Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൂപ്പർ കോച്ചിനെ പിന്നാലെ സൂപ്പർ ക്യാപ്ടനും? കേരളത്തിന്റെ തലവര മാറ്റാൻ സാക്ഷാൽ റോബിൻ ഉത്തപ്പയെത്തുമോ? പാതി സമ്മതമറിയിച്ച് ഐപിഎല്ലിലെ മിന്നും താരം; സഞ്ജു കളം മാറുമോ എന്നും സംശയം; കേരളാ ക്രിക്കറ്റിനെ വിജയവഴിയിലെത്തിക്കാൻ കെസിഎ പദ്ധതികൾ ഇങ്ങനെ

സൂപ്പർ കോച്ചിനെ പിന്നാലെ സൂപ്പർ ക്യാപ്ടനും? കേരളത്തിന്റെ തലവര മാറ്റാൻ സാക്ഷാൽ റോബിൻ ഉത്തപ്പയെത്തുമോ? പാതി സമ്മതമറിയിച്ച് ഐപിഎല്ലിലെ മിന്നും താരം; സഞ്ജു കളം മാറുമോ എന്നും സംശയം; കേരളാ ക്രിക്കറ്റിനെ വിജയവഴിയിലെത്തിക്കാൻ കെസിഎ പദ്ധതികൾ ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഐപിഎല്ലിൽ തകർത്ത് അടിക്കുകയാണ് റോബിൻ ഉത്തപ്പ. ഇന്ത്യയുടെ മുൻ താരം മിന്നും ഫോമിലാണ്. പാതി മലയാളിയായ റോബിൻ മലയാളത്തിൽ നന്നായി സംസാരിക്കുകയും ചെയ്യും. കേരളത്തോട് പ്രത്യേക താൽപ്പര്യവുമുണ്ട്. ഐപിഎല്ലിലെ ഈ മാച്ച് വിന്നറെ കേരളത്തിലെത്തിച്ച് കേരളാ ക്രിക്കറ്റിന്റെ തലവര മാറ്റാനാണ് കെസിഎയുടെ നീക്കം. റോബിൻ ഉത്തപ്പയെ അടുത്ത സീസണിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിപ്പിക്കാനാണ് കെസിഎയുടെ കരുനീക്കം. കർണ്ണാടകത്തിന്റെ കളിക്കാരനായ റോബിൻ ഉത്തപ്പയോട് ഇക്കാര്യത്തിൽ കേരളാ അസോസിയേഷൻ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഉത്തപ്പയ്ക്കും കേരളത്തിൽ കളിക്കാൻ അതിയായ താൽപ്പര്യമുണ്ടെന്നാണ് സൂചന. എന്നാൽ അന്തിമ നിലപാട് താരം കേരളത്തെ അറിയിച്ചിട്ടുമില്ല. കേരളത്തിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ഈ സീസണിൽ റോബിൻ ഉത്തപ്പയാകും കേരളത്തെ നയിക്കുക.

മൂന്ന് അന്യസംസ്ഥാന താരത്തെ ഒരു സീണണിൽ കളിപ്പിക്കാൻ കേരളത്തിന് കഴിയും. കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിച്ച ജലജ് സക്‌സേനയെ ഇത്തവണയും കേരളത്തിനായി നിലനിർത്തും. ഇഖ്ബാൽ അബ്ദുള്ളയെ കളിപ്പിക്കേണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. റോബിൻ ഉത്തപ്പെയെ പോലുള്ള വമ്പൻ താരങ്ങൾ കേരളത്തിലെത്തിയാൽ അവർക്കാകും മുൻഗണന. കഴിഞ്ഞ സീസണിൽ ഭവിൻ താക്കറും അന്യസംസ്ഥാന താരമെന്ന ലേബലിൽ കേരളത്തിൽ കളിച്ചിരുന്നു. ഇത്തവണ റോബിൻ ഉത്തപ്പെയെത്തിയാൽ ബാറ്റിങ് കരുത്തുള്ളതാകും. മികച്ച പേസ് ബൗളറുടെ അഭാവം കേരളത്തിൽ ഇപ്പോഴുമുണ്ട്. താരങ്ങളുടെ ട്രാൻസഫറിലൂടെ ഇതിന് പരിഹാരമുണ്ടാക്കാനും കെസിഎ ശ്രമം നടത്തുന്നുണ്ട്. ഡേവ് വാട്‌മോറാണ് ഇത്തവണ കേരളത്തിന്റെ പരിശീലകൻ. വാട്‌മോർ എല്ലാ കളികൾക്കും കേരളത്തിനൊപ്പം ഉണ്ടായിരിക്കും എന്നും കെസിഎ ഉറപ്പിച്ചിട്ടുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങൾ മാറ്റി വച്ച് വാട്‌മോർ മുഴുവൻ സമയ പരിശീകരനാകാമെന്ന ്‌സന്നദ്ധ അറിയിച്ചതിനെ പ്രതീക്ഷയോടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാണുന്നത്.

രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഇത്തവണ 3 അന്യസംസ്ഥാന താരങ്ങളെ അണിനിരത്തിയിട്ടും ടെസ്റ്റ്. ഏകദിന, ട്വന്റി ട്വിന്റെ ഫോർമാറ്റിലെല്ലാം കേരളത്തിന് സമ്പൂർണ്ണ പരാജയമായിരുന്നു. ടീമിനുള്ളിലെ ഭിന്നതയും ചർച്ചായായി. ബാറ്റ് അടിച്ചൊടിച്ച് ടീമിനെ വിട്ടുപോയ സഞ്ജു വി സാംസൺ വലിയ പ്രതിസന്ധിയിലുമായി. കോച്ചായിരുന്ന ബാലചന്ദ്രനെ ഇടയ്ക്കു വച്ച് മാറ്റി. ടിനു യോഹന്നാനെ കോച്ചാക്കിയിട്ടും ടീമിനെ മുന്നോട്ട് കൊണ്ടു പോകാനായില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ പ്രതിഫലമായി കൊടുത്ത് വാട്‌മോറിനെ പരിശീലകനായി എത്തിച്ചത്. വാട്‌മോറിനെ പോലൊരു കോച്ചിന് മികച്ച ക്യാപ്ടനെ നൽകാനും തീരുമാനമായി. അങ്ങനെയാണ് റോബിൻ ഉത്തപ്പിയിലേക്ക് ചർച്ചകളെത്തിയത്. പാതി മലയാളിയായ ഉത്തപ്പ ആദ്യ റൗണ്ട് ചർച്ചകളിൽ ശുഭ സൂചനയാണ് നൽകിയത്. എന്നാൽ ഐപിഎല്ലിൽ മികച്ച് ഫോം പ്രകടിപ്പിച്ച ഉത്തപ്പയെ കർണ്ണാടക വിട്ടു നൽകുമോ എന്നതാണ് ഇപ്പോൾ കേരളത്തിന് വിനയാകുന്നത്.

അതിനിടെ കേരളത്തിൽ നിന്ന് സഞ്ജു മറ്റേതെങ്കിലും ടീമിലേക്ക് മാറുമോ എന്ന സംശയവും കെസിഎയ്ക്കുണ്ട്. ഇതുവരെ അത്തരത്തിലൊരു സൂചനയും സഞ്ജു നൽകിയിട്ടില്ല. എന്നാൽ രാഹുൽ ദ്രാവിഡിന്റെ പ്രിയതാരമാണ് സഞ്ജു. ഐപിഎല്ലിലെ സെഞ്ച്വറിയോട് വിവാദങ്ങളിൽ നിന്ന് മുക്തനായ സഞ്ജു പുതിയ സ്വപ്‌നങ്ങൾക്ക് പിറകെയാണ്. ഇന്ത്യൻ ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനം സഞ്ജുവിനെ തേടിയെത്തുമെന്നാണ് സൂചന. രാഹുൽ ദ്രാവിഡിന്റെ ഉപദേശമാകും ഇനി സഞ്ജു സ്വീകരിക്കുക. കേരളത്തെ വിട്ട് മറ്റൊരു ടീമിലേക്ക് മാറാൻ ദ്രാവിഡ് ഉപദേശിച്ചാൽ സഞ്ജു അത് കേൾക്കും. അങ്ങനെ വന്നാൽ സഞ്ജു ഈ സീസണിൽ കേരളത്തിനായി കളിക്കില്ല. ഇതു കൂടി മനസ്സിലാക്കിയാണ് വിക്കറ്റ് കീപ്പറും അടിച്ചു തകർക്കുന്ന ബാറ്റ്‌സ്മാനുമായി ഉത്തപ്പയെ കേരളം വലവീശുന്നത്. ഉത്തപ്പ ഇതിന് സമ്മതിച്ചില്ലെങ്കിൽ ഇന്ത്യ കളിച്ച മറ്റൊരു പ്രമുഖനെ തന്നെ കേരളത്തിനായി എത്തിക്കും.

കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിനുള്ള കർണാടക ടീമിൽ നിന്ന് റോബിൻ ഉത്തപ്പയെ ഒഴിവാക്കിയിരുന്നു. ഉത്തപ്പയുടെ ഫോമില്ലായ്മയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുൽ, കരുൺ നായർ എന്നിവരുടെ ടീമിലേക്കുള്ള മടങ്ങി വരവുമാണ് റോബിൻ ഉത്തപ്പയുടെ പുറത്താകലിന് കാരണമായത്. ടീം ഇന്ത്യയിൽ അംഗമായ മനീഷ് പാണ്ഡെയും ഉത്തപ്പയുടെ പുറത്താകലിന് കാരണമായി. 2015ലെ. രഞ്ജി ട്രോഫി സീസണിൽ കർണാടകയുടെ ടോപ് സ്‌കോററായിരുന്ന റോബിൻ ഉത്തപ്പ കഴിഞ്ഞ തവണ പന്ത്രണ്ട് ഇന്നിങ്സുകളിൽ നിന്നും 27.33 ശരാശരിയിൽ 328 റൺസാണ് നേടിയത്. അസമിനെതിരെ സെഞ്ച്വറി നേടിയെന്നതൊഴിച്ചാൽ ടീം ഇന്ത്യയുടെ അംഗമായിരുന്ന റോബിൻ ഉത്തപ്പയുടെ പ്രകടനം വളരെ മോശമായിരുന്നു. ഇതായിരുന്നു പുറത്താകലിന് കാരണം. ഈ സാഹചര്യം മുതലെടുത്ത് ഉത്തപ്പെയെ കേരളത്തിലെത്തിക്കാനാണ് കെസിഎ ശ്രമം തുടങ്ങിയത്.

എന്നാൽ ഐപിഎല്ലിലെ മികച്ച ഫോം റോബിൻ ഉത്തപ്പയ്ക്ക് വീണ്ടും തുണയായി. എട്ട് കളികളിൽ നിന്ന് 272 റൺസാണ് ഉത്തപ്പ ഈ ഐപിഎൽ സീസണിൽ നേടിയത്. പോയിന്റ് പട്ടികയിൽ കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സ് മുന്നിലുള്ളതും ഉത്തപ്പയുടെ ബാറ്റിങ് മികവിലാണ്. വിക്കറ്റ് കീപ്പറായും തിളങ്ങി. ഐ.പി.എല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും അധികം സ്റ്റംപിങ് എന്ന മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡിനൊപ്പം റോബിൻ ഉത്തപ്പ എത്തി. ധോണിയുടെ ടീമായ പുനെയ്ക്കെതിരേ മൂന്ന് താരങ്ങളെ സ്റ്റംപ് ചെയ്തു പുറത്താക്കിയാണ് ഉത്തപ്പ ധോണിയുടെ റെക്കോഡിനൊപ്പമെത്തിയത്. അങ്ങനെ എന്തുകൊണ്ടും മികച്ച ഫോമിലാണ് ഉത്തപ്പ. അതുകൊണ്ട് തന്നെ ഉത്തപ്പെയെ കർണ്ണാടക വിട്ടു നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് ശരിയായാൽ കേരളത്തിന്റെ തലവരമാറുമെന്ന് തന്നെയാണ് കെസിഎയുടെ പ്രതീക്ഷ. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന താരമാണ് റോബിൻ എന്നതാണ് ഇതിന് കാരണമെന്ന് കെസിഎയിലെ ഉന്നതൻ മറുനാടനോട് പറഞ്ഞു.

മലയാളിയെന്ന പരിഗണന എന്നും ഉത്തപ്പയ്ക്ക് കേരളം നൽകിയിരുന്നു. 2007ലെ പ്രഥമ ട്വന്റി ട്വന്റി ലോക കിരീടം നേടി ഇന്ത്യൻ ടീമിൽ ഉത്തപ്പയും അംഗമായിരുന്നു. ഈ വിജയത്തിൽ ശ്രീശാന്തും പങ്കാളിയായിരുന്നു. മലയാളിയുടെ അഭിമാനമായി മാറിയ ശ്രീശാന്തിന് അഞ്ച് ലക്ഷം രൂപയാണ് സർക്കാർ അന്ന് സമ്മാനമായി നൽകിയത്. അന്ന് കർണ്ണാടകത്തിൽ സ്ഥിര താമസമാക്കിയ ഉത്തപ്പയേയും കേരളം ആദരിച്ചു. മൂന്ന് ലക്ഷം രൂപയാണ് ഉത്തപ്പയ്ക്ക് നൽകിയത്. ശ്രീശാന്തുമായി ചേർന്ന് ചില ബിസിനസ്സുകളും ഉത്തപ്പ കേരളത്തിൽ നടത്തിയിരുന്നു. കേരളാ ടിമിലെ റൈഫി വിൻസന്റ് ഗോമസ് ഉത്തപ്പയുടെ അടുത്ത സുഹൃത്തും. റൈഫിയുടെ വിവാഹ നിശ്ചയത്തിന് പോലും തിരിക്കുകൾ മാറ്റി വച്ച് ഉത്തപ്പ എത്തിയിരുന്നു. കേരളത്തോട് ഉത്തപ്പയ്ക്കുള്ള പ്രത്യേക സ്‌നേഹം കേരളത്തിന് തുണയാക്കുമെന്ന പ്രതീക്ഷയിലാണ് കെസിഎ.

ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരും. കൊൽക്കത്ത നെറ്റ്‌റൈഡേഴ്‌സിന്റെ കോച്ചിങ് സ്റ്റാഫിൽ മലയാളിയായ ബിജു ജോർജും ഉണ്ട്. കേരളത്തിന്റെ മുൻ പരിശീലകൻ കൂടിയായ ബിജു ജോർജും ഉത്തപ്പയുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തുന്നുണ്ട്. ഐപിഎൽ കഴിഞ്ഞാലുടൻ ഉത്തപ്പ നിലപാട് വിശദീകരിക്കും. അതിന് ശേഷം മാത്രമേ പുതിയ സീസണിലെ നായകനെ കേരളം പ്രഖ്യാപിക്കൂവെന്നും കെസിഎ ഭാരവാഹി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP