Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202205Monday

'ഞാൻ ഹൈസ്‌കൂൾ ഹെഡ്‌മാഷും നിങ്ങൾ പ്രൈമറി ക്ലാസിലെ കുട്ടിയുമല്ല; എല്ലാം എനിക്കറിയാം. സൂക്ഷിച്ചാൽ നന്ന്!'; ഐസ്‌ക്രീം പാർലർ വിവാദത്തിൽ ലീഡർ പറഞ്ഞതുകേട്ട് കുഞ്ഞാലിക്കുട്ടി ജാള്യതയോടെ മുറിയിൽ നിന്നിറങ്ങിപ്പോയി; വിവാദ വെളിപ്പെടുത്തലുമായി പ്രേമചന്ദ്രക്കുറിപ്പിന്റെ സർവീസ് സ്റ്റോറി

'ഞാൻ ഹൈസ്‌കൂൾ ഹെഡ്‌മാഷും നിങ്ങൾ പ്രൈമറി ക്ലാസിലെ കുട്ടിയുമല്ല; എല്ലാം എനിക്കറിയാം. സൂക്ഷിച്ചാൽ നന്ന്!'; ഐസ്‌ക്രീം പാർലർ വിവാദത്തിൽ ലീഡർ പറഞ്ഞതുകേട്ട് കുഞ്ഞാലിക്കുട്ടി ജാള്യതയോടെ മുറിയിൽ നിന്നിറങ്ങിപ്പോയി; വിവാദ വെളിപ്പെടുത്തലുമായി പ്രേമചന്ദ്രക്കുറിപ്പിന്റെ സർവീസ് സ്റ്റോറി

എം.റിജു

തിരുവനന്തപുരം: ലീഡർ കെ കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന നിരവധി വിവാദ വെളിപ്പെടുത്തലുമായി, മൂന്നരപതിറ്റാണ്ട് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിൽ പ്രധാനിയായി പ്രവർത്തിച്ച മൂൻ ജില്ലാകല്കടർ കൂടിയായ കെ.എസ് പ്രേമചന്ദ്രക്കുറുപ്പ് ഐ.എ.എസിന്റെ സർവീസ് സ്റ്റോറി. 'ലീഡറോടൊപ്പം മൂന്നരപ്പതിറ്റാണ്ട്'- എന്ന കറന്റ്ബുക്സ് പ്രസിദ്ധീകരിച്ച സർവീസ് സ്റ്റോറിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഐസ്‌ക്രീം പാർലർ കേസിനെ കുറിച്ചുള്ള ആരോപണങ്ങൾ കേട്ടുതുടങ്ങിയ കാലത്തുതന്നെ കരുണാകരൻ അന്ന് വ്യവസായ മന്ത്രിയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയെ താക്കീത് ചെയ്തിരുന്നുവെന്നും താൻ അതിന് ദൃക്സാക്ഷിയാണെന്നും പ്രേമചന്ദ്രക്കുറുപ്പ് വ്യക്താമാക്കുന്നു. അതുപോലെ തന്നെ പാമോയിൽ കേസിൽ യഥാർഥത്തിൽ അഴിമതി നടത്തിയത് അന്നത്തെ ചീഫ് സെക്രട്ടറി പത്മകുമാറും അദ്ദേഹത്തിന്റെ സഹോദൻ കൃഷ്ണകുമാറുമാണെന്ന് സംശയം ഉണ്ടെന്നും പ്രേമചന്ദ്രക്കുറുപ്പ് വെളിപ്പെടുത്തുന്നു.

മൂന്നരപതിറ്റാണ്ട് കെ. കരുണാകരന്റെ പേഴ്‌സണൽ സ്റ്റാഫിൽ പ്രവർത്തിച്ച പ്രേമചന്ദ്രക്കുറുപ്പ് സംസ്ഥാന ലേബർ കമീഷണർ, തൃശൂർ, മലപ്പുറം ജില്ലകളിലെ കളക്ടർ തുടങ്ങിയ നിരവധി പദവികൾ അലങ്കരിച്ച വ്യക്തിയാണ്. സർവീസിലിരിക്കെ അഴിമതിരഹിതനെന്ന ഖ്യാതിയുള്ള പ്രേമചന്ദ്രക്കുറുപ്പിന്റെ പുസ്തകരം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയാവുകയാണ്.

ഐസ്‌ക്രീം പാർലർ കേസ്

ഐസ്‌ക്രീം പാർലർ കേസിനെക്കുറിച്ച് പ്രേമചന്ദ്രക്കുറുപ്പ് ഇങ്ങനെ എഴുതുന്നു.-''
ഐസ്‌ക്രീം പാർലർ കേസിനെപ്പറ്റി കേൾക്കാത്ത ആരും ഉണ്ടാവില്ല, കുപ്രസിദ്ധമായ ആ കേസിൽപ്പെട്ട് വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിക്ക് രാജിവക്കേണ്ടി വന്നു. മുഖ്യമന്ത്രിയും പിന്നീട് പ്രതിപക്ഷ നേതാവുമായ വി എസ്. അച്യുതാനന്ദൻ വിടാതെ പിന്തുടർന്ന കേസാണിത്. ആദ്യമായി ഈ വാർത്ത പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വന്ന പ്പോൾ പൊതുപ്രവർത്തകന്റെ സ്ഥിരം പല്ലവിയിൽ വാർത്ത ''അടിസ്ഥാനരഹിതം', 'വ്യക്തിഹത്യ', 'ഗൂഢാലോചന', 'തെളിഞ്ഞാൽ രാജി', 'പൊതുപ്രവർത്തന രംഗം വിട്ടുകളയും' എന്നു തുടങ്ങിയ തമാശകൾ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടു. ''മലയാളം' വാരികയിൽ ഒന്നോ രണ്ടോ ആഴ്ചകളായി വന്ന വാർത്ത ചർച്ചാവിഷയമായി. അതോടൊപ്പം കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര സഹമന്ത്രിയുടെ സമാന കേളികളുടെ കാര്യവും 'മലയാളം' റിപ്പോർട്ടു ചെയ്തു.

ഈ വാർത്തകൾക്കു വലിയ പ്രചാരം ലഭിക്കുന്നതിനിടെ ഒരു ദിവസം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി കെ. കരുണാകരനെ കാണാൻ കേരളാഹൗസിലെത്തി. അന്നും പതിവു പോലെ കുഞ്ഞാലിക്കുട്ടി ഡൽഹിയിലെ മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസം. കേരളാ ഹൗസിലെ 104-ാം നമ്പർ വി.ഐ.പി. മുറിയാണു രംഗം. മുഖ്യമന്ത്രി രാവിലെ 9.30 മണിക്ക് പ്രധാനമന്ത്രിയെ കാണുന്നതിനായി പുറപ്പെടുവാൻ തയ്യാറാകുന്നു. ഒപ്പം ഞാനും പോകും.

അപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്. ദൗത്യം ഇതാണ്. എഫ്.എ.സി.ടിയുടെ സബ്സിഡിയറി യൂണിറ്റാണ് കൊച്ചി എഫ്.ഇ.ഡി.ഒ. അന്ന് എഫ്.ഇ.ഡി.ഒ യുടെ എം.ഡി. ഒരു മോഹൻദാസാണ്. എഫ്.ഇ.ഡി.ഒ ക്ക് അസംസ്‌കൃത വസ്തുക്കൾ തടസ്സം കൂടാതെ ഫാക്ടിൽ നിന്നും ലഭിക്കണം. അന്നത്തെ വളം-രാസ വസ്തു വകുപ്പുമന്ത്രി ഗോവക്കാരൻ എഡ്വർഡോ ഫെലേ റിയോ. അദ്ദേഹം സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്. മറ്റു കേന്ദ മന്ത്രിമാർ വരുന്നതുപോലെ കൂടെക്കൂടെ കേരളഹൗസിലെത്തി ലീഡറെ കാണാൻ വരുന്ന വ്യക്തി.

മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എഡ്വർഡോ ഫെലേറിയയോട് സംസാരിച്ച് കാര്യം ശരിയാക്കിക്കിട്ടണം. കണ്ടയുടൻ ''എവിടെയാണു താമസം.'' ലീഡർ കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചു. ''ഞാനിവിടെ ഒരിടത്ത്....'' എന്നെല്ലാം അവ്യക്തമായി പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. ഡൽഹിയിലെ ഏറ്റവും മുന്തിയ ഹോട്ടലാണ് വസന്ത് ഇന്റർകോണ്ടിനെന്റൽ. കുഞ്ഞാലിക്കുട്ടി വന്നത് അവിടെ നിന്നാണ് എന്നെനിക്കറിയാമായി രുന്നു.

ആവശ്യം കേട്ടയുടൻ, മുഖ്യമന്ത്രി എന്നെ നോക്കി, ''അയാളെ ഒന്നു വിളിക്ക്'' എന്നു പറഞ്ഞു. കേന്ദ്രമന്ത്രിമാർ എല്ലാവരുടെയും നമ്പറുകളെല്ലാം എന്റെ കൈവശം ഉണ്ടെന്ന് മുഖ്യമന്ത്രിക്കറിയാം. ഞാൻ കേന്ദ്രമന്ത്രിയെ വിളിക്കുവാൻ ഫോണിനടുത്തേക്കു നീങ്ങുമ്പോൾ ഒരു രസകരമായ സംഭവം ഉണ്ടായി. ഒരു ചെറിയ തുണ്ടു കടലാസുമായി എഫ്.ഇ.ഡി.ഒ എം.ഡി മോഹൻദാസ് പതുക്കെ കടന്നു വന്നു. ''എന്താ ഇത്', വളരെ ഗൗരവത്തോടെ മുഖ്യമന്ത്രി ചോദിച്ചു. ''കേന്ദ്രമന്ത്രിയുടെ നമ്പറുകൾ.'' അയാൾ മറുപടി പറഞ്ഞു. ''വേണ്ട, വെളിയിൽ നിന്നാൽ മതി'', അദ്ദേഹം ആജ്ഞാപിച്ചു. മുഖ്യമന്ത്രിയുടെ ഗൗരവം കണ്ട് ഞങ്ങൾക്കെല്ലാം അത്ഭുതം തോന്നി. മോഹൻദാസ് ഇളിഭ്യനായി മുറിയിൽ നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ 104-ാം നമ്പർ മുറിയിൽ കുഞ്ഞാലിക്കുട്ടിയും ഞാനും ഗൺമാൻ രാചന്ദ്രൻനായരും മാത്രം.

''ആവശ്യമില്ലാത്തവർ ഈ മുറിയിൽ കയറുന്നത് നിങ്ങൾ കാണുന്നില്ലേ? കതകടയ്ക്കൂ, ലീഡർ ഗൺമാനോടായി പറഞ്ഞു. കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി കേരളത്തിന്റെ ആവശ്യം പറഞ്ഞു. കരുണാകരന്റെ വാക്കുകൾ അന്ന് കേന്ദ്രത്തിലെ ഏതു മന്ത്രിയും ഉത്തരവായി കണക്കാക്കുന്ന കാലം, മന്ത്രി ഉടനെതന്നെ ചെയ്യാമെന്നേറ്റു. അതീവ രഹസ്യം സംസാരിക്കുമ്പോളൊഴികെ ആരെല്ലാം മുറിയിൽ നിന്നാലും കരുണാകരനു സന്തോഷമാണ്. അതറിയാവുന്ന കുഞ്ഞാലിക്കുട്ടിക്ക് (എനിക്കും) മോഹൻദാസിനെ മുറിയിൽ നിന്നും പുറത്താക്കിയതിന്റെ പൊരുൾ നന്നായി മനസ്സിലായി.

യാത്രപറയുന്ന മട്ടിൽ കുഞ്ഞാലിക്കുട്ടി പരുങ്ങലോടെ മുഖ്യമന്ത്രിയുടെ മുന്നിൽ നിന്നു. ലീഡർ പറഞ്ഞു: 'ഞാൻ ഒരു കാര്യം പറഞ്ഞേക്കാം, ഞാൻ ഹൈസ്‌കൂൾ ഹെഡ്‌മാഷും നിങ്ങൾ പ്രൈമറി ക്ലാസിലെ കുട്ടിയും മറ്റുമല്ല. ഇന്നല്ലെങ്കിൽ നാളെ 'ഇതൊക്കെ പ്രയാസമുണ്ടാക്കും.' പറഞ്ഞില്ലെന്നു വേണ്ട. കുഞ്ഞാലിക്കുട്ടി പരുങ്ങലോടെ പറഞ്ഞു: ''സി.എമ്മേ അതൊന്നും ശരിയല്ല.'' ''വേണ്ട ഒന്നും പറയണ്ട, എല്ലാം എനിക്കറിയാം. സൂക്ഷിച്ചാൽ നന്ന്!'' ലീഡർ പറഞ്ഞു. ഒരു തരത്തിൽ കുഞ്ഞാലിക്കുട്ടി വല്ലാത്ത ജാള്യ തയോടെ മുറിയിൽ നിന്നിറങ്ങിപ്പോയി.

വർഷങ്ങൾക്കുശേഷം നന്തൻകോട് 'കല്യാണി'യിൽ വച്ച് ഞാനിക്കാര്യം ലീഡറെ ഓർമ്മപ്പെടുത്തി, മരിക്കുന്ന സമയം വരെ അസാധാരണ ഓർമ്മശക്തിയുള്ള വ്യക്തിയായിരുന്നു ലീഡർ. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഇതൊക്കെ ഇപ്പോഴും ഓർത്തുവച്ചിരിക്കുന്നു! ലീഡർക്ക് ഓർക്കാമെങ്കിൽ എനിക്ക് ഓർമ്മയുണ്ടാകില്ലേ? ഞാൻ മറുപടി നൽകി''.- ഇങ്ങനെയാണ് ഈ വിഷയത്തിൽ പ്രേമചന്ദ്രക്കുറുപ്പ് എഴുതുന്നത്.

പാമോലിൻ കേസിൽ സംഭവിച്ചത്

പാമോയിൽ കേസിനെക്കുറിച്ച് പ്രേമചന്ദ്രക്കുറുപ്പ് ഇങ്ങനെ എഴുതുന്നു-'പാമോലിൻ കേസ് സംബന്ധിച്ച പച്ചയായ ചില യാഥാർത്ഥ്യങ്ങൾ ഇവിടെ കുറിക്കുകയാണ്. വായിക്കുന്നവർക്ക് യുക്തമായ നിഗമനങ്ങ ളിലെത്താം. ആ ഒരു ദിവസം എയർപോർട്ടിൽ നിന്നും നേരെ ലീഡർ കേരള ഹൗസിലെത്തി. പതിവുപോലെ ധാരാളം പേർ അദ്ദേഹത്തെ കാണാനായി 104-ാം നമ്പർ മുറിക്കു മുന്നിൽ കാത്തു നിൽക്കുന്നുണ്ട്. മുറിയി ലെത്തിയ ഉടൻ എന്നോടു പറഞ്ഞു:

''ഞാൻ പറഞ്ഞിട്ട് ആരെയെങ്കിലും മുറിയിലേക്കു കയറ്റി വിട്ടാൽ മതി, '' എന്നിട്ട് സ്വതസിദ്ധമായ രീതിയിൽ പറഞ്ഞു. ''ആ പത്മകുമാറിനെ വിളിച്ചു കൊട്, ' ഞാൻ ചീഫ് സെക്രട്ടറി എസ്. പത്കുമാറിനെ വിളിച്ചു കണക്റ്റ് ചെയ്തു. ലീഡർ പറഞ്ഞു. ''പത്മകുമാറെ ഇന്നു നിയമസഭയിൽ എന്താണു നടന്നത്?'' കേരളത്തിൽ നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നു. ലീഡർ അസംബ്ലിയിൽ നിന്നും ഉച്ചയ്ക്കു മുമ്പായി എയർപോർട്ടിലേക്കു തിരിച്ചതാണ്. മുഖ്യമന്ത്രി സഭ വിട്ടശേഷം എന്തോ സഭയിൽ നടന്നിരിക്കുന്നു. പത്മകുമാർ എന്തൊക്കെയോ പറഞ്ഞു. ലീഡർ അതി ലൊന്നും തൃപ്തി വരാത്ത മട്ടിൽ സംസാരിച്ചു. അദ്ദേഹം പറഞ്ഞു.

''എന്താണ് അച്യുതാനന്ദൻ പറയുന്നത്. അതിലൊക്കെ കാര്യമുണ്ടോ? എനിക്കറിയണം. നിങ്ങളൊക്കെക്കൂടി എന്നോടു പറഞ്ഞതാണ് മന്ത്രിസഭ വരെ അംഗീകരിച്ചതാണ്. ഈ ഇടപാടിൽ വല്ല തിരിമറിയോ ക്രമക്കേടോ ഉണ്ടോ? ഉണ്ടെങ്കിൽ എന്നോടു തുറന്നു പറയണം. ഞാനാണ് സഭയിലും ജനങ്ങളോടും മറുപടി പറയേണ്ടത്.'' ഈ വിഷയത്തിൽ ഒരു പ്രശ്നവുമില്ലെന്നും, അച്യുതാനന്ദന്റേത് ഉണ്ടയില്ലാ വെടിയാണെന്നും മറ്റും പത്മകുമാർ വിശദീകരിച്ചു കൊടുക്കുന്നതായി എനിക്കു മനസ്സിലായി. അവർ തമ്മിലുള്ള ടെലഫോൺ സംഭാഷണം അവിടെ അവസാനിച്ചു.

കേരളത്തിലെ ഭക്ഷ്യ എണ്ണയുടെ കടുത്ത ക്ഷാമം പരിഹരിക്കുന്ന തിനായി മലേഷ്യയിൽ നിന്നും പാമോയിൽ ഇറക്കുമതി ചെയ്തു. ഇതിൽ വലിയ അഴിമതി നടന്നു എന്നും, ഈ അഴിമതിയിൽ കരുണാകരനും മറ്റു പലർക്കും പങ്കുള്ളതായും മറ്റും അച്യുതാനന്ദൻ സഭയിൽ പറഞ്ഞു. അന്ന് രാത്രി വിശ്രമിക്കാൻ പോകുന്നതിനിടെ നിര വധി പേരുമായി മുഖ്യമന്ത്രി സംസാരിച്ചു. അടുത്തദിവസം കേരളത്തിലെ ദിനപ്പത്രങ്ങൾ മുഴുവൻ പാമോയിൽ ഇറക്കുമതിയിലെ അഴിമതി വാർത്തകളാണെന്ന് മുഖ്യമന്ത്രിക്കു വിവരം ലഭിച്ചു. അതിരാവിലെ തന്നെ കെ.വി. തോമസ് അടക്കം ഏതാനും എംപി.മാർ ലീഡറെ വിളിച്ചു കേരളത്തിലെ വാർത്തകൾ അറിയിച്ചു കൊണ്ടിരുന്നു. സാധാരണ രാവിലെ എട്ട് മണിക്കുതന്നെ ഞാൻ മുഖ്യ മന്ത്രിയുടെ മുറിയിൽ എത്തും. അതാണ് പതിവ്. 7.30-നു തന്നെ തന്റെ 6 മുറിയിൽ എത്തുവാൻ എനിക്കു വിവരം കിട്ടി. ഞാൻ 104-ൽ എത്തു മ്പോൾ മുഖ്യമന്ത്രിയുടെ പ്രാർത്ഥനകൾ പൂർത്തിയായിട്ടില്ല. ''പത്മകുമാറിനെ വിളിച്ചു കൊട്.'' ലീഡറുടെ വാക്കുകൾ, ഞാൻ വിളിച്ചു കൊടുത്തു. മുഖ്യമന്ത്രി ചോദിച്ചു. ''പത്മകുമാറെ, നിങ്ങൾ ഇന്നെലെ എന്നോടു പറഞ്ഞു പാമോയിൽ ഇടപാടിൽ ഒരു കുഴപ്പവുമില്ല എന്ന്. പക്ഷേ ഇന്നങ്ങനെയല്ലല്ലോ തോ ന്നുന്നത്, '

പത്മകുമാർ ഏതാണ്ട് പത്തു മിനിട്ടുകളോളം മുഖ്യമന്ത്രിക്കു വിശ ീകരണം നൽകി. എല്ലാം കേട്ടിട്ട് കരുണാകരൻ പറഞ്ഞു. ഇന്നത്തെ എല്ലാ പ്രതങ്ങളുടെയും കട്ടിംഗുകൾ ഫാക്സ് വഴി ഇങ്ങോട്ട് അയയ്ക്കുക.

അന്ന് കേരളഹൗസിൽ ഒരു ഫാക്സ് മെഷീനുള്ളത് എന്റെ ഓഫീസ് മുറിയിലാണ്. ഏതാണ്ട് അറുപതോളം പേജുകൾ വന്നു. എല്ലാം ലീഡർ വായിച്ചു നോക്കി. വീണ്ടും പത്മകുമാറിനെ വിളിച്ചു. ''പത്മകുമാറെ, ഞാനീ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ചീഫ് സെക്രട്ടറിയായ നിങ്ങളോട് ഞാൻ ചോദിക്കുന്നു: ഈ പാമോയിൽ ഇറക്കുമതിയിൽ വല്ല തിരിമറിയും നടന്നോ? വല്ല ഇടനിലക്കാരും ഉണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ? നിങ്ങൾ എന്നോടു തുറന്നു പറയണം, ഒന്നും മറച്ചു വയ്ക്കുവാൻ പാടില്ല. നിങ്ങൾക്കിങ്ങനെയൊക്കെ പറഞ്ഞാൽ മതി. ഞാനാണ് ഇതിനു മറുപടി പറയേണ്ടത്. പണ്ടാരു കേസിൽ (രാജൻ കേസ്) ഒരു പങ്കുമില്ലാതിരുന്നിട്ടും എന്നും പഴികേട്ടവനാണ് ഞാൻ. നിങ്ങൾ സത്യം പറയണം. പറഞ്ഞ പറ്റു.''

പിന്നെ കുറേ സമയം പത്മകുമാർ എന്തൊക്കെയോ വിശദീകരിച്ചു കൊണ്ടിരുന്നു. ലീഡർ എല്ലാം കേട്ടിരുന്നു.''ശരി, ശരി, ഞാൻ അങ്ങു വരട്ടെ. ആരെങ്കിലും വല്ല തിരിമറിയും നടത്തിയിട്ടുണ്ടെങ്കിലും എനിക്കറിഞ്ഞ മതിയാകു.''

അതിനുശേഷം കാലം എത്ര കഴിഞ്ഞു പോയി, ലീഡറുടെ നിഴലായി, അദ്ദേഹത്തിന്റെ തണലിൽ ഞാൻ അദ്ദേഹത്തിന്റെ അന്ത്യനിമിഷംവരെ ജീവിച്ചു. പാമോയിൽ ഇറക്കുമതിക്കേസിൽ അഴിമതി നടന്നെങ്കിൽ കെ. കരുണാകരൻ എന്ന മനുഷ്യന് ഒരു പങ്കുമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന പതിനായിരങ്ങളിൽ ഈ ഞാനുമുണ്ട്. ചീഫ് സെക്രട്ടറി പത്മകുമാർ, കേന്ദ്രമന്ത്രിയായ അദ്ദേഹത്തിന്റെ സഹോദരൻ തുടങ്ങിയ പല മാന്യന്മാരും പാമോയിൽ ഇറക്കുമതിയിൽ ഇടപെട്ടു എന്നത് ശരിയാണ്. ഇത് കൂടാതെ പല ആളുകളുടെ കൈകളിലും തലകളിലും അല്പസ്വല്പം പാമോയിൽ ആരൊക്കെയോ പുരട്ടിക്കൊടുത്തിട്ടുമുണ്ട്. ഈ കേസിൽ സത്യസന്ധമായ ഒരു ഉന്നതതല അന്വേഷണത്തിനു വിധേയമാക്കിയാൽ അന്തരിച്ചു പോയ ആ വലിയ മനു ഷ്യന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കും.

പാമോയിൽ ഇറക്കുമതിക്കേസിൽ പത്മകുമാർ, കൃഷ്ണകുമാർ എന്നിവരുടെ യഥാർത്ഥ പങ്ക് അന്വേഷണ വിധേയമായോ എന്നു സംശയിക്കുന്നവർ ഇന്നുമുണ്ട്. സിവിൽ സർവ്വീസിലെ ഏറ്റവും പ്രഗൽഭരും സത്യസന്ധരായവരുമെന്നും പേരുകേട്ട സക്കറിയ മാത്യുവും, പി.ജെ. തോമസും ഈ കേസിൽ വലിച്ചിഴക്കപ്പെട്ടതാണെന്നു വിശ്വസിക്കുന്ന വരാണ് കൂടുതലും. ചാരക്കേസ്

തുടക്കത്തിൽ തന്നെ ചാരക്കേസ് തികച്ചും കെട്ടിച്ചമച്ച ഒന്നാണെന്ന് പലരും സംശയിച്ചിരുന്നു. ഒരു അപസർപ്പ കഥപോലെ മാധ്യമങ്ങൾ അതിനു ഭമിപ്പിക്കുന്ന തിരക്കഥയും പരിസരവും ഒരുക്കിക്കൊണ്ട് ഭാഷ്യം ചമച്ചപ്പോൾ ഒരു ചെറിയ കാലഘട്ടത്തിലാണെങ്കിൽ പോലും ജനം അതിൽ വീണു. ''

ചാരമായ ചാരക്കേസ്

ചാരക്കേസിനെക്കുറിച്ചുള്ള പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ-''ചാരക്കേസ് അതിന്റെ സ്വാഭാവികമായ പരിണിതയിലേക്ക് എത്തിയിരിക്കുന്നു. അന്താരാഷ്ട്ര ഗുഢാലോചന ആരോപിക്കുന്ന ഈ കേസിൽ എത്ര നിസാരമായാണ് പലരേയും പീഡിപ്പിച്ചതും ക്രൂശിച്ചതും. മാധ്യമങ്ങൾ എരിവും പുളിയും ചേർത്തുമെനഞ്ഞ കഥകളിൽ തുങ്ങി പ്രതിപക്ഷ-ഭരണപക്ഷ കക്ഷി നേതാക്കൾ ഒരു ജനനായകനെ രാജി വെയ്പിച്ചു.

ഇതിലെ കഥാപാത്രത്തെ കിടപ്പറയിലെ ട്യൂണ എന്നുപോലും മാധ്യമങ്ങൾ എഴുതി. നമ്പി നാരായണൻ എന്ന ഐഎസ്ആർഒ ഉദ്യോഗ സ്ഥനെ നാണം കെടുത്തി മാധ്യമങ്ങൾ സായൂജ്യം നേടി. ദേശാഭി മാനം കൊണ്ട് ജ്വലിച്ച നാട്ടുകാർ ഐഎസ്ആർഒ വാഹനങ്ങളെ കല്ലെറിഞ്ഞു. ഉദ്യോഗസ്ഥരെ തെറിവിളിച്ചു. കേസിൽ കഴമ്പില്ലെന്ന് സിബിഐ കണ്ടെത്തി. ഹൈക്കോടതി നമ്പി നാരായണന് നഷ്ടപരി ഹാരവും അനുവദിച്ചു. നഷ്ടപ്പെട്ട ജീവിതമോ?

ഒരു വിഭാഗം കോൺഗ്രസുകാരാണ് തിരക്കഥ ചമച്ചത്. കെട്ടിച്ചമച്ച കഥക്ക് പകർപ്പവകാശക്കാർ ഏറെയുണ്ട്. നമ്പി നാരായണൻ എന്ന ഉദ്യോഗസ്ഥനെ പൊലീസുകാർ ക്രൂരമായി പീഡിപ്പിച്ചു. അപരാധങ്ങ ളെല്ലാം കരുണാകരന്റെ തലയിൽ കെട്ടിവച്ചു. ഒടുവിൽ സുപ്രീംകോടതി കേസിൽ കഴമ്പില്ല എന്നുകണ്ട് എല്ലാവരെയും വിട്ടയച്ചു.എല്ലാവർക്കും നീതികിട്ടി. നീതികിട്ടാതെ പോയത് കരുണാകരന് മാത്രം എന്നു കെ. മുരളീധരൻ പറഞ്ഞത് എത്ര ശരിയാണ്.

ഈ മൃഗയാ വിനോദത്തിൽ പെട്ടുപോയത് എത്ര ആത്മാക്കളാണ്. മാധ്യമങ്ങൾക്ക് സർക്കുലേഷൻ നിലനിർത്താനായി. മാധ്യമ സിൻ ഡിക്കേറ്റുകളുടെ അജണ്ട ഫലപ്രദമായി നടപ്പാക്കി കോൺഗ്രസിലെ ആന്റണി വിഭാഗം കിട്ടിയ തക്കമുപയോഗിച്ച് കളത്തിൽ നിറഞ്ഞാടി. ഒരു കള്ളക്കഥ എത്രമാത്രം സത്യമാകുമെന്നും അത് എത്രപേരുടെ ജീവിതം തകർക്കുമെന്നും ഇത്രയൊക്കെയാണ് പ്രബുദ്ധ കേരളത്തിന്റെ നിലവാരമെന്നും ഈ സംഭവം അടയാളപ്പെടുത്തുന്നുണ്ട്.

വ്യഭിചാരം മുതൽ ക്രയോജനിക്ക് സാങ്കേതിക വിദ്യ വരെ ഇവിടെ പൈങ്കിളികളായി പാറി നടന്നു. വ്യാജ ആരോപണങ്ങൾക്ക് ഇരയായി വേദനയോടെ മുഖ്യമന്ത്രി പദം വിട്ട കെ. കരുണാകരന് മുമ്പിൽ എന്തു പ്രായാശ്ചിത്തമാണ് ബന്ധ പ്പെട്ടവർക്ക് ചെയ്യാനുള്ളത്?

നന്ദികേടിന്റെ ആൾരൂപങ്ങളായ അവർ ഇപ്പോഴും ഇവിടെയൊക്കെ തന്നെയുണ്ട്.
ദൈവത്തിന്റെ കോടതിയിൽ നീതികിട്ടുമെന്നാണ് നമ്പി നാരായണനോട് അബ്ദുൾകലാം പറഞ്ഞത്. എന്നാൽ അത് വേണ്ടി വന്നില്ല. പരമോന്നത കോടതിയിൽ നിന്നും തന്നെ നമ്പി നാരായണന് നീതി കിട്ടി.

അതേ ചാരക്കേസ് എന്ന കള്ളക്കേസിന്റെ വിശദാംശങ്ങൾ ഇന്നു കേരളത്തിലെ ജനങ്ങൾക്കറിയാം. ചാരക്കേസ് എന്ന കള്ളക്കേസ്, മുഖ്യ മന്ത്രി കരുണാകരന്റെ കസേര തെറിപ്പിക്കുന്നതിനും അതു തട്ടിയെടു ക്കുന്നതിനുമുള്ള ഒരു വലിയ ഗൂഢാലോചനയാക്കി മാറ്റുന്നതിൽ അദ്ദേ ഹത്തിന്റെ സ്വന്തം പാർട്ടിയിലും പ്രതിപക്ഷത്തുമുള്ള എതിരാളികൾക്കു കഴിഞ്ഞതാണ് അതിന്റെ ദുര്യോഗം. ചാരക്കേസിന്റെ വിശദാംശം കുറി ക്കുക എന്റെ ഉദ്ദേശ്യമല്ല. മുൻ ഡി.ജി.പി. സിബി മാത്യുവിന്റെ ഓർമ്മ ക്കുറിപ്പുകൾ 2017 ഏപ്രിലിൽ പുറത്തു വന്നു. ഐ ഗ്രൂപ്പിൽ നിന്നും ഭരണം പിടിക്കുവാൻ എ ഗ്രൂപ്പ് ഉപയോഗിച്ചതാണ് ചാരക്കേസ് എന്ന ദ്ദേഹം എഴുതിയതായി കണ്ടു. അദ്ദേഹം ചെയ്ത ദോഹപവൃത്തി കൾക്ക് വെള്ള പൂശി 'നല്ല കുട്ടി' ആയിരുന്നു താനെന്നു വരുത്താ നുള്ള ഒരു ശ്രമമാണോ അദ്ദേഹം നടത്തുന്നത് മുംബൈ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന രാജശേഖരൻ നായർ എന്ന പത്രപ്രവർത്തകൻ ഐഎസ്ആർഒ ചാരക്കേസിന്റെ യഥാർത്ഥ വസ്തുത തന്റെ പുസ് തകത്തിലൂടെ വെളിച്ചത്തു കൊണ്ടു വന്നിട്ടുണ്ട്. ഈ കേസിൽ ഒരു തരത്തിലും നേരിട്ടോ അല്ലാതെയോ ഒരു ബന്ധവുമില്ലാതിരുന്ന മുഖ്യ മന്ത്രി കരുണാകരനെ ചതിയിലൂടെ പുറത്താക്കാൻ നടത്തിയ ദുർഗന്ധം വമിക്കുന്ന കഥകളും ഈ പുസ്തകം വെളിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്റ് സ് ബ്യൂറോ, രാജശേഖരൻ നായരുടെ ഈ പുസ് തകം പിടിച്ചെടുക്കുകയും പരമാവധി നശിപ്പിക്കുകയും ചെയ്തു. ചില രുടെ ഭാവനയിലൂടെ മാത്രം രൂപപ്പെട്ട ചാരക്കേസുമായി ബന്ധപ്പെട്ട ഒന്നു രണ്ടു സംഭവങ്ങൾ പറയാം.

രമൺ ശ്രീവാസ്തവയെ സസ്പെന്റ് ചെയ്തതിന്റെ അടുത്ത ദിവസം വൈകിട്ട് മുഖ്യമന്ത്രി മുംബൈ വഴി കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു. അടുത്ത ദിവസം മലയാളമാസം ഒന്നാം തീയതി, മുഖ്യമന്ത്രിക്ക് ഗുരുവായൂരപ്പന്റെ തിരുനടയിൽ എത്തണം. അദ്ദേഹത്തിന് ആ പതിവ് മുട ങ്ങുന്നത് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. മുംബൈയിൽ നിന്നും വെളുപ്പിനു 4.30-നാണ് കൊച്ചിക്കുള്ള വിമാനം. കൊച്ചിയിൽ നിന്നും ഗുരുവായൂർ യാത്രക്ക് നേവിയുടെ ഹെലിക്കോപ്റ്റർ ഏർപ്പാ ടാക്കിയിട്ടുണ്ട്. യാത്രാസൗകര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും സംഘത്തിനും ബോംബേഎയർപോർട്ട് റസ്റ്റോറന്റിൽത്തന്നെയാണ്, മുംബൈയിലെത്തുമ്പോൾ സന്തത സഹചാരി കൃപലാനി കൊണ്ടു വന്ന റവക്കഞ്ഞി കഴിച്ച ശേഷം, ടി.വി.യുടെ മുന്നിലിരുന്ന് ചാനലു കൾ മാറ്റി വാർത്തകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ''വെളുപ്പിന് വളരെ നേരത്തെ പുറപ്പെടേണ്ടതാണ്.'' ഞാൻ ഓർമ്മപ്പെടുത്തി. എന്നെക്കൂടാതെ പ്രൈവറ്റ് സെക്രട്ടറി അപ്പുക്കുട്ടൻ നമ്പ്യാർ, ഗൺമാൻ രാമചന്ദ്രൻനായർ എന്നിവരും മുറിയിൽ ഉണ്ട്. പെട്ടെന്ന് അദ്ദേഹം നമ്പ്യരോട് ഒരു ചോദ്യം: ''നമ്പ്യാരെ ഇവന് മറ്റെന്തെങ്കിലും വിഷയത്തിൽ താത്പര്യമുള്ള ആളാണോ?'

ചോദ്യം രമൺ ശ്രീവാസ്തവയെക്കുറിച്ചാണെന്ന് വ്യക്തമായി. നമ്പ്യാർ എന്റെയും രാമചന്ദ്രൻനായരുടെയും മുഖത്ത് മാറി മാറി നോക്കി. എന്നിട്ട് പതുക്കെപ്പറഞ്ഞു; ഇതുവരെ ഒന്നും അങ്ങനെ കേട്ടിട്ടില്ല. മാലിക്കാരായ വനിതകളുമായി ശ്രീവാസ്തവയ്ക്ക് ഉള്ളതായി ആരോപിക്കപ്പെടുന്ന ബന്ധത്തെപ്പറ്റിയാണ് ലീഡർ സൂചിപ്പിച്ചത്. എന്റെ മുഖത്തേയ്ക്ക് നോക്കി അടുത്ത ചോദ്യം. ''കുറുപ്പേ, ഈ ഐഎസ്ആർഒ കേന്ദ്രം ഹൈ-സെക്യൂരിറ്റിയുള്ള സ്ഥലമല്ലേ? അവിടെ നിന്നും എളുപ്പത്തിൽ വല്ല രേഖകളും ആർക്കെ ങ്കിലും കടത്താൻ കഴിയുമോ?'' ''അത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല'' എന്ന ഒരു മറുപടി ഞാനും പറഞ്ഞു. അതിനു ശേഷം അദ്ദേഹം ഉറങ്ങുവാൻ പോയി.

ഐഎസ്ആർഒ കേന്ദ്രങ്ങളിൽ നിന്നും അതീവ രഹസ്യങ്ങളടങ്ങിയ രേഖകൾ രമൺ ശ്രീവാസ്തവയും മറ്റും കൂടി ചേർന്ന് ചോർ ത്തിയെടുത്ത് ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് വൻ വിലയ്ക്കു നൽകി യെന്നും ശ്രീവാസ്തവ കൂടാതെ കരുണാകരനും കുടുംബാംഗങ്ങളും വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും മറ്റുമുള്ള കഥകൾ തത്പര കക്ഷികൾ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പറഞ്ഞ സംഭവം മുംബൈയിൽ വച്ചുണ്ടായത്. നിരപരാധിയായ ഒരു മനുഷ്യന്റെ നിഷ് ക്കളങ്കമായ വാക്കുകളാണ് ഈ കേട്ടത് എന്ന് കാലം തെളിയിച്ചു. കേര ളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രവും പ്രതിപക്ഷത്തെ പ്രമുഖ പ്രതവും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിരന്തരമായി ഉ ന്നയിച്ചുകൊണ്ടിരുന്ന കാലമാണെന്നുകൂടി ഓർക്കേണ്ടതുണ്ട്. ഏറ്റവും ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമായ നിലപാട് കരുണാകരനോട് സ്വീക രിച്ചത് സ്വന്തം പാർട്ടിയിൽപ്പെട്ട ഉന്നതരായിരുന്നു. ഈ ചതിക്ക് നേതൃത്വം കൊടുത്ത പലരും പാർട്ടിയിലും ഭരണത്തിലും അത്യുന്നത സ്ഥാനത്ത് ഈ അടുത്ത കാലം വരെ ഇരുന്നവർ തന്നെയാണ്. അവ രുടെ പേരുകൾ ഞാനിവിടെ പരാമർശിക്കുന്നില്ല. എന്നാൽ മനഃസാ ക്ഷിയുള്ള കോൺഗ്രസ് പ്രവർത്തകർക്കും കേരളത്തിലെ ജനങ്ങൾക്കും കരുണാകരനെ പിന്നിൽ നിന്നു കുത്തിയവരെ നന്നായി അറിയാം. ഇത്തരം ചതിയന്മാർക്ക് സ്വന്തം മനഃസാക്ഷിയുടെ മുന്നിൽ മറുപടി നൽകേണ്ടി വരും.

ഉമ്മൻ ചാണ്ടിയും കരുണാകരന്റെ രാജിയും

കരുണാകരന്റെ രാജിയെക്കുറിച്ചുള്ള പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ-''2005-ൽ കരുണാകരന്റെ രാജിയിലേക്കു നയിച്ച സംഭവ വികാസങ്ങൾ പലതാണ്. ചില വസ്തുതകൾ ഞാനിവിടെ കുറിക്കുകയാണ്. അതിലൊന്ന് 2011-ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ചില അവകാശവാദങ്ങളാണ്. ചാരക്കേസിനെ തുടർന്ന് കരുണാകരന്റെ രാജിയുമായി തനിക്കൊരു ബന്ധവുമില്ല എന്നാണ് ഇത് നൂറുശതമാനവും വാസ്തവവിരുദ്ധവും ആത്മ വഞ്ചനയുമാണ്.

ചാരക്കേസുമായി ബന്ധപ്പെട്ട് അച്യുതാനന്ദന്റെയും സിപിഎമ്മി ന്റെയും നേതൃത്വത്തിൽ കരുണാകരന്റെ രാജിക്കുള്ള മുറവിളി നടന്നു കൊണ്ടേയിരുന്നു. അതേസമയം തന്നെ എ.കെ. ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിൽ കരുണാകരനെതിരെ വലിയ ഗൂഢാലോചനയാണ് നടന്നുകൊണ്ടിരുന്നത്. ആ സമയത്ത് കരുണാകരൻ രാജിവച്ചില്ലെങ്കിൽ കേരളത്തിലെ യു.ഡി.എഫും, കോൺഗ്രസും വലിയ പരാജയത്തിലേക്കു നീങ്ങും, ഭാവി അപകടത്തിലാകും എന്ന് നരസിംഹ റാവുവിനെ ബോദ്ധ്യപ്പെടുത്തുന്നതിനുള്ള ഒരു സംഘടിത നീക്കമാണ് നടന്നത്.

കുറഞ്ഞത് അഞ്ചു തവണയെങ്കിലും കേരളത്തിലെ അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി നേതാക്കന്മാർ ഒറ്റക്കെട്ടായി ഡൽഹി യിലെത്തി, കരുണാകരനെ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്ന് നരസിംഹറാവുവിനെ ബോധ്യപ്പെടുത്തി. മന്ത്രിമാരായ കെ.എം. മാണി, കുഞ്ഞാലിക്കുട്ടി, എം വി രാഘവൻ, ടി.എം. ജേക്കബ് എന്നിവരെക്കു ടാതെ മറ്റു ഘടകകക്ഷി നേതാക്കളും നിവേദക സംഘത്തിൽ ഉണ്ടാ യിരുന്നു. സംഘത്തിലെ ഏറ്റവും പ്രമുഖൻ അന്ന് മന്ത്രിയല്ലാത്ത ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. തന്റെ ദൗത്യങ്ങളുടെ ഫലമായല്ല കരുണാകരൻ ചാരക്കേസിന്റെ പേരിൽ രാജി വച്ചത് എന്ന് 2014-ലെ പാർല മെന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉമ്മൻ ചാണ്ടി പ്രസ്താവി ച്ചതായി മാധ്യമ വാർത്ത ഉണ്ടായിരുന്നു. ഇത് വാസ്തവ വിരുദ്ധമാ ണെന്ന് കരുണാകരന്റെ പുത്രനും എംഎ‍ൽഎ.യുമായ കെ. മുരളീധരൻ പറഞ്ഞതായും വായിച്ചു. മുരളി പറഞ്ഞത് വാസ്തവമാണെന്ന് കേരളത്തിലെ ജനങ്ങളിൽ ആർക്കാണ് അറിയാത്തത്. പൊതുപ്രവർ ത്തകർക്ക് എന്തും പറയാമെന്നുള്ളതിന്റെ ഉത്തമദൃഷ്ടാന്തമായി മാത്രമേ ഉമ്മൻ ചാണ്ടിയുടെ വിശദീകരണം കാണുവാൻ കഴിയൂ.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. നിവേദക സംഘം അഞ്ചിലധികം തവണ ഡൽഹിയിൽ വന്നതും ഓരോ തവണയും അവർ മാധ്യമപ്രവർത്തകരെ കണ്ട് ഇക്കാര്യം അറിയിച്ചതിനുമെല്ലാം ഞാൻ ദൃക്സാക്ഷിയാണ്. അതിനാൽ ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന, തികച്ചും വാസ്തവ വിരുദ്ധമാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നും ഉമ്മൻ ചാണ്ടിയെ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ 2014-ലെ പ്രസംഗങ്ങൾ നൂറുശതമാനവും വാസ്തവ വിരുദ്ധവും, മനഃസാക്ഷിയെ വഞ്ചിക്കുന്നതുമായിപ്പോയി.

ബ്രൂട്ടസിനെപ്പോലെ കുത്തിയ ടി.എം ജേക്കബ്

കേരളഹൗസ് റിസപ്ഷനിൽ ഉമ്മൻ ചാണ്ടിയും കൂട്ടരും പ്രതസമ്മേളനം നടത്തുമ്പോൾ പലപ്പോഴും മുഖ്യമന്ത്രി കരുണാകരൻ തൊട്ടടു ത്തുള്ള 104-ാം നമ്പർ മുറിയിലുണ്ടാകും. ഓരോ തവണയും പ്രതസമ്മേളന വിവരങ്ങൾ ഞാൻ ലീഡറെ അറിയിക്കുമായിരുന്നു.
ഒരിക്കൽ ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും പ്രതസമ്മേളനം കഴി ഞ്ഞപ്പോൾ, അതിൽ ടി.എം. ജേക്കബും ഉണ്ടായിരുന്നു എന്നു കേട്ട പ്പോൾ ലീഡർ അത്ഭുതം പ്രകടിപ്പിച്ചു. ''കുറുപ്പു കണ്ടോ.'' അദ്ദേഹം ചോദിച്ചു. നേതാക്കൾക്കൊപ്പം ഇരി പ്പിടം ലഭിക്കായ്ക്ക് കാരണം ടി.എം. ജേക്കബ് ഒരു സെറ്റിയുടെ ഒരു വശത്ത് ബുദ്ധിമുട്ടിയാണ് ഇരുന്നത് എന്നും ഞാൻ പറഞ്ഞു. ''ഓഹോ, ടി.എം. ജേക്കബും ഉണ്ടായിരുന്നു അല്ലേ?'' ലീഡർ ചോദിച്ചു. ജൂലിയസ് സീസറിലെ ബ്രൂട്ടസിനെപ്പറ്റി പറഞ്ഞതുപോലെ: ബൂട്ട് സ്സേ നീയും! ഈർക്കിൽ കക്ഷിയായ ഒരു പാർട്ടിയുടെ നേതാവിനെ മന്ത്രി ആക്കുക മാത്രമല്ല, പ്രധാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് നൽകു കയും ചെയ്ത കരുണാകരനെയാണ് ടി.എം. ജേക്കബ് പിന്നിൽ നിന്നു കുത്തിയത്.

കേരളഹൗസിൽ താമസിച്ചവരുടെ ഒരു ലിസ്റ്റ് ഇന്നും അവിടെ നിന്നും സംഘടിപ്പിക്കാം. വിശേഷിച്ചും മന്ത്രിമാരുടെയും എംഎ‍ൽഎ.മാരു ടെയും. ഒരു അന്വേഷണം നടത്തിയാൽ ഞാൻ എഴുതിയ കാര്യം നൂറുശതമാനം വസ്തുതയാണെന്നു കാണുവാൻ കഴിയും. ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയ ഓരോ ചതിപ്രയോഗവും എ.കെ. ആന്റണിക്കു വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ അറിവും സമ്മത ത്തോടും കൂടിയുമായിരുന്നു എന്നത് ഏവർക്കും അറിവുള്ളതായിരുന്നു. കരുണാകരന്റെ അനുസ്മരണ യോഗങ്ങളിൽ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശും മറ്റും മുതലക്കണ്ണീർ ഒഴുക്കുന്നത് കാണുമ്പോൾ എനിക്കു പുച്ഛം തോന്നും. അതുകൊണ്ടുതന്നെ ഞാൻ ഇന്നുവരെ അനുസ്മരണ പരിപാടികളിൽ പങ്കെടുത്തിട്ടില്ല.

മുരളിയുടെ നിലപാട് അപഹാസ്യം

2018 സെപ്റ്റംബറിൽ ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ സുപ്രീംകോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കുകയും ഒരു നല്ല തുക നഷ്ടപരിഹാരവും നൽകുവാൻ ഉത്തരവിടുകയും ചെയ്തു. വളരെ നല്ല കാര്യം. എന്റെ അടുത്ത ബന്ധു അഡ്വക്കേറ്റ് സി. ഉണ്ണികൃഷ്ണനാണ് നമ്പി നാരായണന്റെ വക്കീൽ. അതിനാൽ ഞാനുമായി നമ്പി നാരായണന് അടുപ്പവുമാണ്.

സുപ്രീംകോടതി വിധി വന്നപ്പോൾ മുരളി പറഞ്ഞു, കരുണാകരന്റെ രാജിയുമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഒരു പങ്കുമില്ലായെന്ന്. 36 വർഷം കരുണാകരൻ എന്ന വടവൃക്ഷത്തിന്റെ തണലിൽ ജീവിച്ച ആളെന്ന നിലയിൽ, ഒരു കാര്യം തറപ്പിച്ചു പറയുവാൻ കഴിയും. മുരളി തന്റെ ഭാവി സുരക്ഷിതമാക്കുവാൻ വേണ്ടി വസ്തുതകൾക്കു നേരെ കണ്ണടച്ചു. ഒരു കാലത്ത് സ്വന്തം മകന്റെ ചെയ്തികളും വാക്കുകളും കൊണ്ട് ദുഃഖിതനായ കരുണാകരനെ എനിക്കറിയാം. പക്ഷെ മുരളീധരന് അറിയില്ല. എന്നാൽ ഉമ്മൻ ചാണ്ടിയും ആന്റണിയും അടങ്ങുന്ന കൂട്ടം ചതിപ്രയോഗത്തിലുടെ കരുണാകരനെ പുറത്താ ക്കുന്നതിനു അഹോരാത്രം പരിശ്രമിച്ചു എന്ന കാര്യം മുരളിക്ക് അറിയില്ല എന്നു പറഞ്ഞാൽ, എന്നെപ്പോലുള്ള ഒരാളിന് വിശ്വസിക്കുവാൻ സാദ്ധ്യമല്ല.

കരുണാകരൻ 2005-ൽ രാജിവച്ച ദിവസം രാതി, ജഗതിയിലെ പുതുപ്പള്ളി ഹൗസ് ഉറങ്ങിയിട്ടേയില്ല. കോൺഗ്രസ് എ ഗ്രൂപ്പിലെ ഏതാണ്ട് എല്ലാ നേതാക്കളും അത്യുദയകാംക്ഷികളും അവിടെ തടിച്ചുകൂടി. വമ്പിച്ച ആഹ്ലാദാരവങ്ങളും ആഘോഷങ്ങളും നടന്നു. എല്ലാവർക്കും ഭക്ഷണവും വിളമ്പി. ഒരു പ്രത്യേക കേശതൈലം വികസിച്ചിപ്പെടുത്ത പ്രശസ്തനായ ഗോപാലകൃഷ്ണൻ നായർ, ഉമ്മൻ ചാണ്ടിയുടെ അയൽക്കാരനായി രുന്നു. അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ. സുരേന്ദ്രൻ നായരെ രാത്രി തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി. അവർ രണ്ടുപേരും അന്നു രാത്രി ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ നടന്ന ആഘോഷങ്ങൾക്കു സാക്ഷികളായിരുന്നു.

ഉമ്മൻ ചാണ്ടി എന്ന വ്യക്തിയെ ഞാൻ എന്നും സ്നേഹാദരങ്ങളോടു മാത്രമാണ് കാണുന്നത്. എങ്കിലും കെ. കരുണാകരൻ എന്ന മനുഷ്യനെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ എന്നെ ദുഃഖിപ്പിക്കുന്നു.''- ഇങ്ങനെയാണ് പ്രേമചന്ദ്രക്കുറുപ്പ് സർവീസ് സ്റ്റോറിയിൽ എഴുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP