Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാപ്രളയം വന്നുവിഴുങ്ങിയപ്പോൾ ആർഭാടമെല്ലാം വേണ്ടെന്ന് വച്ച് മുണ്ട് മുറുക്കിയുടുക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവരും കൈയടിച്ച് പാസാക്കി; ചെലവ് താങ്ങാൻ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് ഫീസ് രണ്ടായിരമാക്കിയപ്പോഴും ശരിവച്ചു; നവകേരള നിർമ്മാണത്തിനായി പെടാപ്പാടുപെടുന്നതിനിടെ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാന് ചികിത്സാ ചെലവിന് നൽകുന്നത് 30 ലക്ഷം; ലെനിൻ രാജേന്ദ്രൻ മുൻകൂറായി കൈപ്പറ്റിയത് നാലുലക്ഷം; ധൂർത്തിന്റെ തെളിവുകൾ മറുനാടൻ പുറത്തുവിടുന്നു

മഹാപ്രളയം വന്നുവിഴുങ്ങിയപ്പോൾ ആർഭാടമെല്ലാം വേണ്ടെന്ന് വച്ച് മുണ്ട് മുറുക്കിയുടുക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവരും കൈയടിച്ച് പാസാക്കി; ചെലവ് താങ്ങാൻ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് ഫീസ് രണ്ടായിരമാക്കിയപ്പോഴും ശരിവച്ചു; നവകേരള നിർമ്മാണത്തിനായി പെടാപ്പാടുപെടുന്നതിനിടെ  ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാന് ചികിത്സാ ചെലവിന് നൽകുന്നത് 30 ലക്ഷം; ലെനിൻ രാജേന്ദ്രൻ മുൻകൂറായി കൈപ്പറ്റിയത് നാലുലക്ഷം; ധൂർത്തിന്റെ തെളിവുകൾ മറുനാടൻ പുറത്തുവിടുന്നു

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: ഡിസംബറിൽ നടക്കാൻ പോകുന്ന രാജ്യാന്തര ചലച്ചിത്രമേള പോലും പ്രളയം വിതച്ച ദുരിതം കാരണം ആദ്യം സർക്കാർ വേണ്ടന്ന് വെച്ചതാണ്. പിന്നീട് ചെലവ് ചുരുക്കാനും പ്രതിനിധികളിൽ നിന്നും 2000 രൂപ വെച്ച് ഡെലിഗേറ്റ് ഫീസ് ഈടാക്കാനും തീരുമാനിച്ചു. ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപ്പറേഷനും പ്രതിസന്ധിയിൽ നിൽക്കുകയും സർക്കാർ പുനർ നിർമ്മിതിക്കായി പെടാ പാടു പെടുകയും ചെയ്യുന്നതിനിടയിലാണ് ചികിത്സയുടെ പേരിൽ നടക്കാൻപോകുന്ന വലിയൊരു ധൂർത്തിന്റെ തെളിവുകൾ മറുനാടന് ലഭിച്ചത്.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രന് വേണ്ടിയാണ് ചികിത്സ ചെലവിനത്തിൽ 30 ലക്ഷം കൂടി ചെലവഴിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിരിക്കുന്നത്. കരൾ രോഗത്തിന് ചികിത്സയിലുള്ള ലെനിൻ രാജേന്ദ്രൻ തന്റെ ചികിത്സക്കായി ആദ്യം ചലച്ചിത്ര വികസന കോർപ്പറേഷന്റെ ബോർഡു യോഗത്തിൽ പ്രത്യേക അജണ്ടയായി വെച്ച് നാലു ലക്ഷം പാസാക്കി. ഇത് കൈപറ്റുകയും ചെയ്തു. ഇതിന് പുറമെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പോകാൻ 30 ലക്ഷം അനുവദിക്കണമെന്ന് അപേക്ഷിച്ച് ലെനിൻ രാജേന്ദ്രൻ നേരിട്ടും എംഡി മുഖേനയും മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ മന്ത്രിക്കും നിവേദനം നല്കി.

ചെയർമാന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് വഴി രണ്ടു ലക്ഷം കിട്ടുമെന്നും അതിന് പുറമെ ചെലവാകുന്ന തുക ചലച്ചിത്ര വികസന കോർപ്പറേഷൻ വഹിക്കുമെന്നും ഇതനായി ഏപ്രിൽ മാസത്തെ ബോർഡ് യോഗം തീരുമാനം എടുത്തുവെന്നും നിവേദനത്തിൽ പറയുന്നു. സ്ഥിരം ജീവനക്കാർക്ക് ശമ്പളത്തോടൊപ്പം ചികിത്സാനുകൂല്യം നൽകി വരുന്നു. എന്നാൽ ചെയർമാന് ആ ആനുകൂല്യം ലഭിക്കുന്നില്ല. ജീവനക്കാർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. കരൾ മാറ്റിവെയ്ക്കുന്നതിന് 30 ലക്ഷം രൂപ ചെലവ് വരുമെന്ന് അപ്പോള ആശുപത്രി അറിയിച്ചിട്ടുണ്ട്. അത് എം ഡി ക്ക് അനുവദിക്കാവുന്നതിലും ഉയർന്ന തുകയാണ്. ആയതിനാൽ ഈ തുക അനുവദിക്കാനുള്ള അനുമതി തരണമെന്നാണ് എം ഡി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

ഇതിന് പുറമെ ലെനിൻ രാജേന്ദ്രന്റെ സമ്മർദ്ദം കൂടിയായപ്പോൾ മുഖ്യമന്ത്രി ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡിയോടു ഈ തുക അനുവദിക്കാൻ നിർദ്ദേശം നല്കിയെന്നാണ് വിവരം. ഒപ്പം ചെയർമാന്റെ ഭാരിച്ച ചികിത്സ ചെലവ് കോർപ്പറേഷനിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലന്ന കാര്യവും രേഖാമുലം അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചുവെന്നാണ് അറിയുന്നത്. എന്നാൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഇപ്പോഴത്തെ സ്ഥിതി പരമദയനീയമാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് രാജ് മോഹൻ ഉണ്ണിത്താൻ ലാഭത്തിലെത്തിച്ച കോർപ്പേഷന് ഇപ്പോൾ നഷ്ട കണക്കുകൾ മാത്രമേ പറയാനുള്ളു. നന്നേ ബുദ്ധിമുട്ടിയാണ് കഴിഞ്ഞ മാസത്തെ ശമ്പളം കോർപ്പറേഷൻ നൽകിയത്. ഈ മാസത്തെ ശമ്പളം എങ്ങനെ നൽകുമെന്നറിയാതെ വട്ടം ചുറ്റുകയാണ് കോർപ്പറേഷനിലെ ഫിനാൻസ് വിഭാഗത്തതിലെ ഉദ്യോഗസ്ഥർ.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ ഇതുവരെ നല്കിയിട്ടില്ല. ആനുകൂല്യത്തിനായി ഓഫീസ് കയറി ഇറങ്ങുന്നവരോടു ഒഴിവു കഴിവു പറഞ്ഞ് മടുത്തിരിക്കയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ. കൂടാതെ ശമ്പളവർദ്ധനവ് നടപ്പിലാക്കണമെന്ന ശുപാർശ കോർപ്പറേഷന് മുന്നിലുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് പറയുന്ന ചെയർമാനാണ് ചികിത്സക്കായി ലക്ഷങ്ങൾ കൈപറ്റുന്നത്. പ്രളയം ഏല്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ സാലറി ചലഞ്ച് അടക്കം പലവഴികൾ സർക്കാർ തേടുമ്പോഴാണ് കോർപ്പറേഷൻ ചെയർമാന് ചികിത്സക്കായുള്ള ധൂർത്തിന് സർക്കാർ തന്നെ കൂട്ടു നില്ക്കുന്നത്.

പ്രതിസന്ധിക്കിടയിലും ഈ വർഷം തന്നെ ചെയർമാൻ നിരവധി പദ്ധതികളാണ ്പ്രഖ്യാപിച്ചത്.100 ആധുനിക സിനിമാ തീയേറ്ററുകൾ തുടങ്ങാൻ പദ്ധതിയിടുന്നുവെന്നായിരുന്നു അദ്ദേഹതത്തിന്റെ ഒരു പ്രഖ്യാപനം. പ്രധാന നഗരങ്ങളിൽ തുടങ്ങുന്ന സിനിമ തിയേറ്ററുകൾക്കു പുറമെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മൂന്നു സിനിമാ ഹൗസുകൾ നിർമ്മിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോ 150 കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും.

പദ്ധതിക്കായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽനിന്നും 100 കോടി രൂപ വായ്പ തേടും. സിനിമ തിയേറ്റർ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 30 തീയേറ്ററുകൾ ആധുനികമാക്കും. . കൂടുതൽ തീയേറ്ററുകൾ നിർമ്മിക്കാൻ പൊതുസ്വകാര്യ പങ്കാളിത്തത്തെക്കുറിച്ചും ആലോചിക്കുന്നു. ഗവണ്മെന്റിന്റെ പദ്ധതിക്ക് പ്രത്യേകിച്ചും പ്രവാസി കേരളീയരുടെ സഹകരണം ഉണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങൾ ഭൂമി നൽകിയാൽ കൂടുതൽ തിയേറ്ററുകൾ നിർമ്മിക്കാൻ കെഎസ്എഫ്ഡിസി സന്നദ്ധമാണ്. രണ്ടു തീയേറ്ററുകളുള്ള ഒരു സമുച്ചയം നിർമ്മിക്കാൻ 50 സെന്റ് സ്ഥലം ആവശ്യമാണ്. മൂന്നു തിയേറ്ററുകളുടെ സമുച്ചയം നിർമ്മിക്കാൻ 80 സെന്റ് സ്ഥലം മതിയാകും. പുതിയ സിനിമകൾ ലഭിക്കാത്തതു കാരണം ഗ്രാമീണ മേഖലയിലെ തീയേറ്ററുകൾ അടച്ചുപൂട്ടുന്നതിനുള്ള പരിഹാരമെന്ന നിലയിലാണ് ലെനിൻ രാജേന്ദ്രൻ ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. എന്നാൽ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞു വെങ്കിലും ഒന്നു പോലും നടന്നിട്ടല്ലായെന്നതാണ് സത്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP