Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സജി ചെറിയാൻ രാജിവയ്ക്കണമെന്ന് നിർദ്ദേശിച്ച് യെച്ചൂരിയും കാരാട്ടും; അംബേദ്കറോട് അനാദരവ് കാട്ടിയത് സിപിഎം മൂല്യങ്ങൾക്ക് വിരുദ്ധം; കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചതോടെ ന്യായീകരണത്തിന് പുതിയ വാദം കണ്ടെത്തില്ലെന്ന് സൂചന; അവൈലബിൾ സെക്രട്ടറിയേറ്റ് നിർണ്ണായകമാകും; സിപിഎം വമ്പൻ പ്രതിസന്ധിയിൽ; മന്ത്രി സജി ചെറിയാൻ രാജിവച്ചേക്കും

സജി ചെറിയാൻ രാജിവയ്ക്കണമെന്ന് നിർദ്ദേശിച്ച് യെച്ചൂരിയും കാരാട്ടും; അംബേദ്കറോട് അനാദരവ് കാട്ടിയത് സിപിഎം മൂല്യങ്ങൾക്ക് വിരുദ്ധം; കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചതോടെ ന്യായീകരണത്തിന് പുതിയ വാദം കണ്ടെത്തില്ലെന്ന് സൂചന; അവൈലബിൾ സെക്രട്ടറിയേറ്റ് നിർണ്ണായകമാകും; സിപിഎം വമ്പൻ പ്രതിസന്ധിയിൽ; മന്ത്രി സജി ചെറിയാൻ രാജിവച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മന്ത്രി സജി ചെറിയാന്റെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ സിപിഎം ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിൽ. ദേശീയ തലത്തിൽ സജി ചെറിയാന്റെ വാക്കുകൾ ചർച്ചയായ സാഹചര്യത്തിലാണ് ഇത്. ഭരണഘടനയെ വിമർശിച്ചതിനൊപ്പം ഭരണഘടനാ ശിൽപ്പിയായ അംബേദ്കറിനെ അപമാനിച്ചത് പൊറുക്കാൻ കഴിയാത്ത തെറ്റാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. മന്ത്രി രാജിവച്ചേ മതിയാകൂവെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര നേതാക്കൾ അറിയിച്ചു. ഇതോടെ സജി ചെറിയാന്റെ രാജി അനിവാര്യമാകുമെന്നാണ് പ്രതീക്ഷ. അപ്പോഴും ആലപ്പുഴയിലെ സിപിഎം പ്രമുഖനെ കൈവിടാനുള്ള മടി പിണറായി വിജയനുണ്ട്. സജി ചെറിയാനുള്ള ബന്ധങ്ങളാണ് ഇതിന് കാരണം.

സജി ചെറിയാനുള്ള നീരസം കേന്ദ്ര നേതൃത്വം പര്യമായി ഇപ്പോൾ പറയില്ല. സജി ചെറിയാന് നാക്കു പിഴയുണ്ടായി എന്ന് പിബി അംഗം എംഎ ബേബി പ്രതികരിച്ചിട്ടുണ്ട്. സജി ചെറിയാന്റെ പ്രസ്താവന ദേശീയ തലത്തിൽ സിപിഎമ്മിന് നാണക്കേടായി മാറിയിട്ടുണ്ട്. പാർട്ടി ഉയർത്തുന്ന മൂല്യങ്ങൾക്ക് എതിരാണ് സജി ചെറിയാന്റെ പ്രസ്താവന. അതുകൊണ്ട് തന്നെ ശക്തമായ നടപടി വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. എങ്ങനേയും സജി ചെറിയാനെ നിലനിർത്താനാണ് ശ്രമം. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ളവരോട് ന്യായീകരണത്തിനുള്ള കാരണങ്ങൾ ഉണ്ടോ എന്ന് സർക്കാർ തിരക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം പരസ്യ പ്രതികരണങ്ങൾ നടത്താത്തത്. എന്നാൽ സാഹചര്യങ്ങൾ സജി ചെറിയാന്റെ രാജിയിലേക്കാണ് പോകുന്നത്.

സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ വിവാദത്തിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം സജി ചെറിയാൻ സ്വയം രാജിവയ്ക്കുമെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.  സ്വയം സ്ഥാനമൊഴിഞ്ഞു എന്ന് വരുത്താനാണ് സിപിഎം നീക്കം. ഇതിലൂടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കാതിരിക്കാൻ കൂടിയാണ് ഇത്. സജി ചെറിയാന്റേത് ഗുരുതര വീഴ്ചയാണെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ട്. എങ്കിലും പരസ്യമായി ഇക്കാര്യം കോടിയേരി പറയില്ല. മുഖ്യമന്ത്രി പിണറായി വിജയനും സജി ചെറിയാനോട് അതൃപ്തിയിലാണ്. വെറുതെ ഒരു വിവാദം ഉണ്ടാക്കിയെന്നാണ് മുഖ്യമന്ത്രിയുടേയും നിലപാട്.

മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അസാധാരണ നടപടിക്ക് കേരള നിയമസഭ സാക്ഷ്യം വഹിച്ചിരുന്നു. ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. കീഴ്‌വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികൾക്കിടെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ പ്രതിപക്ഷ എംഎൽഎമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്. ഭരണപക്ഷം തീർത്തും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരള നിയമസഭ ഇതിന് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വിഷയം ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് അവസരം നൽകാതെ നിയമസഭ പിരിയുന്നത് അപൂർവമാണ്. പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി കാണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രകടനമായി പുറത്തിറങ്ങി. നിയമസഭാ വളപ്പിലെ അംബേദ്കർ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപ്പിയുടെ ഫോട്ടോ ഉയർത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. മന്ത്രി സജി ചെറിയാന്റെ രാജിയിൽ കവിഞ്ഞ് ഒന്നുമില്ല. മന്ത്രി പറഞ്ഞത്, ആർഎസ്എസിന്റെ അഭിപ്രായമാണ്. ഇത്തരത്തിൽ പറയാൻ ആരാണ് സജി ചെറിയാന് ധൈര്യം നൽകിയതെന്നും വി.ഡി.സതീശൻ ചോദിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം ഗൗരവത്തോടെയുള്ള ചർച്ചകളിലേക്ക് കടക്കുന്നത്. എല്ലാ നേതാക്കളും എകെജി സെന്ററിലുണ്ട്. ഏത് സമയവും സിപിഎം തീരുമാനം പുറത്തുവരും. അത് രാജിയാകുമെന്ന പ്രതീക്ഷയാണ് പൊതുവേ ഉയരുന്നത്. സ്പീക്കർ എംബി രാജേഷും മന്ത്രിയുടെ പ്രസ്താവനയിൽ അതൃപ്തനാണ്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധം നടത്താനുള്ള തീരുമാനവുമായിട്ടായിരുന്നു പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. അടിയന്തര പ്രമേയ നോട്ടീസ് നൽകാനും ചോദ്യോത്തരവേള മുതൽ പ്രതിഷേധം ശക്തമാക്കാനുമായിരുന്നു തീരുമാനം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ അടക്കം വിമർശിച്ചായിരുന്നു നോട്ടീസ്. എന്നാൽ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതോടെ ഈ നീക്കം പാളി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം തുടർന്നതോടെ നേരിടാൻ ഭരണപക്ഷവും എഴുന്നേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചത്.

അതേസമയം അസാധാരണ നടപടിയെല്ലെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ പ്രതികരണം. 2001 ഒക്ടോബറിൽ 3 തവണയും 2007ലും 2013ലും ഇത്തരത്തിൽ ചോദ്യോത്തരവേള പൂർത്തിയാക്കാതെ സഭ നിർത്തിവച്ചിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം നിയമസഭ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് പ്രതിപക്ഷ ബഹളം എത്തിയിരുന്നു. ഇക്കുറി പക്ഷേ, ആ ഒരു സാഹചര്യത്തിലേക്ക് എത്തുന്നതിന് മുമ്പാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP