Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രിക്കെതിരായ കത്ത് പുറത്ത് വിട്ടത് ചെന്നിത്തലയുടെ അറിവോടെ; ഇംഗ്ലീഷ് പത്രങ്ങളിൽ കൊടുത്തത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ നേടാൻ; ചന്ദ്രശേഖരൻ നേരത്തെ ഡൽഹിയിലെത്തി ചരടുവലി നടത്തി; ലക്ഷ്യം ഇടുന്നത് ഹിന്ദു ധ്രുവീകരണ വിഷയം ചർച്ചയാക്കി നേതൃമാറ്റം ഉറപ്പിക്കാൻ

മുഖ്യമന്ത്രിക്കെതിരായ കത്ത് പുറത്ത് വിട്ടത് ചെന്നിത്തലയുടെ അറിവോടെ; ഇംഗ്ലീഷ് പത്രങ്ങളിൽ കൊടുത്തത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ നേടാൻ; ചന്ദ്രശേഖരൻ നേരത്തെ ഡൽഹിയിലെത്തി ചരടുവലി നടത്തി; ലക്ഷ്യം ഇടുന്നത് ഹിന്ദു ധ്രുവീകരണ വിഷയം ചർച്ചയാക്കി നേതൃമാറ്റം ഉറപ്പിക്കാൻ

ബി രഘുരാജ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എഴുതിയ കത്ത് പുറത്ത് വന്നതു അദ്ദേഹത്തിന്റെ തന്നെ അറിവോടെയെന്ന് ഡൽഹിയിൽ നിന്നുള്ള വിശ്വസനീയ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ചർച്ചയാക്കാനായി ഏതാനും ദിവസങ്ങളായി ചെന്നിത്തലയുടെ പ്രതിനിധിയായി ഡൽഹിയിൽ തങ്ങിയ ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് ഈ വാർത്ത ചോർത്തി നൽകിയത്. ഡൽഹിയിൽ ഇതൊരു ചർച്ചാ വിഷയം ആക്കാനും അത് വഴി നേതൃമാറ്റം ചർച്ച സജീവമാക്കാനും ഉദ്ദേശിച്ചാണ് ബോധപൂർവ്വം കത്ത് പുറത്തുവിട്ടത്. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട പല വാർത്തകളെയും ഈയിടെയായി ഡൽഹിയിൽ നിന്നിറങ്ങുന്ന ദേശീയ പത്രങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് വരുന്നതിന്റെ പിന്നിലും ഈ സംഘം തന്നെയാണ് എന്ന് ഡൽഹിയിൽ നിന്നുള്ള വൃത്തങ്ങൾ സൂചന നൽകുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആഭ്യന്തരമന്ത്രി സ്ഥാനത്തേയ്ക്ക് വരുമ്പോൾ ഇടക്കാല മുഖ്യമന്ത്രിയാക്കാം എന്ന വാക്കിന്റെ പുറത്താണ് എന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. പി സി ജോർജും പിള്ളയും അടക്കമുള്ള സംഘത്തിന്റെ പിൻബലത്തോടെ അതുമായി ബന്ധപ്പെട്ട് നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും അവയെല്ലാം ഉമ്മൻ ചാണ്ടി തകർത്തു കളയുകയായിരുന്നു. ഈ സംഘത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്ന സരിതയെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഒരു എംഎൽഎ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചതോടെ പ്രധാന ആയുധം നഷ്ടപ്പെട്ടതിന്റെ ക്ഷീണത്തിൽ ആയിരുന്നു ഈ വിഭാഗം. അഴിമതി കേസിൽ കുടുക്കുമെന്ന അവസ്ഥയിൽ കുഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കിയതും ബാർ കോഴയിൽ മാണിയെ വീഴ്‌ത്തിയതും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടിൽ ഒന്ന് അറിഞ്ഞേ മതിയാവു എന്ന് തീരുമാനിച്ചാണ് കത്ത് വിവാദം ഉയർത്തിയത്. കത്തിൽ പരാമർശിക്കുന്ന വിഷയങ്ങൾ കോൺഗ്രസിലെ ഹിന്ദു വോട്ടിനെ വലിയ തോതിൽ സ്വാധീനിക്കുന്നത് ആയതിനാൽ അത് ചർച്ചാ വിഷയം ആക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ നേതൃത്വം നൽകുന്ന കാര്യത്തിൽ ഉറപ്പ് ലഭിക്കും എന്നതാണ് ഉദ്ദേശം. ഏറ്റവും കുറഞ്ഞത് അടുത്ത ടീമിൽ ഭരണം പിടിക്കാനുള്ള ഫോർമുല എങ്കിലും വേണം എന്നാണ് ചെന്നിത്തലയുടെ പിടിവാശി. ഈ ചർച്ചയ്ക്ക് വേണ്ടിയാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.

കത്തിലെ വിഷയത്തെ കുറിച്ച് പ്രതിപാതിക്കാതെ കത്തിന്റെ ഉറവിടത്തെ കുറിച്ച് ശ്രദ്ധ തിരിച്ച് വിട്ട് നേട്ടം കൊയ്യാൻ ആണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയും സുധീരനും അടക്കുമുള്ളവർ കത്തിന്റെ വിശ്വാസ്യതയിൽ ചർച്ച നടത്തിയതോടെ കത്തിലെ ഉള്ളടക്കം മുങ്ങുക ആയിരുന്നു. അതൊഴിവാക്കാനാണ് കോൺഗ്രസിലെ ചില നേതാക്കൾ ഉള്ളടക്കത്തെ കുറിച്ച് പരാമർശിച്ച് രംഗത്ത് വന്നത്. എന്നാൽ സുധീരൻ തന്ത്രപൂർവ്വം അവരെ ഒറ്റുകയായിരുന്നു. കത്തിലെ ഉള്ളടക്കം ചർച്ച ചെയ്യാതെ കത്തിന്റെ ആധികാരികത ചർച്ച ആയത് ചെന്നിത്തലയ്ക്ക് ക്ഷീണം ആയിട്ടുണ്ട്.

ഉള്ളടക്കം ചർച്ച ആയാൽ തിരിച്ചടി ഉണ്ടാവുമെന്ന് ഉമ്മൻ ചാണ്ടിക്കും അറിയാം. കോൺഗ്രസിൽ ഹിന്ദുക്കൾക്ക് അവസരം ഇല്ല എന്ന ചർച്ചയാണ് ചെന്നിത്തല ആഗ്രഹിക്കുന്നത്. അത്തരമൊരു ചർച്ച ഒഴിവാക്കാൻ ആണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. ഹിന്ദു വികാരം വളരെ സജീവമായി കോൺഗ്രസിന് എതിരാണ് എന്നും വെള്ളാപ്പള്ളിയും ബിജെപിയും മുതലെടുപ്പ് നടത്തുന്നു എന്നുമുള്ള അവസ്ഥ ദേശീയ നേതൃത്വത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. എന്നാൽ യുഡിഎഫിനെ നയിക്കാനോ ഘടക കക്ഷികളെ ഒരുമിച്ച് നിർത്താനോ കോൺഗ്രസിന് നേട്ടം കൊയ്യാനോ ചെന്നത്തലക്ക് കഴിയില്ല എന്ന ആശങ്ക ഇവർക്ക് ഉണ്ടുതാനും.

ഇക്കുറി എങ്കിലും തീരുമാനം ഉണ്ടായില്ലെങ്കിൽ പരസ്യവഴക്ക് ആരംഭിക്കുമെന്ന സൂചന ചെന്നിത്തല നടത്തിക്കഴിഞ്ഞു. കരുണാകരന്റെ കാലത്തെ ഓർമ്മിക്കുന്ന അവസ്ഥയിലേയ്ക്ക് കോൺഗ്രസിലെ സാഹചര്യം ഉടൻ മാറിയെന്ന് വരാം. നേതൃമാറ്റം നടക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച് പ്രതിപക്ഷ നേതാവാകാനും തുടർന്ന് സ്വഭാവികമായി നേതൃത്വം ഏറ്റെടുക്കാനുമാണ് ആണ് ചെന്നിത്തലയുടെ നീക്കം. ഇത്തവണ തോറ്റാൽ തോൽവിയുടെ ഉത്തവാദിത്തം ഉമ്മൻ ചാണ്ടിയുടെ പുറത്ത് വച്ച് പ്രതിപക്ഷ നേതൃസ്ഥാനം നേടാൻ കഴിയുമെന്നാണ് ചെന്നിത്തല കണക്ക് കൂട്ടുന്നത്.

അത്തരം ഒരു സാഹചര്യം ഉണ്ടായാൽ ചെന്നിത്തല തന്നെ ജയിക്കുന്നത് കണ്ടറിയണമെന്ന് എ ഗ്രൂപ്പ് നേതാക്കളും പറയുന്നു. വിഴുപ്പലക്കിലേയ്ക്ക് പോയാൽ ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിൽ തോൽപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചെന്നിത്തലയുടെ മണ്ഡലം ഒട്ടും സുരക്ഷിതം അല്ല. കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലത്തിൽ ഭൂരിപക്ഷവും എ ഗ്രൂപ്പ് എംഎൽഎ മാരുടെ കൈയിൽ ആയിതിനാൽ അത്തരം ഒരെണ്ണം കണ്ടെത്താനും സാധിച്ചെന്നുവരില്ല. ഇതൊക്കെ ചെന്നിത്തല നേരിടുന്ന പ്രതിസന്ധികൾ ആണ്. എന്നാൽ, നായർ സമുദാത്തിന്റെ പിന്തുണയോടെയും പ്രതിപക്ഷത്തു തന്നെയുള്ള കക്ഷികളുമായുള്ളു ചെറിയ നീക്കുപോക്കിലൂടെയും എങ്ങനെയും വിജയിച്ചു കയറാം എന്നതാണ് ചെന്നിത്തല കണക്കുകൂട്ടുന്നത്.

അതേസമയം ഇപ്പോഴത്തെ നിലയിൽ ചർച്ചകൾ നടക്കുന്നതിന് കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള കൂടുതൽ സീറ്റുകളിൽ ഐ ഗ്രൂപ്പുകാർക്ക് നേടിയെടുക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്. സുധീരൻ എത്രയൊക്കെ പറഞ്ഞാലും സംസ്ഥാന രാഷ്ട്രീയത്തിൽ ഗ്രൂപ്പ് എന്നത് ഒരു സത്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഐ ഗ്രൂപ്പ് എംഎൽഎമാരെ നിയമസഭയിൽ എത്തിക്കുക എന്നതാണ് ചെന്നിത്തലയുടെ ലക്ഷ്യം. അതേസമയം ഗ്രൂപ്പിന് എതിരെ എന്ന പേരിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിർദ്ദേശിക്കുന്നതാകും സുധീരന്റെ തന്ത്രം. ഇതിനെ ചെറുക്കാൻ കൂടായാണ് കെപിസിസിക്ക് നേരെയും കത്തിൽ ഒളിയമ്പെറിഞ്ഞത്.

കേരളത്തിലെ കോൺഗ്രസ് സംഘടനാ കെട്ടുറപ്പിനെ പിടിച്ചുലയ്ക്കുന്ന കത്താണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് അയച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണ നേതൃത്വത്തെ നേരിട്ട് കുറ്റപ്പെടുത്തിക്കൊണ്ടുള്ള കത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് കാരണം ഭരണപോരായ്മയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ തൊലിപ്പുറത്തെ ചികിത്സ പോര എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതേ വാചകങ്ങളും കത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

എന്നാൽ കത്ത് നിഷേധിച്ചെങ്കിലും ചെന്നിത്തല തന്നെയാണ് അയച്ചതെന്ന് വ്യക്തമാണ്. ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെന്നിത്തലയുടെ ലക്ഷ്യം ഫലം കണ്ടാലും അതിൽ അത്ഭുതപ്പെടാനില്ല. ബിജെപി കൂടുതൽ ശക്തമായതോടെ ഹിന്ദു മുഖ്യമന്ത്രി സ്ഥാനാർത്ഥി വേണമെന്ന വികാരം ഹൈക്കമാൻഡിൽ ഒരു വിഭാഗത്തിനുമുണ്ട്. സംസ്ഥാനത്തെ തന്നെ ചില നേതാക്കൾ ഇക്കാര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെപോയാൽ 67 ആവർത്തുച്ചേക്കുമെന്നാണ് ചില കോൺഗ്രസുകാർ ഹൈക്കമാൻഡിനെ ധരിപ്പിച്ചത്. 1967ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കേവലം 9 സീറ്റാണ് കോൺഗ്രസിന് കിട്ടിയത്.

എന്തായലും ഇപ്പോഴത്തെ സാഹചര്യത്തിൽ രമേശ് ചെന്നിത്തല യുഎസിലേക്ക് പോയതോടെ കോൺഗ്രസിനുള്ളിൽ ജ്വലിച്ചു നിൽക്കുകയായിരുന്ന കത്ത് വിവാദത്തിന് താൽക്കാലിക ശമനമായിട്ടുണ്ട്. ഇന്നലെ രാത്രിയിൽ യാത്ര തിരിച്ച രമേശ് ഈ മാസം 28നെ മടങ്ങി വരികയുള്ളൂ. അതുവരെ ആഭ്യന്തര മന്ത്രിയുടെ ചുമതല ആര്യാടൻ മുഹമ്മദിനാണ് നൽകിയിരിക്കുന്നത്. എന്തായാലും ചെന്നിത്തലുടെ തിരിച്ചുവരവിന് ശേഷം മൂന്ന് നേതാക്കളെയും ഹൈക്കമാൻഡ് ചർച്ചയ്ക്കായി വിളിപ്പിക്കും. ഈ സാഹചര്യത്തിൽ ചെന്നിത്തല തന്റെ നിലപാട് കൂടുതൽ വ്യക്തമായി രേഖപ്പെടുത്താനാണ് ചെന്നിത്തല ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP