ്റായി. കലൂർ സ്റ്റേഡിയത്തിലെ പുറകിലെ ലിങ്ക് റോഡിൽ രാവിലെയും വൈകുന്നേരവും കച്ചവടം. ചായക്കൊപ്പം വീട്ടിൽ വച്ച് സംഗീത തന്നെ കൈകൊണ്ടുണ്ടാക്കുന്ന കൊഴുക്കട്ട, , മാമ്പഴ അട, നേന്ത്രൻ അട, മധുരക്കിഴങ്ങ് അട, സേമിയ അട, റാഗി അട, മാമ്പഴ ബോളി, ചക്കപ്പഴം ബോളി എന്നിങ്ങനെ പലഹാരങ്ങൾ വേറെയും.

ഇതിനിടയിൽ ചിലർ ചായക്കച്ചവടം നടത്തുന്നത് കണ്ട് നെറ്റി ചുളിച്ചു. അവരോട് സംഗീതക്ക് പറയാനുള്ളത് 'അധ്വാനിച്ചാണ് ജീവിക്കുന്നത്, ആരുടെയും മുന്നിൽ കൈനീട്ടിയല്ല' എന്നാണ്. അച്ഛന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു കലൂർ പോണത്ത് റോഡിൽ ഞങ്ങൾ സ്വന്തമാക്കിയ ഒരു തുണ്ട് ഭൂമി. വർഷങ്ങളോളം പലരുടേയും തുണികൾ തേച്ചുമിനുക്കിയുണ്ടാക്കിയ കാശ് കൊണ്ടുണ്ടാക്കിയ സ്വത്ത്. അതിൽ ഒരു കുഞ്ഞ് വീട് പണിയുകയും ചെയ്തു. കടംവാങ്ങിയും ലോണെടുത്തും ഉണ്ടാക്കിയ ആ വീട് ഒരു ഘട്ടത്തിൽ ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത ബാധ്യതയായി. എന്തിനേറെ പറയണം, ജപ്തിയുടെ വക്കോളമെത്തി. എന്റെ അധ്വാനത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ ആ ബാങ്ക് ലോണിന്റെ തിരിച്ചടവിന് മുടക്കം വരാതിരിക്കുന്നത്.

രണ്ട് കാര്യങ്ങൾക്കു വേണ്ടിയാണ് ഈ അധ്വാനം. ഒന്നെന്റെ സ്വപ്നം നേടിയെടുക്കാൻ, രണ്ട് ജീവിത പ്രാരാബ്ദങ്ങളിൽ ഉലഞ്ഞുപോകാതെ എന്റെ കുടുംബത്തെ നിവർത്തി നിർത്താൻ.'സിവിൽ സർവീസണ് അന്നും ഇന്നും മനസിലുള്ള സ്വപ്നം. ആ സ്വപ്നത്തിനും അപ്പുറം എന്റെയും കുടുംബത്തിന്റേയും പ്രാരാബ്ദങ്ങൾ വന്നപ്പോഴാണ് അച്ഛന് സഹായകമാകുന്ന തരത്തിൽ ഒരു ജോലി നോക്കിയത്. ഒരു കമ്പനിയിൽ അക്കൗണ്ടന്റായി കുറച്ചു നാൾ ജോലിക്കു പോയി. പക്ഷേ പഠിക്കാനുള്ള എന്റെ ഭൂരിഭാഗം സമയവും ആ ജോലി കവർന്നു. ശമ്പളവും തുച്ഛം. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്ന ആശയം മനസിലുദിച്ചത് എന്ന് സംഗീത പറയുന്നു.

തേനി സ്വദേശിയായ ചിന്നമുത്തുവിന്റെയും സംഗിളിയമ്മാളിന്റെയും മകളാണ് സംഗീത. ചിന്നമുത്തു 14ാമത്തെ വയസ്സിൽ കേരളത്തിലെക്ക് കുടിയേറിയതാണ്. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലിയാണ് ചെയ്തിരുന്നത്. വലിയ കുടുംബമായിരുന്നു ചിന്നമുത്തുവിന്റെത്. ഒരുപാട് അംഗങ്ങളുള്ള ആ വലിയ വീടിന്റെ അടുപ്പെരിയാൻ വേണ്ടിയാണ് ഇവിടെയെത്തിയത്. പിന്നീട് ഭാര്യയെയും മക്കളെയും ഇവിടേക്ക് കൊണ്ടു വരികയായിരുന്നു. സംഗീതയുടെ വിദ്യാഭ്യാസം കൊച്ചിയിൽ തന്നെയായിരുന്നു. എസ്എസ്എൽസിയും പ്ലസ്ടുവുമൊക്കെ ഇവിടെ തന്നെ. ഡിഗ്രിക്ക് സെയിന്റ് തെരേസാസ് കോളജിലാണ് പഠിച്ചത്. ബികോമായിരുന്നു ഐച്ഛിക വിഷയം. പിജിക്ക് സ്വാഭാവികമായും എംകോമിലേക്ക് തിരിഞ്ഞു. ഇഗ്നൗവിൽ ഡിസ്റ്റന്റ് ആയിട്ടായിരുന്നു പഠനം. ചേട്ടൻ സുരേഷ് കോട്ടയത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.

ബന്ധുക്കളൊക്കെ കുറേ പേർ ഇതുവേണോ എന്നു ചോദിച്ചു. എന്നെ കണ്ടിട്ട് സിമ്പതിയുടെ നോട്ടമെറിഞ്ഞവരും വേറെ. ഇതൊക്കെ നാണക്കേടാവില്ലേ എന്ന ഭാവമൊന്നും എനിക്കില്ല. ഞാനെന്തായാലും പിടിച്ചു പറിക്കുകയോ കൈനീട്ടുകയോ അല്ലല്ലോ ചെയ്തത്. എന്റെ വീടിന് തണലാകുമെങ്കിൽ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടാകുമെങ്കിൽ ഈ ചായവിൽപ്പനക്കാരി എന്ന പേരും മേൽവിലാസവും എനിക്ക് അഭിമാനം തന്നെ;- സംഗീത പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനും തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാനുമായി ചായ വിൽപ്പനയ്ക്കിറങ്ങുന്ന ഈ പെൺകുട്ടി പുതുതലമുറയ്ക്ക് മാതൃകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP