Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു പ്രോജക്ടിന്റെ ഡിസ്‌കഷനിലാണ് മോനെ, തിരിച്ചുവിളിക്കാം; മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത് ഇങ്ങനെ; അപ്പോഴും അച്ഛന് എന്തെങ്കിലും വിഷമമുള്ളതായി തോന്നിയില്ലെന്ന് മകൻ ഗോകുൽ; എന്തിനാണ് അച്ഛൻ മരിച്ചതെന്ന് അറിയണം; കേസുമായി മുന്നോട്ടു പോകുമെന്ന് മകൻ

ഒരു പ്രോജക്ടിന്റെ ഡിസ്‌കഷനിലാണ് മോനെ, തിരിച്ചുവിളിക്കാം; മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത് ഇങ്ങനെ; അപ്പോഴും അച്ഛന് എന്തെങ്കിലും വിഷമമുള്ളതായി തോന്നിയില്ലെന്ന് മകൻ ഗോകുൽ; എന്തിനാണ് അച്ഛൻ മരിച്ചതെന്ന് അറിയണം; കേസുമായി മുന്നോട്ടു പോകുമെന്ന് മകൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സീരിയൽ താരം രമേശ് വലിയശാലയുടെ മരണത്തിന്റെ കാരണമറിയാതെ ഇരുട്ടിൽ തപ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. എപ്പോഴും സന്തോഷവാനായിരുന്ന രമേശ് എന്തിനിത് ചെയ്തു എന്നാണ് സീരിയൽരംഗത്തെ സഹപ്രവർത്തകർ ചോദിക്കുന്നത്.

ആദ്യ ഭാര്യയുടെ മരണം അടക്കമുള്ള പ്രതിസന്ധികൾ ഉണ്ടായപ്പോഴും തകരാതെ നിന്നയാളാണ് രമേശ്. സഹപ്രവർത്തകർക്ക് എന്തെങ്കിലും പ്രതിസന്ധികളുണ്ടായാൽ ഓടിയെത്തി സമാധാനിപ്പിക്കുന്നതും രമേശായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും അദ്ദേഹത്തോട് സംസാരിച്ച സുഹൃത്തുക്കൾക്കാർക്കും എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല. അതുതന്നെയാണ് രമേശിന്റെ മരണത്തിലെ ദുരൂഹതയും. പെട്ടെന്ന് മരണം തെരഞ്ഞെടുക്കാൻ എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് തിരയുകയുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ.

മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് താൻ അച്ഛനെ വിളിച്ചിരുന്നുവെന്ന് രമേശ് വലിയശാലയുടെ മകൻ ഗോകുൽ രമേശ് പറയുന്നു. 'ഒരു പ്രോജക്ടിന്റെ ഡിസ്‌കഷനിലാണ് മോനെ, തിരിച്ചുവിളിക്കാം' എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത്. പിന്നീട് അറിയുന്നത് അച്ഛന്റെ മരണവാർത്തയാണ്. ഞാൻ വിളിക്കുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും വിഷമമുള്ളതായി തോന്നിയില്ലെന്നും ഗോകുൽ മറുനാടനോട് പറഞ്ഞു.

അച്ഛൻ മരിച്ചത് എന്തിനാണെന്ന് അറിയില്ല. അതറിയാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. അതിന് വേണ്ടി കേസുമായി മുന്നോട്ട് പോകുമെന്നും ഗോകുൽ അറിയിച്ചു. കുടുംബസമേതം കാനഡയിൽ താമസിക്കുന്ന ഗോകുൽ രമേശ് വലിയശാലയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് നാട്ടിലെത്തിയത്. രമേശിന്റെ മരണം പൊലീസിൽ വിളിച്ചുപറയുന്നതും ഗോകുലാണ്. കഴിഞ്ഞ 10-ാം തീയതിയാണ് രമേശ് വലിയശാലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യയും മകളും പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹം തൂങ്ങിനിൽക്കുന്നത് കണ്ടതെന്ന് പറയപ്പെടുന്നു.

കണ്ണൻ താമരക്കുളത്തിന്റെ 'വരാൽ' എന്ന സിനിമയിലാണ് രമേശ് നിലവിൽ അഭിനയിച്ചുകൊണ്ടിരുന്നത്. ആദ്യഭാര്യയുടെ മരണശേഷം അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചിരുന്നു. വലിയശാലയിലെ വീട്ടിൽ മകളോടും ഭാര്യയോടുമൊപ്പമായിരുന്നു താമസം. 22 വർഷമായി സീരിയൽ രംഗത്തുള്ളയാണ് രമേശ്. പൊലീസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മികച്ച ഡബ്ബിങ് കലാകാരനുമായിരുന്നു. തിരുവനന്തപുരം ആർട്സ് കോളജിൽ പഠിക്കുമ്പോഴാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ നാടകങ്ങളുടെ ഭാഗമായി കോളജ് പഠനത്തിനുശേഷമാണ് സീരിയൽ രംഗത്ത് സജീവമാകുന്നത്.

രാത്രി എട്ടരയ്ക്കായിരുന്നു വലിയശാല രമേശിന്റെ മരണം. ഇത് പൊലീസ് അറിഞ്ഞത് കനാഡയിലുണ്ടായിരുന്ന മകന്റെ ഇടപെടലിലൂടെയാണ്. ഇതിനൊപ്പം വലിയശാല രമേശിന്റെ വീടുകളെ ചൊല്ലിയുള്ള തർക്കവും സംശയത്തിന് ഇടനൽകുന്നു. രണ്ട് വർഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറി. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനർവിവാഹം. ആറു മാസം മുമ്പ് മകൻ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്നങ്ങളിലേക്ക് മാറിയത്. വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു. പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് വസ്തുത.

കുറച്ചുകാലം മുമ്പാണ് രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നു. ഇതിനൊപ്പമാണ് മരണം പൊലീസിൽ അറിയിക്കുന്നതിലെ വീഴ്ചയും ചർച്ചയാകുന്നത്. ഭാര്യയും ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളും മാത്രമാണ് വലിയശാല രമേശ് തൂങ്ങി നിൽക്കുന്നത് നേരിൽ കണ്ടത്. ഇവർ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത്.

കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. കാനഡയിലുള്ള മകന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായതെന്ന് ആർക്കും അറിയില്ല. അയൽക്കാർ പോലും വൈകിയാണ് വിലയശാല രമേശിന്റെ തൂങ്ങിമരണത്തെ കുറിച്ച് അറിയുന്നത്. കുടുംബ പ്രശ്നങ്ങളിൽ അവർക്കും സംശയങ്ങൾ ഏറെയുണ്ട്.

ആശുപത്രിയിൽ നിന്ന് പൊലീസിന് തൂങ്ങി മരണത്തിന്റെ സ്വാഭാവിക സാധ്യതകളാണ് തിരിച്ചറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ വലിയശാല രമേശിന്റെ മരണത്തിൽ തുടരന്വേഷണം പൊലീസ് നടത്തിയതുമില്ല. ഈ സാഹചര്യത്തിലാണ് മകൻ സംശയവുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP