Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ടിക് ടോക്കിലും എല്ലാവരെയും വിളിച്ച് വശീകരിച്ച് വീഴ്‌ത്തും; ഒപ്പം ഫഹദ് ഫാസിൽ സിനിമ ട്രാൻസിലെ പോലെ മോട്ടിവേഷൻ പരിപാടി തട്ടിപ്പും; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റിന്റെ പേര് പറഞ്ഞ് ശ്രുതി തമ്പിയും കൂട്ടരും നടത്തിയത് കോടികളുടെ മണി ചെയ്ൻ തട്ടിപ്പ്; മറുനാടൻ പുറത്തു വിട്ട തട്ടിപ്പ് വാർത്ത ശരിവച്ച് ക്യൂനെറ്റിന്റെ കുറ്റസമ്മതം; തട്ടിപ്പ് നടത്തിയ നാനൂറു ഏജന്റുമാരെ പുറത്താക്കി; ദുബായ് പത്രത്തിൽ ഒന്നാം പേജ് പരസ്യം

വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ടിക് ടോക്കിലും എല്ലാവരെയും വിളിച്ച് വശീകരിച്ച് വീഴ്‌ത്തും; ഒപ്പം ഫഹദ് ഫാസിൽ സിനിമ ട്രാൻസിലെ പോലെ മോട്ടിവേഷൻ പരിപാടി തട്ടിപ്പും; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റിന്റെ പേര് പറഞ്ഞ് ശ്രുതി തമ്പിയും കൂട്ടരും നടത്തിയത് കോടികളുടെ മണി ചെയ്ൻ തട്ടിപ്പ്; മറുനാടൻ പുറത്തു വിട്ട തട്ടിപ്പ് വാർത്ത ശരിവച്ച് ക്യൂനെറ്റിന്റെ കുറ്റസമ്മതം; തട്ടിപ്പ് നടത്തിയ നാനൂറു ഏജന്റുമാരെ പുറത്താക്കി; ദുബായ് പത്രത്തിൽ ഒന്നാം പേജ് പരസ്യം

എം മനോജ് കുമാർ

ദുബായി: സ്വന്തം ഏജന്റുമാർ തങ്ങളെ ചതിച്ചെന്ന് മൾട്ടിനാഷണൽ മാർക്കറ്റിങ് കമ്പനിയായ ക്യൂ നെറ്റിന്റെ കുറ്റസമ്മതം. ക്യൂ നെറ്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ നാനൂറു സ്വതന്ത്ര ഏജന്റുമാരെ തങ്ങൾ പുറത്താക്കിയെന്നാണ് ക്യൂനെറ്റിന്റെ അറിയിപ്പ് വന്നത്. ദുബായിലെ വാർത്താ പത്രത്തിൽ ഒന്നാം പേജിൽ നൽകിയ പരസ്യം വഴിയാണ് സ്വന്തം ഏജന്റുമാർ തങ്ങളെ കരുവാക്കി നടത്തിയ തട്ടിപ്പ് പരസ്യം വഴി ക്യൂനെറ്റ് വെളിയിൽ വിടുന്നത്. നിയമങ്ങൾ ലംഘിച്ച് ക്യൂനെറ്റ് പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയതിനാലാണ് ഇരുപത്തിരണ്ടോളം രാജ്യങ്ങളിലെ തങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയത് എന്നാണ് ക്യൂനെറ്റ് അറിയിക്കുന്നത്.

Stories you may Like

ക്യൂനെറ്റ് പുറത്താക്കിയവരിൽ ഉൾപ്പെടുന്ന ഏജന്റുമാരാണ് നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ, താഹിർ എന്നിവർ. ക്യൂനെറ്റിനെ കേന്ദ്രമാക്കി ടീം ഓഷ്യൻ രൂപീകരിച്ച് ദുബായ് ബുർജ്മാൾ കേന്ദ്രീകരിച്ച് മണി ചെയ്ൻ തട്ടിപ്പ് നടത്തി നസീബും ആബിദ് ഷായും ഉൾപ്പെടുന്ന ടീം ഓഷ്യൻ ദുബായ് മലയാളികൾ അടക്കമുള്ളവരിൽ നിന്ന് കോടികൾ തട്ടിയത് എക്‌സ്‌ക്ലുസീവായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ടീം ഓഷ്യൻ നടത്തിയ കോടികളുടെ മണി ചെയിൻ തടിപ്പ് മറുനാടൻ പുറത്തുകൊണ്ടുവരുന്നത്. മറുനാടൻ വാർത്ത ശരിവയ്ക്കുകയാണ് കഴിഞ്ഞ ദിവസം ദുബായ് പത്രത്തിൽ ക്യൂ നെറ്റ് നൽകിയ ഒന്നാം പേജ് പരസ്യം.

ഇവന്റ് മാനെജ്‌മെന്റ് നടത്താനുള്ള ലൈസൻസാണ് ടീം ഓഷ്യന് ഉള്ളത്. ഡയറക്റ്റ് മാർക്കറ്റിങ് നടത്താനുള്ള ലൈസൻസ് ടീം ഓഷ്യനു ലഭിച്ചിരുന്നില്ല. അതിനാൽ ക്യൂ നെറ്റിനെ മറയാക്കിയാണ് ഇവർ ടീം ഓഷ്യൻ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത്. ഇതോടെയാണ് കോടികളുടെ മണി ചെയിൻ തട്ടിപ്പിന്റെ വാർത്ത എക്‌സ്‌ക്ലൂസീവായി മറുനാടൻ പുറത്ത് വിട്ടത്. ഈ വാർത്തയുടെ അലയൊലികൾ തന്നെയാവുകയാണ് ക്യൂ നെറ്റിന്റെ കുറ്റസമ്മതവും. പക്ഷെ സ്വയം കൈ കഴുകാൻ ഇങ്ങനെ ഒരു പരസ്യം നൽകുകയാണ് എന്ന ആരോപണവും ക്യൂ നെറ്റിന്റെ പരസ്യവുമായി ബന്ധപ്പെട്ടു ഗൾഫ് നാടുകളിൽ ഉയർന്നിട്ടുണ്ട്. ക്യൂ നെറ്റിന്റെ പേര് പറഞ്ഞു ആബിദ് ഷാ അടക്കമുള്ളവർ ടീം ഓഷ്യൻ രൂപീകരിച്ചത് ഇവർക്ക് അറിയാമായിരുന്നു എന്നാണ് തട്ടിപ്പിന്നിരയായവർ ചൂണ്ടിക്കാട്ടുന്നത്.

അതിനാൽ പത്രപ്പരസ്യം വഴി സ്വയം കൈകഴുകൽ ആണ് ക്യൂ നെറ്റ് നടത്തിയിരിക്കുന്നത് എന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. ഇതോടെ ക്യൂ നെറ്റ് വഴി തട്ടിപ്പിന്നിരയായവർക്ക് പണം തിരികെ ലഭിക്കാനുള്ള അവസരവും നഷ്ടമായി. ക്യൂ നെറ്റിന്റെ പേര് പറഞ്ഞു ടീം ഓഷ്യൻ വഴി ആബിദും നസീബും ശ്രുതി തമ്പിയും അടക്കമുള്ളവർ കൊയ്‌തെടുത്ത തങ്ങളുടെ പണം എങ്ങനെ ഇനി തിരികെ ലഭിക്കും എന്നാണ് പത്രപ്പരസ്യത്തിനു ശേഷം തട്ടിപ്പിന്നിരയായവർ മറുനാടനോട് ചോദിച്ചത്. ദുബായിലെ സോഷ്യൽ സർവീസ് ഫോറം ഈ തട്ടിപ്പിന്നെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിട്ടുണ്ട്.

ദുബായ് ബുർജ്മാൾ കേന്ദ്രീകരിച്ച് നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ, താഹിർ എന്നിവർ ടീം ഓഷ്യന്റെ പേരിൽ നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്നത് കഴിഞ്ഞ സെപ്റ്റംബറിൽ മറുനാടൻ മലയാളിയായിരുന്നു. ക്യൂ നെറ്റ് എന്ന മാതൃ കമ്പനി കേന്ദ്രമാക്കി തങ്ങളുടെതായ ടീം ഓഷ്യൻ എന്ന കമ്പനി രൂപീകരിച്ചാണ് സാധാരണക്കാരായ ദുബായി മലയാളികളിൽ നിന്നും ഇവർ കോടികൾ തട്ടിയത്. മറുനാടൻ നൽകിയ ഈ മണി ചെയിൻ തട്ടിപ്പ് വാർത്ത ദുബായ് അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ടീം ഓഷ്യനിലൂടെ പണം നഷ്ടമായവർ വാർത്ത വന്നതോടെ ടീം ഓഷ്യനു എതിരെ തിരിഞ്ഞു. പിടിച്ചു നിൽക്കാനുള്ള കള്ളക്കളുടെ ഭാഗമായി ഇവർ രക്ഷപ്പെടാൻ അന്ന് കൂട്ട് പിടിച്ചത് തങ്ങളുടെ മാതൃ കമ്പനിയായ ക്യൂനെറ്റിനെയായിരുന്നു. മറുനാടന്റെത് വ്യാജവാർത്ത എന്ന രീതിയിൽ ഇവർ സോഷ്യൽ മീഡിയ വഴി വ്യാപകമായ പ്രചാരണവും നടത്തി. പക്ഷെ ദുബായിലെ മലയാളി സമൂഹം വിശ്വസിച്ചത് മറുനാടൻ വാർത്തയായിരുന്നു. ഈ വാർത്ത ശരിവെച്ച്‌കൊണ്ടാണ് ക്യൂനെറ്റ് കമ്പനി ദുബായിലെ വാർത്താ പത്രത്തിൽ ഒന്നാം പേജ് പരസ്യം നൽകിയത്. തട്ടിപ്പ് നടത്തിയതിനു തങ്ങളുടെ 400 സ്വതന്ത്ര പ്രതിനിധികളെ പുറത്താക്കി എന്നാണ് ക്യൂ നെറ്റ് ദുബായ് പത്രത്തിൽ പരസ്യം നൽകിയത്. ഇരുപത്തി രണ്ടു രാജ്യങ്ങളിലായുള്ള പ്രതിനിധികളെയാണ് പുറത്താക്കിയത് എന്നാണ് ക്യൂനെറ്റ് പരസ്യം നൽകിയത്. ക്യൂ നെറ്റിന്റെ പേര് ദുരുപയോഗപ്പെടുത്തിയാണ് ഇവർ ബിസിനസ് നടത്തിയത് എന്ന് ക്യൂ നെറ്റ് തന്നെ സമ്മതിക്കുകയാണ്. നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇവരെ പുറത്താക്കിയത് എന്നും ക്യൂനെറ്റ് പറയുന്നു.

അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്ത ട്രാൻസ് സിനിമയെപ്പോലെ മോട്ടിവേഷൻ തട്ടിപ്പായിരുന്നു ടീം ഓഷ്യൻ നടത്തിയത്. . ആളുകളെ പ്രലോഭിപ്പിച്ച് വലയിൽ വീഴ്‌ത്തുക. ഒന്നും ചിന്തിക്കാൻ ഇരകൾക്ക് അവസരം നൽകാതിരിക്കുക. സ്റ്റേജ് അതിനുള്ള കരുവാക്കി മാറ്റുക. സ്റ്റേജ് ഷോ വഴിയുള്ള മോട്ടിവേഷനിലൂടെയാണ് ഗൾഫിലെ സാധാരണക്കാരായ ആളുകളെ കബളിപ്പിച്ച് ടീം ഓഷ്യൻ തട്ടിപ്പ് നടത്തിയത്. പ്രലോഭനമാണ് ഇവരുടെ പ്രധാന തുറുപ്പ് ചീട്ട്. ടീം ഓഷ്യന്റെ ഈ മോട്ടിവേഷൻ തട്ടിപ്പിൽ ഒരു പ്രധാന പങ്കു ശ്രുതി തമ്പിക്കുണ്ട്. മോട്ടിവേഷനിൽ ശ്രുതി തമ്പിയായിരുന്നു ഇവരുടെ പ്രധാന താരം. ഗൾഫിൽ ജോലി തേടി എത്തിയ സാധാരണക്കാരാണ് ഇവരുടെ കരുക്കൾ. സാധാരണക്കാരെ തന്നെ ഇവർ തിരഞ്ഞു പിടിച്ചത് പരാതി നൽകാൻ ഇവർക്കുള്ള പരിമിതികൾ മുതലെടുത്തായിരുന്നു. പ്രാരാബ്ധങ്ങളിൽ കുടുങ്ങിയവരെ മണി ചെയിനിൽ ചേർത്താൽ കാശ് തേടി ഇവർ ജോലി ചെയ്യും എന്ന നിർദ്ദേശമാണ് ആബിദ് ഷായും നസീബും അടങ്ങിയ ടീം ഓഷ്യൻ സ്വന്തം ഏജന്റുമാർക്ക് നൽകിയത്. ഇത് വിജയകരമായി ഇവർ നടപ്പിലാക്കിയപ്പോൾ ഗൾഫ് മലയാളികൾ അടങ്ങിയ ഒട്ടുവളരെ ആളുകൾക്ക് പണം നഷ്ടമായി. സ്ത്രീകളെ വരെ ഇവർ കരുവാക്കിയിട്ടുണ്ട്. പണം ഇല്ലാ എന്ന് പറഞ്ഞപ്പോൾ ആഭരണങ്ങൾ ഊരി നൽകാനാണ് ഇവർ ആവശ്യപ്പെട്ടത്. ഈ ഗോൾഡ് വിറ്റ് ഇവർ ടീം ഓഷ്യന്റെ പണം കൈക്കലാക്കുകയുംചെയ്തു.

വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയവരെ തിരഞ്ഞു പിടിച്ച് ടീം ഓഷ്യൻ നൽകിയ വാഗ്ദാനം ജോലി തേടേണ്ട എന്നാണ്. ഒന്നരലക്ഷത്തോളം രൂപയും ശമ്പള വാഗ്ദാനം നടത്തുകയും ചെയ്തു. രണ്ടു പേരെ ഏജന്റുമാരാക്കാനാണ് ഇവർ ആവശ്യപ്പെട്ടത്. ആ രണ്ടു പേർ വഴി വേറെ രണ്ടു പേർ. പണം ഒഴുകി വരുമെന്ന് ഇവർ ധരിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ആദ്യം സ്വന്തം കാശും പിന്നീട് സുഹൃത്തുക്കളുടെ കാശും ഇവർ നഷ്ടമാക്കി. പരാതി നൽകണമെങ്കിൽ തെളിവ് നൽകണം. പലരുടെ കയ്യിൽ നിന്നും നസീബും ആബിദ് ഷായും നേരിട്ടാണ് കാശ് വാങ്ങിയത്. ഇതിനു രേഖകളുമില്ല. പിന്നെങ്ങനെ പണം തിരികെ ചോദിക്കും? തട്ടിപ്പിന്നിരയായവർ ചോദിക്കുന്നു. കാശ് തിരികെ ചോദിച്ച നിരവധി പേരെ ടീം ഓഷ്യൻ ഭീഷണിപ്പെടുത്തിയിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ ഗൾഫ് നാട്ടിലെത്തിയ സഫ്വാൻ ഉൾപ്പെടെയുള്ളവർക്ക് നസിബ് ബി.ആർ, ആബിദ് ഷാ തുടങ്ങിയ ടീം ഓഷ്യൻ ടീമിൽ നിന്ന് മർദ്ദനമേൽക്കുകയും ചെയ്തു. സഫ്വാന്റെ ദയനീയ കഥ തുടർ റിപ്പോർട്ടുകൾ നൽകി മറുനാടൻ വെളിയിൽക്കൊണ്ട് വന്നിരുന്നു.

നിരവധി പേരാണ് ടീം ഓഷ്യന്റെ തട്ടിപ്പിൽ കുരുങ്ങി കാശ് നഷ്ടമായത്. ഗൾഫിൽ നിന്നും ആബിദ് ഷായും നസീബും അടങ്ങിയവർ വളരെ ശ്രദ്ധിച്ചാണ് തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ ഗൾഫിൽ നിന്നും ടീം ഓഷ്യന് നിയമ നടപടി നേരിടാനുള്ള സാധ്യതകൾ കുറവാണ്. മുഖ്യമായും ഇന്ത്യ കേന്ദ്രീകരിച്ചാണ് ഗൾഫിൽ നിന്നും ഇവർ മണി ചെയിൻ തട്ടിപ്പ് നടത്തിയത്. ഗൾഫിൽ നിന്നും ഏജന്റുമാരെ ചേർത്ത് നാട്ടിൽ നിന്നും പണം വരുത്തും. ഇത് കുഴൽപ്പണ രീതിയിൽ ഗൾഫിൽ എത്തിക്കും. ഒരാളെ എജന്റാക്കി വിഡ്ഢിയാക്കും. ഇയാളെ കേന്ദ്രീകരിച്ച് ഇയാൾ വഴി ആറുപേരെക്കൂടി ഇവർ വിഡ്ഢിയാക്കും. ഈ ആറുപേർക്കും പണം നഷ്ടമാകും. ഇവർക്ക് ആരും പരാതി നൽകാനും കഴിയില്ല. കാരണം എല്ലാം സുഹൃത്തുക്കൾ. ഒരാൾക്ക് പരാതി നൽകണമെങ്കിൽ ആ പരാതി നൽകേണ്ടത് സ്വന്തം സുഹൃത്തിന് എതിരെയാകും. ഈ സുഹൃത്തും ഇതേ രീതിയിൽ വഞ്ചിക്കപ്പെട്ടതാണെന്ന് തട്ടിപ്പിന്നിരയായ ആളുകൾക്ക് അറിയുകയും ചെയ്യാം. പിന്നെ എങ്ങിനെ പരാതി നൽകും എന്നാണ് തട്ടിപ്പിന്നിരയായവർ ചോദിക്കുന്നത്. ഇത് തന്നെയാണ് ടീം ഓഷ്യനിലെ ആബിദ് ഷായും വരുണും നസീബും വരുണും താഹിറും അടങ്ങിയവരെ സുരക്ഷിതരാക്കുന്നതും.

ടീം ഓഷ്യൻ മണി ചെയിനിന്റെ തട്ടിപ്പുകൾ ഈ വിധം

ഇന്ത്യയിൽ നിരോധിച്ച ക്യു നെറ്റ് എന്ന മണി ചെയിൻ കമ്പനിക്ക് വേണ്ടിയാണ് ടീം ഓഷ്യൻ ദുബായിൽ പ്രവർത്തിക്കുന്നത് എന്നാണ് ആബിദും നസീബും എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ ദുബായിൽ നിയമപരമായി ഇവർക്കു പണം വാങ്ങാൻ പറ്റാത്തതുകൊണ്ട് കേരളത്തിലെ ഹവാല വഴി കാഷ് ആയിട്ടാണ് എല്ലാവരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് അതിന് വേണ്ടി ടിക് ടോക് താരം ശ്രുതി തമ്പിയെയും ഇവർ ഏർപ്പെടുത്തിയത്. , ദുബായിൽ ജോലി അനേഷിച്ചു വരുന്ന യുവാക്കളും തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന യുവാക്കളും ആണ് ഇവരുടെ ഇരകൾ. ഇവരെ എല്ലാം ബർദുബൈയിൽ ഉള്ള ബുർജ്മാൻ മാളിലെ കോഫി ഷോപ്പിൽ അല്ലെങ്കിൽ ടീ സോൺ കഫെ യിൽ വിളിച്ചു വരുത്തി സ്വപ്ന വാഗ്ദാനങ്ങൾ പറഞ്ഞ് മയക്കി 8500 ദിർഹംസ് അല്ലെങ്കിൽ ഒന്നര ലക്ഷം ഇന്ത്യൻ രൂപ വാങ്ങി, 100 ദിർഹംസ് അതായത് രണ്ടായിരം രൂപ പോലും വില വരാത്ത ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് കളും കോപ്പി വാച്ച്കളും ഉപയോഗ ശൂന്യമായ മൊബൈൽ ആപ്ലിക്കേഷൻസും പകരം നൽകിയാണ് ഡയറക്റ്റ് സെയിൽസ് എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഇതിൽ ആളുകളെ ചേർത്താൻ ഇവരെ നിർബന്ധിക്കുകയും ആളുകളെ ചേർത്തിയാൽ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ, റോൾസ് റോയ്‌സ്, ലബോർഗിനി പോലത്തെ ആഡംബര കാറുകൾ ക്യു നെറ്റ് ൽ നിന്നും ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇനി ആളുകളെ ചേർക്കുന്ന ചെറുപ്പക്കാർക്ക് അതിന്റ കമ്മീഷൻ പോലും കൊടുക്കാതെ ആബിദും ആസ്മയും എല്ലാ കാശും മുക്കുന്നു-ഇതാണ് ഇവർക്കെതിരെ യുവാക്കൾ പരാതിപ്പെടുന്നത്.

തട്ടിപ്പുകൾ നടത്തുന്നത് ബുദ്ധിപൂർവ്വം

ടീം ഓഷ്യൻ മണി ചെയിനിന്റെ ശൃഖലയിൽ കുടുങ്ങിയാൽ പിന്നെ തിരികെ പോരുക വളരെ ബുദ്ധിമുട്ടാണ്. തിരികെ പോകാനോ അതോ ഇവർക്കെതിരെ തിരിയുകയോ ചെയ്താൽ കഞ്ചാവ് മയക്കു മരുന്ന് പെണ്ണ് കേസ് എന്നിങ്ങനെ കള്ള കേസുകളിൽ കുടുക്കും എന്ന് ഇവർ ഭീഷണി മുഴക്കും. നസീബും ആബിദും ആസ്മയും വരുണും താഹിറും ചേർന്നുള്ള ഭീഷണിയാണിത്. അല്ലെങ്കിൽ മറ്റു മണി ചെയിൻ, ബിറ്റ് കോയിൻ കമ്പനിയുടെ ആളായി അവരെ ചിത്രീകരിച്ചു കൊണ്ട് ബുദ്ധി പൂർവ്വം കരുക്കൾ നീക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് വളരെ പെട്ടെന്ന് ആയിരുന്നു ആബിദ് ഷാ യുടെയും അസ്മയുടെയും വളർച്ച. ഇതിന്റെയെല്ലാം പിന്നിൽ ചതിയുടെയും വഞ്ചനയുടെയും കഥകൾ ഒളിഞ്ഞിരിക്കുന്നു. ഇവർക്കെതിരെ ഉന്നത തലത്തിൽ അനേഷണം വേണം എന്നാണ് മണിചെയിനിൽ കുടുങ്ങി വഞ്ചിതരായവർ ആവശ്യപ്പെടുന്നത്.

ഈ തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായ യുവാക്കൾ, കേന്ദ്ര സർക്കാർ വഴി ഇവരുടെ തട്ടിപ്പിനെക്കുറിച്ച് യുഎഇ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാനും ഇവർ ശ്രമം നടത്തിയിട്ടുണ്ട്. ഇവരുടെ തട്ടിപ്പിന് ഇരയായ ബേസിൽ, മനീഷ്, മിഥിലാജ്, സത്താർ, സഫ്വാൻ എന്നിവരുടെ ജീവൻ തന്നെ അപകടത്തിൽ ആണെന്ന് ഇവർ അറിയിച്ചിരുന്നു. തങ്ങളിൽ ആർകെങ്കിലും എന്തെകിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആബിദ് ഷാ, നസീബ്, അസ്മ, ശ്രുതി തമ്പി, വരുൺ മുണ്ടയാടാൻ, താഹിർ എന്നിവർ ആയിരിക്കും എന്നാണ് ഈ യുവാക്കൾ പറഞ്ഞിരുന്നത്. കെഎംസിസി ഉൾപ്പടെ ദുബായിലെ പല സാമൂഹിക സംഘടനക്കും ഈ തട്ടിപ്പിനെ കുറിച്ച് ഇവർ വിവരം നൽകിയിട്ടുണ്ട്.

സഫ് വാൻ കുടുങ്ങിയ കഥ മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

എന്റെ പേര് സഫ് വാൻ. ഞാൻ പാണ്ടിക്കാട് സ്വദേശിയാണ്. ഇപ്പോൾ ദുബായിൽ. രണ്ടു വർഷമായി ദുബായിൽ. ഞാൻ മണി ചെയിൻ തട്ടിപ്പിന്റെ ഇരയാണ്. ഓഷൻ ഇവന്റ് മാനെജ്‌മെന്റ് എന്ന മണി ചെയിൻ തട്ടിപ്പ് കമ്പനിയാണ് എന്നെ കുരുക്കിയത്. കടം കയറി മുടിഞ്ഞാണ് ദുബായിൽ വന്നത്. ഇവിടെ എന്റെ സുഹൃത്ത് അജ് മലിനെ ഞാൻ കണ്ടുമുട്ടി. അവർ എന്നോടു എല്ലാ കാര്യങ്ങളും സംസാരിച്ചു. നിന്റെ കടങ്ങൾ എല്ലാം ഞാൻ വീട്ടിത്തരാം എന്നാണു അവൻ പറഞ്ഞത്. പിന്നീട് അവൻ എന്നെ റിലീഫ് മാളിലേക്ക് വിളിച്ചു. സലാഹുദീൻ ആണ് കടം വീട്ടിത്തരാം എന്ന് പറഞ്ഞത്. അവിടെ ഒരു കോഫി ഷോപ്പിൽ ഇരുത്തി. ഒരു മക്കാനയിൽ ജോലി ചെയ്യാൻ വന്നതാണ് ഇവർ രണ്ടുപേരും. നസിബ് ബി.ആർ ആബിദ് ഷാ എന്നിവരുടെ ഫോട്ടോ കാണിച്ചു തന്നു. റോൾസ് റോയിസ്, ലംബോർഗിനി എന്നീ കാറുകൾ ആണ് കാണിച്ചു തന്നത്. ഞാൻ ഇവരുടെ വാക്കുകളിൽ മയങ്ങി. അതിനു ശേഷമാണ് ഞാൻ തട്ടിപ്പിൽ കുരുങ്ങുന്നത്. ഒരു പുരുഷനും സ്ത്രീയും വന്നു. എനിക്ക് പല ക്ലാസുകളും എടുത്തു.

8150 ദിർഹം മുടക്കിയാൽ ആഴ്ചയിൽ 49000 ദിർഹം വരെ ലഭിക്കുന്ന പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് എന്ന് പറഞ്ഞു എന്ന ജോയിൻ ചെയ്യിപ്പിച്ചു. എന്റെ കയ്യിൽ 120 ദിർഹംസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ വാങ്ങി. എണ്ണായിരം ദിർഹം എത്രയും വേഗം സംഘടിപ്പിക്കണം എന്ന് പറഞ്ഞു. ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിയുടെ തലപ്പത്ത് നസിബ് ബി.ആർ ആബിദ് ഷായും ആണ് എന്നാണ് പറഞ്ഞത്. ഇവർ കോടീശ്വരന്മാർ ആണെന്നാണ് ഇവർ പറഞ്ഞത്. ഇവർ എന്നെ ഫോഴ്‌സ് ചെയ്തു. എണ്ണായിരം ദിർഹം എത്രയും വേഗം എത്തിക്കാൻ ഇവർ പറഞ്ഞു. എന്റെ സുഹൃത്തുണ്ട്. ആ സുഹൃത്ത് വഴിയാണ് ഞാൻ ഇവർക്ക് പണം ലഭ്യമാക്കിയത്. അതോടെ ഇവരുടെ തട്ടിപ്പിൽ ഞാൻ കണ്ണിയായ രീതിയിലായി. മൂന്നു സിം ആണ് ഇവർ എടുത്തത്. എല്ലാം എന്റെ പേരിൽ. എല്ലാം പോസ്റ്റ് പെയിഡ് സിം ആയിരുന്നു. ഞാൻ വേണ്ടാ എന്നു പറഞ്ഞതാണ്. പക്ഷെ അവർ സിം എടുത്തു. നീ പണം അടയ്‌ക്കേണ്ട. ഇവർ അടയ്ക്കും എന്നാണ് പറഞ്ഞത്. അതിനു ശേഷം മൊബൈൽ കമ്പനിയുടെ മെസ്സേജ് വന്നു. പണം അടയ്ക്കാൻ. അപ്പോൾ അവരെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് ഞാൻ കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കുന്നത്.

അജ് മലും നസീബും ആബിദ് ഷാ എന്നിവർ ബുർജ്മാളിൽ ഉണ്ടെന്ന വിവരം എനിക്ക് ലഭിച്ചു. ഞാൻ ബുർജ് മാളിലേക്ക് പോയി. അവിടെ കാദർ ഉണ്ടായിരുന്നു. കാദർ എന്നെ കണ്ടയുടൻ പറഞ്ഞു. നീ ഇവിടെ കാലു ചവിട്ടിയാൽ നിന്റെ കയ്യും കാലും വെട്ടിയെടുക്കും...ഈ ഭീഷണിയാണ് കാദറിൽ നിന്നും ലഭിച്ചത്. പത്ത് മുപ്പത് പേർ എന്നെ താഴെ കാർ പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി എന്നെ തല്ലി. കാദർ, ഹബീബ്, താഹിർ, ബാബു, വരുൺ മുണ്ടയാട്, എന്നിങ്ങനെ അഞ്ചാറു പേരുണ്ട്. ഇവർ എന്നെ ഒരുപാട് തല്ലി. ഇവരെ എനിക്ക് കണ്ടാൽ അറിയാം. പതിനായിരം ദിർഹമിന്റെ ബില്ലാണ് എന്റെ പേരിൽ ഉള്ളത്. എന്റെ വിസ പുതുക്കാൻ ഇത് കാരണം കഴിഞ്ഞില്ല. മൊബൈൽ കമ്പനിയുടെ ലീഗൽ നോട്ടീസുമുണ്ട്.

ഞാൻ ആകെ പെട്ട് നിൽക്കുകയാണ്. എന്റെ വീട്ടിൽ നാല് പെങ്ങമ്മാരും ഉമ്മയും ഉപ്പയും മാത്രമേയുള്ളൂ. ഉപ്പ ഹാർട്ട് പേഷ്യന്റ് ആണ്. ഉമ്മയ്ക്കും സുഖമില്ല, ഞാൻ മാത്രമാണ് ഇവർക്ക് ആകെയുള്ള ആൺ തരി. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കണം, ഇരുപതിനായിരം ദിർഹം കിട്ടിയാൽ മാത്രമേ എനിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയൂ. ഈ വീഡിയോ കാണുന്ന ആരെങ്കിലും എന്നെ സഹായിക്കണം. എന്റെ അഭ്യർത്ഥന ഇതാണ്.- സഫ് വാൻ പറയുന്നത്. ഈ വീഡിയോ വന്ന ശേഷം സഫ് വാന്റെ ബന്ധുക്കൾ സഫ് വാനെ ബുദ്ധിപൂർവ്വം നാട്ടിലെത്തിക്കുകയായിരുന്നു. ടീം ഓഷ്യന്റെ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ ഭീഷണിയുമായി ഇവർ രംഗത്ത് വന്നിരുന്നു. ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് മനസിലാക്കി ഇവരുടെ ടീമിൽ നിന്ന് ഒഴിഞ്ഞുപോയ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശമാണ് പുറത്തായത്. ഇതും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

മിഥിലാജിനെ വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശം ഇങ്ങനെ:

ആയിരം ദിർഹംസ് എടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നീ കോടിക്കണക്കിന് രൂപ കയ്യിലുള്ള ഞാനും തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നീ അറിഞ്ഞിരിക്കാൻ പോകുന്നത് നല്ലതാണ്. മിഥിലാജേ നിന്റെ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു നീ എന്താണ് ചെയ്യാൻ പോകുന്നത് എന്ന്. നീ എന്ത് ചെയ്താലും എനിക്ക് അറിയാൻ പറ്റും.നീ പുതുതായി തുടങ്ങിയ നെറ്റ് വർക്ക് മാർക്കറ്റ് പൂട്ടിയോ? ജിഎസ്എ. ഇഎംഎ എന്താണ് സാധനം? സത്താർക്കായോട് പറഞ്ഞാളെ നമ്മളെ കുറിച്ച് നെഗറ്റീവ് ആയി മെസ്സേജ് അയച്ചാൽ അത് സത്താറിനു നല്ലതാവില്ലാ എന്ന് പറഞ്ഞാളെ...ഇത് പറഞ്ഞത് ആബിദ് ആണെന്നാണു എന്ന് കൂടി പറഞ്ഞാളെ...മനസിലായോ? സത്താറിനെ പോലുള്ള ഒരാളെ അല്ല ആബിദ് ഡീൽ ചെയ്തിരിക്കുന്നത്...

ഒരുപാട് ആളുകളെ ഡീൽ ചെയ്താണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. എനിക്ക് യുഎഇയിൽ ഉള്ള സപ്പോർട്ട് ഇല്ലേ? അത് മിഥിലാജിനോ സത്താറിനോ സ്വപനം കാണാൻ പോലും കഴിയുന്നതല്ല...മനസിലാകുന്നുണ്ടോ... ആ ലെവലിൽ ഉള്ള ഹോൾഡ് ഇവിടെ ഉണ്ട്. മനസിലായോ? ആബിദിനു പറഞ്ഞിട്ട് സത്താറും മിഥിലാജും വീട്ടിൽ കിടന്നു ഉറങ്ങില്ല....മനസിലാക്കിക്കോ?...

ഞാനീ പറയുന്ന കാര്യം ഇതൊന്നും വെറുതെ എടുക്കേണ്ട....നീ കുറച്ച് കാലം ഞങ്ങളുടെ കൂടെ ആണെന്നുള്ള റെസ്പെക്റ്റ് ആണ് നിനക്ക് നൽകുന്നത്. റീ ഫണ്ട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ അടുത്ത ലെവൽ എന്താണ് എന്ന് എനിക്ക് അറിയാം. കാള വാല് പൊന്തിക്കുന്നത്.. കുറച്ച് കാലമായി ഈ ബിസിനസ് തുടങ്ങിയിട്ട്...മനസിലായോ? ഇത് നിനക്കുള്ള അവസാനത്തെ വാണിങ് ആണ്. ഇനി ഇതിന്റെ പേരിൽ ഒരു ചെറു നീക്കം നടത്തിയാൽ മിഥിലാജേ നമ്മൾ തമ്മിൽ ഉള്ള ബന്ധം അങ്ങട്ട് മറക്കും...മനസിലാവുന്നുണ്ടോ?...

നീ നിന്റെ വീട്ടിക്ക് പോകൂല....അത് വേറെ കാര്യം... അതിനുള്ള കേസും ബാക്കിയുള്ള കാര്യങ്ങളും.. എനിക്ക് മിഥിലജിനും എതിരെ കൊടുക്കാൻ കഴിയും..മനസിലാവുന്നുണ്ടോ?...അതിനാണ് നിന്നെ ഞാൻ കാണണം എന്ന് പറഞ്ഞത്....ഓക്കേ....ആരെങ്കിലും വിളിക്കുകയാണെങ്കിൽ എന്നെ വിളിക്കാൻ പറയു... നീ എവിടെയാണ്... ഞാൻ റിലീഫ് മാളിന് അകത്തുണ്ട്....അവിടെ എവിടെ? അതിന്റെ ഫ്രണ്ടിൽ....എനിക്ക് ലൊക്കേഷൻ അയയ്ക്കു... ഞാൻ അവിടെ വരാം...സംഭാഷണം കട്ടാക്കുന്നു.

മറുനാടൻ വാർത്ത നൽകിയപ്പോൾ അതിനെതിരെ വീഡിയോയുമായി ശ്രുതി തമ്പിയും രംഗത്ത് വന്നിരുന്നു.

ശ്രുതി തമ്പി പറഞ്ഞത് ഇങ്ങനെ:

ഹലോ എവരിവൺ ദിസ് ഈസ് ശ്രുതി തമ്പി

ഞാനിപ്പോൾ പ്രധാന വിഷയം പറയാൻ വേണ്ടിയിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് തന്നെ... കാരണം രണ്ടാഴ്ചയായി എന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് വീരത്തി ശ്രുതി തമ്പി അകത്ത് പുറത്ത് എന്നൊക്കെ പറഞ്ഞു കുറച്ചു വീഡിയോസ് ഒക്കെ ഇറങ്ങുന്നത് കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്...

ഞാൻ യുഎയിൽ ഡയറക്റ്റ് സെല്ലിങ് ബിസിനസ് ആണ് ചെയ്യുന്നത്. അത് ഇല്ലീഗലാണോ ലീഗൽ ആണോ എന്ന് നിങ്ങൾക്ക് ഡയറക്റ്റ് സെല്ലിങ് എന്ന് പറഞ്ഞു ഗൂഗിളിൽ സെർച്ച് ചെയ്ത് കഴിഞ്ഞാൽ കസ്റ്റമർ കെയർ നമ്പർ ഉണ്ടാകും. നിങ്ങൾക്ക് ഓരോരുത്തർക്ക് ഈ നമ്പരിൽ വിളിച്ച് ചോദിച്ചിട്ട് അത് നിങ്ങൾക്ക് തന്നെ ക്രോസ് ചെക്ക് ചെയ്യാൻ കഴിയും. ഏതെങ്കിലും ഒരു തുക്കടാ മാധ്യമ പേജിൽ വന്നിട്ട് എന്തെങ്കിലും വാർത്തയിൽ പിടിച്ച് എന്റെ പേര് ആഡ് ചെയ്തു എന്ന് വച്ചിട്ടു അത് എത്രയും പെട്ടെന്ന് എല്ലാവരിലേക്കും പോയി, മാക്സിമം റീച്ച് ആക്കി ഇതിൽ ഒരു സത്യാവസ്ഥ ഉണ്ടോ എന്ന് പോലും പറയാതെ ഇങ്ങിനെ കൊട്ടിഗ്‌ഘോഷിക്കേണ്ട കാര്യമില്ല.

നിങ്ങൾ ഒരു ന്യൂസ് അറിഞ്ഞു കഴിഞ്ഞാൽ ഈ ന്യൂസ് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് അറിയാനുള്ള ഉത്തരവാദിത്തം, ഒരു പക്വത കൂടി നിങ്ങൾ എല്ലാവരും കാണിക്കണം. ഞാൻ സേഫ് ആണ്. എനിക്ക് ഒരു തരത്തിലും ന്യൂസ് ബാധിച്ചിട്ടില്ല. ദുബായിൽ ഒരു ഫെയ്ക്ക് ന്യൂസ് ഇറക്കിക്കഴിഞ്ഞാൽ ഉള്ള ഫൈനും ഒരു കുറ്റകൃത്യത്തിനുള്ള പണിഷ്മെന്റ് എല്ലാം നിങ്ങൾക്ക് എല്ലാം അറിയാവുന്നതാണ് എന്ന് വിശ്വസിക്കുന്നു.

ശ്രുതി തമ്പിയുടെ വീഡിയോക്കെതിരെ സഫ് വാനും രംഗത്ത് വന്നിരുന്നു:

സഫ് വാൻ പറയുന്നത്:

നമസ്‌ക്കാരം ഞാൻ സഫ് വാൻ

ഞാൻ ശ്രുതി തമ്പിയുടെ ലൈവ് വീഡിയോ കണ്ടായിരുന്നു. ലൈവ് വീഡിയോ. അതിൽ അവൾ പറയുന്നത് മുഴുവൻ തെറ്റാണ്. അവർ ഓഷ്യൻ ഇവന്റ് മാനേജ്മെന്റിനെക്കുറിച്ച് അനുകൂലിച്ച് പറയുന്നതാണ്. എല്ലാം ലീഗൽ ആണെന്ന് അവൾ പറയുന്നു. മേ ബി ലീഗൽ ആയിരിക്കും. അതിൽ പ്രവർത്തിക്കുന്ന എല്ലാവരും ഫ്രോഡുകളാണ്. എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്. ഞാൻ അവർക്ക് ദുബായിൽ 8150 ദിർഹം കൊടുത്തതിന്റെ എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. എന്നാൽ ട്രിപ്പ് സേവർ എന്ന മൊബൈൽ ആപ്ലിക്കേഷൻ മാത്രമാണ് എനിക്ക് ലഭിച്ചത്. വേറൊന്നും എനിക്ക് ലഭിച്ചിട്ടില്ല.

നല്ല ഡിസ്‌കൗണ്ട് കിട്ടും എന്ന് പറഞ്ഞാണ് എന്നെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിച്ചത്. മെയിൻ ആയിട്ട് ആബിദ് ഷായും നസീബ് ബിആറും വരുണുമൊക്കെ കളിക്കുന്നുണ്ട്. ഇതിൽ നല്ല ഒരു റോൾ ഈ ശ്രുതി തമ്പിക്കുമുണ്ട്.

ദയവു ചെയ്ത് ആരും ഇവരുടെ വലയിൽ പോയി വീഴാതിരിക്കുക. കാരണം ശ്രുതി തമ്പി പലരെയും വീഴ്‌ത്തുന്നുണ്ട്. വാട്ട്സ് ആപ്പ് ആയാലും ഫെയ്സ് ബുക്ക് ആയാലും ടിക് ടോക്കിൽ ആയാലും എല്ലാവരെയും വിളിച്ച് വശീകരിച്ചാണ് ശ്രുതി തമ്പി ഇതിൽ കളിക്കുന്നത്. അതുകൊണ്ട് ദയവു ചെയ്ത് എന്റെ സഹോദരന്മാരും സഹോദരിമാരും ഈ കുടുക്കിൽ കുടുങ്ങാതിരിക്കുക. അനുഭവസ്ഥനാണ് ഈ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP