Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ആറ്റുമണൽ പായയിൽ സൃഷ്ടിച്ച് മോഹൻലാലിന്റെ ഗുഡ് ലിസ്റ്റിൽ കയറി; സിനിമ തീർന്നാൽ പിടിച്ചു നിൽക്കാൻ മന്ത്രം ചൊല്ലി മെഗാതാരത്തെ കുഴിയിൽ ചാടിച്ചു; രതീഷ് വേഗ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചത് ഇങ്ങനെ...

ആറ്റുമണൽ പായയിൽ സൃഷ്ടിച്ച് മോഹൻലാലിന്റെ ഗുഡ് ലിസ്റ്റിൽ കയറി; സിനിമ തീർന്നാൽ പിടിച്ചു നിൽക്കാൻ മന്ത്രം ചൊല്ലി മെഗാതാരത്തെ കുഴിയിൽ ചാടിച്ചു; രതീഷ് വേഗ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചത് ഇങ്ങനെ...

ആവണി ഗോപാൽ

മലയാളത്തിന്റെ നടന വൈഭവം തന്നെയാണ് മോഹൻ ലാൽ. രാജ്യം മുഴുവൻ അംഗീകരിച്ച അഭിനയ പ്രതിഭ. ലാലിനൊപ്പം ഒരു റോൾ ചെയ്യാൻ സാക്ഷാൽ അമിതാഭ് ബച്ചനുപോലും ആഗ്രഹം. പക്ഷേ ലാലിന് മറ്റുള്ളവയിലാണ് കൂടുതൽ താൽപ്പര്യം. പാട്ടു പാടുക, ഡാൻസ് കളിക്കുക, പാചകം ചെയ്യുക അങ്ങനെ പോകുന്നു പട്ടിക. ഇവയൊക്ക ഈ മഹാനടൻ വിനയാകുന്നത് സാധാരണവുമാണ്. ചക്കരവാക്കുകളുമായി ഒപ്പം കൂടി പലരും ചതിച്ചു. പക്ഷേ ചതിക്കുഴികൾ തിരിച്ചറിയാൻ ലാലിന് ഒരിക്കൽ പോലും കഴിഞ്ഞതു മില്ല. സ്‌ക്രിപ്റ്റ് കേട്ടാൽ പോലും എട്ടു നിലയിൽ പൊട്ടുമെന്ന് ഉറപ്പുള്ള സിനിമകളിൽ പോലും നായകനായി. അങ്ങനെ വെള്ളിത്തിരയിലും അപഹാസ്യനായി. പക്ഷേ അഭിനയത്തിലെ തീഷ്ണതയിലൂടെ ലാൽ മലയാളിയുടെ മനസ്സിൽ അൻപത്തിയഞ്ചിന്റെ ചെറുപ്പത്തിലും മായാതെ നിന്നു. അപ്പോഴാണ് രതീഷ് വേഗയെത്തിയത്. എല്ലാം ശരിയാക്കി തരാമെന്ന് രതീഷ് വേഗ പറഞ്ഞപ്പോൾ വിശ്വസിക്കുകയും ചെയ്തു. അങ്ങനെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ലാലിസത്തിന്റെ പഴി മുഴുവൻ സൂപ്പർതാരത്തിനായി.

മാള അരവിന്ദനുമൊത്ത് മോഹൻലാൽ പാടിയ നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ......... മലയാളി ഏറ്റു ചൊല്ലി. കഥാസന്ദർഭത്തിന്റെ അനിവാര്യതയായിരുന്നു അത്. ഏയ് ഓട്ടോയിലും ചിത്രത്തിലും എല്ലാം ലാലേട്ടൻ പാട്ടു മൂളിയപ്പോൾ മലയാളി ഏറ്റു ചൊല്ലി. അങ്ങനെ പാട്ടിനോടുള്ള നടന്റെ പുറംലോകമറിഞ്ഞു. സ്‌റ്റേജ് ഷോകളിൽ ലാൽ പാടുക പതിവായി. മലയാളി കൈയുമടിച്ചു. നടൻ എന്നതിലപ്പുറം എന്തും ചെയ്യാനുള്ള ലാലിന്റെ മനോഭാവത്തിന് എന്നും എവിടേയും കൈയടിയായിരുന്നു. കർണ്ണനായി സംസ്‌കൃത നാടകത്തിലും അഭിനയിച്ചു. ഈ കയ്യടികൾ ലാലിസത്തിലും ഉറപ്പാക്കാനായിരുന്നു ആഗ്രഹം. പക്ഷേ പൊളിഞ്ഞു. എന്താണ് മ്യൂസിക് ബാൻഡ് എന്ന അടിസ്ഥാനകാര്യം പോലും മനസ്സിലാകാതെ ഇറങ്ങിത്തിരിച്ചതാണ് പ്രശ്‌നമായത്. എന്തു ചെയ്താലും ആളുകൾ കൈയടിക്കുമെന്ന രതീഷ് വേഗയുടെ വാക്ക് വിശ്വസിച്ചതാണ് ലാലിന് പറ്റിയെ തെറ്റെന്ന് അടുത്ത സുഹൃത്തുക്കൾ മെഗാതാരത്തെ അറിയിച്ചു കഴിഞ്ഞു. ലാലും രതീഷ് വേഗയുമായുള്ള അടുപ്പവും മറ്റ് തീരുമാനങ്ങളും അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞത് ലാലിസം ബാൻഡിന്റെ പ്രഖ്യാപന സമയത്ത് മാത്രമാണ്.

Stories you may Like

എന്തായാലും റൺ ബേബി റണ്ണിലെ ആറ്റുമണൽ പായയിലെന്ന ഹിറ്റ് ഗാനത്തിൽ തുടങ്ങിയ ലാൽ-രതീഷ് വേഗ കൂട്ടുകെട്ടിന് ഇനി പ്രതിസന്ധിയുടെ കാലമാണ്. ലാലിസം പിരിച്ചുവിട്ടില്ലെന്ന് രതീഷ് വേഗ ആവർത്തിക്കുമ്പോൾ കുടുക്കിൽ നിന്ന് ഒഴിയാൻ പറ്റിയ സമയമിതാണെന്ന് പലരും ലാലിന് ഉപദേശിച്ച് കഴിഞ്ഞു. സച്ചിൻ തെണ്ടുൽക്കാർ ഹലോ ഫ്രണ്ട്‌സ് എന്ന് ഇംഗീഷിൽ പറഞ്ഞാൽ കേരളത്തിലെ മലയാളി കേട്ടിരിക്കും. എന്നാൽ നമസ്‌തേ എന്ന് അറിയാവുന്ന ഇംഗീഷിൽ പറയുമ്പോൾ കൈയടി ഉയരും. അത് അറിയാത്ത കാര്യം ചെയ്യാൻ ശ്രമിക്കുന്ന ധൈര്യപൂർവ്വമുള്ള പ്രവർത്തിക്ക് കിട്ടുന്ന അംഗീകാരമാണ്. അല്ലാതെ മലയാളം ശുദ്ധമായി പറഞ്ഞതിനല്ല. ലാലിസം എന്ന മ്യൂസിക് ബാൻഡുമായി ഇറങ്ങുമ്പോൾ രതീഷ് വേഗ മനസ്സിലാക്കത്തതോ ലാലിന് പറഞ്ഞു കൊടുക്കാത്തതോ ആയ കാര്യമാണിത്. ലാലെന്ന നടനെ ഏവരും അംഗീകരിക്കും. മൂളിപ്പാട്ടുകളും ഏറ്റുപാടും. പക്ഷേ താനൊരു തികഞ്ഞ ഗായകനെന്ന നിലയിൽ ആൾക്കൂട്ടത്തിന് മുന്നിലെത്തുമ്പോൾ സ്ഥിതി അതാവില്ല. ലാലിസത്തിന് പറ്റിയത് ഈ വീഴ്ചയാണ്.

എവിടെയാണ് രതീഷ് വേഗ, ലാലിനൊപ്പം ചേരുന്നതെന്നതാണ് ശ്രദ്ധേയം. 2012ൽ റൺ ബേബി റൺ എന്ന ജോഷിയുടെ സൂപ്പർ ഹിറ്റ് സിനിമ. മലയാളി ഈ സിനിമയ്ക്ക് ഒപ്പം അതിലെ ആറ്റുമണൽ പായയിൽ.... എന്ന ഗാനത്തേയും ഏറ്റെടുത്തു. ലാലിന്റെ ഗായകന് കൈയടി കിട്ടി. രതീഷ് വേഗയുടെ പാട്ട് ഹിറ്റ് ചാർട്ടിൽ ഒന്നാമത് എത്തി. റൺ ബേബി റണ്ണിനു വേണ്ടി രതീഷ് തയ്യാറാക്കിയ ട്യൂൺ കേട്ട തിരക്കഥാകൃത്ത് സച്ചിയാണ് ആറ്റുമണലിനായി ലാലിനെ നിർദേശിച്ചത്. രതീഷിനും സംവിധായകൻ ജോഷിക്കും സമ്മതം 'മൂന്നു തരം'. രതീഷ് പാടിയ ട്രാക്ക് കേൾപ്പിച്ചപ്പോൾ ലാലിനു സംശയം നല്ല പാട്ടാണല്ലോ. ഇത് ഞാൻ പാടണോ? പക്ഷേ, രതീഷ് വിട്ടില്ല. ടീച്ചറുടെ റോൾ ഏറ്റെടുത്തു. അനുസരണയുള്ള സംഗീത വിദ്യാർത്ഥിയായി ലാലും. വിദ്യാർത്ഥിയുടെ മേൽ ടീച്ചർക്ക് ഫുൾ ഫ്രീഡം. വിസ്മയ സ്റ്റുഡിയോയിൽ മൂന്നുമണിക്കൂർ നീണ്ട റെക്കോഡിങ്. പാട്ട് കേട്ടപ്പോൾ ലാലിന്റെ കമന്റ് 'ഇത് ഞാൻ തന്നെയാണോ പാടിയത്'?

റെക്കോഡിങ് കഴിഞ്ഞ് വീട്ടിലെത്തിയ രതീഷിന് പരിചയമില്ലാത്ത നമ്പറിൽനിന്നൊരു കോൾ. മറുതലയ്ക്കൽ സന്തോഷത്തോടെ മോഹൻലാൽ. 'ഇത്രയും റിഥമിക് ആയ പാട്ട് എനിക്കു തന്നതിന് നന്ദി. അടുത്ത മാജിക്കിനായി നമ്മൾ വീണ്ടും കൂടും.' രതീഷും ഹാപ്പി. അന്ന് മുതൽ ലാലിന്റെ പ്രിയ കൂട്ടുകാരനും അനിയനുമായി രതീഷ് വേഗയെന്ന പാലക്കാട്ടുകാരൻ മാറി. പലതരത്തിൽ ആശയങ്ങൾ കൈമാറി. പലതും ചർച്ച ചെയ്തു. ആറ്റുമണൽ പായയിൽ പാടി ഫലപ്പിക്കാൻ കഴിയുമെങ്കിൽ എന്തിന് പറ്റുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ആരോഗ്യ കാരണങ്ങളാൽ കൊച്ചിയിൽ ലാലുണ്ടായിരുന്നപ്പോൾ പലതരത്തിൽ ചർച്ച ചെയ്തു. അങ്ങനെ ബാൻഡ് എന്ന ആശയം വന്നു. കണ്ടന്റും മറ്റും ലാലിന്റെ സിനിമകളിലൂടെയുള്ള യാത്രയാകുമെന്ന് പറഞ്ഞ് ലാലിസമെന്ന പേരും കണ്ടു പടിച്ചു. അങ്ങനെ ഫെയ്‌സ് ബുക്കിലൂടെ ലാൽ തന്നെ ബാൻഡിന്റെ പ്രഖ്യാപനവും നടത്തി. അപ്പോഴാണ് അടുത്ത സുഹൃത്തുക്കൾ പോലും കാര്യമറിയുന്നത്. എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന ലാലിന്റെ സംഗീത സംരംഭത്തെ അവർക്കും തള്ളിപ്പറയാനായില്ല. അങ്ങനെ എല്ലാവരും ഒത്തുകൂടി. ഒന്നും നടക്കില്ലെന്ന് മനസ്സിലായതോടെ പലരും പിൻവലിഞ്ഞു.

അപ്പോഴും രതീഷ് വേഗയുടെ മനസ്സിലെ ഹോളോഗ്രാം അവതരണത്തിലെ മ്യൂസിക് ബാൻഡ് ലാലിന്റെ പ്രഖ്യാപിത ലക്ഷ്യമായി. എവിടെ ആദ്യ വേദിയെന്നതിലൊക്കെ ആശയക്കുഴപ്പവുമായി നീങ്ങുമ്പോഴാണ് ദേശീയ ഗെയിംസ് വേദി കിട്ടുന്നത്. പിന്നെ രണ്ടും കൽപ്പിച്ച് നീങ്ങി. എല്ലാം ഓകെയാകുമെന്ന രതീഷ് വേഗയുടെ ആത്മവിശ്വാസം നൽകൽ ദോഷമായി. ലാലിസത്തെ ലോകമഹാത്ഭുതമായി ലാൽ തന്നെ ഉയർത്തിക്കാട്ടി. രണ്ടര മണിക്കൂർ നീളുന്ന ലോകോത്തര സംഗീത പരിപാടി അവതരിപ്പിക്കാനുള്ള സംഗീത ജ്ഞാനം ലാലിനില്ലെന്ന് അടുത്ത സുഹൃത്തായ എംജി ശ്രീകുമാർ പോലും പറഞ്ഞില്ല. അതോടെ ലാൽ കുഴയിൽ വീണു. ഇനിയും ലാലിനെ വിടാതെ നേട്ടമുണ്ടാക്കാനാണ് രതീഷ് വേഗയുടെ ശ്രമം. കാര്യവട്ടത്തെ സ്‌റ്റേഡിയത്തിലെ ആൾത്തിരക്കാണ് എല്ലാത്തിനും കാരണമെന്ന് രതീഷ് വേഗ വിമർശനം ഉന്നയിക്കുമ്പോൾ ലക്ഷ്യം വ്യക്തമാണ്. ലാലെന്ന ബ്രാൻഡ് നെയിംമിനെ ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ല.

കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളസംഗീത ലോകത്ത് വേറിട്ട ഈണങ്ങൾ നൽകിയ സംഗീത സംവിധായകനാണ് രതീഷ് വേഗ. കോക്ടെയിൽ, ബ്യൂട്ടിഫുൾ,റൺ ബേബി റൺ , ലക്കി സ്റ്റാർ, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഒഡീഷ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. 2010ൽ കോക്ക്‌ടെയിൽ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകളിൽ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ബ്യൂട്ടിഫുള്ളിലൂടെ ദി കൊച്ചി ടൈംസ് ഫിലിം അവാർഡും മിർച്ചി മ്യൂസിക് അവാർഡ്‌സ് സൗത്തും രതീഷ് വേഗയ്ക്ക് ലഭിച്ചിട്ടുണ്ട്.

ജിംഗിൾസിൽ തുടങ്ങി ചലച്ചിത്രസംഗീതപാതയിൽ വിജയം വരിച്ച സംഗീത സംവിധായകനാണ് പാലക്കാട്ടുകാരൻ രതീഷ് മേനോൻ എന്ന രതീഷ് വേഗ.കല്യാൺ സിൽക്‌സ്,ജോസ്‌കോ,എംസി ആർ മുണ്ടുകൾ,ജോയ് ആലൂക്കാസ് തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ മനോഹരങ്ങളായ പരസ്യ ജിംഗിളുകൾക്ക് പിന്നിൽ രതീഷിന്റെ കരങ്ങളുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സംഗീതത്തിലെ ബിരുദപഠനത്തിനു ശേഷം സൗണ്ട് എഞ്ചിനീയറിംഗും പഠിച്ചു.കർണ്ണാടക സംഗീതത്തിൽ വോക്കലിസ്റ്റായി മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് സംഗീതസംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തൃശ്ശൂർ ആർ വൈദ്യനാഥ ഭാഗവതരിൽ നിന്നും കർണ്ണാടക സംഗീത പാഠങ്ങൾ തുടർന്നു.

രണ്ട് വർഷത്തോളം ഏഷ്യാനെറ്റിൽ നടത്തിയ സംഗീത ഷോ രതീഷിന് പ്രൊഫഷണൽ സംഗീതത്തിലെ പല പുത്തൻ പരിചയങ്ങൾക്കും അത് വഴി ചലച്ചിത്ര സംഗീതം പിറവിയെടുക്കുന്ന എല്ലാ മേഖലകളെയും വിശദമായി മനസിലാക്കാനും സാധിച്ചു. പ്രമുഖ കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ ഗോപി സുന്ദറിനെ ഈ അവസരത്തിൽ പരിചയപ്പെട്ടത് സംഗീതസംവിധാനത്തിലേക്ക് തിരിയാൻ രതീഷിനെ പ്രേരിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ജിംഗിളുകൾക്കൊപ്പം സംഗീത ആൽബങ്ങളും ഈണമിട്ട് പുറത്തിറക്കി. വ്യത്യസ്തമായി ചെയ്ത അയ്യപ്പഭക്തിഗാനം ആൽബവും 'കഫെ ലൗ' എന്ന ആൽബവും ഏറെ ഹിറ്റായതോടെ രതീഷിന് ചലച്ചിത്രഗാനരംഗത്തേക്കുള്ള വഴി തെളിഞ്ഞു.

കഫേ ലൗ എന്ന ആൽബം ശ്രദ്ധിച്ച ചലച്ചിത്ര നിർമ്മാതാവ് മിലൻ ജലീൽ ആണ് തന്റെ ചിത്രമായ 'കോക്ക്‌ടെയിൽ'ലെ ഗാനങ്ങൾ ഈണമിടാൻ രതീഷിനെ ക്ഷണിക്കുന്നത്. വിജയ് യേശുദാസും തുളസി യതീന്ദ്രനും ചേർന്ന് ആലപിച്ച കോക്ക്‌ടെയ്‌ലിലെ 'നീയാം തണലിന്' എന്ന ഗാനവും മറ്റ് ഗാനങ്ങളും ടോപ്പ് ചാർട്ടിൽ ഇടം നേടിയതോടെ മിലന്റെ തന്നെ അടുത്ത ചിത്രമായ 'എഗൈൻ കാസർഗോഡ് കാദർഭായി'യിലേക്കും സംഗീതം ചെയ്യാൻ രതീഷിന് അവസരം ലഭിച്ചു. 2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയതോടെ രതീഷ് വേഗ ഏറെ ശ്രദ്ധേയനായി മാറി. രതീഷ് വേഗ-അനൂപ് മേനോൻ കൂട്ടുകെട്ട് മോളിവുഡിന്റെ ഗാനവിപണിയിൽ പുതിയ റെക്കാർഡിട്ടതും കണ്ടു. ഇവരൊന്നിച്ച നമുക്ക് പാർക്കാൻ എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മോഹവിലയ്ക്കാണ് വിറ്റുപോയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP