Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

മറുനാടൻ പറഞ്ഞതു പോലെ ഗോവിന്ദൻ മാഷുടെ അടുത്ത് എന്നെ എത്തിച്ചത് കണ്ണൂരിലെ പ്രമുഖ സഖാക്കൾ; കേരള ബിജെപിയിൽ മുതിർന്ന നേതാക്കളെ തരം താഴ്‌ത്തുന്നു; പാർട്ടി കലാകാരന്മാരെ മനസ്സിലാക്കുന്നില്ല; സെൻകുമാറിനോടുള്ള അവഗണന എന്തിനെന്ന് അറിയില്ല; ഓപ്പറേഷൻ അരിവാളിൽ സംഭവിച്ചത്: മറുനാടനോട് മനസ്സ് തുറന്ന് രാജസേനൻ

മറുനാടൻ പറഞ്ഞതു പോലെ ഗോവിന്ദൻ മാഷുടെ അടുത്ത് എന്നെ എത്തിച്ചത് കണ്ണൂരിലെ പ്രമുഖ സഖാക്കൾ; കേരള ബിജെപിയിൽ മുതിർന്ന നേതാക്കളെ തരം താഴ്‌ത്തുന്നു; പാർട്ടി കലാകാരന്മാരെ മനസ്സിലാക്കുന്നില്ല; സെൻകുമാറിനോടുള്ള അവഗണന എന്തിനെന്ന് അറിയില്ല; ഓപ്പറേഷൻ അരിവാളിൽ സംഭവിച്ചത്: മറുനാടനോട് മനസ്സ് തുറന്ന് രാജസേനൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത് കഴിഞ്ഞദിവസമാണ്. സിപിഎം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ മറുനാടനുമായി പങ്കുവെച്ചത് കേരള ബിജെപിക്കുള്ളിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

രാജസേനൻ മറുനാടനോട് പറഞ്ഞത് ഇങ്ങനെ: രണ്ടു മൂന്ന വർഷമായി മാറിച്ചിന്തിക്കാൻ തുടങ്ങിയിരുന്നു. അതിനിടയിൽ ബിജെപിയിക്ക് അനുകൂലമായിട്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുണ്ട്. നമ്മൾ ഒരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ അങ്ങനെ തന്നെ വേണം. കഴിഞ്ഞ 5,6 മാസങ്ങളായി ബിജെപിയിൽ നിന്നും മാറുക എന്ന ചിന്ത വളരെ തീവ്രമായിരുന്നു. ഒരു വർഷമായി ബിജെപിയുടെ പരിപാടികൾക്ക് പോകാറില്ല. എന്നാൽ ഏതെങ്കിലും ഒരു നേതാവ് വരാത്തത് എന്തെന്നോ, അല്ലെങ്കിൽ നമുക്കൊന്ന് കാണണമെന്നോ സംസാരിക്കണമെന്നോ ഇതുവരെ പറഞ്ഞിട്ടില്ല.

ബിജെപി എന്ന പാർട്ടിക്കുള്ളിൽ ഞാനായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു പ്രസ്താവന ഇറക്കണമെങ്കിൽ പോലും നൂറുവട്ടം ആലോചിച്ചേ താൻ ഇടാറുള്ളു. എന്റെ പേരിൽ അത്തരത്തിലുള്ള പരാതികൾ വന്നിട്ടുമില്ല. പിന്നെ എന്താണെന്നറിയില്ല. പാർട്ടി ഒരു കാര്യവും അന്വേഷിക്കാറില്ല. ഇന്നു ഞാൻ സിപിഎമ്മിലേയ്ക്ക് മാറുന്നു എന്നറിഞ്ഞിട്ടും എന്നോട് താൽപ്പര്യമുണ്ടെങ്കിൽ അവർ വിളിച്ചു ചോദിച്ചേനെ എന്താണ് കാരണം എന്നു. പക്ഷെ താൻ പാർട്ടി .വിടാൻ കാരണം എന്താണെന്നു കേരളത്തിലെ ബിജെപി നേതാക്കൾക്കു അറിയാം.

ബിജെപിയിൽ മുതിർന്ന നേതാക്കളെ തരം താഴ്‌ത്തുന്ന പ്രവണത എല്ലാ സംസ്ഥാനങ്ങളിലുമില്ല. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയാണ്. ഇവിടെ അർഹിക്കുന്ന പലരേയും അവഗണിക്കുന്ന രീതി സ്ഥിരമായി കാണാറുണ്ട്. പലപ്പോഴും സ്റ്റേജുകളിൽ സിറ്റിൽ ഇരുന്ന നേതാവിനെപ്പോലും മാറ്റി ഇരുത്തും. അല്ലെങ്കിൽ ഏതെങ്കിലും നേതാവിനു ഇഷ്ടം കൂടുതലുണ്ടെങ്കിൽ മുനിരയിൽ ഇരുത്തും. ചിലപ്പോൾ കുറെ കഴിയുമ്പോൾ അറിയിപ്പു വരും മുൻനിരയിൽ ഇരിക്കുന്നവർ അഞ്ചാമത്തെ നിരയിലേയ്ക്ക് പോകണം ഇത്തരത്തിലുള്ള പറയാൻ സാധിക്കാത്ത പ്രശ്നങ്ങളാണ് കേരളത്തിലെ ബിജെപിയിൽ.

ഒരു കാര്യം വ്യക്തമായി അറിയാം കേരളത്തിലെ ഏത് കലാസാംസ്‌കാരിക രംഗത്തു പോയാലും ഒരു സീറ്റു ലഭിക്കുന്ന ആളാണ് താൻ. പക്ഷെ അങ്ങനെയുള്ള ഒരു സ്ഥാനം പലപ്പോഴും എന്റെ പാർട്ടി പരിപാടികളിൽ കസേര നിഷേധിക്കുന്ന സഹാചര്യം ഉണ്ടായിട്ടുണ്ട്. ഒരു പ്രവശ്യമല്ല പല പ്രാവശ്യം. പാർട്ടിയിൽ ഒരാളുമായും മാനസികമായി അടുപ്പം ഉണ്ടാകുന്ന അവസ്ഥയും ഉണ്ടായിട്ടില്ല. ഏഴു വർഷം പാർട്ടിയിൽ ഉണ്ടായിട്ടും ദിവസവും വിളിക്കുന്ന ഒരു കൂട്ടുകാരൻ പോലും പാർട്ടിയിൽ ഇല്ലായിരുന്നു. രാഷ്ട്രീയത്തിൽ ഇങ്ങനെ ഒന്നില്ലെ.. എന്നും എനിക്കറിയില്ല. എന്തായാലും ഒരു മരവിപ്പായിരുന്നു. അതാണ് മാറിപ്പോയത്.

ബിജെപി കലാകാരന്മാരെ മനസ്സിലാക്കുന്നുമില്ല, അവരെ ഉപയോഗിക്കുന്നുമില്ല. ഞാൻ പാർട്ടിയിൽ വന്നിട്ട് 7 വർഷമായി എന്നിട്ടു എന്തെങ്കിലും ഒരു സ്‌കിറ്റ് എഴുതിക്കുകയോ പാട്ടുപാടിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പാർട്ടിക്കു വേണ്ടി ആരംഭിച്ച സംഘകാലവേദിയിൽ ആറിയിരത്തിലധികം ആർട്ടിസ്റ്റുകളുണ്ട്. അവരുടെ സേവനം പോലും പാർട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല-രാജസേനൻ പറയുന്നു

കഴിഞ്ഞദിവസം രാവിലെയാണ് ഗോവിന്ദൻ മാഷുമായി സംസാരിച്ചത്. മറുനാടൻ മലയാളി പറഞ്ഞതു പോലെ കണ്ണൂരിലെ പ്രമുഖരായ നാലഞ്ചു സഖാക്കളാണ് എന്നെ ഗേവിന്ദൻ മാഷുടെ അടുത്തേയ്ക്ക് എത്തിച്ചത്. അദ്ദേഹം വളരെ സ്നേഹത്തോടെ എന്റെ വാക്കുകൾ കേൾക്കുകയും മനസ്സിലാക്കുകയും, ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞതും ഞാൻ ആഗ്രഹിച്ചതും ഒന്നാണ്. കലാ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുക. പാർട്ടിയുടെ ശക്തനായ, സത്യസന്ധനായ അനുഭാവിയായി നിലനിൽക്കുക. പാർട്ടിയുടെ ടിക്കറ്റോ അംഗത്വമോ എപ്പോഴെങ്കിലും പാർട്ടിക്കും രാജസേനനും തോന്നുന്ന സമയത്ത് നമുക്കു അതും ആവാം. എന്നു പറഞ്ഞാണ് ഞാനും ഗോവിന്ദൻ മാഷും പിരിയുന്നത്.

അപ്പോൾ എന്നെ സ്വീകരിച്ചിരിക്കുന്നത് ഒരു കലാകാരനായിട്ടാണ്. തന്റെ കലാപരമായ കാര്യങ്ങൾ ഉപയോഗിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം എന്നാണ് എന്റെ വിശ്വാസം. കണ്ണൂരിലെ കുഞ്ഞിരാമൻ മാഷ്, ഹരി വാര്യർ, റിജേഷ്, തിരുവനന്തപുരത്തെ സുരേഷ് കുമാർ ഇവരൊക്കെയാണ് എന്നെ ഗോവിന്ദൻ മാഷുടെ അടുത്തേയ്ക്ക് എത്തിച്ച നേതാക്കൾ. കൂടാതെ എല്ലാവരുടെയും പേരുകൾ പറയണോ വേണ്ടയോ എന്നെനിക്കറില്ല. അതുകൊണ്ട് ചില പേരുകൾ പറയുന്നില്ല.

ഞാൻ മുമ്പ് വിശ്വസിച്ചിരുന്നതും അനുഭാവിയായിരുന്നതുമായ പ്രസ്ഥാനമാണ് സിപിഎം. അപ്പോൾ മാറുകയാണെങ്കിൽ സിപിഎമ്മിലേക്കു മാത്രമേ ചേക്കേറൂ എന്നു തീരുമാനിച്ചിരുന്നു. കാരണം കലാകാരന്മാരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണ്. ഒട്ടനവധി കലാകാരന്മാരാണ് ഈ പാർട്ടികൊണ്ടു വളർന്നു വന്നിരിക്കുന്നത്. ഒപ്പം പാർട്ടിയെ വളർത്താൻ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അവരും സഹായിച്ചിട്ടുണ്ട്. ആ പാരമ്പര്യം മുൻനിർത്തിയാണ് സിപിഎമ്മിലേക്ക് മാറാമുള്ള മറ്റൊരു കാരണം. സെൻകുമാറിനെപ്പോലുള്ള നേതാക്കളെ മാറ്റി നിർത്തുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എനിക്കു തോന്നുന്നു എന്റെ അവസ്ഥ പോലെ തന്നെയായിരിക്കും അവരുടെയും. കാരണം ആരും ഒന്നും മിണ്ടുന്നില്ല ഇപ്പോൾ. മറ്റു പരിപാടികൾക്കൊന്നും പങ്കെടുക്കുന്നതായി കാണുന്നുമില്ല.

എന്നോടൊപ്പം ഇനിയും നേതാക്കൾ ബിജെപിയിൽ നിന്നു സിപിഎമ്മിലേയ്ക്ക് വരും എന്നാണ് തോന്നുന്നത്. നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു വിളിച്ചിരുന്നു. അതിൽ എന്നെ അത്ഭുതപ്പെടുത്തുന്ന ചിലരുമുണ്ട്. കൂടാതെ സംഘകലാവേദിയിലെ നല്ല ശതമാനം പേരും സിപിഎമ്മിലേയ്ക്ക് വരും. ഞാൻ പാർട്ടിയിൽ ഒരു അഴിമതിയും നടത്താത്ത കൂറു പുലർത്തുന്ന അത്യാവശ്യം നല്ലൊരു പ്രവർത്തകനായിരുന്നു. ആ ഒരു ന്ഷ്ടം ബിജെപിക്ക് ഉണ്ടാവും. എന്റെ ഒരു അവസ്ഥ ഇതാണെങ്കിലും കേരളത്തിലെ ബിജെപിയിലേയ്ക്ക് ആൾക്കാർ വരാൻ മടിക്കും.

രാജ്യം ഭരിക്കുന്ന ഒരു പാർട്ടി എന്തുകൊണ്ട് കേരളത്തിൽ ശരിയാകുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. അതിനുകാരണം പാർട്ടിക്കുള്ളിലെ തരംതാഴ്‌ത്തലും മറ്റുമാണ്. ഈ മനോഭാവത്തിൽ മുന്നോട്ടു പോവുകയാണെങ്കിൽ കേരള ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. പടലപ്പിണക്കങ്ങളും തമ്മിലടിയും മാറിയാൽ രക്ഷപ്പെടാം. എനിക്കിനി എന്റെ ജീവിതം വച്ച് പരീക്ഷിക്കാൻ സമയമില്ലെന്നും രാജസേനൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ബിജെപി. കേന്ദ്ര ഭരണത്തിൽ തുടർന്നിട്ടുംവിവിധ കേന്ദ്ര ബോർഡുകളിലോ, കോർപ്പറേഷനുകളിലോ പരിഗണിക്കാത്ത പരിഭവവും അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം പങ്കു വെച്ചിരുന്നു. അതു കൊണ്ട് തന്നെ ചില മധ്യസ്ഥരെ മുന്നിൽ നിർത്തി സി പി എം കേന്ദ്രങ്ങളുമായി ഈ നേതാവ് ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് എകെജി സെന്റർ ചർച്ച. സിപിഎമ്മിൽ രാജസേനൻ ഔദ്യോഗികമായി ചേരും. ഏഴ് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജസേനൻ.

സി പി എമ്മിലെത്തിയാൽ ഏത് ഘടകത്തിൽ പ്രവർത്തിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണ രൂപപ്പെട്ടുവെന്നാണ് വിവരം. കണ്ണൂരിലെ ചില പാർട്ടിക്കാരാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്നും സൂചനയുണ്ട്. ബിജെപി കേന്ദ്രങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടു വരുന്നതെന്ന് ഈ നേതാവ് പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും തുറന്ന് പറഞ്ഞിരുന്നു.2016ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഇദ്ദേഹം ബിജെപി. സ്ഥാനാർത്ഥിയായിരുന്നു. 20000ത്തിലേറെ വോട്ടും അരുവിക്കരയിൽ നിന്ന് നേടി. അതിന് ശേഷം വലിയ പ്രാധാന്യം ബിജെപിയിൽ രാജസേനന് കിട്ടിയില്ല.

ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിൽ പേരെടുത്ത ഈ നേതാവ് അടുത്തിടെ മോദി പങ്കെടുത്ത യുവ പരിപാടിയിൽ നിന്നും വിട്ടു നിന്നിരുന്നു. കേന്ദ്രനേതാക്കളുമായി അധിക ബന്ധമില്ലാത്തതും രാഷ്ട്രീയത്തിൽ എത്തിയതോടെ സിനിമാരംഗത്ത് ശ്രദ്ധ പതിപ്പിക്കാത്തതും നേതാവിന്റെ സ്വീകാര്യതയിൽ കോട്ടം ഉണ്ടാക്കി. ബിജെപി. മിഷൻ കേരള മുന്നിൽ നിർത്തി ലോക്‌സഭാ തെരഞ്ഞടുപ്പിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാനിരിക്കെയാണ് പാർട്ടിക്ക് തന്നെ അടി നൽകി കൊണ്ട് രാജസേനന്റെ കൂടുമാറ്റം.

കേരളത്തിൽ കൂടുതൽ ശക്തമാകാൻ ഓപ്പറേഷൻ താമര ബിജെപി പദ്ധതിയിടുന്നുണ്ട്. പല പ്രമുഖരേയും പല പാർട്ടികളിൽ നിന്നും ചാടിച്ചു കൊണ്ടു വരാനാണ് നീക്കം. ഇതിനിടെയാണ് ബിജെപിയിൽ നിന്നൊരു പ്രധാന മുഖത്തെ സിപിഎം റാഞ്ചുന്നത്. 'ഓപ്പറേഷൻ അരിവാൾ' എന്ന പേരിൽ സിപിഎമ്മും പദ്ധതി തയ്യറാക്കിയെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP