Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

ആർസിസിയിൽ കിടക്കുന്ന വല്യച്ഛന് ഇനി അധികം ആയുസില്ല; നാട്ടിലേക്ക് ഉടൻ കൊണ്ടു പോകേണ്ടതുണ്ടെന്ന് പറഞ്ഞു; എന്റെ പണം നൽകി പോയാൽ മതിയെന്ന് ഉദ്യോഗസ്ഥനും; വിജിലൻസ് കൈയാമം വയ്ക്കുമ്പോൾ ദ്രോഹി നീ എന്നോട് ഇത് ചെയ്തല്ലോ എന്ന പ്രാക്കും! വല്യച്ഛൻ ഇല്ലാത്ത ദുഃഖം മാറിയെന്ന് രതീഷ് രഘുനന്ദൻ; പിആർഡിക്കാരനെ കൈക്കൂലിയിൽ കുടുക്കിയ കഥ

ആർസിസിയിൽ കിടക്കുന്ന വല്യച്ഛന് ഇനി അധികം ആയുസില്ല; നാട്ടിലേക്ക് ഉടൻ കൊണ്ടു പോകേണ്ടതുണ്ടെന്ന് പറഞ്ഞു; എന്റെ പണം നൽകി പോയാൽ മതിയെന്ന് ഉദ്യോഗസ്ഥനും; വിജിലൻസ് കൈയാമം വയ്ക്കുമ്പോൾ ദ്രോഹി നീ എന്നോട് ഇത് ചെയ്തല്ലോ എന്ന പ്രാക്കും! വല്യച്ഛൻ ഇല്ലാത്ത ദുഃഖം മാറിയെന്ന് രതീഷ് രഘുനന്ദൻ; പിആർഡിക്കാരനെ കൈക്കൂലിയിൽ കുടുക്കിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വല്യച്ഛൻ ക്യാനസറാണ് സാറെ.. അതീവ ഗുരുതാരവസ്ഥയിലാണ്. ഞാനും വല്യച്ഛനൊപ്പം ആർ സി സിയിലാണ്.....-പിആർഡിയിലെ കൈക്കൂലിക്കാരന്റെ മനസ്സിന്റെ വലുപ്പം അറിയാൻ അവതരിപ്പിച്ച കഥയാണ് ഇത്. ഈ കഥ കേട്ട് പിആർഡിക്കാരൻ പറഞ്ഞത് എന്നാൽ ആർ സി സിയിൽ വന്ന് പണം വാങ്ങിക്കോളാമെന്നും. അടുത്ത ദിവസവും വിളി വന്നു. അപ്പോൾ വല്യച്ഛനെ ആശുപത്രിക്കാർ കൈവിട്ടെന്നും വീട്ടിലേക്ക് കൊണ്ടു പോകാൻ പറഞ്ഞെന്നും അറിയിച്ചു. മരണക്കിടക്കയിലാണ് വല്യച്ഛൻ എന്ന കഥയുടെ രണ്ടാം ഭാഗം കേട്ടതും അയാർ തീർത്തു പറഞ്ഞു. എന്റെ പണം തന്നിട്ട് പോയാൽ മതിയെന്ന്. കൈക്കൂലിയോട് ആ ഉദ്യോഗസ്ഥനുള്ള താൽപ്പര്യം വാക്കുകളിൽ ക്രൂരതയായി ഒളിഞ്ഞിരുന്നു. ഇതിനുള്ള വിലയാണ് പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഡിയോ വീഡിയോ ഓഫീസറായ വിനോദ് കുമാറിന് നൽകേണ്ടി വന്നത്. വിനോദിനയാണ് 25000/ രൂപ കൈക്കൂലി വാങ്ങുന്നതിന്നിടെ വിജിലൻസ് കൈയോടെ പിടികൂടിയത്. സെറ്റിട്ട് അറസ്റ്റ് ചെയ്യുമ്പോൾ രതീഷ് രഘുനന്ദനന്റെ മുഖത്ത് നോക്കി വിനോദ് ചോദിച്ചു. എടാ ദ്രോഹി നീ എന്നോട് ഇത് ചെയ്തല്ലോ എന്ന്.

ടെലിവിഷൻ ജേർണലിസ്റ്റിൽ നിന്ന് സിനിമാക്കാരനായ മാധ്യമ പ്രവർത്തകനാണ് രതീഷ് രഘുനന്ദനൻ. സത്യന്റെ ജീവചരിത്രം ഉൾപ്പെടെയുള്ള സിനിമാ സംരഭവവുമായി മുമ്പോട്ട് പോകുമ്പോഴാണ് കോവിഡ് എത്തിയത്. അതുകൊണ്ട് വർക്കുകൾ അണിയറയിലുമായി. ഇതോടെയാണ് പി ആർ ഡിയുമായി സഹകരിക്കുന്നത്. ഇതാണ് വിനോദിനെ കുടുക്കിയ വിജിലൻസ് കേസിന് ആധാരം. അമൃതാ ടിവിയിലെ ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ വിജയിച്ചാണ് രതീഷ് മാധ്യമപ്രവർത്തകനായത്. ഈ ഷോയിലെ വിജയത്തോടെ അമൃതാ ടിവിയുടെ ഭാഗമാവുകയായിരുന്നു രതീഷ്. ഹരീഷ് വാസുദേവൻ, ഡോ സിജിത്ത്, ബേണി മോൾ... പിന്നെ രതീഷും... ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റിന്റെ ആദ്യ പതിപ്പിലെ ഫൈനലിസറ്റുകളായിരുന്നു ഇവർ. ഈ സംഘത്തിൽ നിന്നാണ് ചോറ്റാനിക്കരയിലെ ആ റിപ്പോർട്ടിംഗുമായി രതീഷ് ഒന്നാമാനയാത്.

പിന്നീട് റിപ്പോർട്ടർ ടിവിയിലും മീഡിയാ വണ്ണിലും ഗൾഫിലെ എഫ് എം റേഡിയോയിലുമെല്ലാം അവതാരകനായി. പിന്നെ തിരിച്ചെത്തി സിനിമയിലെ സാധ്യതകൾ തേടുകയായിരുന്നു രതീഷ്. ഒളിക്യാമറാ ജേർണലിസത്തിലെ പ്രധാനിയായിരുന്നു രതീഷ്. ചോറ്റാനിക്കരയിലെ ആ വാർത്തയ്ക്ക് ശേഷം ഐഎച്ച്ആർഡിയിലെ വി എസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാറിന്റെ നിയമനവുമായി ചെയ്ത ഒളിക്യാമറാ വാർത്തയും ശ്രദ്ധേയമായി. നേഴ്സിങ് നിയമനത്തിലെ തട്ടിപ്പിലും രതീഷ് ഒളിക്യാമറയിലൂടെ വാർത്തകൾ പുറത്തെത്തിച്ചു. ഈ ജേർണലിസ്റ്റിന് മുമ്പിലാണ് വിനോദ് കുമാറെന്ന പി ആർ ഡിക്കാരൻ കുടുങ്ങിയത്. ഗൾഫിൽ റേഡിയോ അവതാരകനും ന്യൂസ് റീഡറുമായി ശോഭിച്ച ശേഷം നാട്ടിലെത്തി സിനിമ പ്രവർത്തനവുമായി കഴിയുന്നതിനിടെയാണ് രതീഷ് പി ആർ ഡി യിലെ ചില പ്രോഗ്രാമുകൾ ചെയ്തു തുടങ്ങിയത്.

സർക്കരിന്റെ ഓൺ ലൈൻ റേഡിയോയിലേക്ക് വേണ്ട പരിപാടികളും ചെയ്തിരുന്നു. രതീഷ് തന്നെ രൂപം കൊടുത്ത മ - മെഗാ മീഡിയയുടെ ബാനറിലാണ് പരിപാടികൾ നിർമ്മിച്ചിരുന്നത്എന്നാൽ ആദ്യകാലത്ത് പി ആർ ഡി കൃത്യമായി പേയ്‌മെന്റ് നല്കിയിരുന്നു. കോവിഡ് വന്നതോടെ താളം തെറ്റി. ആറുമാസത്തെ തുക കിട്ടാനുണ്ടായിരുന്നു. ഈ തുകയ്ക്ക് വേണ്ടി നടത്തിയ ശ്രമങ്ങളാണ് വിജിലൻസ് കേസിന് ആധാരം. സ്ഥലം മാറ്റം കിട്ടി പഴയ ഉദ്യോഗസ്ഥർ പോയി. തുടർന്ന് നിലവിൽ വിജിലൻസ് പിടിയിലായ വിനോദ് ബന്ധപ്പെട്ട സെക്ഷന്റെ ചുമതലയിൽ വന്നതോടെ കൃത്യ സമയത്ത് പ്രതിഫലം ലഭിക്കാതെ ആയി. പരിപാടികൾ മുടക്കമില്ലാതെ ചെയ്യുകയും പേയ്‌മെന്റ് മുടങ്ങുകയും ചെയ്തതോടെ 21 ലക്ഷം രൂപയുടെ ബില്ല് പെന്റിംഗിലായി , ഇത് മാറികിട്ടാൻ രതീഷ് മുട്ടാത്ത വാതിലുകൾ ഇല്ല.

പലരും വഴിയും ചുമതലക്കാരനായ വിനോദിനെ സമീപിച്ചു. അപ്പോഴൊക്കെയും മുട്ടാ ന്യായങ്ങൾ നിരത്തി വിനോദ് ബില്ലു മാറുന്നത് വൈകിപ്പിച്ചു. ഒടുവിൽ മാറികിട്ടാനുള്ള തുകയുടെ 15% കമ്മീഷൻ നൽകിയാൽ ബില്ല് പാസാക്കാമെന്ന് വിനോദ് അറിയിച്ചു. എന്നാൽ തന്റെ കൈയിൽ പണം ഇല്ലന്നും ബില്ലുമാറി നൽകിയാൽ ചോദിച്ച പണം നൽകാമെന്നും രതീഷ് അറിയിച്ചു. ഇതിനിടെ രതീഷ് വിജിലൻസ് ആസ്ഥാനത്ത് എത്തി വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തെ കാര്യങ്ങൾ ധരിപ്പിച്ചു.കള്ളനെ പിടിക്കാമെന്ന് അവരും വാക്കു നൽകി. ആർ സിസിയിലെ അമ്മാവന്റെ കഥ രതീഷ് അവതരിപ്പിച്ച്ത ഇതിന്റെ ഭാഗമാണ്. വിജിലൻസ് പദ്ധതിയൊരുക്കിയത് പോലെ എല്ലാം നടന്നു. അങ്ങനെ 'ഇല്ലാത്ത അമ്മാവനെ' കൊണ്ട് നാടിനും തനിക്കും ഒരു ഗുണമുണ്ടായി-രതീഷ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. കാശു തന്നാൽ കമ്മീഷൻ എന്ന നിലപാടാണ് രതീഷ് സ്വീകരിച്ചത്. അതിന് മുമ്പ് ഈ കൈക്കൂലിയുടെ ധാർമികതയും രതീഷ് ഇയാളെ അറിയിച്ചിരുന്നു.

വിനോദ് പി ആർ ഡിയിൽ എത്തുന്നതിന് മുമ്പുള്ള പരിപാടികളാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ പണം വാങ്ങുന്നത് ഒരു ഒപ്പു പോലുമിടാത്ത ജോലിക്ക് വേണ്ടിയാണെന്നും മുമ്പാരും തന്നിൽ നിന്ന് കൈക്കൂലി വാങ്ങിയില്ലെന്നും വിനോദിനെ അറിയിച്ചു. എന്നാൽ തനിക്ക് കമ്മീഷൻ വേണമെന്ന് നിർബന്ധം പിടിച്ചു. ഇല്ലെങ്കിൽ ഭാവിയിൽ ഒരു ബില്ലും കിട്ടില്ലെന്നും നിലപാട് എടുത്തു. പി ആർ ഡിയുമായുള്ള കരാർ ഇല്ലായ്മ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും അഹങ്കാരം പറഞ്ഞു. ഈ അഹങ്കാരമാണ് മാധ്യമ പ്രവർത്തകൻ കൂടിയ രതീഷിനെ വിജിലൻസിന് മുമ്പിൽ എത്തിച്ചത്.

കൈക്കൂലി നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ രതീഷിന്റെ അക്കൗണ്ടിൽ പണം എത്തി. പിന്നീട് വിനോദ് പല തവണ ബന്ധപ്പെട്ടു .ഇക്കാര്യം രതീഷ് വിജിലൻസിനെ അറിയിച്ചു. കമ്മീഷന്റെ ആദ്യ ഗഡുവായ 25,000 രൂപ ഇന്ന് കൈമാറാമെന്ന് രതീഷ് സമ്മതിച്ചു. തുടർന്ന് രാവിലെ വിജിലൻസ് ഉദ്യോഗസ്ഥരുടെ അറിവോടെ തുക കൈമാറാൻ രതീഷ് ബന്ധപ്പെട്ടപ്പോൾ നഗരത്തിലെ പല സ്ഥലത്തും എത്താൻ വിനോദ് പറഞ്ഞു. ഇതിനിടെയാണ് സമർത്ഥമായി വല്യച്ഛൻ കഥ അവതരിപ്പിച്ചത്. അത് അപ്പാടെ വിനോദ് വിശ്വസിക്കുകയായിരുന്നു. 10 വർഷം മുൻപ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി ജോലിയിൽ പ്രവേശിച്ച വിനോദ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് പി ആർ ഡി യിൽ എത്തുന്നത്. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുമായി വലിയ സൗഹൃദം ഇല്ലാത്ത വിനോദ് സഹപ്രവർത്തകരുമായും അകന്നാണ് കഴിഞ്ഞിരുന്നത്. വിനോദിന്റെ പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ദുരൂഹത ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു.

നെടുമങ്ങാട് സ്വദേശിയായ വിനോദിനെതിരെ നേരത്തെയും സമാന രീതിയിൽ ആരോപണം ഉയർന്നെങ്കിലും പി ആർ ഡി ഗൗരവമായി എടുത്തിരുന്നില്ല. പി.ആർ .ഡി യുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ കുടുങ്ങുന്നത്. വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്‌പി ശ്രീ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് വിനോദിനെ അറസ്റ്റ് ചെയ്തത്. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്‌പി ശ്രീ.അശോക് കുമാറിനെ കൂടാതെ ഇൻസ്‌പെക്ടർമാരായ ശ്രീ. പ്രസാദ്, പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ, അജിത്ത്, അസി. പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. അനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ മധു ഉമേഷ്, പ്രേംദേവ്, ഹാഷിം, പ്രമോദ്, നിജു മോഹൻ, ഡ്രൈവർമാരായ. ഷിബ, അശ്വിൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP