Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മുഖ്യറോളുകാരെ' എത്തിച്ച് പരിശീലനം; രാഷ്ട്രീയ തണലിൽ താൽകാലിക്കാരായവർക്ക് ലക്ച്ചറർ നോട്ടായി നൽകിയത് 66 ചോദ്യങ്ങൾ; ഇത് ഉറക്കമിളച്ച് പഠിക്കുന്ന പാവങ്ങളോടുള്ള വഞ്ചന; കേരളാ യൂണിവേഴ്സിറ്റി ലൈബ്രറി നിയമന പരീക്ഷയിൽ അട്ടിമറി; പി എസ് സിയിൽ വീണ്ടും ചോദ്യ ചോർച്ചാ വിവാദം; ചതിയുടെ തെളിവ് മറുനാടന്

'മുഖ്യറോളുകാരെ' എത്തിച്ച് പരിശീലനം; രാഷ്ട്രീയ തണലിൽ താൽകാലിക്കാരായവർക്ക് ലക്ച്ചറർ നോട്ടായി നൽകിയത് 66 ചോദ്യങ്ങൾ; ഇത് ഉറക്കമിളച്ച് പഠിക്കുന്ന പാവങ്ങളോടുള്ള വഞ്ചന; കേരളാ യൂണിവേഴ്സിറ്റി ലൈബ്രറി നിയമന പരീക്ഷയിൽ അട്ടിമറി; പി എസ് സിയിൽ വീണ്ടും ചോദ്യ ചോർച്ചാ വിവാദം; ചതിയുടെ തെളിവ് മറുനാടന്

അഖിൽ രാമൻ

തിരുവനന്തപുരം: പി.എസ്,സി നടത്തിയ കേരളാ യൂണിവേഴ്സിറ്റിയുടെ പേഴ്സണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി)പരീക്ഷയുടെ ചോദ്യം ചോർത്തി നൽകിയതാതി പരാതി. പരീക്ഷയുടെ ചോദ്യം ലക്‌ച്ചറർ നോട്ടായി മുൻകൂട്ടി നൽകി എന്നാണ് വിജിലൻസ് മേധാവിക്ക് ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. കാറ്റഗറി നമ്പർ 207/2021എന്ന വിജ്ഞാപനത്തെ തുടർന്ന് ഈ കഴിഞ്ഞ ജൂലൈ ഇരുപത്തി ഒന്നിന് നടത്തിയ പരീക്ഷയുടെ ചോദ്യമാണ് ചോർത്തി ലക്‌ച്ചറർ നോട്ടായി നൽകിയത്. 

കേരളാ ലൈബ്രറി അസോസിയേഷൻ(K.L.A) എന്ന സംഘടനയുടെ മേൽ നോട്ടത്തിൽ 2021 നവംബറിലും, ഡിസംബറിലുമായി രണ്ട് ഹ്രസ്വകാലപരിശീലന കോഴ്സ് നടത്തി. ഈ കോഴ്സിൽ വിതരണം ചെയ്ത ലക്‌ച്ചറർ നോട്ടിൽ പരീക്ഷയ്ക്ക് ചോദിച്ചതിൽ അറുപത്തിയാറ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 150 പേജാണ് വിതരണം ചെയ്ത നോട്ടിൽ ഉണ്ടായിരുന്നത്.

പരീക്ഷയ്ക്ക് ചോദിച്ചതിൽ 66 എണ്ണം മുൻകൂട്ടി നൽകിയ നോട്ടിൽ നിന്നും കിട്ടുന്ന ഉദ്യോഗാർത്ഥി അൻപതോ ,അൻപത്തി അഞ്ചോ മാർക്ക് കട്ട് ഓഫായി വരുമ്പോൾ നിസാരമായി റാങ്ക് ലിസറ്റിൽ ഉൾപ്പെടും. ഉറക്കം നിന്നു പഠിച്ച മറ്റുദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണ് ഇത്. കേരളാ യൂണിവേഴ്‌സിറ്റിയിൽ താൽക്കാലിക ഒഴിവിൽ ജോലി ചെയ്യുന്ന രാഷ്ട്രീയപിൻബലമുള്ളവർക്കായിട്ടാണ് അനധികൃതമായി ക്ലാസ് സംഘടിപ്പിക്കുകയും ചോദ്യപേപ്പർ മുൻകൂട്ടി നോട്ടായി നൽകുകയും ചെയ്തത് എന്നാണ് ആരോപണം.

കേരളാ പി.എസ്.സിയുടെ ലൈബ്രറി പരീക്ഷകളിൽ ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതും ,പരീക്ഷകളിൽ ജയിക്കുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തുന്നതുമായ സമിതികളിൽ സ്ഥിരാംഗങ്ങളായ വ്യക്തികളാണ് ഹ്രസ്വകാലപരിശീനല കോഴ്സ് സംഘടിപ്പിച്ചത്. കേരളായൂണിവേഴ്സിറ്റി, കാലിക്കട്ട് യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, തമിഴ് നാട് സെന്റൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ അംഗങ്ങളായ സംഘടനയാണ് കേരളാ ലൈബ്രറി അസോസിയേഷൻ. ഇവരുടെ ബന്ധുക്കളെയും അടുപ്പക്കാരെയും ഉൾപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിച്ചത്. ഉയർന്ന ഫീസും ഇവരിൽ നിന്നും കേരളാ ലൈബ്രറി അസോസിയേഷൻ വാങ്ങിയിട്ടുണ്ട് എന്ന് പരാതിയിൽ ആരോപിക്കുന്നു.

രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതിയത്. ഏഴ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിലും നൂറോളം ഒഴിവുകൾ ഈ ലിസ്്റ്റിൽ നിന്നും നികത്തപ്പെടും എന്നാണ് കരുതിയിരുന്നത്. വർഷങ്ങളായി ഈ പോസ്റ്റ് ലക്ഷ്യം വെച്ച് പഠിച്ചിരുന്ന ഉദ്യോഗാർത്ഥികളാണ് ഇപ്പോൾ വഞ്ചിക്കപ്പെട്ടിരിക്കുന്നത് എന്ന് പരാതി നൽകിയ ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

നിലവിൽ സർക്കാർ ഉദ്യോഗസ്ഥരും കേരളാ പി.എസ്.സി യുടെ പരീക്ഷാഅഭിമുഖ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരും പി.എസ്.സി പരിശീലനക്ലാസുകൾ സംഘടിപ്പിക്കരുത് എന്നാണ് നിയമം എന്നിരിക്കേ ഇവർ നടത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. 2015 ൽ നടന്ന കേരളാ കോമൺപൂൾ ലൈബ്രറിയേൻ (504/2015,506/2015,507/2015) പരീക്ഷകളിലും സമാനമായ തട്ടിപ്പ് നടത്തുകയും ഇത് കണ്ട് പിടിക്കുകയും ചെയ്തിട്ടുണ്ട്. ആ സംഭവത്തിൽ പി.എസ്.സി കുറ്റക്കാർക്ക് എതിരേ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളതുമാണ്. പി.എസ്.സി ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും എക്‌സാംഹാളിൽ എത്തിക്കുന്നതിലും വലിയ സുരക്ഷയാണ് സ്വീകരിക്കുന്നത് എന്നാണ് പി.എസ്.സി യുടെ വാദം.

ജില്ലാതലത്തിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടെങ്കിൽ പരീക്ഷാകേന്ദ്രങ്ങൾക്കു നൽകാൻ പ്രത്യേകം കവറിലാക്കിയ പായ്ക്കറ്റുകൾ ജില്ലാ/മേഖലാ ഓഫിസുകളിൽ സൂക്ഷിക്കുകയും പരീക്ഷാദിവസം പിഎസ്‌സി ഉദ്യോഗസ്ഥർ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യും. പ്രസ്സിൽനിന്നു ലഭിച്ച സീൽ ചെയ്ത ചോദ്യ പേപ്പർ പായ്ക്കറ്റുകൾ ആരും പൊട്ടിച്ചിട്ടില്ലെന്നു പരീക്ഷാദിവസം പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് ഉദ്യോഗസ്ഥരെയും ഉദ്യോഗാർഥികളെയും ബോധ്യപ്പെടുത്തിയശേഷമേ തുറക്കാറുള്ളൂ.

ഓഫിസിൽ അധികം വന്ന ചോദ്യ പേപ്പർ പായ്ക്കറ്റുകൾ എണ്ണിനോക്കിയശേഷം പരീക്ഷാകേന്ദ്രങ്ങളിലേക്ക് പായ്ക്കു ചെയ്ത് അയച്ചതിൽനിന്ന് അധികം വന്ന പായ്ക്കറ്റുകളുടെ എണ്ണം ശരിയാണെന്നും ഒരു പായ്ക്കറ്റും ആരും പൊട്ടിച്ചിട്ടില്ലെന്നും പരീക്ഷാ കൺട്രോളറുടെ ഓഫിസിലെ ഉദ്യോഗസ്ഥർക്കു ബോധ്യം വന്ന ശേഷമേ പായ്ക്കറ്റുകൾ പൊട്ടിക്കാറുള്ളൂ. പരീക്ഷ കഴിഞ്ഞശേഷം ചോദ്യം നൽകിയ എല്ലാ ചോദ്യകർത്താക്കൾക്കും ചോദ്യത്തിന്റെ ഒരു കോപ്പി അയച്ചു കൊടുക്കും. അവർ നൽകുന്ന മറുപടിയിൽ നിന്നാണ് ചോദ്യം തയാറാക്കിയത് ആരാണെന്ന വിവരം പിഎസ്‌സി അധികൃതർപോലും അറിയുക.

അത്ര സുരക്ഷിതമായും രഹസ്യാത്മകത ചോരാതെയുമാണു ചോദ്യ പേപ്പറുകൾ തയാറാക്കുന്നത്. ഇങ്ങനെയാണ് ചോദ്യപേപ്പർ തയ്യാറാക്കി വിതരണം ചെയ്യുന്നത് എന്നാണ് പി.എസ്.സി പറയുന്നത്. എന്നാൽ ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുന്ന പാനലിൽ ഉള്ളവർ അംഗമായ സംഘടനയുടെ പരിശീലനക്ലാസും നൽകിയ നോട്ടും അതിൽ നിന്നും ചോദിച്ച ഭൂരിഭാഗം ചോദ്യങ്ങളും പി.എസ്.സിയുടെ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. നിയമടനടപടികളുമായി മുന്നോട്ട് പോകാനാണ് പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP