Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ അനുശോചന സമ്മേളനത്തിൽ പങ്കെടുത്ത് ഡോ വിഷ്ണു തോമസ്; തൃക്കാക്കരയിൽ ഉമാ തോമസിന്റെ മനസ്സ് അറിഞ്ഞ ശേഷം സ്ഥാനാർത്ഥി നിർണ്ണയത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസും; പിടി തോമസിന്റെ പിൻഗാമിയായി മകന് എത്തുമോ? അനുസ്മരണ യോഗ ചിത്രം ചർച്ചയാകുമ്പോൾ

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ അനുശോചന സമ്മേളനത്തിൽ പങ്കെടുത്ത് ഡോ വിഷ്ണു തോമസ്; തൃക്കാക്കരയിൽ ഉമാ തോമസിന്റെ മനസ്സ് അറിഞ്ഞ ശേഷം സ്ഥാനാർത്ഥി നിർണ്ണയത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസും; പിടി തോമസിന്റെ പിൻഗാമിയായി മകന് എത്തുമോ? അനുസ്മരണ യോഗ ചിത്രം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിൽ ഉമാ തോമസിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് നേതാക്കൾക്കിടയിലെ ഏകദേശ തീരുമാനം. ഇക്കാര്യത്തിൽ പിടി തോമസിന്റെ ഭാര്യയുമായി ആശയ വിനിമയം നേതാക്കൾ നടത്തിയിട്ടില്ല. അതിനിടെ പിടി തോമസ് അനുസ്മരണത്തിന് യൂത്ത് കോൺഗ്രസ് വേദിയിലേക്ക് എത്തിയത് തോമസിന്റെ മകനായ ഡോ വിഷ്ണു തോമസാണ്. ഇതോടെ അരുവിക്കര മോഡലിൽ തൃക്കാക്കരയിലും പിടി തോമസിന്റെ മകനായി വിഷ്ണു തോമസ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ എന്നതാണ് ചർച്ചയാകുന്നത്.

യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലേക്കാണ് വിഷ്ണു എത്തിയത്. ഇതിന് പിന്നിൽ മകൻ മത്സരിക്കട്ടേ എന്ന അമ്മയുടെ മനസുകാണാമെന്ന് വിലയിരുത്തുന്ന കോൺഗ്രസ് നേതാക്കളുമുണ്ട്. ഇക്കാര്യത്തിൽ പിടിയുടെ ഭാര്യ മത്സരിക്കണമെന്നാണ് കോൺഗ്രസിലെ പൊതുവികാരം. അതിനോട് അവർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കിയ ശേഷം മാത്രമേ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയിൽ കോൺഗ്രസ് തീരുമാനം എടുക്കൂ. സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടന്നിട്ടില്ല.

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനുള്ള നടപടി ക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി കഴിഞ്ഞു. മാർച്ച് അവസാനം വരെ അതിന്റെ തിരക്കുകളിലാകും കമ്മീഷൻ. അതുകൊണ്ട് തന്നെ അതിന് ശേഷം മാത്രമേ തൃക്കാക്കരയിൽ വോട്ടെടുപ്പിന് സാധ്യതയുള്ളൂ. ഈ സാഹചര്യത്തിലാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നീളുന്നത്. വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് എല്ലാ നേതാക്കൾക്കും കോൺഗ്രസ് നേതൃത്വം നൽകി കഴിഞ്ഞു. പിടി തോമസിന്റെ കുടുംബത്തെ വിവാദത്തിലാക്കുന്ന പരസ്യ പ്രസ്താവനകളും നേതാക്കൾ നടത്തില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിനായി ചരട് വലികൾ ശക്തമായിരുന്നു. പി.ടി തോമസിന്റെ വിയോഗത്തിന് പിന്നാലെ തൃക്കാക്കരയിൽ ഇനിയാര് എന്ന ചോദ്യത്തിന് ആദ്യമുയർന്ന പേരായിരുന്നു ഭാര്യ ഉമ തോമസിന്റേത്. എന്നാൽ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തോട് കെഎസ്‌യു നേതാവായിരുന്ന ഉമ മൗനം പാലിക്കുകയാണ്. കോൺഗ്രസ് നേതൃത്വവും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ ഉമയുടെ ക്ലെയിം ഇല്ലാതാക്കാനായി പാർട്ടിയിലെ ഒരു വിഭാഗം ബോധപൂർവം ശ്രമം നടത്തുന്നുവെന്ന് ആരോപണവുണ്ട്. പിടിയുടെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം ഉമയെ മത്സരിപ്പിക്കാതിരിക്കാൻ വേണ്ടിയെന്നാണ് ആക്ഷേപം. ബാധ്യത ഏറ്റെടുത്താൽ പിന്നീട് ഉമയ്ക്ക് സീറ്റ് നൽകാനാവില്ല എന്ന നിലപാട് ഇവർ ഉന്നയിക്കും.

ഉമയല്ലെങ്കിൽ ആര് എന്ന ചോദ്യവും പാർട്ടിയിൽ സജീവമാണ്. ജില്ലയിൽ നിന്നുള്ള നേതാക്കളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. വീക്ഷണം എം ഡി ജെയ്‌സൻ ജോസഫ്, മുൻ എംഎൽഎ ഡൊമിനിക് പ്രസന്റേഷൻ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയവർ പട്ടികയിലുണ്ട്. ആറ് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ കൂടി പരിഗണിക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ സ്ഥാനാർത്ഥി മോഹികളുടെ എണ്ണം ഇനിയും കൂടും. പക്ഷേ ഇത്തരം ചർച്ചകൾ വേണ്ടി വരില്ലെന്നും ഉമ തന്നെ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസിയും.

തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച സീറ്റായാണ് കോൺഗ്രസ് വിലയിരുത്തിയിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പിൽ ആരുനിന്നാലും ജയിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. മണ്ഡലം ഉണ്ടായശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മികച്ച വിജയമാണ് ലഭിച്ചത്. 2011: ബെന്നി ബഹനാൻ, ഭൂരിപക്ഷം- 22,406. 2016: പി.ടി. തോമസ്, ഭൂരിപക്ഷം- 11,996. 2021: പി.ടി. തോമസ്, ഭൂരിപക്ഷം- 14,329. നിലവിൽ പാർട്ടിക്കുള്ളിൽ പി.ടി. തരംഗം ശക്തമാണ്. അതിനാലാണ് ഉമയെ കൊണ്ടുവരാൻ ആലോചിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിനാണ് അഗ്‌നിപരീക്ഷയാവാൻ പോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിനെതിരേ പരാതി ഉണ്ടായപ്പോൾ അന്വേഷണം നടത്തി കുറ്റക്കാരായ മുതിർന്ന നേതാവിനെയും ഏരിയാ സെക്രട്ടറിയെയുമെല്ലാം അവർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. തിരിച്ചടി നേരിട്ടാൽ പാർട്ടിയെടുത്ത അച്ചടക്ക നടപടികൾ അപ്രസക്തമാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ടി.ക്കെതിരേ വലിയ പ്രചാരണം നടത്തിയ ട്വന്റി 20 ഇപ്പോൾ വിവാദങ്ങൾക്കു നടുവിലാണ്. കിഴക്കമ്പലത്തുണ്ടായ അക്രമങ്ങൾ അവരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP