Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹോദരന്റെ കല്ല്യാണ ആൽബത്തിൽ ക്വട്ടേഷൻ പീഡനക്കേസ് പ്രതി; ദിലീപുമായുള്ള കല്ല്യാണത്തിന് മുമ്പും വെണ്ണലയിലെ സന്ദർശകൻ; വില്ലയിലെ രജിസ്റ്റർ നിർണ്ണായക തെളിവായി; നടിയുടെ അച്ഛനെ പൾസർ വിളിച്ചിരുന്നത് മാധവേട്ടാ എന്നും; കീഴടങ്ങിയതിന് തലേ ദിവസവും ലക്ഷ്യയിലെത്തി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ കുടുക്കുന്ന തെളിവുകൾ ഏറെ; ഓണം കഴിഞ്ഞാൽ ദിലീപിന്റെ ഭാര്യയുടെ ചോദ്യം ചെയ്യലും അറസ്റ്റിനും സാധ്യത

സഹോദരന്റെ കല്ല്യാണ ആൽബത്തിൽ ക്വട്ടേഷൻ പീഡനക്കേസ് പ്രതി; ദിലീപുമായുള്ള കല്ല്യാണത്തിന് മുമ്പും വെണ്ണലയിലെ സന്ദർശകൻ; വില്ലയിലെ രജിസ്റ്റർ നിർണ്ണായക തെളിവായി; നടിയുടെ അച്ഛനെ പൾസർ വിളിച്ചിരുന്നത് മാധവേട്ടാ എന്നും; കീഴടങ്ങിയതിന് തലേ ദിവസവും ലക്ഷ്യയിലെത്തി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ കുടുക്കുന്ന തെളിവുകൾ ഏറെ; ഓണം കഴിഞ്ഞാൽ ദിലീപിന്റെ ഭാര്യയുടെ ചോദ്യം ചെയ്യലും അറസ്റ്റിനും സാധ്യത

അർജുൻ സി വനജ്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കാവ്യമാധവനെ പൊലീസ് ഓണത്തിന് ശേഷമേ ചോദ്യം ചെയ്യൂ. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ മുമ്പായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സോഴ്സിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് മുമ്പ് വിദേശത്തേക്ക് കടക്കരുതെന്ന് നിർദ്ദേശം കാവ്യയ്ക്ക് പൊലീസ് നൽകിയിട്ടുണ്ട്. കാവ്യാ മാധവന്റെ കുടുംബവുമായി പൾസർ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഫോൺ സംഭാഷണങ്ങളും പൊലീസ് ഇതിന് ശേഖരിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതലാണ് നടൻ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാൻ തുടങ്ങിയത്. കാവ്യയുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങൾ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛൻ മാധവൻ വിളിച്ചപ്പോൾ പോലും, 'അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ' എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണിൽ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാൽ കാവ്യമാധവന്റെ സഹോദരൻ മിഥുൻ മാധവന്റെ റിയയുമായുള്ള വിവാഹത്തിൽ പൾസർ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

2014 ഏപ്രിൽ മാസമായിരുന്നു മിഥുൻ മാധവന്റെ വിവാഹം. വീഡിയോ ആൽബത്തിൽ നിന്നാണ് പൾസർ സുനി വിവാഹത്തിൽ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രിൽ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയിൽ സുനി എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. പൾസർ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈൽ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറിൽ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലിൽ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ' മാധവേട്ടാാ.. ' എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതൽ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടിൽ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണിൽ ബന്ധപ്പെടുകയും പിന്നാലെ പണം നൽകുകയുമായിരുന്നു എന്നാണ് വിവരം. കോടതിയിൽ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാർ തന്നെ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ രണ്ടാമത് ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ ജസ്റ്റിസ്സ് സുനിൽ തോമസിന്റെ സിംഗിൾ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരൻ നായർ കൈമാറിയിരുന്നു.

അതായത്, ദിലീപിന്റെ ക്വട്ടേഷൻ 2013 ൽ ഏറ്റടുത്തതിന് ശേഷം ദിപുമായും ഇവരുടെ കുടുംബവുമായും പൾസർ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത് 53 ദിവസം പിന്നിടുമ്പോൾ, കുറ്റപത്രം പഴുതടഞ്ഞ രീതിയിൽ തയ്യാറാക്കുകയാണ് അന്വേഷണ സംഘം. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ കുറ്റപത്രം നൽകും എന്നാണ് പൊലീസ് സോഴ്സിൽ നിന്ന ലഭിക്കുന്ന വിവരം. സീനിയർ അഭിപാഷകരായ രാം കുമാറും, രാമൻ പിള്ളയും ജാമ്യപേക്ഷ പരിഗണിക്കുമ്പോൾ നടത്തിയ വാദങ്ങൾ പൊളിക്കാൻ സാധിക്കുന്ന നിലയിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്. രണ്ട് മുതിർന്ന അഭിപാഷകരും കേസിനെ ഇഴകീറി പരിശോധിച്ച് മണിക്കൂറുകളോളം, വാദം നടത്തിയത്, ഗുണകരമായെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസിന്റെ ട്രയലിൽ പ്രതിഭാഗം ഉന്നയിക്കാൻ സാധ്യതയുള്ള പോയന്റുകളാണ് ഇരു അഭിപാഷകരും ഹൈക്കോടതിയിൽ ഉന്നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ഈ സാഹചര്യത്തിൽ കാവ്യാ മാധവനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ഈ മാസം ഏഴാം തിയതിക്കും പതിനഞ്ചിനും ഇടയിൽ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ചുള്ള നോട്ടീസ് ഉടനെ കാവ്യയ്ക്ക് വീട്ടിലെത്തി നേരിട്ട് കൈമാറും. എന്നാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമോയെന്ന ചോദ്യത്തോട് വെയിറ്റ് ആൻഡ് സീ എന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. അതേസമയം, കാവ്യയെ മുമ്പ് ചോദ്യം ചെയ്തതിൽ നിന്ന് വിത്യസ്തമായി, കൂടുതൽ തെളിവുകൾ നിരത്തിയാകും ഇത്തവണത്തെ ചോദ്യം ചെയ്യൽ. കഴിഞ്ഞ തവണ കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയത്. ഈ മൊഴായാണ് കാവ്യയെ ഇപ്പോൾ തിരിഞ്ഞുകൊത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ കാവ്യയ്ക്ക് മുൻകൂർ ജാമ്യ അപേക്ഷ നൽകണമോയെന്ന കാര്യത്തിൽ ഇതുവരെ ഇവർ തീരുമാനമെടുത്തിട്ടില്ല. അറസ്റ്റിനുള്ള സാധ്യത ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യം എടുക്കേണ്ടതില്ലെന്നാണ് അഡ്വ രാമൻപിള്ള കാവ്യയുടെ കുടുംബത്തിന് നൽകിയ നിയമോപദേശം. എന്നാൽ കേസിലെ ' മാഡം' കാവ്യയാണെന്ന് പൾസർ സുനി കഴിഞ്ഞ ദിവസം മാധമങ്ങളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നടപടി എന്താകുമെന്നുള്ള ആശങ്കയിലാണ് കാവ്യയും കുടുംബവും. ഇതിന്റെ പശ്ചാത്തലത്തിൽ ഓണാവധി കഴിഞ്ഞ് ഏഴാം തിയതിയാണ് കോടതി വീണ്ടും ചേരുക. ഈ ദിവസം മുൻകൂർ ജാമ്യ അപേക്ഷ നൽകിയാലും, 9,10,12 ഉം കോടതി അവധിയാണ്. ഇതും കാവ്യയ്ക്ക് തിരിച്ചടിയാണ്.

നിർഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകർ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പൊലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നൽകണമെന്നും ഉപദേശിച്ചു എന്നാണു വിവരം. എന്നാൽ, സാങ്കേതികത്തെളിവുകൾ ആവശ്യത്തിന് ഉള്ളതിനാൽ കാവ്യ കള്ളമൊഴി നൽകിയാലും പൊലീസിനു പൊളിക്കാനാവും. എറണാകുളം സി.ജെ.എം. കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു സുനിയുടെ നിർണായക വെളിപ്പെടുത്തൽ. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ വ്യക്തമാക്കിരുന്നു.

പൾസറിനെ വർഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ മൊഴിയും. പൾസർ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പൾസറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണിൽനിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാൻ പൊലീസിനു കഴിയും. പൾസറിന്റെ മൊഴിയുടെ പശ്ചാത്തലത്തിൽ കാവ്യയിൽനിന്നു കുറ്റസമ്മതമാണു പൊലീസ് പ്രതീക്ഷിക്കുന്നത്. പൊലീസുകാരന്റെ ഫോണിൽനിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പൊലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറിൽ തന്റെ ഫോണിൽനിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്ന് മൊഴിനൽകിയിരുന്നു. ഇതെല്ലാം കാവ്യയ്ക്കും ദിലീപിനും എതിരായ തെളിവുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP