Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ഒരുദിവസം വീട്ടിൽ അന്തിയുറങ്ങാമെന്ന് വല്ലാതെ മോഹിച്ചെങ്കിലും വെറുതെയായി; മാളയിലെ വീട്ടിൽ മകളോടും ഭാര്യയോടും സംസാരിച്ചിരുന്നത് മാത്രം അൽപം ആശ്വാസം; അയൽക്കാർ ആരും തിരിഞ്ഞുനോക്കിയില്ല; മകളുടെ വിവാഹത്തിന് പരോളിൽ ഇറങ്ങിയ റിപ്പർ ജയാനന്ദന് ഇന്നും ജയിലിൽ തന്നെ രാത്രിയുറക്കം

ഒരുദിവസം വീട്ടിൽ അന്തിയുറങ്ങാമെന്ന് വല്ലാതെ മോഹിച്ചെങ്കിലും വെറുതെയായി; മാളയിലെ വീട്ടിൽ മകളോടും ഭാര്യയോടും സംസാരിച്ചിരുന്നത് മാത്രം അൽപം ആശ്വാസം; അയൽക്കാർ ആരും തിരിഞ്ഞുനോക്കിയില്ല; മകളുടെ വിവാഹത്തിന് പരോളിൽ ഇറങ്ങിയ റിപ്പർ ജയാനന്ദന് ഇന്നും ജയിലിൽ തന്നെ രാത്രിയുറക്കം

ആർ പീയൂഷ്

തൃശൂർ: മകളുടെ വിവാഹത്തിനായി രണ്ട് ദിവസത്തേക്ക് ഹൈക്കോടതി പരോൾ അനുവദിച്ചെങ്കിലും റിപ്പർ ജയാനന്ദന് സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ രാവിലെ മാളയിലെ വീട്ടിലെത്തിച്ച ശേഷം വൈകുന്നേരം 5 മണിയോടെ വിയ്യൂർ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടു പോയി. നാളെ രാവിലെ മകളുടെ വിവാഹ വേദിയിൽ പൊലീസ് അകമ്പടിയോടെ തന്നെ വീണ്ടും കൊണ്ടു വരും.

ഇന്ന് രാവിലെ റിപ്പർ ജയാനന്ദനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്നും മാള പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമായിരുന്നു പൊയ്യയിലെ വീട്ടിലേക്ക് കൊണ്ടു പോയത്. വീട്ടിലെത്തി മകളോടും ഭാര്യയോടും സംസാരിച്ചിരുന്നു. അടുത്ത ചില ബന്ധുക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. റിപ്പർ എത്തുന്ന വിവരം അയൽക്കാരെല്ലാവരും അറിഞ്ഞെങ്കിലും ആരും തന്നെ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല.

മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട ഭാര്യ ഇന്ദിരയ്ക്ക് വേണ്ടി അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദനാണ് ഹൈക്കോടതിയിൽ ഹാജരായത്. 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ രണ്ട് ദിവസത്തെ ഉപാധികളോടുള്ള പരോളാണ് കോടതി അനുവദിച്ചത്. നാളെയാണ് മകളുടെ വിവാഹം. 22ാം തീയതി 9 മണി മുതൽ 5 മണി വരെ വിവാഹ ചടങ്ങിൽ പങ്കെടുക്കാം.

ജയാനന്ദൻ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകിയ ശേഷമാണ് കോടതി പരോൾ അനുവദിച്ചത്. തന്റെ വിവാഹമാണെന്നും അഭിഭാഷക എന്ന രീതിയിലല്ല ഹാജരായതെന്നും മകളെന്ന രീതിയിലാണ് അനുമതി തേടുന്നതെന്നും കീർത്തി വാദിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ എതിർത്തെങ്കിലും പരോൾ അനുവദിക്കുകയായിരുന്നു. മകളുടെ വിവാഹം പോലൊരു ചടങ്ങിൽ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നത് കണക്കിലെടുക്കുന്നു എന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ഒപ്പമുള്ള പൊലീസുകാർ യൂണിഫോമിലായിരിക്കരുതെന്നും സിവിൽ വസ്ത്രം ധരിച്ചു വേണം ചടങ്ങിൽ പങ്കെടുക്കാനെന്നും കോടതി നിഷ്‌കർഷിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ജയാനന്ദനെ ജയിലിൽ തിരിച്ചെത്തിക്കാമെന്ന് പരാതിക്കാരിയും മകളും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

മാള ഇരട്ടക്കൊല, പെരിഞ്ഞാനം, പുത്തൻവേലിക്കര കൊലക്കേസുകൾ തുടങ്ങി 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്‌ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി. ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ. അതീവ അപകടകാരി ആയതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. പുത്തൻവേലിക്കര ദേവകി കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി ഇടപെട്ട് ജീവപര്യന്തമാക്കി ശിക്ഷ ഇളവ് ചെയ്തു. 2021 ഡിസംബറിലായിരുന്നു അറസ്റ്റ്. സഹതടവുകാരുമായി കൊലപാതക വിവരം പങ്കുവെച്ചതാണ് ഈ കേസിൽ റിപ്പറിനെ കുടുക്കിയത്. രണ്ട് തവണ ഇയാൾ ജയിൽ ചാടി.

2000ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 2013ൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുമാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പോണേക്കരയിലെ ഇരട്ടക്കൊലക്കേസിൽ ഒന്നര പതിറ്റാണ്ട് നീണ്ട അന്വേഷണത്തിനൊടുവിലാണ് ജയാനന്ദനെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP