Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

മിണ്ടി പോകരുത്! മറുനാടൻ ഇല്ലാതാകുമ്പോൾ, അടുത്ത കഴുത്ത് എന്റേതായിരിക്കും, അല്ലെങ്കിൽ നിങ്ങളുടേതായിരിക്കാം; ഹീനമായ കേസിൽ പെടുത്തുക, വേണമെങ്കിൽ പോക്‌സോയിലും പെടുത്താം; മറുനാടനെ തകർക്കാൻ നിങ്ങൾക്കാവില്ലെന്ന് രാമസിംഹൻ

മിണ്ടി പോകരുത്! മറുനാടൻ ഇല്ലാതാകുമ്പോൾ, അടുത്ത കഴുത്ത് എന്റേതായിരിക്കും, അല്ലെങ്കിൽ നിങ്ങളുടേതായിരിക്കാം; ഹീനമായ കേസിൽ പെടുത്തുക, വേണമെങ്കിൽ പോക്‌സോയിലും പെടുത്താം;  മറുനാടനെ തകർക്കാൻ നിങ്ങൾക്കാവില്ലെന്ന് രാമസിംഹൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇന്നുമറുനാടന് എതിരായിട്ടാണെങ്കിൽ, നാളെ മറ്റുമാധ്യമങ്ങൾക്കും ഇതുസംഭവിക്കുമെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഓരോ മാധ്യമ പ്രവർത്തകനും ആജീവനാന്തം മുൻകൂർ ജാമ്യം എടുത്തുജീവിക്കേണ്ട അവസ്ഥ വരും. വാർത്തകൾ മുഴുവനും നമുക്ക് ഇഷ്ടപ്പെടണമെന്നില്ല. തെറ്റായും, ചിലപ്പോൾ ശരിയായും ഒക്കെ വാർത്തകളിൽ വ്യത്യാസം വരാറുണ്ട്. അതുനമുക്ക് ചോദ്യം ചെയ്യാം. പക്ഷേ വാർത്ത കൊണ്ടുവന്ന വ്യക്തിയെ തന്നെ ഇല്ലാതാക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ഇല്ലാതാക്കുക, ഇത് എന്തുമര്യാദയാണ്? ഇതെവിടുത്തെ നീതിയാണ്? അന്തസുണ്ടെങ്കിൽ, വാർത്തകൾ തെറ്റായി വന്നാൽ കേസുകൊടുക്കാം, തിരുത്താം. അതിനൊരുനീതിന്യായ വ്യവസ്ഥയുണ്ട്. പക്ഷേ കള്ളക്കേസുണ്ടാക്കിയിട്ട്, ജയിലിൽ അടയ്ക്കുന്നത്, നന്നല്ല. തങ്ങൾ മറുനാടനും, ഷാജൻ സ്‌കറിയയ്ക്കും ഒപ്പമാണെന്നും രാമസിംഹൻ പറഞ്ഞു.

രാമസിംഹൻ അബൂബക്കറിന്റെ വാക്കുകൾ:

ജനാധിപത്യത്തിന്റെ കാവൽക്കാരാരാണ്? ആ കാവൽക്കാരിൽ, ആരാണ് ഒന്നാമതെന്ന് ചോദിച്ചാൽ, ഞാൻ പറയും മാധ്യമങ്ങളാണെന്ന്. ജനാധിപത്യത്തെ സംരക്ഷിച്ചുനിൽക്കുന്ന മാധ്യമങ്ങൾക്ക് സ്വതന്ത്രമായി ചിന്തിക്കാനോ, പ്രവർത്തിക്കാനോ കഴിഞ്ഞിട്ടില്ലെങ്കിൽ അവിടെ ജനാധിപത്യം തകരും. ഇപ്പോൾ നമ്മൾ കേരളത്തിൽ കാണുന്നത് അത്തരത്തിലാണ്. ഭരണകൂടത്തിന്റെ ഏറാന്മൂളികളായ മാധ്യമങ്ങളെ സംരക്ഷിക്കുകയും, ഭരണകൂടത്തിന്റെ ഭീകരതയെ ചോദ്യം ചെയ്യുകയും, ചെയ്യുന്ന മാധ്യമങ്ങളെ, കേസിൽ പെടുത്തി ഒതുക്കുന്ന രീതി സമീപകാലത്തായി കാണാം.

എല്ലാ മാധ്യമങ്ങളും തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കണം എന്നുകരുതുന്നവർക്കുള്ള മറുപടിയായിരുന്നു മറുനാടൻ. സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുകയും, അതു വഴി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത മാധ്യമമാണ് മറുനാടൻ. നിലവിലുള്ള, മാധ്യമ സംസ്‌കാരത്തെ ഒന്നുമാറ്റി പിടിക്കുകയും, ഭരണകൂടത്തിന്, എതിരായിട്ട് മാറുന്നു, ദുഷ്‌ചെയ്തികൾ ജനങ്ങളിലേക്ക് എത്തിക്കുന്നു, എന്ന ഘട്ടം വന്നപ്പോൾ, ഈ നാവരിയുക എന്നത് അവരുടെ ലക്ഷ്യമായി.

ഭരണകൂടത്തിന്റെ പിണിയാളുകളായിട്ടുള്ള മുഴുവൻ പേരും ഒത്തുചേർന്നുകൊണ്ട്, മറുനാടനെ ഇല്ലാതാക്കാൻ വേണ്ടി നടക്കുന്ന യുദ്ധമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒരുവശത്ത് ഒരുമനുഷ്യൻ ഒറ്റയ്ക്ക്. മറുവശത്ത് ഭരണകൂടവും ബിസിനസ് പങ്കാളികളും ചേർന്നുനടത്തുന്ന അറ്റാക്ക്. ഞാൻ നിന്നെ ഇല്ലാതാക്കി കളയും എന്ന് മാധ്യമങ്ങളിൽ പരസ്യമായി പറയുന്ന, ജനങ്ങളുടെ നികുതി പണം പറ്റുന്ന എംഎൽഎമാർ വരെ ഉണ്ടായിരിക്കുന്ന അവസ്ഥ ഭീകരമെന്നല്ലാതെ പറയാൻ പറ്റുമോ?

ഈ രാജ്യത്തെ വ്യവസ്ഥിതിയായ കോടതിക്കും പൊലീസിനും പകരം, ജനപ്രതിനിധികൾ വന്നിട്ട് നിന്നെ ഞാൻ ശരിയാക്കി കളയും എന്നുപറയുമ്പോൾ, നമ്മൾ സൂക്ഷിക്കണം. മാധ്യമങ്ങൾ സൂക്ഷിക്കണം. ഇന്നുമറുനാടന് എതിരായിട്ടാണെങ്കിൽ, നാളെ മറ്റുമാധ്യമങ്ങൾക്ക് ഇതുസംഭവിക്കും. ഓരോ മാധ്യമ പ്രവർത്തകനും ആജീവനാന്തം മുൻകൂർ ജാമ്യം എടുത്തുജീവിക്കേണ്ട അവസ്ഥ വരും.

സത്യം പറയുന്നവനാണ് ഏറ്റവും വലിയ ശത്രു എന്നതാണ് നിലവിലെ അവസ്ഥ. അതുകൊണ്ട് നീ സത്യം പറയരുത്, സത്യം പറയാതെ, നുണ പറഞ്ഞ്, ഞങ്ങൾക്ക് വേണ്ടി, നിന്റെ നാവ് മാറ്റി തന്നാൽ, നിനക്ക് വേണ്ടുന്ന എല്ലാം സംരക്ഷണവും ഞങ്ങൾ തന്നുകൊള്ളാം. ഇതാണ് ഭരണകൂടത്തിന്റെ രീതി. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ആളുകളെ ഏതുഹീനമായ കേസിലും പെടുത്തുക. വേണമെങ്കിൽ പോക്‌സോയിൽ പെടുത്താം. ഇങ്ങനെ പെടുത്തി കൊണ്ട് അതിനെ ഇല്ലാതാക്കുക. അപ്പോൾ, കേരളത്തിൽ തകർക്കപ്പെടുന്നത് മറുനാടൻ എന്നുപറയുന്ന മാധ്യമം മാത്രമല്ല, നമ്മുടെ ചോദ്യം ചെയ്യാനുള്ള അവകാശമാണ്. ഈ ഭയപ്പെടുത്തൽ ജനങ്ങൾക്ക് നൽകുന്ന ഒരുസന്ദേശമുണ്ട്, മിണ്ടിപ്പോകരുത്. ഞങ്ങൾക്കെതിരെ മിണ്ടി പോയാൽ, നിങ്ങൾ ഉണ്ടാവില്ല, കാരണം, ഞങ്ങളുടെ പല്ലും നഖവും ഉപയോഗിച്ച് നിന്നെ ഇല്ലാതാക്കും, എന്നുള്ള ഭീഷണി അതിലുണ്ട്.

മറുനാടൻ ഇല്ലാതാകുമ്പോൾ, അടുത്ത കഴുത്ത് എന്റേതായിരിക്കും, അല്ലെങ്കിൽ നിങ്ങളുടേതായിരിക്കും. ഇവിടെ മാധ്യമധർമം പുലരണം. പലപ്പോഴും നമ്മൾ എന്താണ് മറുനാടനെ വിശേഷം ആയിട്ട് കൽപ്പിക്കുന്നത്? ഒരിക്കലും പുറത്തുവരാത്ത വാർത്തകൾ പുറത്തുകൊണ്ടുവരുന്നു എന്നതാണ് മറുനാടന്റെ പ്രത്യേകത. അതല്ലേ മാധ്യമധർമം? മറ്റുള്ളവർ ഒന്നുങ്കിൽ ഭരണകൂടത്തിന് വേണ്ടി, ബിസിനസുകാർക്ക് വേണ്ടി മൂടി വയ്ക്കപ്പെടുന്ന വാർത്തകൾ, പുറത്തുവരുമ്പോൾ ജനങ്ങൾ അറിയുന്നു, പ്രതികരിക്കുന്നു. ആ പ്രതികരണം, തങ്ങൾക്ക് ദോഷകരമായി ഭവിക്കും, എന്നുള്ള്ളതുകൊണ്ടുതന്നെയാണ് ഇന്നത്തെ സർക്കാർ, ഈ തീരുമാനം എടുക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം അദ്ദേഹത്തിന്റെ കൂടെ നിൽക്കണം. വാർത്തകൾ മുഴുവനും നമുക്ക് ഇഷ്ടപ്പെടണമെന്നില്ല. തെറ്റായും, ചിലപ്പോൾ ശരിയായും ഒക്കെ വാർത്തകളിൽ വ്യത്യാസം വരാറുണ്ട്. അതുനമുക്ക് ചോദ്യം ചെയ്യാം. പക്ഷേ വാർത്ത കൊണ്ടുവന്ന വ്യക്തിയെ തന്നെ ഇല്ലാതാക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ഇല്ലാതാക്കുക, ഇത് എന്തുമര്യാദയാണ്? ഇതെവിടുത്തെ നീതിയാണ്? അന്തസുണ്ടെങ്കിൽ, വാർത്തകൾ തെറ്റായി വന്നാൽ കേസുകൊടുക്കാം, തിരുത്താം. അതിനൊരുനീതിന്യായ വ്യവസ്ഥയുണ്ട്. പക്ഷേ കള്ളക്കേസുണ്ടാക്കിയിട്ട്, ജയിലിൽ അടയ്ക്കുന്നത്, നന്നല്ല.....

ബഹുമാനപ്പെട്ട എംഎൽഎയോട് പറയാനുള്ളത്, നിങ്ങൾ ജഡ്ജിയല്ല. നിങ്ങൾ പൂട്ടും താക്കോലുമായി നടക്കുമ്പോൾ, നിങ്ങൾ ഈ രാജ്യത്തെ നീതി ന്യായ വ്യവസ്ഥയുടെ മുകളിലല്ല, താഴെയാണ്. ഞാനും നിങ്ങളും ഒരുപോലെയാണ്. ഒരുസാധാരണ പൗരന് ഭരണഘടനയിൽ കിട്ടുന്ന ആനുകൂല്യമേ താങ്കൾക്കും ഉള്ളു, എന്ന് മനസ്സിലാക്കണം. ഷാജൻ സ്‌കറിയയ്‌ക്കൊപ്പമാണ് ഞങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP