Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്കറ്റ് കീപ്പിംഗിനൊപ്പം ബാറ്റിംഗിലും താരം; അയൽവീട്ടിലെ അന്യജാതിക്കാരനെ രമ്യ പ്രണയിച്ചത് ക്രിക്കറ്റിലെ വീരകഥകൾ കേട്ട്; ജീവിത പ്രാരാബ്ദം വില്ലനായെത്തിയപ്പോൾ തൃപ്പുണ്ണിത്തുറ ലീഗിലെ താരം പെയിന്ററായി; വെജിറ്റബിൾ കടയിലെ ഭാര്യയുടെ ജോലി സംശയ രോഗമായി; ഡിവോഴ്‌സ് ചർച്ചയിൽ മക്കളെ നഷ്ടപ്പെടുമെന്ന ചിന്ത തകർത്തു; ഒടുവിൽ ഭാര്യയെ കൊന്നു; വൈപ്പിനിലെ സജീവൻ വില്ലനായപ്പോൾ

വിക്കറ്റ് കീപ്പിംഗിനൊപ്പം ബാറ്റിംഗിലും താരം; അയൽവീട്ടിലെ അന്യജാതിക്കാരനെ രമ്യ പ്രണയിച്ചത് ക്രിക്കറ്റിലെ വീരകഥകൾ കേട്ട്; ജീവിത പ്രാരാബ്ദം വില്ലനായെത്തിയപ്പോൾ തൃപ്പുണ്ണിത്തുറ ലീഗിലെ താരം പെയിന്ററായി; വെജിറ്റബിൾ കടയിലെ ഭാര്യയുടെ ജോലി സംശയ രോഗമായി; ഡിവോഴ്‌സ് ചർച്ചയിൽ മക്കളെ നഷ്ടപ്പെടുമെന്ന ചിന്ത തകർത്തു; ഒടുവിൽ ഭാര്യയെ കൊന്നു; വൈപ്പിനിലെ സജീവൻ വില്ലനായപ്പോൾ

വിനോദ് പൂന്തോട്ടം

വൈപ്പിൻ: ഭാര്യയെ സംശയ രോഗത്താൽ കൊലപ്പെടുത്തി വീട്ടു മുറ്റത്ത് കുഴിച്ചിട്ട കേസിലെ പ്രതി അറക്കാപറമ്പിൽ സജീവ് ഉപജീവനത്തിന് പെയിന്റിങ് ജോലിക്കാണ് പോയിരുന്നതെങ്കിലും ആൾ ചെറുപ്പകാലത്ത് നല്ലൊരു വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായിരുന്നു. രമ്യയുമായി പ്രണയത്തിലായതും സജീവിന്റെ ക്രിക്കറ്റ് കളിയിലെ മികവ് തന്നെയായിരുന്നു. അടുത്തത്തടുത്ത വീടുകളിലായിരുന്നു ഇരുവരും താമസം. കുട്ടിക്കാലത്തെ ക്രിക്കറ്റിനോടുള്ള പൂതി മൂത്ത് മൈതാനത്ത് നിന്നും ഫോറും സിക്സറും അടിച്ചു വിടുന്ന സജീവിനോടു രമ്യയ്ക്ക് പ്രണയം തോന്നിയതിൽ അത്ഭുതമില്ലന്ന് നാട്ടുകാരും പറയുന്നു.

വൈപ്പിൻ വാച്ചാക്കലിൽ ഭാര്യയെ കഴുത്തിൽ കയർമുറുക്കി കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താവ് എടവനക്കാട് അറക്കപ്പറമ്പിൽ സജീവന്റെ (45) കുറ്റസമ്മതമൊഴി പുറത്തുവന്നിരുന്നു. ഫോൺവിളികളെച്ചൊല്ലി പതിവായുള്ള തർക്കത്തിന് പിന്നാലെ ഭാര്യ രമ്യ (35) വിവാഹമോചനം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ഏതുവിധേനെയും വകവരുത്താൻ സജീവൻ തീരുമാനിച്ചത്. വിവാഹമോചനം നേടിയാൽ ഭാര്യ മക്കളിൽ അവകാശവാദം ഉന്നയിക്കുമെന്നും പ്രാണനെപ്പോലെ സ്‌നേഹിച്ച രണ്ടുമക്കളും തന്നെ വിട്ടുപോകുമെന്നുമുള്ള ആശങ്കയായിരുന്നു കാരണം.

ചെറുപ്പകാലത്ത് മികച്ച ക്രിക്കറ്ററായിരുന്നു സജീവൻ. ക്രിക്കറ്റിലെ കമ്പവും സജീവിലെ പ്രതിഭയും അയാളെ തൃപ്പുണ്ണിത്തുറയിലെ ലീഗിൽ വരെ എത്തിച്ചു. മികച്ച വിക്കറ്റ് കീപ്പറെന്ന ഖ്യാതി ജില്ലയിലെ തന്നെ എടുത്തു പറയത്തക്ക കളിക്കാരനാക്കി സജീവനെ മാറ്റിയെങ്കിലും കുടംബ പ്രാരാബ്ദങ്ങൾ കാരണം കളി ഉപേക്ഷിച്ച് പെയിന്റിങ് പണിക്കിറങ്ങുകയായിരുന്നു. ക്രിക്കറ്റ് മൈതാനത്തെ മികച്ച ബാറ്റ്സ്മാൻ ജീവിത സഖാവ് ആയെങ്കിലും പ്രണയം പോലെ അല്ല ജീവിതം എന്ന് രമ്യയും തിരിച്ചറിയുകയായിരുന്നു, വീട്ടുകാരുടെ എതിർപ്പനിടെ നടന്ന വിവാഹം ബന്ധുക്കൾക്കിടയിൽ വലിയ പുകിൽ ഉണ്ടാക്കിയെങ്കിലും ഇരുവരും ചേർന്ന് അതിനൊയൊക്കെ അതിജീവിച്ച് മുന്നോട്ടു പോകുകയായിരുന്നു.

കുടുംബത്തിൽ പ്രാരാബ്ദങ്ങൾ ഏറിയപ്പോൾ പച്ചക്കറി സൂപ്പർമാർക്കറ്റിൽ രമ്യയും ജോലിക്ക് പോയി തുടങ്ങി. അഞ്ചു വർഷം മുൻപാണ് ഇവരുടെ ജീവിതത്തിൽ താളപ്പിഴകൾ തുടങ്ങുന്നത്. രമ്യ അവഗണിക്കുന്നുവെന്ന് തോന്നൽ വന്നു തുടങ്ങിയതു മുതൽ സംശയമായി. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ബുധനാഴ്ച ഗത്യന്തരമില്ലാതെ സജീവൻ പൊട്ടിക്കരഞ്ഞിരുന്നു. സജീവന്റെ അടവായാണ്് അന്വേഷണ സംഘം ആദ്യം ഇതിനെ കണ്ടത്. എന്നാൽ നാട്ടിൽ താനാണ് ഭാര്യയെ കൊന്നതെന്ന് സംസാരം ഉണ്ടെന്നും മകൾ ഇതറിഞ്ഞപ്പോൾ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് മകൾ പറഞ്ഞത് ഓർത്തപ്പോൾ സങ്കടം വന്നതാണെന്നും അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു. അന്ന് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തില്ല. വിട്ടയച്ചു. അടുത്ത ദിവസം ഞാറയ്ക്കൽ പൊലീസിന് മുമ്പിൽ കീഴടങ്ങി കുറ്റസമ്മതവും നടത്തി.

അപ്പോൾ കുറ്റം ഏറ്റു പറയാൻ തയ്യാറായി നിന്നുവെന്നും മക്കളെ ഓർത്തപ്പോൾ വേണ്ടന്ന് വെച്ചുവെന്നും പിന്നീട് പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. എന്നാൽ വലിയ ഗൂഢാലോചന കൊലയിൽ നടന്നുവെന്നാണ് വിലയിരുത്തൽ. സാഹചര്യങ്ങൾ ഒത്തുവരാൻ സജീവൻ മാസങ്ങളോളം തക്കംപാർത്തിരുന്നു. സജീവന്റെ വീട്ടിലേക്കുപോയ കുട്ടികൾ അവിടെ ക്വാറന്റൈനിലായതോടെയാണ് കൊലപാതകത്തിന് കളമൊരുങ്ങിയത്.പെയിന്റിങ് തൊഴിലാളിയായ സജീവൻ 2021 ഓഗസ്റ്റ് 16ന് ജോലിക്ക് പോകുകയാണെന്ന വ്യാജേന വീട്ടിൽനിന്ന് പുറത്തിറങ്ങി സമീപത്ത് ഒളിച്ചിരുന്നു.

അല്പസമയം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവന്ന ഇയാൾ ഭാര്യ ടെറസിൽ ഫോണിൽ സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. ശബ്ദമുണ്ടാക്കാതെ ടെറസിൽക്കയറി ഭാര്യയുമായി വാക്കു തർക്കത്തിലായി. ഇതിനിടെ ഭാര്യ കയറെടുത്ത് സജീവനെ മുറുക്കി. ഈ കയർ സജീവൻ പിടിച്ചു വാങ്ങി. കയറിന്റെ അഴ ഉപയോഗിച്ച് കഴുത്തിൽ കരുക്കിട്ട് മുറുക്കുകയായിരുന്നു. ഇതിനിടെ തലയിടിച്ചുവീണ രമ്യയുടെ ബോധമറ്റു. പിന്നീട് ജീവൻപോകുംവരെ കയർ കഴുത്തിൽ വരിഞ്ഞുമുറുക്കി. രാത്രിയാകുംവരെ കാത്തിരുന്ന് വീടിന്റെ വരാന്തയോടുചേർന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

മക്കളോട് അമിത സ്‌നേഹമായിരുന്നു സജീവനെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമില്ലാത്തയാളാണ് സജീവൻ. മൃതദേഹം കുഴിച്ചിട്ട് ഇതേവീട്ടിൽ ഒന്നരവർഷം താമസിക്കാനുള്ള മാനസികാവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്നാണ് പൊലീസ് വിലയിരുത്തൽ. രമ്യയെ കാണാതായി ആറുമാസം കഴിഞ്ഞ് രമ്യയുടെ സഹോദരൻ രാത്ത്‌ലാൽ നൽകിയ പരാതിയിലാണ് ക്രൂരകൃത്യം നാട് അറിയുന്നത്. മക്കളും സജീവനും പറഞ്ഞതിലെ പൊരുത്തക്കേടാണ് സംശയമുണ്ടാക്കിയത്. ഇന്നലെ ഉച്ചയോടെ സജീവനെ വാച്ചാക്കലിലെ വാടകവീട്ടിൽ എത്തിച്ച് തെളിവെടുത്തു.

ആലുവ റൂറൽ എസ്‌പി സ്ഥലത്തെത്തിയിരുന്നു. കൊല്ലാൻ ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞെന്നായിരുന്നു ആദ്യമൊഴി. പിന്നീട് വീട്ടിൽ ഒളിപ്പിച്ചുവച്ച കയർ പൊലീസിന് കാട്ടിക്കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP