Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

ഇടമുളയ്ക്കൽ സ്‌കൂളും കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും സ്‌കൂൾ മാനേജർ പദവിയും മകന്; പത്തു വർഷം രക്തബന്ധത്തിലുള്ളവർക്കല്ലാതെ ഒന്നും വിൽക്കാനും പാടില്ല; ബിന്ദുവിന്റെ മൂത്തമകൻ സായിക്ക് ഒന്നും കൊടുക്കരുത്; വ്യവസ്ഥ ലംഘിച്ചാൽ ഇളയ മകൾക്ക് നൽകുന്നതെല്ലാം എൻ എസ് എസിനും; ബാലകൃഷ്ണ പിള്ളയുടെത് അത്യപൂർവ്വ വിൽപത്രം

ഇടമുളയ്ക്കൽ സ്‌കൂളും കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും സ്‌കൂൾ മാനേജർ പദവിയും മകന്; പത്തു വർഷം രക്തബന്ധത്തിലുള്ളവർക്കല്ലാതെ ഒന്നും വിൽക്കാനും പാടില്ല; ബിന്ദുവിന്റെ മൂത്തമകൻ സായിക്ക് ഒന്നും കൊടുക്കരുത്; വ്യവസ്ഥ ലംഘിച്ചാൽ ഇളയ മകൾക്ക് നൽകുന്നതെല്ലാം എൻ എസ് എസിനും; ബാലകൃഷ്ണ പിള്ളയുടെത് അത്യപൂർവ്വ വിൽപത്രം

ആർ പീയൂഷ്

കൊല്ലം: അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ്(ബി) ചെയർമാനുമായിരുന്ന ആർ ബാലകൃഷ്ണപിള്ള മക്കൾക്ക് വീതിച്ചു നൽകിയ സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത്. വിൽപത്രത്തിൽ തിരിമറി നടത്തി എംഎ‍ൽഎ ഗണേശ്‌കുമാർ സ്വത്തുക്കൾ തട്ടിയെടുത്തു എന്നാരോപിച്ച് ബാലകൃഷ്ണപിള്ളയുടെ മകളും ഗണേശിന്റെ മൂത്ത സഹോദരിയുമായ ഉഷാ മോഹൻദാസ് രംഗത്ത് വന്നതോടെയാണ് സ്വത്ത് വിവരങ്ങൾ പുറത്ത് വന്നത്.

3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബാലകൃഷ്ണപിള്ള ഇതു ചെയ്തതെന്നും പുറത്ത് നിന്നുമുള്ള യാതൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രത്തിലെ പ്രധാന സാക്ഷിയും കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരൻ പിള്ള അറിയിച്ചു. എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്.

ഏറെ കരുതലോടെയാണ് പിള്ള ഈ വിൽപത്രം തയ്യാറാക്കിരിക്കുന്നത്. വസ്തു കൈമാറ്റത്തിൽ അടക്കം വ്യവസ്ഥകളുണ്ട്. ചെറുമകന് ഒന്നും കൊടുക്കരുതെന്ന വിചിത്ര വ്യവസ്ഥയും. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്‌കുമാറിനും അവകാശപ്പെട്ടതാണ്.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബി.എഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. വിൽപത്രമെഴുതുന്ന നാൾ മുതൽ 10 വർഷത്തേക്ക് രക്തബന്ധത്തിലുള്ളവർക്കല്ലാതെ പുറത്തുള്ള ആർക്കും തന്നെ വസ്തുവകകൾ വിൽക്കാൻ പാടില്ല എന്നും വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ഇളയ മകൾ ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകൻ വിഷ്ണു സായിക്ക് ഈ വസ്തുവകകളിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകൾ കൈമാറിയാൽ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാൽ ബിന്ദു ബാലകൃഷ്ണന് നൽകിയ മുഴുവൻ സ്വത്തുക്കളും എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. മക്കൾക്ക് നൽകിയിരിക്കുന്ന സ്വത്തു വകകൾ തന്റെ കാലശേഷം മക്കൾക്കും അവരുടെ മക്കൾക്കും മാത്രം അവകാശപ്പെട്ടതാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാർട്ടീ ഓഫീസുകൾ കേരളാ കോൺഗ്രസ്(ബി) നിലനിൽക്കുന്നിടത്തോളം കാലം അതേ നിലയിൽ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളിൽ കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന പാർട്ടീ ചെയർമാന്മാർ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ലയിക്കുകയാണെങ്കിൽ ലയിക്കുന്ന പാർട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം.

ഏതെങ്കിലും തരത്തിൽ പാർട്ടി നിലനിൽക്കാതെയോ ലയിക്കാതെയോ വന്നാൽ പാർട്ടീ ഓഫീസുകൾ കേരളാ സർക്കാരിന് അവകാശപ്പെട്ടതാണെന്നും വിൽപ്പത്രത്തിൽ ബാലകൃഷ്ണപിള്ള പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP