Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല പ്രശ്നപരിഹാരത്തിന് വെറും പത്തുനിമിഷം മാത്രം മതി; ആചാരം മാറ്റാൻ ദേവപ്രശ്‌നം വയ്ക്കണം; എല്ലാ മാസവും ശബരിമല നട തുറന്നത് ദേവ പ്രശ്നത്തിലൂടെയാണ്; പതിനെട്ടാം പടിയിൽ സ്വർണം പൊതിഞ്ഞതും അങ്ങനെ തന്നെ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയും സർക്കാരുമൊന്നുമല്ല ദൈവഹിതമാണ് പ്രസക്തം; പ്രശ്‌ന പരിഹാര ഒറ്റമൂലിയിൽ മറുനാടനോട് മനസുതുറന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ

ശബരിമല പ്രശ്നപരിഹാരത്തിന് വെറും പത്തുനിമിഷം മാത്രം മതി; ആചാരം മാറ്റാൻ  ദേവപ്രശ്‌നം വയ്ക്കണം; എല്ലാ മാസവും ശബരിമല നട തുറന്നത് ദേവ പ്രശ്നത്തിലൂടെയാണ്; പതിനെട്ടാം പടിയിൽ സ്വർണം പൊതിഞ്ഞതും അങ്ങനെ തന്നെ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയും സർക്കാരുമൊന്നുമല്ല ദൈവഹിതമാണ് പ്രസക്തം; പ്രശ്‌ന പരിഹാര ഒറ്റമൂലിയിൽ മറുനാടനോട് മനസുതുറന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് സംഘർഷം തുടരവേ പരിഹാരമാർഗം നിർദ്ദേശിച്ച് ആർഎസ് എഎസ് രംഗത്ത്. ശബരിമല പ്രശ്നത്തിൽ ദൈവഹിതം അറിയണമെന്ന് ആർഎസ് എസ് പാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ദേവന്റെ ഹിതം അറിയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണം. ദേവന്റെ ഇഷ്ടവും അനിഷ്ടവും അറിയാൻ ആദ്യം തയ്യാറാകണം, ദൈവഹിതം അറിയണമെങ്കിൽ ദേവപ്രശ്‌നം വയ്ക്കണം. പ്രശ്ന പരിഹാരത്തിന് ദേവപ്രശ്നമാണ് പരിഹാരാമർഗം. ഗോപാലൻകുട്ടി മാസ്റ്റർ മറുനാടനോട് പ്രതികരിച്ചു.

ദൈവഹിതം അറിയണമെങ്കിൽ ദൈവജ്ഞന്മാരെ വിളിച്ചു കൂട്ടണം. ചർച്ച ചെയ്യണം. തന്ത്രി വേണം, ആചാര്യന്മാർ വേണം, ഹിന്ദു സംഘടനാ പ്രതിനിധികൾ വേണം. ഇവരടങ്ങിയ ഒരു ചർച്ച മാത്രം മതി. അങ്ങിനെയുള്ള ഒരു ദൈവഹിതത്തിനു പ്രശ്ന പരിഹാരം നിർദ്ദേശിക്കാൻ കഴിയും. ശബരിമല പ്രശ്ന പരിഹാരത്തിനു ആകെ പത്തു നിമിഷം മതി. ഈ പത്തു നിമിഷ പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ല. അതാണ് ശബരിമല പ്രശ്ന പരിഹാരം വൈകുന്നത്. പതിനെട്ടാം പടി സ്വർണം പൊതിയാൻ നിശ്ചയിച്ചു. അത് വെറുതെ പൊതിഞ്ഞതല്ല. ദേവഹിതം നോക്കി പൊതിഞ്ഞതാണ്. എല്ലാ മാസവും ശബരിമല നട തുറക്കാറില്ല. അതും പിന്നെ ദേവഹിതം നോക്കി തുറന്നതാണ്. അതിനു ബന്ധപ്പെട്ട ആളുകൾ ഒത്തുചേർന്നു തീരുമാനിച്ചതാണ്. ഇങ്ങിനെ തീരുമാനിച്ചാൽ പിന്നെ ഭക്തജനങ്ങൾക്ക് പിന്നെ ഈ കാര്യം നോക്കേണ്ട കാര്യമില്ല. അവരുടെ മനസിലെ പേടിയും അപ്രത്യക്ഷമാകും. ഇന്നലെ വരെ ശബരിമലയിൽ നിലനിന്ന അനുഷഠാനം മാറ്റുമ്പോൾ അതിനു സ്വാഭാവികമായും എതിർപ്പ് വരും. ആ എതിർപ്പ് മനസിലാക്കേണ്ടതുണ്ട്. സ്ത്രീകളെ വിളിച്ചു ശബരിമലയിൽ കയറ്റണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. പിന്നെ സർക്കാർ എന്തിനാണ് ഈ തിടുക്കം കാട്ടുന്നത്. സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കണം.

അതാണ് സുപ്രീം കോടതി പറഞ്ഞത്. സ്ത്രീകൾക്ക് കയറാം. പക്ഷെ ഇങ്ങിനെ ശബരിമല കയറാൻ മുഖ്യമന്ത്രിയുടെ വീട്ടിലെ സ്ത്രീകൾ എത്തുന്നുണ്ടോ. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ സ്ത്രീകൾ എത്തുന്നുണ്ടോ? അവർ വന്നാൽ അവർക്ക് സർക്കാർ സംരക്ഷണം നൽകില്ല? എന്തുകൊണ്ട് സ്ത്രീകൾ വരുന്നില്ല. ഇത് ആചാരമാണ്. ഈ ആചാരം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും വീട്ടിലെ സ്ത്രീകൾക്ക് അറിയാം. അതാണ് അവർ വരാൻ ശ്രമിക്കാത്തത്. പക്ഷെ ഈ വിശ്വാസം മാറ്റാം. അതിനാണ് പ്രശ്ന പരിഹാരത്തിന് ദൈവഹിതം അറിയാം എന്ന് പറയുന്നത്. ശബരിമല പ്രശ്നത്തിൽ പ്രശ്ന പരിഹാരത്തിനുള്ള സാവകാശം സർക്കാർ ആർക്കും നൽകുന്നില്ല. സർക്കാർ ആണെങ്കിൽ അതിനു തയ്യാറാകാത്ത അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. എന്തെങ്കിലും ഒരു സമാധാനത്തിന്റെ അന്തരീക്ഷം ഈ കാര്യത്തിൽ വരേണ്ടതുണ്ട്. സർക്കാർ പറയുന്നത് തന്ത്രിയല്ല സർക്കാർ ആണ് എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് എന്നാണ്. പക്ഷെ ഇത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്നമാണ്. ക്ഷേത്രം തന്ത്രിക്ക് അരയിൽ കെട്ടാനുള്ള താക്കോൽ അല്ല എന്നാണ് സർക്കാർ പറയുന്നത്. സർക്കാരിനാണ് അധികാരം എന്നാണ് സർക്കാർ പറയുന്നത്. ഇതാണ് ശബരിമലയിൽ പ്രശ്ന പരിഹാരം വൈകിക്കുന്നത്. സർക്കാരിനല്ല ഇതിനു അധികാരം. ദേവസ്വം ബോർഡിനാണ്.

ക്ഷേത്രത്തിന്റെ ആചാരങ്ങളും ഭക്തരുടെ താത്പര്യവും സംരക്ഷിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടാണ് ദേവസ്വം ബോർഡ് ഭാരവാഹികൾ അധികാരത്തിൽ ഏറുന്നത്. അപ്പോൾ ആചാരങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ ചുമതല ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ പാടില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയും സർക്കാരുമൊന്നുമല്ല പ്രസക്തം. ദൈവഹിതമാണ്. ദൈവഹിതം അറിയണമെങ്കിൽ ദേവപ്രശ്നം വയ്ക്കണം. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംഘർഷം തുടരുന്നതിനാൽ ഇത് അവസാനിപ്പിക്കാൻ ദൈവ പ്രശ്നം വയ്ക്കലാണ് ഒരു പരിഹാരമാർഗം. ദേവപ്രശ്നം വയ്ക്കണമെങ്കിൽ തന്ത്രിയും പന്തളം കൊട്ടാരവും അഭിപ്രായ സമന്വയത്തിൽ എത്തണം. ദേവപ്രശ്നത്തിൽ തടസം ഇല്ലാ എന്ന് വന്നാൽ പിന്നെ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഈ പരിഹാരമാർഗ്ഗത്തിന്റെ വഴിയിൽ സഞ്ചരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണം.

സ്ത്രീപുരുഷ സമത്വമാണ് ആർഎസ്എസ് നിലപാട്

സമത്വ സങ്കൽപത്തിന്റെ വഴിയേയാണ് ആർഎസ്എസ് സഞ്ചരിക്കുന്നത്. ഈ സമത്വ സങ്കൽപ പ്രകാരം സ്ത്രീയും പുരുഷനും എല്ലായിടത്തും സമത്വം ആവശ്യമുണ്ട്. ക്ഷേത്രങ്ങളിലെ കാര്യമല്ല ഈ പറയുന്നത്. പുരുഷന് എത്താൻ പറ്റുന്ന എല്ലായിടത്തും സ്ത്രീയ്ക്കും എത്താം. ശബരിമല സ്ത്രീയ്ക്ക് ദർശനത്തിനു തടസ്സമുള്ള കാര്യമല്ല. പക്ഷെ അവിടെ നിയന്ത്രണമുണ്ട്. ഒരു പ്രത്യേക പ്രായത്തിൽ ഉള്ള സ്ത്രീകൾക്ക് ദർശനത്തിനു വിലക്കുണ്ട്. ആ പ്രായം കഴിഞ്ഞാൽ ദർശനം നടത്താൻ തടസമില്ല. സ്ത്രീകൾ വരാൻ പാടില്ല എന്ന ഒരു നിർബന്ധം ശബരിമലയിൽ ഇല്ല. ഇതു പ്രത്യേകം പരിഗണിക്കേണ്ട ആവശ്യമുണ്ട്. ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുമ്പോൾ തന്ത്രിക്ക് ഒരു സങ്കല്പമുണ്ട്. തന്ത്രിയും അവിടെ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്ര ദേവനും തമ്മിൽ ഒരു കരാറുണ്ട്. ഇന്നയിന്ന പ്രശ്നം പാടില്ല. ഇന്നയിന്ന ആചാരം ആവാം എന്നിങ്ങനെ. അതൊരു നിയമം പോലെയാണ്. അതനുസരിച്ച് വേണം താന്ത്രിക്ക് കാര്യങ്ങൾ കൊണ്ട് നടക്കാൻ. അത് തെറ്റിക്കാൻ തന്ത്രിക്കും കഴിയില്ല. പ്രതിഷ്ഠയ്ക്ക് ഒരു സങ്കല്പമുണ്ട്

സങ്കൽപ്പത്തിനാണ് പ്രാധാന്യം. മണ്ണാറശാല അമ്പലത്തിൽ പൂജയ്ക്ക് സ്ത്രീയാണ്. ഒരു അമ്മയാണ് അവിടെ പൂജാരി. പൂജാരിയായാൽ അവർ ബാഹ്യമായ ബന്ധങ്ങൾ എല്ലാം വിടും. ആഹാരം വരെ മുറിയിൽ എത്തിക്കുകയാണ്. പുരുഷന്മാർക്ക് അവിടെ പൂജ പറ്റില്ല. അത് പക്ഷെ വിവേചനം എന്ന് പറയാൻ കഴിയില്ല. പുരുഷന്മാർ അവിടെ പോകുന്നു. തൊഴുന്നു. അത് ആചാരപരമാണ്. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിൽ പോയാൽ അവിടെ ആചാരമുണ്ട്. സന്ധ്യാ സമയത്തുള്ള പൂജ കഴിഞ്ഞാൽ മാത്രമേ അവിടെ സ്ത്രീകൾക്ക് പ്രവേശനമുള്ളൂ. ഇവിടെയൊന്നും വിവേചനമല്ല. ആചാരമാണ്. ആറ്റുകാൽ പൊങ്കാല സ്ത്രീകൾക്കാണ്. പുരുഷന്മാർക്കല്ല. ഇത് ഒരു സങ്കൽപ്പമാണ്. ഇങ്ങിനെ പറയാൻ കഴിയുമോ എന്ന് ആലോചിക്കണം.- ഗോപാലൻ കുട്ടി മാസ്്റ്റർ പറഞ്ഞു.

ശ്രീകോവിലിൽ തന്ത്രിക്ക് ആണ് പ്രവേശനം. എന്നാൽ എല്ലാവർക്കും ശ്രീകോവിലിനുള്ളിൽ പ്രവേശനം എന്ന് ആവശ്യമുയർത്തുമോ? ഇല്ലല്ലോ? താന്തിയും പൂജാരിയും മാത്രമാണ് ശ്രീകോവിലിനുള്ളിൽ കയറുന്നത്. അത് മാറ്റണം എന്നാരും പറയുന്നില്ലല്ലോ? ഇതെല്ലാം കണക്കിൽ എടുക്കേണ്ടതുണ്ട്. ഭരണഘടനയുടെ അവകാശം എന്ന് പറഞ്ഞിട്ട് ഇങ്ങിനെ കയറാൻ കഴിയില്ലല്ലോ? നമ്മൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഈ മുഖ്യമന്ത്രിയുടെ ഓഫീസിൽ നമ്മൾ ഒന്ന് കയറണം എന്ന് വിചാരിച്ചാൽ കഴിയുമോ? നൂറു നിയന്ത്രണമാണ്. ആദ്യം വിളിച്ച് സന്ദർശന സമയം തീരുമാനിക്കണം. സന്ദർശനത്തിനു അനുമതി കിട്ടിയാൽ കിട്ടി. അത്രയല്ലേയുള്ളൂ. നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഒന്ന് കയറിച്ചെല്ലാം എന്ന് കരുതിയാൽ അത് കഴിയുന്ന കാര്യമല്ല. ഇതെല്ലാം നിലവിലെ രീതിയല്ലേ. ഒരു വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പാലിക്കണം. ഇതാണ് ആവശ്യപ്പെടുന്നത്.

തന്ത്രിയെ മാറ്റുക എന്നത് അസാധ്യമായ കാര്യം

ഇപ്പോൾ ശബരിമലയിൽ ആചാരപരമായ കാര്യമാണെങ്കിൽ അതിൽ മാറ്റം വരുത്താം. അതിനു ശ്രദ്ധ ചെലുത്തേണ്ടത് തന്ത്രിയും അതുമായി ബന്ധപ്പെട്ട ആളുകളുമാണ്. ക്ഷേത്രത്തിൽ നിയമ സംവിധാനമാണെങ്കിൽ അത് മാറ്റാൻ കഴിയില്ല. തന്ത്രിയെ മാറ്റുക എന്നത് സാധ്യമല്ലാത്ത കാര്യമാണ്. പ്രാണപ്രതിഷ്ഠ നടത്തിയ തന്ത്രിയും ആ തന്ത്രി കുടുംബത്തിലെ ആളുകളുമല്ലാതെ വേറെ ഒരു തന്ത്രിയെ ആരുടെ സമ്മതത്തിനു വയ്ക്കാൻ കഴിയില്ല. അത് ഒരു നിയമമാണ്, ക്ഷേത്രത്തിന്റെ ആചാരമല്ല. അത് ഓർക്കേണ്ടതുണ്ട്. പ്രാണപ്രതിഷ്ഠ നടത്തിയ ആൾ ആണ് തന്ത്രി. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആൾക്ക് മാത്രമേ അവിടെ തന്ത്രി ആകാൻ കഴിയൂ. പൂജാരിയെ നമുക്ക് മാറ്റാൻ കഴിയും. അത് ആചാരത്തിന്റെ ഭാഗമാണ്. എന്നാൽ തന്ത്രി എന്ന് പറഞ്ഞാൽ ക്ഷേത്രത്തിലെ നിയമസംവിധാനത്തിന്റെ ഭാഗമാണ്, ആ തന്ത്രിയുടെ അനന്തരാവകാശിക്ക് മാത്രമേ താന്ത്രിക വൃത്തി ഏറ്റെടുക്കാൻ കഴിയൂ.

ശബരിമലയിൽ ഒരു പ്രായത്തിൽ ഉള്ള സ്ത്രീകൾക്ക് നിഷേധം വരുന്നത് ആചാരമല്ല. നിയമമാണ്. അത് മാറണമെങ്കിൽ തന്ത്രിയും പന്തളം രാജകുടുംബവും തീരുമാനിക്കണം..അതിനാണ് പ്രശ്നപരിഹാരത്തിന് പത്തുനിമിഷം മാത്രം മതിയെന്നും ദൈവഹിതം ആരായണമെന്നും ആർഎസ്എസ് ആവശ്യപ്പെടുന്നത്-ഗോപാലൻകുട്ടി മാസ്റ്റർ പറയുന്നു.

ശബരിമല യുവതീ പ്രവേശന കാര്യത്തിൽ സുപ്രീംകോടതി വിധി വന്നത് മുതൽ ഈ വിധിയെ പിന്തുണയ്ക്കുന്ന രീതിയിലാണ് കേന്ദ്ര ആർഎസ്എസ് നേതൃത്വം നീങ്ങിയത്. ആർഎസ്എസ് ചീഫ് മോഹൻ ഭാഗവതും ആർഎസ്എസ് ബുദ്ധികേന്ദ്രമായി തുടരുന്ന ആർ.ഹരിയും കേരളത്തിലെ ആർഎസ്എസ് ബുദ്ധികേന്ദ്രമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആർ.സഞ്ജയനുമെല്ലാം സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നവരാണ്. ആർ.സഞ്ജയൻ കുറച്ചു കൂടി കടന്നു ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച് ലേഖനം എഴുതുകയും ചെയ്തിരുന്നു.

ഈ ലേഖനം വിവാദമാകുകയും ചെയ്തിരുന്നു. പക്ഷെ ആർഎസ്എസ് നിലപാട് ഒന്ന് തന്നെയാണ് ദേവപ്രശ്‌നം ഉയർത്തിക്കാട്ടി കേരളത്തിലെ ആർഎസ്എസിനെ നയിക്കുന്ന ഗോപാലൻകുട്ടി മാസ്റ്ററും ഇപ്പോൾ മറുനാടനോട് സാധൂകരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP