Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട് ഇല്ലെങ്കിൽ മത്സരിക്കുന്നില്ലെന്ന് ഷാനിമോൾ നേതൃത്വത്തെ അറിയിച്ചതോടെ കെസി വേണുഗോപാൽ വയനാട് മോഹം വേണ്ടെന്ന് വച്ച് ഡ്രൈവിങ് സീറ്റിലേക്ക് മാറി; ഷാനിമോൾ വയനാട് ഉറപ്പിച്ചതോടെ കൂടുതൽ ജയസാധ്യത കണക്കിലെടുത്ത് അടൂർ പ്രകാശ് ആലപ്പുഴ ഉറപ്പിച്ചു; ആറ്റിങ്ങലിൽ പ്രചരണം ആരംഭിച്ച പ്രകാശ് മാറിയതോടെ മുസ്ലിം സാധ്യത ചൂണ്ടിക്കാട്ടി ബിആർഎം ഷെഫീറും ചിതറ നിയാസും അടങ്ങിയ ചെറുപ്പക്കാർ ഇടി തുടങ്ങി; വിജയസാധ്യത കണക്കിലെടുത്ത് ശബരിനാഥിനെ തന്നെ കളത്തിലിറക്കാൻ സമ്മർദ്ദവുമായി മറ്റൊരു വിഭാഗം

വയനാട് ഇല്ലെങ്കിൽ മത്സരിക്കുന്നില്ലെന്ന് ഷാനിമോൾ നേതൃത്വത്തെ അറിയിച്ചതോടെ കെസി വേണുഗോപാൽ വയനാട് മോഹം വേണ്ടെന്ന് വച്ച് ഡ്രൈവിങ് സീറ്റിലേക്ക് മാറി; ഷാനിമോൾ വയനാട് ഉറപ്പിച്ചതോടെ കൂടുതൽ ജയസാധ്യത കണക്കിലെടുത്ത് അടൂർ പ്രകാശ് ആലപ്പുഴ ഉറപ്പിച്ചു; ആറ്റിങ്ങലിൽ പ്രചരണം ആരംഭിച്ച പ്രകാശ് മാറിയതോടെ മുസ്ലിം സാധ്യത ചൂണ്ടിക്കാട്ടി ബിആർഎം ഷെഫീറും ചിതറ നിയാസും അടങ്ങിയ ചെറുപ്പക്കാർ ഇടി തുടങ്ങി; വിജയസാധ്യത കണക്കിലെടുത്ത് ശബരിനാഥിനെ തന്നെ കളത്തിലിറക്കാൻ സമ്മർദ്ദവുമായി മറ്റൊരു വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ; ലോക്സഭാ സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്നത് നാടകീയ നീക്കങ്ങൾ. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലേക്കാണ് അടിയൊഴുക്കുകളിലൂടെ കാര്യങ്ങൾ മാറി മറിയുന്നത്. വനിതാ നേതാവായ ഷാനിമോൾ ഉസ്മാന് വിജയ സാധ്യതയുള്ള വയനാട് കൊടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തത്വത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഷുവർ സീറ്റിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ കണ്ണുടക്കിയതോടെ ഷാനിമോൾക്ക് പ്രതിസന്ധിയായി. ഷാനിമോളെ ആലപ്പുഴയിലേക്ക് അയക്കാൻ കെസി കരുക്കൾ നീക്കി. ഇതോടെ ഷാനിമോൾ ഉസ്മാൻ ഉറച്ച നിലപാടുമായെത്തി. വയനാട് സീറ്റിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സീറ്റ് വേണ്ടെന്നായിരുന്നു ഷാനിമോളുടെ നിലപാട്. തൃശൂർ രാമനിലയത്തിൽ എത്തി രാഹുൽ ഗാന്ധിയോട് തന്നെ മനസ്സ് തുറന്നു. ഇതോടെ വയനാട് സീറ്റിൽ ഷാനിമോളെ തന്നെ മത്സരിപ്പിക്കാൻ രാഹുൽ സമ്മതിച്ചുവെന്നാണ് സൂചന. ഇതാണ് ആറ്റിങ്ങലിലേയും ആലപ്പുഴയിലേയും സ്ഥാനാർത്ഥി ചിത്രത്തെ മാറ്റി മറിക്കുന്നത്.

ഷാനിമോളുടെ ഉറച്ച നിലപാട് മനസ്സിലാക്കി കെസി മത്സര രംഗത്ത് നിന്ന് തന്നെ മാറും. ഡൽഹിയിൽ ഇരുന്ന് രാജ്യത്തെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വയനാട് നിന്ന് കെസി സ്വയം പിന്മാറുമ്പോൾ ഷാനിമോൾ വയനാട്ടിൽ സ്ഥാനാർത്ഥിയാകും. അങ്ങനെ വരുമ്പോൾ ആലപ്പുഴയിൽ മത്സരിക്കാനാണ് കോന്നി എംഎൽഎ കൂടിയായ അടൂർ പ്രകാശിന് താൽപ്പര്യം. ആറ്റിങ്ങലിലാണ് അടൂർ പ്രകാശ് സീറ്റ് ഉറപ്പിച്ചത്. എന്നാൽ കൂടുതൽ വിജയ സാധ്യത ആലപ്പുഴയിലാണെന്ന് അടൂർ പ്രകാശ് തിരിച്ചറിയുന്നു. അതുകൊണ്ടാണ് ആലപ്പുഴയിലേക്ക് മാറ്റാൻ അടൂർ പ്രകാശ് ശ്രമം തുടങ്ങിയത്. ഇതോടെ ആറ്റിങ്ങലിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ നീക്കം തുടങ്ങി. യൂത്ത് കോൺഗ്രസ് നേതാക്കളായ നിയാസ് ചിതറയും ബിആർഎം ഷെഫീറും സീറ്റിന് വേണ്ടി രംഗത്തുണ്ട്. എന്നാൽ ആറ്റിങ്ങലിൽ വിജയ സാധ്യത കൂടുതൽ ശബരിനാഥിനാണെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. അരുവിക്കര എംഎൽഎയായ ശബരിനാഥിന് വികസന നായകൻ എന്ന പ്രതിച്ഛായ മണ്ഡലത്തിൽ ഉടനീളമുണ്ട്.

കാട്ടാക്കട, അരുവിക്കര, നെടുമങ്ങാട്, വാമനപുരം, വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് അറ്റിങ്ങൽ ലോക്സഭയിലുള്ളത്. ഇതിൽ കാട്ടാക്കടയും നെടുമങ്ങാടും വാമനപുരവും അരുവിക്കരയുമായി അതിർത്തി പങ്കിടുന്ന മണ്ഡലങ്ങളാണ്. ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കിയാൽ ഈ നാലിടത്തും കോൺഗ്രസിന് മേൽകോയ്മ കിട്ടും. ജി കാർത്തികേയന്റെ മകനാണ് ശബരിനാഥ്. വർക്കലയാണ് കാർത്തികേയന്റെ ജന്മനാട്. ഇവിടേയും മുൻ സ്പീക്കറുടെ മകന് തരംഗമുണ്ടാക്കാൻ കഴിയും. ഇതിനൊപ്പം മതസമുദായ ഘടങ്ങളും ശബരിനാഥിന് അനുകൂലമാകും. കാട്ടാക്കടയിലും അരുവിക്കരയിലും നെടുമങ്ങാടും വൻ ഭൂരിപക്ഷം ശബരിനാഥിന് കിട്ടും. അതുകൊണ്ട് തന്നെ ശബരിനാഥാണ് മികച്ച സ്ഥാനാർത്ഥിയെന്ന വിലയിരുത്തൽ സജീവാണ്. മണ്ഡലത്തിൽ അടൂർ പ്രകാശ് പ്രചരണം തുടങ്ങിയിരുന്നു. അടൂർ പ്രകാശിന്റെ കണ്ണ് ആലപ്പുഴയിൽ എത്തുമ്പോൾ ആറ്റിങ്ങലിൽ ചർച്ച ശബരിനാഥിലേക്കും എത്തുന്നു.

നെടുമങ്ങാട് വർക്കല കഹാറും പലോട് രവിയും പരിഗണനയിലാണ്. വർക്കലയുടെ മുൻ എംഎൽഎയായ കഹാർ മണ്ഡലത്തിൽ സുപരിചിതനാണ്. മുസ്ലീവോട്ടുകൾ ഏകോപിപ്പിക്കാനും കഴിയും. നെടുമങ്ങാട്ടെ മുൻ എംഎൽഎയായ പലോട് രവിക്ക് മണ്ഡലത്തിലുടനീളം ബന്ധുബലമുണ്ട്. അതിനാൽ ശബരിനാഥിനൊപ്പം കഹാറിനും പാലോട് രവിക്കും വേണ്ടി വാദിക്കുന്നവരുണ്ട്. എങ്കിലും ശബരിനാഥിനാണ് മുൻതൂക്കമെന്നാണ് സൂചന.

എംഎൽഎ എന്ന നിലയിൽ അരുവിക്കരയിൽ ശബരിനാഥ് നടത്തുന്ന പ്രവർത്തനങ്ങൾ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനൊപ്പം യുവാക്കളേയും കോൺഗ്രസിനോട് അടുപ്പിക്കാൻ ശബരിക്കാകും. ഇതെല്ലാമാണ് ആറ്റിങ്ങലിൽ ശബരിക്ക് തുണയാകുന്നത്. മൂന്നാം തവണയാണ് എ സമ്പത്ത് ആറ്റിങ്ങലിൽ സിപിഎമ്മിന് വേണ്ടി മത്സരിക്കാനെത്തുന്നത്. സൗമ്യനായ എംപിയാണ് സമ്പത്ത്. അതുകൊണ്ട് തന്നെ ആറ്റിങ്ങലിൽ സിപിഎമ്മിന് നേരിയ മുൻതൂക്കമുണ്ട്. ഇതിനെ തകർക്കാൻ ശബരിനാഥിന് കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മത്സരിക്കാൻ ശബരിനാഥും തയ്യാറായേക്കുമെന്നാണ് സൂചന. വിജയ സാധ്യതയില്ലാത്ത ആരേയും മത്സരിപ്പിക്കരുതെന്നാണ് കോൺഗ്രസിന്റെ പൊതുവികാരം. അതുകൊണ്ട് തന്നെ ഷാനിമോൾക്ക് വയനാട് കിട്ടുമ്പോൾ ആറ്റിങ്ങലിൽ ശബരിനാഥിലേക്ക് ചർച്ച എത്തുന്നു.

ആലപ്പുഴയിൽ ഈഴവർക്കാണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ. വെള്ളാപ്പള്ളി നടേശൻ പരസ്യമായി സിപിഎമ്മിനെ പിന്തുണച്ചാലും ആലപ്പുഴയിൽ ജയിക്കാമെന്നാണ് അടൂർ പ്രകാശിന്റെ വിലയിരുത്തൽ. ആറ്റിങ്ങലിൽ സമ്പത്ത് കരുത്തനാണ്. എന്നാൽ എംഎ ആരിഫിനെ തോൽപ്പിക്കാൻ കഴിയും. ഇത് മനസ്സിലാക്കിയാണ് കെസി വേണുഗോപാലിന്റെ സിറ്റിങ് സീറ്റിൽ അടൂർ പ്രകാശ് കണ്ണ് വയ്ക്കുന്നത്. ഈഴവ വോട്ടുകളുടെ ഏകീകരണത്തിലൂടെ ജയിക്കാമെന്നാണ് കണക്ക് കൂട്ടൽ. വേണുഗോപാലും അടൂർ പ്രകാശിനെ പിന്തുണയ്ക്കും. ഐ ഗ്രൂപ്പിലെ പുതിയ സംഭവ വികാസങ്ങളിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരാണ് അടൂർ പ്രകാശ്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിനെ കൂടെ കൂട്ടി തന്റെ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് കെസിയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ നിയമസഭയിലേക്ക് മത്സരിക്കാൻ കെസിക്കാകും. അടുത്ത മുഖ്യമന്ത്രിയായി മാറാൻ ഇതിലൂടെ കഴിയുകയും ചെയ്യും. ഇതിന് വേണ്ടിയാണ് വയനാട്ടിലെ മത്സരവും കെസി വേണ്ടെന്ന് വയ്ക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ റൗണ്ടിൽ എൽഡിഎഫിന് വ്യക്തമായ മേൽക്കൈ കിട്ടിക്കഴിഞ്ഞു. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് കളത്തിലിറക്കാൻ കഴിഞ്ഞതാണ് നേട്ടമായത്. വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീറിന്റെ പ്രചാരണ പ്രവർത്തനങ്ങളും സജീവമായി. യുഡിഎഫിന് സ്ഥാനാർത്ഥിയെ കണ്ടെത്താൻപോലും കഴിഞ്ഞില്ല. നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളാണ് വയനാട്ടിലുള്ളത്. മൂന്നിടത്തും പ്രാധന വ്യക്തികളെ സുനീർ സന്ദർശിച്ചുകഴിഞ്ഞു. വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലാണ് സുനീറിന്റെ ആദ്യഘട്ട പ്രചാരണം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും പര്യടനം നടത്തി. ഈ സാഹചര്യത്തിലാണ് ഷാനിമോളെ അതിവേഗം വയനാട്ടിലെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിൽ ധാരണയുണ്ടാകുന്നത്. വയനാട്ടിൽ മോഹമുള്ള ടി സിദ്ദിഖിനും എംഎം ഹസനുമെല്ലാം നിരാശ പകരുന്നതാണ് പുതിയ സംഭവങ്ങൾ. കെ മുരളീധരനും വയനാട്ടിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

16ന് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നാണ് കെപിസിസി. അറിയിച്ചിരിക്കുന്നത്. വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റായാണ് വിലയിരുത്തപ്പെടുത്തുന്നതെങ്കിലും ഇക്കുറി അത് തിരുത്തിക്കുറിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് എൽ.ഡി.എഫ്. പ്രചരണത്തിൽ കോൺഗ്രസിനേക്കാൾ ഒരുപടി മുന്നേറാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവും എൽ.ഡി.എഫിനുണ്ട്. അതേ സമയം കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നിലവിൽ ഒരു പാട് നേതാക്കളാണുള്ളത്..

കഴിഞ്ഞപ്രാവശ്യം ഐ ഗ്രൂപ്പ് നേതാവ് എം.ഐ. ഷാനവാസിലൂടെ കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയ വയനാട് സീറ്റ് ഇപ്രാവശ്യവും ഐ ഗ്രുപ്പിന് വേണമെന്ന് രമേശ് ചെന്നിത്തല സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ ഉന്നയിച്ച സ്ഥിതിക്ക് എ ഗ്രൂപ്പിന്റെ കൈവശമുള്ള ഇടുക്കി സീറ്റ് ഐ ഗ്രൂപ്പിന് നൽകി വയനാട് ചോദിച്ചു വാങ്ങാനുള്ള നീക്കം എ ഗ്രൂപ്പ് സജീവമാക്കിയിട്ടുണ്ട്. ഷാനിമോൾക്ക് സീറ്റ് കൊടുക്കാൻ എ ഗ്രൂപ്പിനും താൽപ്പര്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP