Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയിലെ സീറ്റ് മോഹികൾക്ക് തിരുവനന്തപുരവും പത്തനംതിട്ടയും മറക്കാം; ബിജെപിയുടെ ലേബലിൽ അല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ നിർദ്ദേശവുമായി സുകുമാരൻ നായർ; പത്തനംതിട്ടയിൽ ശശികുമാർ വർമ്മയേയും തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണനേയും കർമ്മ സമിതി സ്ഥാനാർത്ഥികളാക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; കുമ്മനം മത്സരിക്കാൻ എത്തുമെങ്കിൽ മാത്രം ഇളവ് നൽകാമെന്നും സുകുമാരൻ നായർ

ബിജെപിയിലെ സീറ്റ് മോഹികൾക്ക് തിരുവനന്തപുരവും പത്തനംതിട്ടയും മറക്കാം; ബിജെപിയുടെ ലേബലിൽ അല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ നിർദ്ദേശവുമായി സുകുമാരൻ നായർ; പത്തനംതിട്ടയിൽ ശശികുമാർ വർമ്മയേയും തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണനേയും കർമ്മ സമിതി സ്ഥാനാർത്ഥികളാക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; കുമ്മനം മത്സരിക്കാൻ എത്തുമെങ്കിൽ മാത്രം ഇളവ് നൽകാമെന്നും സുകുമാരൻ നായർ

ബി രഘുരാജ്‌

കോട്ടയം: അയ്യപ്പവിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്ന എൻ എസ് എസ് പകർന്ന കൊടുത്ത അഗ്നിയാണ് ആർഎസ്എസ് ഏറ്റെടുത്തതെന്നാണ് സിപിഎം ആരോപണം. ശബരിമല വിധിയെ ആദ്യം അനുകൂലിച്ചിരുന്ന പരിവാറുകാരുടെ മനസ്സ് മാറ്റിയത് പന്തളം കൊട്ടാരത്തെ മുന്നിൽ നിർത്തി എൻ എസ് എസ് നടത്തിയ പ്രക്ഷോഭമായിരുന്നു. നാമജപ ഘോയാത്രകളുടെ വിജയം തിരിച്ചറിഞ്ഞ് രാഷ്ട്രീയ ലക്ഷ്യവുമായി ബിജെപി സമരം ഏറ്റെടുത്തു. തുടർന്ന് പരിവാറുകാർ ചേർന്ന് അയ്യപ്പ കർമ്മ സമിതി രൂപീകരിച്ചു. അയ്യപ്പജ്യോതിക്കും അയ്യപ്പ വിശ്വാസ സംരക്ഷണ യോഗത്തിനും എൻ എസ് എസ് പിന്തുണ നൽകി. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ സഹായം തുടരുമെന്നാണ് ബിജെപിക്കാരുടെ പ്രതീക്ഷ. ലോക്‌സഭയിൽ ബിജെപിയുടെ പ്രധാന പ്രതീക്ഷയാണിത്. എന്നാൽ എൻ എസ് എസിന്റെ മനസ്സിലുള്ളത് ബിജെപിയുടെ വിജയമല്ല. അയ്യപ്പഭക്തരുടെ വികാരം കത്തിജ്വലിക്കുന്ന തെരഞ്ഞെടുപ്പായി ലോക്‌സഭയിലെ കേരളത്തിലെ ജനവിധിയെ മാറ്റാനാണ് ശ്രമം. ഇതിനുള്ള തന്ത്രങ്ങളാണ് പെരുന്നയിൽ ഒരുങ്ങുന്നതെന്നാണ് സൂചന.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും അയ്യപ്പവികാരം അതിശക്തമാണ്. ഇവിടെ രണ്ടിടത്തും എൻ എസ് എസ് നിർദ്ദേശിക്കുന്നവരെ മത്സരിപ്പിക്കണമെന്നാണ് ജി സുകുമാരൻ നായരുടെ നിർദ്ദേശം. തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണൻ, പത്തനംതിട്ടയിൽ പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മയെ. ഇതിൽ പ്രയാർ ഗോപാലകൃഷ്ണൻ മത്സരിക്കാൻ തയ്യാറാണ്. എന്നാൽ ശശികുമാര വർമ്മ ഇനിയും സമ്മതം മൂളിയിട്ടില്ല. എന്നാൽ എൻ എസ് എസ് ആവശ്യപ്പെട്ടാൽ ശശികുമാര വർമ്മ ഉറപ്പായും മത്സരിക്കുമെന്നാണ് സൂചന. അയ്യപ്പ വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിന്നവരാണ് ശശികുമാര വർമ്മയും പ്രയാർ ഗോപാലകൃഷ്ണനും. ഈ സാഹചര്യം ഉയർത്തിയാണ് ഇരുവരുമാകണം സ്ഥാനാർത്ഥികളെന്ന് എൻ എസ് എസ് ആവശ്യപ്പെടുന്നത്. നേരത്തെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ പ്രയാറിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് സമ്മതം മൂളാൻ പ്രയാർ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് പ്രയാറിനെ തിരുവനന്തപുരത്തേക്ക് മത്സരിപ്പിക്കാൻ എൻ എസ് എസ് കരുനീക്കം നടത്തുന്നത്.

എൻ എസ് എസിന്റെ മനസ്സ് അറിയാവുന്ന കോൺഗ്രസ് നേതാവാണ് പ്രയാർ. സുകുമാരൻ നായരുമായി ഏറെ അടുപ്പവുമുണ്ട്. നേരത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായി പ്രയാറിനെ നിർദ്ദേശിച്ചതും ആ സ്ഥാനത്ത് എത്തിച്ചതും എൻ എസ് എസിന്റെ ഇടപെടലാണ്. ദേവസ്വം ബോർഡ് പ്രസിഡന്റെന്ന പദവിയിലിരിക്കുമ്പോഴും സുകുമാരൻ നായരുടെ നിർദ്ദേശങ്ങൾ പ്രയാർ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്തു. ശബരിമലയിലെ സുപ്രീംകോടതിയുടെ കേസിൽ യുവതി പ്രവേശനത്തെ ദേവസ്വം ബോർഡ് അതിശക്തമായി എതിർത്തയും എൻ എസ് എസ് മനസ്സ് കൂടി പരിഗണിച്ചായിരുന്നു. അങ്ങനെ സുകുമാരൻ നായരുമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവാണ് പ്രയാർ. ശബരിമല യുവതി പ്രവേശനത്തെ തുടർന്നുള്ള പ്രയാറിന്റെ ഇടപെടലും എൻ എസ് എസിന്റെ മനസ്സ് അറിഞ്ഞായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് പ്രയാറിനെ സുകുമാരൻ നായർ നിർദ്ദേശിക്കുന്നത്. ബിജെപിക്ക് രണ്ടരലക്ഷത്തോളം വോട്ടുള്ള കേരളത്തിലെ ഏക മണ്ഡലമാണ് തിരുവനന്തപുരം ലോക്‌സഭ. ഇവിടെ എൻ എസ് എസ് പിന്തുണയിൽ അയ്യപ്പ വികാരമുയർത്ത് പ്രയാർ മത്സരിക്കുമ്പോൾ ജയിക്കാമെന്നാണ് സുകുമാരൻ നായരുടെ വിലയിരുത്തൽ.

എന്നാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം പാർട്ടി ചിഹ്നത്തിൽ ആളെ മത്സരിപ്പിച്ച് തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കണമെന്നതാണ് ലക്ഷ്യം. ഇതിന് വിഘാതമാണ് സുകുമാരൻ നായരുടെ ആവശ്യം. പ്രയാറിനെ ഉയർത്തിക്കാട്ടുമ്പോൾ അത് തള്ളാനും കഴിയില്ല. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് ബിജെപിയുടെ നീക്കം. സ്വതന്ത്രനായി പ്രയാർ മത്സരിച്ചാൽ കോൺഗ്രസിലെ വിശ്വാസികളുടെ വോട്ട് കിട്ടുമെന്ന് ബിജെപിക്കും അറിയാം. സ്വതന്ത്രനായി പ്രയാർ വിജയിച്ചാലും എൻഡിഎയ്ക്ക് ക്രെഡിറ്റ് അവകാശപ്പെടാം. അപ്പോഴും ബിജെപിയുടെ നിയന്ത്രണം പ്രയാറിന് മേലുണ്ടാകില്ലെന്നതാണ് അവരുടെ പ്രശ്‌നം. അയ്യപ്പവികാരത്തിന്റെ മാത്രം വിജയമായി അതിനെ ഉയർത്തിക്കാട്ടും. ഈ സാഹചര്യമെല്ലാം ബിജെപിക്കാരെ അലട്ടുന്നുണ്ട്. ഇതിനൊപ്പം കെ സുരേന്ദ്രൻ മുതൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ വേറേയും ഉണ്ട്. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കുന്നു. എന്നാൽ എൻ എസ് എസിന്റെ നിലപാടിനെ അംഗീകരിക്കാൻ കേരളത്തിലെ ആർഎസ്എസ് നേതൃത്വം തയ്യാറാകും. ഇതോടെ പ്രയാറിന്റെ സാധ്യത കൂടും. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വിജയ സാധ്യത മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനാണെന്ന വിലയിരുത്തലുമുണ്ട്. ഇത് എൻ എസ് എസും അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ കുമ്മനം മത്സരിക്കാനെത്തിയില്ലെങ്കിൽ പ്രയാറിനെ നിർത്തണമെന്നാണ് എൻ എസ് എസ് ആവശ്യം.

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും പ്രയാർ പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീം കോടതിയിലുള്ള പുനപരിശോധന ഹരജിയിൽ വിധി അനുകൂലമാകാൻ പൊൻകുന്നം ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട് നടത്തി. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതുവരെയോ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുന്നതുവരെയോ താൻ ശബരിമലയിലേക്കില്ലെന്ന് പ്രഖ്യാപിച്ച നേതാവ് കൂടിയാണ് പ്രയാർ. കോൺഗ്രസിൽ വേണ്ടത്ര പരിഗണന പ്രയാറിന് കിട്ടുന്നില്ല. ഇതെല്ലാം കൂടി പരിഗണിച്ചാണ് പ്രയാറിനെ അയ്യപ്പ വിശ്വാസികളുടെ നേതാവായി മുമ്പിൽ നിർത്തി നേട്ടം കൊയ്യാനുള്ള എൻ എസ് എസ് നീക്കം. ശബരിമല യുവതീ പ്രവേശം കേരളത്തിൽ മണ്ണുറപ്പിക്കാൻ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ശബരിമല ബിജെപിക്ക് ഗുണം ചെയ്യുമെന്ന ചില സർവ്വേകളും സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സർവ്വേയിൽ സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് പ്രവചിക്കുന്നുണ്ട്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് ബിജെപി പിന്തുണയോടെ പ്രയാർ മത്സരിക്കട്ടേ എന്ന് എൻ എസ് എസ് നിർദ്ദേശിക്കുന്നത്.

കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ ബിജെപിക്ക് ഏറ്റവുമധികം വിജയ സാധ്യത കൽപ്പിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. അടുത്തിടെ പുറത്തുവന്ന ഇന്ത്യാ ടുഡേ സർവ്വേയിലും ബിജെപി തിരുവനന്തപുരത്ത് അക്കൗണ്ട് തുറന്നേക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കരുത്തനായ സ്ഥാനാർത്ഥി തന്നെയാകണം മണ്ഡലത്തിൽ മത്സരിക്കേണ്ടതെന്ന് ആർ എസ് എസിനും നിലപാടുണ്ട്. .ശശി തരൂരിനെതിരായി നടൻ മോഹൻലാലിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മോഹൻലാൽ തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിലും ആർഎസ്എസ് ആയിരുന്നു. മോഹൻലാൽ പിൻവാങ്ങിയ സാഹചര്യത്തിൽ പരിവാറുകാർ പുതിയ സ്ഥാനാർത്ഥിയെ അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് പ്രയാറിന്റെ പേര് എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തിരുമാനത്തിൽ നരേന്ദ്ര മോദിയോട് നന്ദിയറിച്ച് എൻഎസ്എസ് നേതൃത്വം അദ്ദേഹത്തിന് കത്തയച്ചിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം പ്രയാറിന് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

പത്തനംതിട്ടയിൽ അയ്യപ്പ വികാരം കത്തിക്കാൻ പന്തളം കൊട്ടാര പ്രതിനിധിയായ ശശികുമാര വർമ്മയ്ക്ക് കഴിയും. സിപിഎം അനുഭാവിയായിരുന്ന ശശികുമാര വർമ്മ ശബരിമല വിധിയോടെ പാർട്ടിയുമായി അകന്നു. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ കൂടെ അഭിപ്രായം ആരാഞ്ഞാണ് ശശികുമാര വർമ്മ എല്ലാം ചെയ്തതും. യുവതി പ്രവേശനത്തിന് ശേഷം നട അടയ്ക്കാൻ തന്ത്രിക്ക് നിർദ്ദേശം നൽകിയതും സുകുമാരൻ നായരുടെ മനസ്സറിഞ്ഞാണ്. ഇത്തരത്തിൽ വിശ്വാസ സംരക്ഷണത്തിന് ഏറ്റവും അധികം ഇടപെടൽ നടത്തിയത് ശശികുമാര വർമ്മയാണ്. സർക്കാരിൽ നിന്നു പോലും ഏറെ സമ്മർദ്ദമുണ്ടായിട്ടും വിട്ടുവീഴ്ചയ്ക്കില്ലാതെ മുമ്പോട്ട് പോയി. അതുകൊണ്ട് തന്നെ ഇതിനുള്ള അംഗീകാരമായി ശശികുമാര വർമ്മയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ഇത് ബിജെപിയും അംഗീകരിച്ചേക്കും. അങ്ങനെ വന്നാൽ പത്തനംതിട്ട സീറ്റ് മോഹിച്ച കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും എംടി രമേശിനും തിരിച്ചടിയായി മാറും. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ എംടി രമേശായിരുന്നു ബിജെപി സ്ഥാനാർത്ഥി. വോട്ട് വിഹിതത്തിൽ വലിയ വർദ്ധനയുണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അയ്യപ്പ വികാരം ചർച്ചയാക്കി പത്തനംതിട്ടയിൽ അത്ഭുതമുണ്ടാക്കാനുള്ള നീക്കത്തിലായിരുന്നു രമേശ്.

ലോക്സഭാ സ്ഥാനാർത്ഥി നിർണയത്തിൽ എൻ.എസ്.എസിന്റെ താൽപര്യം കൂടി പരിഗണിക്കാൻ ബിജെപി. തീരുമാനിച്ചിരുന്നു. ആർഎസ്എസ് നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലേക്ക് എൻ.എസ്.എസ് നിലപാട് പുറത്തു വരുന്നത്. ഇതിൽ കോട്ടയത്ത് വിട്ടുവീഴ്ചയ്ക്ക് എൻ എസ് എസ് തയ്യാറാണ്. ആരേയും സ്ഥാനാർത്ഥിയായി മുന്നോട്ട് വയ്ക്കുന്നുമില്ല. ബിജെപി. വളരെ പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരത്ത് പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കാനാണു തീരുമാനം. മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം ടി. രമേശ് എന്നിവർ മുതൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന ആർ ബാലശങ്കർ, അരവിന്ദമേനോൻ വരെയുള്ള പേരുകൾ തിരുവനന്തപുരത്തിനായി ചർച്ച ചെയ്യുന്നുണ്ട്. ഇതിനിടെയാണ് കുമ്മനം അല്ലെങ്കിൽ പ്രയാർ എന്ന ചർച്ചയ്ക്ക് എൻ എസ് എസ് തുടക്കമിടുന്നത്. ശബരിമല വിഷയത്തോടെ ബിജെപിക്കു പത്തനംതിട്ടയിലും പ്രതീക്ഷയുണ്ട്. കോട്ടയം സീറ്റിൽ ബിജെപിയാണു മത്സരിക്കുന്നതെങ്കിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിയെ പ്രധാനമായും പരിഗണിക്കും. രാധാകൃഷ്ണ മേനോനും സാധ്യതാ പട്ടികയിലുണ്ട്. ഘടകകക്ഷിയായ കേരളാ കോൺഗ്രസിനാണു സീറ്റെങ്കിൽ ചെയർമാനായ പി.സി. തോമസ് മത്സരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP