Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആചാരങ്ങൾ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും നമ്മെ പഠിപ്പിച്ചിട്ടുള്ളത്! ശബരിമലയിലെ സർക്കാർ നയത്തിലെ സൂത്രധാരൻ; പിണറായിയുടെ അതിവിശ്വസ്തൻ; മന്ത്രിമാരുടെ അഞ്ചംഗ ഉദ്യോഗസ്ഥ ഉപദേശകരിൽ പ്രധാനി; മൊയ്തീന്റെ ഓഫിസിലെത്തിയത് വിവരാവകാശ കമ്മീഷൻ സെക്രട്ടറിയായും പ്രോട്ടോക്കാൾ ഓഫീസർ ആയും തിളങ്ങിയ ശേഷം; വനിതാ അഡീഷണൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച രാജാറാം തമ്പി സെക്രട്ടറിയേറ്റിനെ നിയന്ത്രിക്കുന്ന ഇടത് കോക്കസിലെ പ്രധാനി

ആചാരങ്ങൾ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും നമ്മെ പഠിപ്പിച്ചിട്ടുള്ളത്! ശബരിമലയിലെ സർക്കാർ നയത്തിലെ സൂത്രധാരൻ; പിണറായിയുടെ അതിവിശ്വസ്തൻ; മന്ത്രിമാരുടെ അഞ്ചംഗ ഉദ്യോഗസ്ഥ ഉപദേശകരിൽ പ്രധാനി; മൊയ്തീന്റെ ഓഫിസിലെത്തിയത് വിവരാവകാശ കമ്മീഷൻ സെക്രട്ടറിയായും പ്രോട്ടോക്കാൾ ഓഫീസർ ആയും തിളങ്ങിയ ശേഷം; വനിതാ അഡീഷണൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച രാജാറാം തമ്പി സെക്രട്ടറിയേറ്റിനെ നിയന്ത്രിക്കുന്ന ഇടത് കോക്കസിലെ പ്രധാനി

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. സെക്രട്ടേറിയറ്റിലെ മുതിർന്ന വനിതാ അഡീഷനൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപണം നേരിടുന്ന തദ്ദേശ മന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പി മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തരിൽ ഒരാൾ. സെക്രട്ടിയേറ്റിൽ നിന്നും വിരമിച്ചിട്ടും മുഖ്യമന്ത്രി തന്നെ നിർബന്ധിച്ചതിനാലാണ് രാജാറാം മന്ത്രി എ സി മൊയ്തീന്റെ സെപഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി തുടരുന്നത്. മുഖ്യമന്ത്രിയുടെയും സി പി എം മന്ത്രിമാരുടെയും അഞ്ചംഗ ഉദ്യോഗസ്ഥ ഉപദേശകരിൽ പ്രധാനിയാണ് തമ്പി.

ആചാരങ്ങൾ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും നമ്മെ പഠിപ്പിച്ചിട്ടുള്ളത്.!-ശബരിമലയിലെ യുവതി പ്രവേശനം ചർച്ചയായപ്പോൾ രാജാറം ഇട്ട പോസ്റ്റായിരുന്നു ഇത്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കി ആചാര ലംഘനത്തിന് സർക്കാരിനെ മുന്നിട്ടിറക്കിയത് രാജാറാം പോലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു. സിപിഎമ്മിലെ പ്രമുഖ നേതാക്കൾ പോലും ശബരിമലയിൽ ആത്മസംയമനം പാലിക്കണമെന്ന അഭിപ്രായത്തിലായിരുന്നു. എന്നാൽ നവോത്ഥാനം കേരളം കൂട്ടായ്മയുടെ ശബരിമല യുവതി പ്രവേശനത്തെ പിന്തുണയ്ക്കാനായിരുന്നു പിണറായിയുടെ തീരുമാനം. ഇതിന് പ്രേരകമായത് പിണറായിയെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥ സംഘമായിരുന്നു. സെക്രട്ടറിയേറ്റിൽ കീഴ് ജീവനക്കാരനോട് മോശമായി പ്രതികരിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിച്ചതും ഈ സംഘം തന്നെ. അങ്ങനെ സെക്രട്ടറിയേറ്റിനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ് വനിതാ അഡീഷണൽ സെക്രട്ടറിയുടെ പരാതി. അതുകൊണ്ട് തന്നെ പരാതി ആവിയാകുമെന്നാണ് ജീവനക്കാരുടെ പൊതു വിലയിരുത്തൽ.

സെക്രട്ടറിയേറ്റിലെ ഭരണ പക്ഷ യൂണിയന്റെ പ്രമുഖ നേതാവായി അറിയപ്പെട്ടിരുന്ന രാജാറാം തമ്പിയുടെ പെരുമാറ്റം സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. ഭരണ കൈകാര്യ രംഗത്ത് സമർത്ഥനാണെങ്കിലും ഇപടെപെടാൻ അറിയില്ലെന്ന പരാതി യൂണിയൻ നേതാക്കൾക്ക് തന്നെ നേരത്തെ വാക്കാൽ ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കിടയിലെ സ്വാധീനവും യൂണിയനിലെ സ്വീകാര്യതയും കൊണ്ട് ആരും അദ്ദേഹത്തോട് ഇത് പറഞ്ഞിരുന്നില്ല എന്നാലും ജനങ്ങളുമായി ഇടപെടുന്ന വകുപ്പിൽ ഇരിക്കാൻ പറ്റിയ ആളല്ല രാജാറാം തമ്പിയെന്ന് അദ്ദേഹത്തിന്റെ സഹ പ്രവർത്തകരും സമ്മതിക്കുന്നു.സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ചതിനാൽ യൂണിയൻ ചുമതല ഒന്നുമില്ലങ്കിലും പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് രാജാറാം തമ്പി ഉൾപ്പെട്ട അഞ്ചംഗ സംഘം തന്നെ.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പൊതുഭരണ വകുപ്പിലെ ഒരു പ്രധാനി, ജീവനക്കാരുടെ സൊസൈറ്റിയുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ, സി പി എം നേതാക്കളുടെ വീടുകളിൽ ഉപഹാരവുമായി എത്തുന്ന ഉദ്യോഗസ്ഥൻ, ഇവരുൾപ്പെട്ട കോക്കസാണ് സെക്രട്ടറിയേറ്റ് നിയന്ത്രിക്കുന്നത്. ഈ കോക്കസിലെ പ്രധാനിയായ തമ്പിയും കൂട്ടരും ചേർന്നാണ് അടുത്തിടെ യുണിയൽ സെക്രട്ടറി അടക്കമുള്ള രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്താക്കാൻ ചരടു വലിച്ചതെന്ന് ജീവനക്കാർക്കിടയിൽ സംസാരമുണ്ട് പല സി പി എം മന്ത്രിമാരും സർവ്വീസ് സംബന്ധമായി വിഷയങ്ങളിലും നിയമപരമായി ആശയക്കുഴപ്പം നേരിടുമ്പോഴും സഹായത്തിന് വിളിക്കുന്നത് തമ്പിയെ ആണ്. സെക്രട്ടറിയേറ്റ് ജീവനക്കാർക്കും യൂണിയൻ പ്രവർത്തകർക്കും തമ്പിയെ ഇഷ്ടമില്ലങ്കിലും മന്ത്രിമാർക്കും ചില ഉന്നത ഐ എ എസുകാർക്കും തമ്പി പ്രയിപ്പെട്ടവനാണ്.

പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ സ്ഥാനം തെറിച്ചപ്പോൾ അദ്ദേഹം അഭയം അഭ്യർത്ഥിച്ച് എത്തിയതും തമ്പി ഉൾപ്പെടുന്ന അഞ്ചംഗ ഉദ്യോഗസ്ഥ കോക്കസിന് മുന്നിൽ. ഒടുവിൽ സിൻഹ പോയതു പോലെ തന്നെ തിരിച്ചെത്തിയതും ഇവരുടെ സഹായാത്താൽ തന്നെ. ഭരണ പക്ഷ അനുകൂല സംഘടയുടെ എതിർപ്പു പോലും മറി കടന്നാണ് സിൻഹയെ വീണ്ടും മുഖ്യമന്ത്രി തൽസ്ഥാനത്ത് നിയമിച്ചത്.ഈ ഇടപെടലിൽ യൂണിയനിലെ ഒരു വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും തമ്പിയുടെയും കൂട്ടരുടെയും താല്പര്യത്തിനെതിരെ വിമർശനം ഉയർത്തുകയും ചെയ്തു.

കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത്വിവരാവകാശ കമ്മീഷണൻ സെക്രട്ടറിയായി കുറച്ചു കാലവും പ്രോട്ടോക്കോൾ ഓഫീസറായി ദീർഘനാളും പ്രവർത്തിച്ചിട്ടുള്ള രാജാറാം തമ്പി തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെല്ലാം പേടി സ്്വപ്നമാണ്.തമ്പി മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചാൽ ഉദ്യോഗസ്ഥരുടെ മുട്ടിടിക്കും കൊല്ലാനാണോ വളർത്താനാണോ എന്നറിയില്ലല്ലോ എന്നാണ് തദ്ദേശ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. തമ്പിയുടെ കാർക്കശ്യത്തിൽ മന്ത്രി ഓഫീസ് അറിയാതെ ഒരു തീരുമാനം പോലും എടുക്കാൻ പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജീവനക്കാർക്ക് പേടിയാണ്. അതിലപുരിയായി തമ്പി പറയുന്നത് തന്നെയാണ് മന്ത്രി എ സി മൊയ്ദീനും വേദ വാക്യം. ഇതിനിടെയാണ് വെള്ളിയാഴ്ച മന്ത്രി ഓഫീസിൽ എത്തിയ വനിത അഡീഷണൽ സെക്രട്ടറിയോടു മോശമായി പെരുമാറിയെന്ന് തമ്പിക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച പരാതി തദ്ദേശ വകുപ്പിന്റെ കീഴിലെ കെ യു ആർ ഡി എഫ് സി യിൽമാനേജിങ് ഡയറക്ടർ കൂടിയായ ഉദ്യോഗസ്ഥ ചീഫ് സെക്രട്ടറിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇന്നലെ നൽകി.

പരാതിയിൽ പറയുന്നതിങ്ങനെ: ''വെള്ളിയാഴ്ച നാലേമുക്കാലോടെ ലൈഫ് മിഷൻ പദ്ധതിയിൽപെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്തിയുടെ ഓഫിസിലെത്തി. തുടർന്നു സ്പെഷൽ പ്രൈവറ്റ് സെക്രട്ടി രാജാറാം തമ്പിയുടെ മുന്നിൽ ഫയലിനെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ അദ്ദേഹം സീറ്റിൽ നിന്നു ചാടി എഴുന്നേൽക്കുകയും 'കടക്കെടീ പുറത്ത്, നിന്നോട് ഞാൻ സംസാരിക്കില്ല, മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത് പെണ്ണുംപിള്ളേ' എന്നീ വാക്കുകളുപയോഗിച്ചു കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് 'അവൾ കൊണ്ടുപോയി പരാതി കൊടുക്കട്ടെ, അപ്പോൾ കാണിച്ചുകൊടുക്കാം' എന്നു പറഞ്ഞു. മന്ത്രിയുടെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതു മനസ്സിലാകും''. എന്നും പരാതിയുണ്ട്.

രാജാറാം തമ്പിയുടെ ഉപയോഗത്തിലിരിക്കുന്ന ഇന്നോവ കാറിന്റെ ഭാരിച്ച ചെലവ് കെ യു ആർ ഡി എഫ് സിക്ക് വഹിക്കാൻ കഴിയില്ലെന്ന് അറിയിക്കാനാണ് ഉദ്യോഗസ്ഥ മന്ത്രിയുടെ ഓഫീസിൽ എത്തിയത്. ഉദ്യോഗസ്ഥ ഇന്നോവ കാറിന്റെ ദുരുപയോഗം ശ്രദ്ധയിൽപ്പെടുത്തുകയും ഇത് അനുവദിക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്തതോടെയാണ് തമ്പി ക്ഷുഭിതനായതെന്ന് അറിയുന്നു. 31 വർഷമായി സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ എന്ന നിലയിൽ തമ്പിയുടെ പെരുമാറ്റം തന്നെ അപമാനിക്കലായിരുന്നു അതിനാൽ മാനസിക ബുദ്ധിമുട്ടും നേരിട്ടു അതുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ പട്ടികയിൽപ്പെടുത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗസ്ഥയുടെ ആവിശ്യം. ഇതിനിടെ പരാതി പിൻവലിപ്പിക്കാനും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ കോക്കസ് ശ്രമം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP