Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനോരമയുടെ യുവ സാരഥികൾക്ക് അടിപതറുന്നോ? മനോരമ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ മക്കളായ അമിത് മാത്യുവും റിയാദ് മാത്യൂവും നയിക്കുന്ന റേഡിയോ മാംഗോയുടെ ഗൾഫ് നിലയം അടച്ചുപൂട്ടൽ ഭീഷണിയിൽ; ഓപ്പറേഷണൽ കോസ്റ്റ് സമാഹരിക്കുന്നതിൽ ദുബായ് നിലയം പരാജയം; വിടവാങ്ങാനുള്ള തീരുമാനം ദുബായ് റേഡിയോകളിൽ രണ്ടാമത് സ്ഥാനം അലങ്കരിക്കെ; ഒന്നുകിൽ പിരിയാം.. അല്ലെങ്കിൽ നാട്ടിൽ ജോലിയെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ്; ദുബായിലെ മാധ്യമ പ്രതിസന്ധി മൂർച്ഛിക്കുന്നു

മനോരമയുടെ യുവ സാരഥികൾക്ക് അടിപതറുന്നോ? മനോരമ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ മക്കളായ അമിത് മാത്യുവും റിയാദ് മാത്യൂവും നയിക്കുന്ന റേഡിയോ മാംഗോയുടെ ഗൾഫ് നിലയം അടച്ചുപൂട്ടൽ ഭീഷണിയിൽ; ഓപ്പറേഷണൽ കോസ്റ്റ് സമാഹരിക്കുന്നതിൽ ദുബായ് നിലയം പരാജയം; വിടവാങ്ങാനുള്ള തീരുമാനം ദുബായ് റേഡിയോകളിൽ രണ്ടാമത് സ്ഥാനം അലങ്കരിക്കെ; ഒന്നുകിൽ പിരിയാം.. അല്ലെങ്കിൽ നാട്ടിൽ ജോലിയെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ്; ദുബായിലെ മാധ്യമ പ്രതിസന്ധി മൂർച്ഛിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായി നിലകൊള്ളുന്ന മലയാള മനോരമയിൽ നിന്നും വരുന്നത് ശുഭകരമല്ലാത്ത വാർത്ത. മനോരമയുടെ പ്രസ്റ്റിജ് സ്ഥാപനങ്ങളിലൊന്നായി കണക്കുകൂട്ടപ്പെട്ടിരുന്ന റേഡിയോ മാംഗോ 96.2 അതിന്റെ ദുബായ് നിലയം അടച്ചു പൂട്ടിയേക്കുമെന്നു സൂചന.

അഞ്ചു ലക്ഷത്തോളം മലയാളികളുള്ള യുഎഇയിലെ ശക്തമായ സാന്നിധ്യമായി നിലകൊള്ളവേ തന്നെയാണ് റേഡിയോ മാംഗോ ദുബായ് നിലയം അടച്ചുപൂട്ടാനുള്ള ഒരുക്കങ്ങളിലേക്ക് നീങ്ങുന്നത്. റേഡിയോ മാംഗോയുടെ അഞ്ചാമത് സ്റ്റേഷനാണ് ദുബായിൽ ഉള്ളത്. 2014 ഓഗസ്റ്റ് 17 നാണ് ദുബായിൽ റേഡിയോ മാംഗോ ആരംഭിക്കുന്നത്. യുഎഇയിൽ 92 ശതമാനം പേരും റേഡിയോ ശ്രവിക്കുന്നതായാണു കണക്കുകൾ പറയുന്നത്. ഈ രീതിയിൽ ദുബായിലെ അതിശക്തമായ വിപണി നിലനിൽക്കെ തന്നെയാണ് റേഡിയോ മാംഗോ ദുബായിൽ നിന്ന് വിടപറയാൻ ഒരുങ്ങുന്നത്.

ശക്തമായ വിപണി നിലനിൽക്കേയുള്ള റേഡിയോ മാംഗോയുടെ പിന്മാറ്റം ദുബായിൽ ഈ മാധ്യമ ഭീമൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ നേർക്കാഴ്ച നൽകുന്നു. വൻ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനവുമായി മനോരമ മുന്നോട്ടു പോകുന്നത് എന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഓപ്പറേഷണൽ കോസ്റ്റ് സമാഹരിക്കുന്നതിൽ നിന്നും തുടർച്ചയായി നേരിടുന്ന പരാജയങ്ങളാണ് യുഎഇ നിലയം അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുന്നത്. 1888ൽ മലയാള മനോരമ സ്ഥാപിച്ച ശേഷം ആദ്യമായാണ് നഷ്ടത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടേയും പേരിൽ മനോരമയുടെ ഭാഗമായ ഒരു യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം മനോരമ മാനേജ്മെന്റ് എടുക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഗൾഫിലെ മാധ്യമ ഭീമന്മാർക്ക് അടിപതറുന്ന കാഴ്ച ദൃശ്യമായിരിക്കെ തന്നെയാണ് മലയാളത്തിന്റെ മാധ്യമ സാമ്രാജ്യത്തിൽ നിന്നും ഈ തീരുമാനം വരുന്നത് എന്നതും ശ്രദ്ധേയമാകുന്നു. തീരുമാനം മനോരമയെ അടുത്ത് അറിയുന്ന മാധ്യമങ്ങളെയും ബിസിനസ് ടൈക്കൂണുകളെയും ഞെട്ടിച്ചിട്ടുണ്ട്. റേഡിയോ മാംഗോ അടച്ചു പൂട്ടാനുള്ള തീരുമാനം മനോരമയുടെ യുവ സാരഥികൾക്ക് വ്യക്തിപരമായുള്ള തിരിച്ചടിയായി മാറും. മനോരമ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ മക്കളായ അമിത് മാത്യുവും റിയാദ് മാത്യൂവു മാണ് റേഡിയോ മാംഗോ യുടെ ചുമതലക്കാർ.

ഓപ്പറേഷണൽ കോസ്റ്റ് സമാഹരിക്കുന്നതിൽ പരാജയം എന്നത് മുൻ കാലങ്ങളിൽ മനോരമയുടെ മുന്നിൽ കേട്ടുകേൾവിപോലുമില്ലാത്ത കാര്യമായിരുന്നു. പുതുതലമുറ സാരഥികൾക്ക് അടിപതറുന്നോ എന്ന സംശയം കൂടി ഇതോടൊപ്പം ഉയരുന്നതിനാലാണ് യൂണിറ്റ് അടച്ചു പൂട്ടൽ മനോരമയിലും ചലനങ്ങൾക്ക് ഇടനൽകുന്നത്. റേഡിയോ മാംഗോ ദുബായ് അടച്ചു പൂട്ടുമെന്ന വിവരം ജീവനക്കാർക്ക് കൈമാറിക്കഴിഞ്ഞതായാണ് സൂചന. ഒന്നുകിൽ പിരിഞ്ഞുപോകാം. അല്ലെങ്കിൽ നാട്ടിലെ റേഡിയോ നിലയത്തിൽ ജോലി നൽകാം. ഇതാണ് ദുബായ് റേഡിയോ ജോക്കികളോടും സാങ്കേതിക വിദഗ്ധരോടും റേഡിയോ മാംഗോ അറിയിച്ചിട്ടുള്ളത്. ദുബായിലെ ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ള റേഡിയോ നിലയമായി റേഡിയോ മാംഗോ തുടരുന്നതിനിടയിൽ തന്നെയാണ് വിടവാങ്ങൽ തീരുമാനം മനോരമ ഗ്രൂപ്പിൽ നിന്നും വരുന്നത്.

കഴിഞ്ഞ പാദത്തിൽ (മെയ്‌ ജൂലൈ) റേഡിയോ മാംഗോ സ്വന്തമാക്കിയത് 54,000 പുതിയ ശ്രോതാക്കളെയാണ്. അഭിമാനപുരസ്സരം ഈ വാർത്ത കഴിഞ്ഞ വർഷം മനോരമ പുറത്തുവിട്ടുകൊണ്ടിരിക്കെ തന്നെയാണ് അണിയറയിൽ റേഡിയോ മാംഗോ അടച്ചു പൂട്ടാനുള്ള തീരുമാനങ്ങളും നടന്നുകൊണ്ടിരുന്നത്. കഴിഞ്ഞ വർഷം മുതൽ തന്നെ സാമ്പത്തിക പ്രയാസങ്ങൾ നിലനിൽക്കുന്നതായി ഉള്ള പ്രതീതി റേഡിയോ മാംഗോ അധികൃതർ തന്നെ ജീവനക്കാർക്ക് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ പല അലവൻസുകളും കട്ട് ചെയ്തിരുന്നു. പക്ഷെ ഈ സാമ്പത്തിക പ്രയാസം യൂണിറ്റ് അടച്ചു പൂട്ടാനുള്ള തീരുമാനത്തിലേക്ക് നീങ്ങുമെന്ന് ജീവനക്കാരും കരുതിയിരുന്നില്ല. റേഡിയോ മാംഗോയിൽ നിന്നും വന്ന അടച്ചു പൂട്ടൽ അറിയിപ്പ് ജീവനക്കാരെ നടുക്കിയിട്ടുണ്ട്. നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥ പലരുടെയും മുന്നിൽ നിൽക്കുന്നുണ്ട്.

മറ്റു മലയാള റേഡിയോ നിലങ്ങളും ദുബായിൽ അടച്ചുപൂട്ടൽ അവസ്ഥയിലാണ്. മനോരമയുടെ വഴിയിലേക്ക് മറ്റു റേഡിയോ നിലങ്ങളും നീങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പുതിയ മാറ്റങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം മാധ്യമങ്ങൾക്ക് അതിജീവന ശേഷിയില്ലാത്ത ഒരിടമായി ദുബായ് മാറുന്നുവെന്ന സൂചനകളുണ്ട്. ഗൾഫ് മാധ്യമ രംഗം അടക്കി വാണിരുന്ന ഖലീജ് ടൈംസ് വരെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.

ഖലീജ് ടൈംസിൽ നിന്ന് പൊടുന്നനെ പുറത്താക്കപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകയുടെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രദ്ധേയമായിരുന്നു. തന്നെ നീക്കുന്നത് ഒരു മുന്നറിയിപ്പും നൽകാതെയാണ് എന്നാണ് മാധ്യമ പ്രവർത്തക കുറിച്ചത്. പല മാധ്യമ പ്രവർത്തകർക്കും ഖലീജ് ടൈംസിൽ നിന്ന് ജോലി നഷ്ടമാകുന്നുവെന്നും മാധ്യമ പ്രവർത്തക എഴുതിയിരുന്നു. ഖലീജ് ടൈംസ് മാത്രമല്ല മലയാളത്തിലെ മാധ്യമ ഭീമന്മാരായ മനോരമയ്ക്ക് വരെ ഗൾഫ് സെക്ടറിൽ അടിപതറുകയാണ് എന്നാണ് റേഡിയോ മാംഗോ നിലയം അടച്ചു പൂട്ടൽ വാർത്ത നൽകുന്ന സൂചനകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP