Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുരുവായൂരിൽ ഇറങ്ങിയപ്പോൾ യാത്രക്കാരൻ പറഞ്ഞത് കൈയിൽ പണമില്ലെന്ന്; പിന്നെ കൊടുത്തത് സ്വർണ്ണ നിറമുള്ള മാല; തൃശൂരിൽ നിന്ന് പൈസ വാങ്ങി തരാമെന്ന് പറഞ്ഞ് വീണ്ടും ഓട്ടോയിൽ കയറി; സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ കൊടുത്തത് മാലയ്‌ക്കൊപ്പം മൊബൈൽ ഫോണും; വെറുതെ ഉരച്ചപ്പോൾ അറിഞ്ഞ് കിട്ടിയത് തനി സ്വർണ്ണമെന്ന സത്യം; എല്ലാം തിരിച്ചു നൽകി മാതൃകയാകൽ; ഇത് നെയ്യാറ്റിൻകരക്കാരന്റെ കണ്ണീരൊപ്പി പണി കിട്ടിയ അതേ ഓട്ടോ ഡ്രൈവർ; രേവത് ബാബു വിസ്മയമാകുമ്പോൾ

ഗുരുവായൂരിൽ ഇറങ്ങിയപ്പോൾ യാത്രക്കാരൻ പറഞ്ഞത് കൈയിൽ പണമില്ലെന്ന്; പിന്നെ കൊടുത്തത് സ്വർണ്ണ നിറമുള്ള മാല; തൃശൂരിൽ നിന്ന് പൈസ വാങ്ങി തരാമെന്ന് പറഞ്ഞ് വീണ്ടും ഓട്ടോയിൽ കയറി; സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ കൊടുത്തത് മാലയ്‌ക്കൊപ്പം മൊബൈൽ ഫോണും; വെറുതെ ഉരച്ചപ്പോൾ അറിഞ്ഞ് കിട്ടിയത് തനി സ്വർണ്ണമെന്ന സത്യം; എല്ലാം തിരിച്ചു നൽകി മാതൃകയാകൽ; ഇത് നെയ്യാറ്റിൻകരക്കാരന്റെ കണ്ണീരൊപ്പി പണി കിട്ടിയ അതേ ഓട്ടോ ഡ്രൈവർ; രേവത് ബാബു വിസ്മയമാകുമ്പോൾ

ആർ പീയൂഷ്

തൃശൂർ: മാനസികാസ്വാസ്ഥ്യമുള്ള യാത്രക്കാരൻ ഓട്ടോക്കൂലിക്ക് പകരം നൽകിയ 2 പവന്റെ സ്വർണ്ണ മാലയും ഐഫോണും ഓട്ടോ റിക്ഷാ ഡ്രൈവർ ബന്ധുക്കളെ വിളിച്ചു വരുത്തി തിരികെ കൊടുത്തു. വാടാനപ്പള്ളി സ്വദേശിയും തൃശൂർ പോപ്പുലർ പേട്ട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമായ രേവത് ബാബുവാണ് സ്വർണ്ണവും ഫോണും തിരികെ നൽകിയത്. യാത്രക്കാരനും ബന്ധുക്കളും തൃശൂർ ബിജെപി ഓഫീസിലെത്തിയാണ് ഏറ്റുവാങ്ങിയത്. ഓട്ടോക്കൂലിയായ 500 രൂപയും ബന്ധുക്കൾ തിരികെ നൽകി രേവത് ബാബുവിന് നന്ദി അറിയിച്ചു.

മൂന്ന് ദിവസം മുൻപാണ് നഗരത്തിൽ നിന്നു ഗുരുവായൂരിലേക്ക് രാത്രി 10.30ന് പെരിന്തൽമണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആൾ ഓട്ടം വിളിച്ചത്. ഗുരുവായൂർ അമ്പലത്തിന്റെ കിഴക്കേനടയിലെത്തി ഇറങ്ങിയപ്പോൾ പണമില്ലെന്നു പറഞ്ഞു. കുറച്ചുനാൾ മുൻപ് രേവതിനെ തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി പണം നൽകാതെ മുങ്ങിയയാളെ പൊലീസ് പിടികൂടിയിരുന്നു. ഈ അനുഭവം പറഞ്ഞ് അയാളോടു പണം തരാതെ പോകരുതെന്ന് അഭ്യർത്ഥിച്ചു. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ട് പൊലീസിനെ വിളിച്ചു. സഞ്ചിയിൽ നിന്ന് സ്വർണനിറമുള്ള മാലയെടുത്ത് ഇത് ഓട്ടോക്കാരനു കൊടുക്കാമെന്നു യാത്രക്കാരൻ പറഞ്ഞു. പെരുമാറ്റത്തിൽ പന്തികേടു തോന്നിയതോടെ യാത്രക്കാരന്റെ മൊബൈലിൽ നിന്നു ബന്ധുവിന്റെ നമ്പർ എടുത്തു ടെംപിൾ പൊലീസ് വിളിച്ചു.

ഇയാൾ വീടുവിട്ടു പോയിട്ട് മാസങ്ങളായെന്നും കറങ്ങി നടക്കുന്നതാണു പതിവെന്നും പറഞ്ഞ വീട്ടുകാർ മുക്കുപണ്ടമാകാനാണു സാധ്യതയെന്നും പറഞ്ഞു. അമ്പലം കമ്മിറ്റിക്കാർ രേവതിന്റെ അവസ്ഥ കണ്ട് ഡീസൽ കാശായി 200 രൂപ കൊടുത്തു. ഇതുമായി മടങ്ങുമ്പോൾ യാത്രക്കാരൻ വീണ്ടും രേവതിന്റെ ഓട്ടോയിൽ കയറി. തൃശൂരിൽ നിന്നു പൈസ വാങ്ങിത്തരാമെന്നായിരുന്നു വാക്ക്. തൃശൂർ വടക്കേ സ്റ്റാൻഡിൽ ഇറങ്ങി. കൂലിക്കുപകരം അതേ മാല തന്നെ എടുത്തുകൊടുത്തു.

മുക്കുപണ്ടം കിട്ടിയിട്ടെന്താ കാര്യമെന്നു ചോദിച്ചപ്പോൾ മൊബൈൽ ഫോണും എടുത്ത് രേവതിന്റെ മടിയിലേക്ക് എറിഞ്ഞ് കൊടുത്തു. കൂലി തരുമ്പോൾ തിരിച്ചു തന്നാൽ മതിയെന്നു പറഞ്ഞു യാത്രക്കാരൻ കടന്നു കളഞ്ഞു. രണ്ടുദിവസമായിട്ടും പൈസ തരാൻ അയാൾ എത്താതായപ്പോൾ രേവത് സുഹൃത്തിന്റെ സ്വർണക്കടയിൽ മാല കൊണ്ടുചെന്നു ഉരച്ചു നോക്കിയപ്പോൾ സ്വർണം തന്നെയ്ന്ന് മനസ്സിലായി. 2 പവൻ തൂക്കവുമുണ്ട്. ഇതോടെയാണ് രേവത് മലയാള മനോരമയിൽ വിവരമറിയിക്കുകയും വാർത്ത പുറത്തിറിയുകയും ചെയ്തു.

വാർത്ത ശ്രദ്ധയിൽപെട്ട ബന്ധുക്കൾ പിന്നീട് രേവത് ബാബുവിനെ ബന്ധപ്പെടുകയും കഴിഞ്ഞ ദിവസം യാത്രക്കാരനൊപ്പം എത്തി സ്വർണ്ണവും ഫോണും ഏറ്റുവാങ്ങുകയുമായിരുന്നു. കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യമുള്ള യാത്രക്കാരനെ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളും മറ്റും മൂലമുണ്ടായ മാനസിക പ്രശ്നങ്ങൾ മൂലമാണ് വീട് വിട്ടിറങ്ങിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന മറ്റൊരു ഫോൺ ഒരു ക്ഷേത്രത്തിലെ ഭണ്ടാരത്തിന് സമീപത്ത് നിന്നും ലഭിച്ചിരുന്നത് ബന്ധുക്കളെ ക്ഷേത്രം ജീവനക്കാർ അറിയിച്ചിരുന്നു. ഇതും വാങ്ങിയാമ് ബന്ധുക്കളും യാത്രക്കാരനും മടങ്ങിയത്. രേവതിനെ പോലെയുള്ള ഒരാളായതു കൊണ്ടാണ് സ്വർണ്ണവും ഫോണും തിരികെ കിട്ടിയതെന്നും ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ മാസം തൃശൂരിൽ നിന്നും തലസ്ഥാനത്തേക്ക് ഓട്ടം വിളിച്ച് ഓട്ടോക്കൂലി നൽകാതെ യാത്രക്കാരൻ കടന്നു കളഞ്ഞ സംഭവം വാർത്തായിയിരുന്നു. ജൂലൈ കഴിഞ്ഞ 28 ന് രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിയായ നിഷാന്ത് അമ്മ മരിച്ചു പോയി വീട്ടിലെത്താൻ പണമില്ലാ എന്ന് കളവ് പറഞ്ഞ് രേവത് ബാബുവിനെ ഓട്ടം വിളിച്ചത്. വീട്ടിലെത്തിയാൽ സഹോദരിയുടെ ഭർത്താവ് പണം തരുമെന്നും മറ്റുമാർഗ്ഗമില്ലാത്തതിനാലാണ് എന്നും പറഞ്ഞു. യാത്രയ്ക്ക് 6,500 രൂപ കൂലിയും ഉറപ്പുനൽകി.

സമയം രാത്രി 10.30 ആയി, സ്റ്റാന്റിൽ മറ്റ് ഓട്ടോ റിക്ഷക്കാരുമില്ല. യുവാവിന്റെ ദയനീയാവസ്ഥ കണ്ട് ഒന്നും ആലോചിച്ചില്ല നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. തൈക്കാട് ഗവൺമെന്റ് ആശുപത്രിയുടെ അടുത്ത് നിർത്താൻ ആവിശ്യപ്പെട്ട നിഷാന്ത് കുറച്ചു നേരം ഓട്ടോയിൽ തന്നെ ഇരുന്നു. അളിയൻ ഇപ്പോൾ വരും എന്നും പറഞ്ഞു. അൽപ്പനേരം കഴിഞ്ഞപ്പോൾ പണമുണ്ടെങ്കിൽ 1000 രൂപ തരാമോ അമ്മയുടെ ശവമടക്കിന് വേണ്ട ചില സാധനങ്ങൾ വാങ്ങാനാണ് എന്നും അളിയൻ വരുമ്പോൾ വാടകയുടെ കൂടെ തിരികെ തരാമെന്നും രേവതിനോട് പറഞ്ഞു. യുവാവിന്റെ വാക്ക് വിശ്വസിച്ച് രേവത് കയ്യിലുണ്ടായിരുന്ന പണം നുള്ളിപെറുക്കി 1000 രൂപ തികച്ച് കൊടുത്തു.

ഏറെ സമയം കഴിഞ്ഞിട്ടും സാധനങ്ങൾ വാങ്ങാൻ പോയ ആളെ കാണാതിരുന്നതോടെയാണ് അയാൾ കടന്നു കളഞ്ഞതാണെന്ന് മനസ്സിലായത്. തൊട്ടടുത്തുള്ള കാടക്കാരോടും മറ്റും കാര്യങ്ങൾ പറഞ്ഞപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുക്കാൻ നിർദ്ദേശിച്ചു. അങ്ങനെ സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞു. ഉടൻ തന്നെ പൊലീസ് ആശുപത്രിയുടെ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് പൊലീസുദ്യോഗസ്ഥർ എല്ലാവരും കൂടി പിരിവിട്ട് 500 രൂപ കൊടുത്താണ് രേവതിനെ തൃശൂരിലേക്ക് പറഞ്ഞു വിട്ടത്. കഴിഞ്ഞദിവസം നിശാന്തിന്റെ വിവരങ്ങൾ മറുനാടൻ മലയാളി കണ്ടെത്തുകയും കേസ് അന്വേഷിക്കുന്ന തമ്പാനൂർ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് 500 രൂപയുടെ ഓട്ടത്തിന് പകരം 2 പവൻ സ്വർണ്ണാഭരണവും ഐഫോണും കൂലിയായി യാത്രക്കാരൻ നൽകിയ സംഭവമുണ്ടാകുന്നത്. ബന്ധുക്കൾ ഇത് തിരികെ കൊടുത്ത രേവതിന്റെ നല്ല മനസ്സിന് നാട്ടുകാർ അഭിനന്ദിക്കുകയാണ്.

രേവത് ബാബു നിർദ്ധന കുടുംബത്തിലെ അംഗമാണ്. വരന്തരപ്പള്ളി കരിയാട്ടു പറമ്പിൽ ബാബു- ഷീബ ദമ്പതികളുടെ മകനാണ്. ഒരു വസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ചു പോയി. പിന്നീട് അമ്മ ഷീബ വീട്ടുവേലയ്ക്കും മറ്റും പോയാണ് രേവത് ബാബുവിനെയും രണ്ട സഹോദരിമാരെയും പോറ്റി വളർത്തിയത്. രേവത് മൂന്നാംക്ലാസ്സിൽ എത്തിയപ്പോഴാണ് പുതുക്കാട് വച്ച് അമ്മയ്ക്ക് വാഹനാപകടം പറ്റി കിടപ്പിലായി. മൂന്ന് കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന ചെറിയ തുക കൊണ്ട് മൂന്നാംക്ലാസ്സുകാരൻ ലോട്ടറി വിൽപ്പന നടത്തി വിധിയെ പൊരുതി തോൽപ്പിക്കാനായി ഇറങ്ങി. കിട്ടുന്ന തുച്ഛമായ നരുമാനത്തിൽ അമ്മയുടെ ചികിത്സയും സഹോദരിമാരുടെ പഠനവും നടത്തി. മൂന്നാംക്ലാസ്സുകാരന്റെ മനസ്സാന്നിധ്യം ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. രേവതിന്റെ കഥ മാതൃഭൂമിയുടെ നഗരം പേജിൽ വലിയ വാർത്തയായി വന്നു. ഇതു ശ്രദ്ധയിൽപെട്ട നടൻ കലാഭവൻ മണി രേവതിന്റെ വീട്ടിലെ എല്ലാ ചിലവുകളും ഏറ്റെടുക്കുകയായിരുന്നു. സഹോദരിമാരെ പഠിപ്പിക്കാനും അമ്മയുടെ ചികിത്സയും എല്ലാം നടത്തിയത് മണിയായിരുന്നു.

മകനെ എന്നായിരുന്നു മണി രേവതിനെ വിളിച്ചിരുന്നത്. അച്ഛന്റെ സ്ഥാനത്ത് തന്നെയായിരുന്നു രേവത് മണിയെ കണ്ടത്. പത്താംക്ലാസ് എഴുതിയെടുത്ത രേവതിന് പിന്നീട് ഒരു ഓട്ടോറിക്ഷ അദ്ദേഹം വാങ്ങിക്കൊടുത്തു. അങ്ങനെയാണ് രേവത് ഓട്ടോക്കാരനായത്. ചില സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. മരണശേഷം മണിയുടെ കുടുംബം ഓട്ടോറിക്ഷയുമായി സംബന്ധിച്ച് കേസു കൊടുക്കുകയും മറ്റും ചെയ്തതിനാൽ ഇപ്പോൾ ഓടിക്കാനാവാതെ വീട്ടിൽ തന്നെയാണ്.

മറ്റൊരാളുടെ ഓട്ടോ വാടകയ്ക്കെടുത്താണ് ഇപ്പോൾ ഉപജീവനം നടത്തുന്നത്. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ കടക്കെമിയാലാണിപ്പോൾ. മാതാവ് ഷീബ വീടിനടുത്ത് തന്നെ ലോട്ടറി കച്ചവടം നടത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP