Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിലവിളക്ക് അനിസ്ലാമികമെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്! രവിപിള്ളയുടെ മകളുടെ വിവാഹാഘോഷം ബഹറിൻ രാജകുടുംബാഗം ഭാര്യയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത് എങ്ങനെയെന്ന് കാണുക; അനാവശ്യ വിവാദങ്ങൾ ഇനിയെങ്കിലും അബ്ദു റബ്ബ് ഒഴിവാക്കുമോ?

നിലവിളക്ക് അനിസ്ലാമികമെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്! രവിപിള്ളയുടെ മകളുടെ വിവാഹാഘോഷം ബഹറിൻ രാജകുടുംബാഗം ഭാര്യയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത് എങ്ങനെയെന്ന് കാണുക; അനാവശ്യ വിവാദങ്ങൾ ഇനിയെങ്കിലും അബ്ദു റബ്ബ് ഒഴിവാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നിലവിളക്ക് ഇസ്ലാമിക സംസ്‌കാരമല്ലെന്നും ബഹുമാനാദരവോടെ അത് തെളിക്കുന്നത് അനുവദനീയമല്ലെന്ന് കേരളത്തിലെ ചില ഇസ്ലാം മത നേതാക്കൾ പറയുന്നു. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനെ പോലുള്ളവർ അത് അനുസരിക്കുകയും ചെയ്യുന്നു. സൂപ്പർ താരം മമ്മൂട്ടി പറഞ്ഞാൽ പോലും അബ്ദുറബ്ബ് നിലവിളക്കിന്റെ ഭാഗത്തേക്ക് നോക്കില്ല. അനിസ്ലാമികമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇവിടെയാണ് കൊല്ലത്തെ ഈ ചടങ്ങിന്റെ പ്രസക്തി. ബഹറിൻ രാജകുടുംബത്തിലെ മുതിർന്ന അംഗത്തിന് നിലവിളക്ക് അനസ്ലാമികമല്ല. ഒരു മടിയും കൂടാതെ നിലവിളക്ക് കൊളുത്താൻ ബഹറിനിലെ കിരിടാവകാശി പദവിയുള്ള ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫ തയ്യാറാവുകയും ചെയ്തു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ ഷെയ്ഖ് മാറം നിലവിളക്ക് കത്തിക്കുന്നതിനെ തടഞ്ഞതുമില്ല.

ബഹറിൻ ആസ്ഥാനമായി വളർന്ന് പന്തലിച്ച രവി പിള്ളയുടെ മകളുടെ കല്ല്യാണാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. രവിപിള്ളയുടെ ആസ്ഥാനം ബഹറിനാണ്. അതുകൊണ്ട് തന്നെ രാജകുടുംബത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും മനസ്സും തിരിച്ചറിഞ്ഞ് മാത്രമേ രവി പിള്ളയെ പോലൊരു വ്യവസായ പ്രമുഖൻ ചടങ്ങ് ആസൂത്രണം ചെയ്യുകയുള്ളൂ. മകളുടെ വിവാഹത്തിന് മാറ്റ് കൂട്ടാനായെത്തിയ പ്രത്യേക അതിഥിയാണ് ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫ. നിലവിളക്ക് കൊളുത്തുന്നതിൽ യാതൊരു മതാചാര പ്രശ്‌നവുമില്ലെന്ന തിരിച്ചറിവിൽ തന്നെയാണ് ബഹറിൻ രാജകുടുംബ പ്രതിനിധി അതിന് തയ്യാറായത്. ഇവിടെയാണ് കേരളത്തിൽ നിലവിളിക്ക് കൊളുത്തുന്നതിനെതിരെ ചില ഇസ്ലാം മത സംഘടനകളെടുക്കുന്ന നിലപാടിലെ കള്ളക്കളി പുറത്താകുന്നത്.

ദീപാരാധനയും അഗ്‌നിയാദരവും ഇസ്ലാമികമായി പാടില്ലാത്തതും ഉദ്ഘാടന വേളകളിലും മറ്റും ആദരപൂർവം ദ്വീപം കൊളുത്തുന്ന ആചാരം മുസ്ലിംങ്ങൾ നടപ്പാക്കുന്നത് ശരിയല്ലെന്നുമാണ് കേരളത്തിലെ ചില സംഘടനകളുടെ നിലപാട്. ഇതിനെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ സജീവമാകുന്നതിനിടെയാണ് രവിപിള്ളയുടെ മകളുടെ ചടങ്ങിന്റെ ചിത്രം പുറത്തുന്നത്. കേരളത്തിലെ പ്രബലമായ രണ്ട് മുസ്ലിം സംഘടനകളായ എ.പി, ഇ.കെ സുന്നികൾ രണ്ട് അഭിപ്രായം പറഞ്ഞിരിക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. നിലവിളക്ക് കൊളുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതും അത് മതവിരുദ്ധമാണെന്നും ഇ.കെ വിഭാഗം പറയുമ്പോൾ, വെളിച്ചം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ആധുനികവും പുരാതനവുമായ എല്ലാ വിളക്കുകളും കത്തിക്കുന്നതിൽ പ്രശ്‌നമില്ലെന്നാണ് എ.പി വിഭാഗത്തിന്റെ തീരുമാനം.

വിവാദമെന്തായാലും നിലവിളക്ക് കൊളുത്തി കേരളം കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കത്തിനാണ് ബഹറിൻ രാജകുടുംബാംഗം തുടക്കമിട്ടത്. ബഹറിൻ പ്രിൻസ് കോർട്ട് പ്രസിഡന്റായ ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫയെ കൊണ്ട് വിവാഹാ ആഘോഷത്തിന് തിരിതെളിച്ച് ഗൾഫ് രാജ്യങ്ങളിലെ തന്റെ സ്വാധീനം വ്യക്തമാക്കുക കൂടിയാണ് രവി പിള്ള. ചലച്ചിത്രം ബാഹുബലിയുടെ അണിയറ ശില്പികളെ അണിനിരത്തി കൊല്ലം ആശ്രാമം മൈതാനം ഒരു മാസമായി വാടകയ്‌ക്കെടുത്താണ് നടത്തുന്ന തയ്യാറെടുപ്പുകൾ നടന്നത്. ആശ്രാമം മൈതാനം ഒരുക്കാൻ മാത്രം 30 കോടി മുടക്കുമ്പോൾ കുറഞ്ഞത് 50 കോടിയെങ്കിലും ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിന് വേണ്ടി പൊടിപൊടിക്കുമെന്നാണ് അറിയുന്നത്. മലയാളികൾ ഇതുവരെയും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ കല്യാണം ആയിരിക്കും ഇത്. തിരുപ്പതി ക്ഷേത്രത്തിൽ താലികെട്ട് ചടങ്ങ് നടന്നിരുന്നു. വിവാഹ മാതൃകയിൽ വിപുലമായ റിസപ്ഷനാണ് കൊല്ലത്ത് നാളെ നടക്കുക.

42 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാനായി കേരളത്തിലെത്തുന്നത്. രാജ്യത്തലവന്മാർ, ആഗോള കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജകുടുംബാംഗങ്ങൾ എന്നിവരെല്ലാം കൊല്ലത്ത് വിവാഹാഘോഷങ്ങൾക്കായി ഒത്തുകൂടും. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, എന്നിവിടങ്ങളിലെ രാജകുടുംബത്തിലെ മുതിർന്ന മന്ത്രിമാരും രാജകുടുംബാംഗങ്ങളും, സാംസങ് ഗ്രൂപ്പ്, ജപ്പാൻ ഗ്യാസ് കോർപ്പറേഷൻ, ചിയോഡ കോർപ്പറേഷൻ ജപ്പാൻ, ദക്ഷിണ കൊറിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എസ്‌കെ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് അംഗങ്ങൾ, ഇറ്റലിയിൽനിന്നുള്ള ടെക് മൂൺ, എൻഎൽ ഗ്രൂപ്പ് യുറോപ്പ്, എക്‌സോൺ മൊബൈൽ തുടങ്ങിയ വൻ കമ്പനികളുടെ സിഇഒമാർ, വിവിധ ബിസിനസ് രംഗങ്ങളിൽനിന്നുള്ളവർ മുഖ്യമന്ത്രിയുമായും, പൊതു, സ്വകാര്യ മേഖലകളിലെ പ്രതിനിധികളുമായും ചർച്ചകൾ നടത്തുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപ കാലാവസ്ഥ രാജ്യത്ത് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. റോയിട്ടേഴ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച് ഇന്ത്യയിൽ 50 ബില്യൻ രൂപ (753.35 മില്യൻ അമേരിക്കൻ ഡോളർ) വരെ നിക്ഷേപം ഏകജാലകം വഴി അനുമതി നൽകുന്നതിന് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. 26 രാജ്യങ്ങളിലായി 80,000 ജീവനക്കാരുണ്ട് ആർപി ഗ്രൂപ്പിന്. 20 ബില്യൻ അമേരിക്കൻ ഡോളർ മതിപ്പുള്ള പദ്ധതികളാണ് ആർപി ഗ്രൂപ്പ് പൂർത്തിയാക്കിയിരിക്കുന്നത്.

ഒക്ടോബർ 25ന് കോവളം ലീലയിൽ വച്ചായിരുന്നു കല്യാണാഘോഷങ്ങളുടെ തുടക്കം. എം ജി ശ്രീകുമാറിന്റെ ഗാനമേളയോടെ ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. മാന്ത്രിമാരടക്കം കേരളത്തിലെ പ്രമുഖർ എല്ലാം പങ്കെടുത്ത ആ ചടങ്ങ് ഒരു മാസം നീണ്ടു നിൽക്കുന്ന വിവാഹച്ചടങ്ങുകളുടെ തുടക്കം മാത്രമായിരുന്നു. അതിന് ശേഷം താലികെട്ട് നടന്നു. 24ന് വൈകുംനേരം അഞ്ചര മുതൽ ഒൻപത് വരെ കൊല്ലത്ത് ഹോട്ടൽ രവീസിൽ നടക്കുന്ന പിന്നണി ഗായിക മഞ്ജരി നയിക്കുന്ന ഗസൽ സന്ധ്യയോടെയാണ് വിവാഹം ആഘോഷങ്ങൾക്ക് ദീപം തെളിഞ്ഞത്. നടിയും നർത്തകിയുമായ നവ്യാനായരുടെ ഫ്യൂഷൻ ഡാൻസും നടന്നു. അങ്ങനെ കൊല്ലം ആഘോഷത്തിലേക്ക് കടക്കുകയും ചെയ്തു. ഇതിന് തുടക്കമിട്ടാണ് ബഹറിൻ രാജകുടുംബാഗത്തിന്റെ നിലവിളക്ക് കൊളുത്തൽ. മെഹന്തി ഇടൽ ചടങ്ങിന് തുടക്കമിട്ടത് ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫിന്റെ ഭാര്യ ഷെയ്ഖ് മാറവും.

നവംബർ 25ന് വൈകുംന്നേരം ഏഴ് മുതൽ കൊല്ലം ക്യൂ എസ് റോഡിലുള്ള രവിപിള്ളയുടെ വസതിയിലാണ് പിറ്റെദിവസത്തെ ആഘോഷങ്ങൾ. ഏഴുമണിക്ക് തികച്ചും വ്യത്യസ്തമായ തൃശക്തി എന്നൊരു ഫ്യൂഷൻ ഡാൻസ് ഒരുക്കിയിട്ടുണ്ട്. 8.30 മുതൽ കൊല്ലം രവീസിൽ നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും ചേർന്നൊരുക്കുന്ന നാഗ എന്ന നാടകം അരങ്ങേറും. ഇതൊടെ കല്യാണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും. കല്യാണ ദിവസമായ നവംബർ 26ന് കൊല്ലത്ത് പ്രമുഖ വേദിയായ ആശ്രാമം മൈതാനത്ത് ഒട്ടേറെ ചടങ്ങുകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഒരു മാസമായി ഇതിനുള്ള ഒരുക്കത്തിനായി മൈതാനം സർക്കാരിൽ നിന്നും വാടകയ്ക്ക് എടുത്തിരിക്കുകയാണ്. രാവിലെ ഒൻപതിന് മുമ്പ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളെ ഹാളിൾ കയറ്റി കഴിഞ്ഞാൽ ഉടൻ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. കൃത്യം ഒൻപത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതൽ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയർ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യർ അരങ്ങുവിട്ടാലുടൻ എത്തുന്നത് നടി ശോഭനയാണ്. 10 മുതൽ പത്തേകാൽ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.

പത്തേകാലിന് ശോഭന അരങ്ങ് വിട്ടാൽ ഉടൻ 400 ആദിവാസി കലാകാരന്മാർ സ്‌റ്റേജിൽ എത്തും. റിഥം ഓഫ് ഫോറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വഴി തികച്ചും വ്യത്യസ്തമായി പ്രത്യേകം ചിട്ടപ്പെടുത്തിയ കലാവിരുന്നാണ് ഒരുക്കുക. 11.15 ആവുമ്പോൾ വീണ്ടും ശോഭന എത്തും. ശോഭനയുടെ സീതാകല്യാണം അഞ്ച് മിനുട്ട് നീണ്ടു നിൽക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. സീതാകല്യാണം അവസാനിക്കും മുമ്പ് വരൻ ആഘോഷമായി കല്യാണ മണ്ഡപത്തിലേയ്ക്ക് എത്തും. വരൻ എത്തി അഞ്ച് മിനുട്ട് കഴിഞ്ഞാൽ വിവാഹത്തിന്റെ ഊഴമായി. തുടർന്നാണ് താലികെട്ട് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം സർവ്വ രാഷ്ട്രീയ പാർട്ടിനേതാക്കൾക്കും ചടങ്ങിന് സാക്ഷ്യം വഹിക്കും. കേന്ദമന്ത്രിമാരും ഗവർണറും അടക്കമുള്ളവർക്കും ക്ഷണമുണ്ട്. വിവാഹ ചടങ്ങുകൾ കഴിഞ്ഞാൽ പിന്നെ അടിപൊളി ആഘോഷങ്ങൾക്ക് തുടക്കമാകും. 12 മണിക്ക് സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ മ്യൂസിക്കൊടെയാണ് വെടിക്കെട്ടുകൾക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ചടങ്ങുകളുടെ ആങ്കറിങ് ഏറ്റെടുത്തിരിക്കുന്നത് രഞ്ജിനി ഹരിദാസും വെട്ടിക്കവല ശശികുമാറും സംഘവുമാണ്. തുടർന്നാണ് അതിഥികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം. ഈ കേരളത്തിൽ ലഭിക്കാവുന്ന എന്തും കല്യാണ വിരുന്നിന് വിളമ്പുമെന്നാണ് മുഖ്യ സംഘാടകരിൽ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.

കൊല്ലത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 28ന് ലേമെറിഡിയനിൽ പ്രത്യേക റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സിയാ ഉൽഹഖും 17 കലാകാരന്മാരും ഒരുമിച്ച് നടത്തുന്ന ഖവാലിയാവും പ്രധാന ഇനം. തുടർന്ന് റിമി ടോമിയും വിധു പ്രതാപും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മകളുടെ വിവാഹത്തിന് വേണ്ടി പൊടിക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ ആശ്രാമം മൈതാനം മാത്രം ഒരുക്കാൻ 30 കോടി നൽകുന്നു എന്നാണ് റിപ്പോർട്ട്. കലാകാരന്മാർക്കെല്ലാം അവർ സിനിമയിൽ കൈപ്പറ്റുന്നതിനേക്കാൾ കൂടിയ പ്രതഫലം നൽകുമെന്ന് റിപ്പോർട്ടുണ്ട്. ഒരു നടിക്ക് മാത്രം 50ലക്ഷം നൽകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കല്യാണത്തിന് ക്ഷണക്കത്ത് നൽകിയ 6000 പേർക്കും വിലപിടിപ്പേറിയ ഒരു സാരിയും മുണ്ടും നൽകിയിട്ടുണ്ട്. ഏതാണ്ട് 8000 മുതൽ 10000 വരെയാണ് ഒരു സമ്മാനപ്പൊതിയുടെ നിരക്ക് എന്നാണ് സൂചന. കല്യാണക്കുറി ഒരെണ്ണം അടിക്കാൻ മാത്രം 800 മുതൽ 1000 വരെ രൂപ ആയതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP