Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും; ഇഷ്ടം മട്ടനും ചോറും, മീൻ കറിയും കൂട്ടിയുള്ള ശാപ്പാടും കേമം! ഞായറാഴ്ച സിനിമയോടു താൽപ്പര്യം ഇല്ലാത്തതിനാൽ സെല്ലിലിരുന്ന് കുറ്റാന്വേഷണ നോവലുകൾ വായിക്കും; സഹതടവുകാരോട് വാതോരാത്ത സംസാരം; തന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കാത്ത വിഡ്ഡികളാണ് പുറത്തെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും; തടവുകാരെയും ആരാധകരാക്കി പ്രവീൺ റാണ

തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും; ഇഷ്ടം മട്ടനും ചോറും, മീൻ കറിയും കൂട്ടിയുള്ള ശാപ്പാടും കേമം! ഞായറാഴ്ച സിനിമയോടു താൽപ്പര്യം ഇല്ലാത്തതിനാൽ സെല്ലിലിരുന്ന് കുറ്റാന്വേഷണ നോവലുകൾ വായിക്കും; സഹതടവുകാരോട് വാതോരാത്ത സംസാരം; തന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കാത്ത വിഡ്ഡികളാണ് പുറത്തെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും; തടവുകാരെയും ആരാധകരാക്കി പ്രവീൺ റാണ

വിനോദ് പൂന്തോട്ടം

തൃശൂർ: തൃശൂർ ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന 100 കോടി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ രണ്ടു ദിവസം മുൻപാണ് പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് തിരിച്ച് എത്തിച്ചത്. ജയിലിൽ ഹാപ്പി മൂഡിൽ തന്നെയാണ് നിക്ഷേപ തട്ടിപ്പ് വീരൻ. എല്ലാ ദിവസവും മറ്റു തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും. തിങ്കളാഴ്ച ഉച്ചയ്ക്ക് ചോറും മീൻ കറിയും പുളിശേരിയും ചേർത്ത് ഒരു തട്ട് തട്ടി. രാത്രി കപ്പ പുഴുക്കായാരുന്നു. അതു ആസ്വദിച്ചു തന്നെ കഴിച്ചു.ഇന്നലെ വെജ് ഫുഡായിരുന്നു. എങ്കിലും നീരസമില്ലാതെ ഭക്ഷണം കഴിച്ചു.

പൊലീസ് കസ്റ്റ്ഡിയിൽ പോകുന്നതിന് മുൻപ് ഒരു ദിവസം മട്ടൻ കറി കിട്ടി അത് കക്ഷിക്ക് നന്നായി ബോധിച്ചു. ജയിലിലെ മട്ടനും ചോറുമാണ് കൂടുതൽ പ്രിയം. ഇനി ജയിൽ മെനു പ്രകാരം ശനിയാഴ്ചയെ മട്ടൻ കൂട്ടി പ്രവീൺ റാണയ്ക്ക് ചോറ് ഉണ്ണാനാകു. തടവുകാരോടെല്ലാം കളി ചിരി പറഞ്ഞ് നടക്കുന്ന റാണ പുറത്ത് നിക്ഷേപകരെ വാഗ്ദാനങ്ങൾ നല്കി പറ്റിച്ചതു പോലെ തടവുകാരെ മുഴുവൻ കൈയിൽ എടുത്ത് കഴിഞ്ഞു. റാണ പറയുന്നത് കേൾക്കാൻ സെല്ലിലുള്ളവർക്കും വലിയ താല്പര്യമാണ്. തന്റെ സാമ്പത്തിക ശാസ്ത്രമോ ബിസിനസ് തന്ത്രങ്ങളോ മനസിലാക്കാത്ത വിഡ്ഢികളാണ് പുറത്തുള്ളതെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കാറുമുണ്ട്, കൂടെയുള്ള റിമാന്റ് പ്രതികളിൽ ഏറിയ പങ്കും റാണയുടെ ശിക്ഷ്യന്മാരായി എന്നു വേണമെങ്കിൽ പറയാം. അത്തര വീര കഥകളാണ് റാണ പറയുന്നത്.

ജയിലിൽ ഞായറാഴ്ചകളിൽ പ്രദർശിപ്പിക്കുന്ന സിനിമയോടു റാണയ്ക്ക് താല്പര്യമില്ല, അതു കൊണ്ടു തന്നെ സിനിമ കാണാൻ പോകാറില്ല, ഈ സമയം വായനയ്ക്കാണ് മാറ്റിവെയ്ക്കുന്നത്. ക്രൈത്രില്ലർ നോവലുകളാണ് പ്രിയം. കുറ്റാന്വേഷണ നോവലുകൾ ചോദിച്ചു വാങ്ങിയാണ് വായിക്കുന്നത്. ജയിൽ ലൈബ്രറിയിൽ നിന്നെടുക്കുന്ന പുസ്തകങ്ങൾ ഒറ്റയിരുപ്പിന് വായിച്ചു തീർക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ റാണയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും സന്തോഷം തോന്നുന്നതും ഭാര്യയെ ഫോണിൽ വിളിക്കാൻ കഴിയുമ്പോഴാണ്. ദിവസവും 11 രൂപയ്ക്ക് വരെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ അനുവാദമുണ്ട്. അത് ഉപയോഗപ്പെടുത്തി പ്രിയതമയെ വിളിച്ച് വിശേഷങ്ങൾ ചോദിക്കലാണ് മറ്റൊരു പരിപാടി.

പിടിയിലായി ജയിലിൽ ആദ്യം എത്തുമ്പോഴും പ്രവീൺ റാണയ്ക്ക് ജയിൽ അധികൃതരോടു ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലേക്ക് ഭാര്യയെ ഫോൺ ചെയ്യാൻ അനുവദിക്കണം. ജയിൽ ചട്ടം അനുസരിച്ച് ഒരു റിമാന്റ് പ്രതിക്ക് വീട്ടിലേക്ക് ഫോൺ ചെയ്യാൻ തടസമില്ല, എന്നാൽ മണി ഓർഡർ ആയി വന്ന പണം അയ്യാളുടെ അക്കൗണ്ടിൽ ഉണ്ടാകണം. റിമാന്റ് തടവുകാരനായതിനാൽ ഇതിനൊന്നും റാണയ്ക്ക് സമയം കിട്ടിയിട്ടുമില്ല. റാണയുടെ വീട്ടുകാർക്ക് ഇക്കാര്യത്തെ കുറിച്ച് അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാര്യയെ വിളിക്കാതിരിക്കാനുമാകുന്നില്ല. ഒടുവിൽ ഭാര്യയെ ഒന്നു വിളിക്കാൻ റാണ ജയിലറുടെ കാല് പിടിച്ചു സൂപ്രണ്ടിനോടു കെഞ്ചി ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ വിവേചനാധികാരത്തിലാണ് റാണയ്ക്ക് ഭാര്യയെ വിളിക്കാൻഅന്ന് അനുമതി കിട്ടിയത്.

ഭാര്യയോട് സംസാരിക്കാതിരുന്നാൽ ഉറക്കം പോലും നഷ്ടപ്പെടുമെന്നാണ് റാണ പറയുന്നത്. പൊന്നും വജ്രവും കൊണ്ട് മൂടിയാണ് പ്രവീൺ റാണ അമ്മാവന്റെ മകളെ ജീവിത സഖിയാക്കിയത്. ഒളിവിൽ പോയ പ്രവീൺ റാണ കുടുങ്ങിയതും ഭാര്യയെ വിളിച്ചപ്പോഴായിരുന്നു. സ്വാമിവേഷത്തിൽ പൊള്ളാച്ചി ദേവരായപുരത്തെ കരിങ്കൽ ക്വാറിയിൽ ജീവനക്കാരന്റെ കുടിലിലാണ് കഴിഞ്ഞിരുന്നത്. അതിഥി ത്തൊഴിലാളിയുടെ ഫോൺ ഉപയോഗിച്ച് റാണ ഭാര്യയെ വിളിച്ചപ്പോഴാണ് പൊലീസിന് ലൊക്കേഷൻ വ്യക്തമായത്.

പട്ടുമെത്തയിൽ കിടന്നുറങ്ങിയ റാണയ്ക്ക് നിലത്ത് പരമ്പ് വിരിച്ച് കിടക്കാനോ സഹ തടവുകാരോടു മിണ്ടാനോ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പിറ്റേന്ന് ഭാര്യ അഭിഭാഷകനെയും കൂട്ടി റാണയെ കാണാൻ എത്തിയിരുന്നു. ഇന്റർവ്യൂ റൂമിൽ റാണയ്ക്ക് മുന്നിൽ ഭാര്യ വിതുമ്പിയപ്പോൾ ഉടൻ ഇറങ്ങുമെന്നും കരയരുതെന്നും റാണ പറഞ്ഞിരുന്നു. പിന്നീട് ഭാര്യയെ മാറ്റി അഭിഭാഷകനോടു മാത്രം റാണ സംസാരിച്ചു. കേസുകൾ ഭൂരിഭാഗവും ഒത്തു തീർപ്പാക്കി പുറത്തിറങ്ങാനുള്ള സാധ്യതയും റാണ പരിശോധിച്ചിരുന്നു. ബന്ധുക്കളെ തന്നെ ഇടനിലക്കാരാക്കി അത്തരം ചർച്ചകളും നടക്കുന്നുവെന്നാണ് വിവരം.

സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘമാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി ജോയി എന്നയാൾ പാട്ടത്തിനെടുത്തതാണ് പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറി. റാണയുടെ വിവാഹമോതിരം പണയംവച്ച 75,000 രൂപയുമായാണ് ക്വാറിയിലെത്തിയത്. ക്വാറിയിലെ അതിഥിത്തൊഴിലാളിയാണ് റാണയ്ക്ക് ആവശ്യമായ ഭക്ഷണം ഒരുക്കി നൽകിയിരുന്നത്. ഇയാൾക്ക് പണം നൽകിയാണ് അവിടെ അഭയം തേടിയത്.

കമ്പനിയിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പീച്ചി ചുവന്നമണ്ണ് സ്വദേശിനി പുതുശേരി വീട്ടിൽ ഹണി റോസ് നൽകിയ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റാണയുടെ തട്ടിപ്പുകൾ പുറത്തായത്. പ്രവീൺ റാണയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 34 കേസുണ്ട്. ഇയാൾ നൂറുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുകോടി രൂപ നിക്ഷേപകർക്ക് നഷ്ടപ്പെട്ട കേസുകളാണ് നിലവിലുള്ളത്. കൂടുതൽ അന്വേഷണം നടത്തിയാലേ വഞ്ചിക്കപ്പെട്ടവർ എത്രയെന്ന് വ്യക്തമാകൂ. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു.

അരിമ്പൂർ വെളുത്തൂരിലെ സാധാരണവീട്ടിൽനിന്ന് വളർന്ന കെ പി പ്രവീൺ പടിപടിയായി ഉയർന്നത് തട്ടിപ്പുകളിലൂടെയാണ്. ജനങ്ങളിൽ കൂടുതൽ വിശ്വാസ്യത നേടാൻ പണം കൊടുത്ത് ഡോക്ടറേറ്റും നേടി. പത്തു ലക്ഷത്തോളം രൂപ മുടക്കി കസാഖിസ്ഥാൻ യൂണിവേഴ്സിറ്റിയിൽനിന്നും അഞ്ചുലക്ഷം രൂപ മുടക്കി ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. കെ പി പ്രവീൺ എന്നപേര് പ്രവീൺ റാണ എന്നാക്കിയത് ബിസിനസിൽ ഇമേജ് സൃഷ്ടിക്കാനും ആളുകളെ ആകർഷിക്കാനുമാണെണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.. ഇന്റർനാഷണൽ ബിസിനസിൽ എംബിഎ നേടിയിട്ടുണ്ടെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. പൊലീസ് ചോദിച്ചപ്പോൾ എംബിഎ ഓൺലൈനിൽ പാസായി എന്നായി.

അച്ഛന്റെ മൊബൈൽ കടയിൽ നിന്ന് പണവുമായി മുങ്ങിയാണ് പ്രവീൺ റാണ കോടികളുടെ തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. അരിമ്പൂരിലെ വെളത്തൂർ ലക്ഷംവീട് കോളനിയിലെ വീട്ടിൽ ജനിച്ച് വളർന്ന കെ പി പ്രവീൺ എന്ന പ്രവീൺ റാണ എൻജിനിയറിങ് പഠനശേഷം അച്ഛന്റെ മൊബൈൽ റീച്ചാർജിങ് കടയിൽ ആണ് നിന്നത്. മകൻ കൂടി സഹായത്തിനെത്തിയതോടെ അച്ഛൻ റീച്ചാർജിങ്ങിനൊപ്പം മൊബൈലുകളുടെ വില്പനയും തുടങ്ങി കട വിപുലീകരിച്ചു. എന്നാൽ മൊബൈലുകൾ വിറ്റ പണവുമായി റാണ വീട്ടുകാരെ പറ്റിച്ച് ബംഗളൂരുവിന് നാടുവിടുകയായിരുന്നു. അവിടെ പൂട്ടാറായ ബീർ പബ്ബുകൾ വാടകയ്ക്ക് ഏറ്റെടുത്തു. ഈ പബ്ബുകൾ തന്റേതാണെന്ന് പ്രചരിപ്പിച്ച്, നാട്ടിലെ അടുത്ത ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട്, കർണാടക, ഗോവ തുടങ്ങിയ ഇടങ്ങളിലും ബാറുകളും പബ്ബുകളും തുറന്ന് കോടികളുടെ നിക്ഷേപം സമാഹരിച്ചു.

ഇതേത്തുടർന്നാണ് 2010-ൽ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിധി എന്ന പണമിടപാട് സ്ഥാപനം തുടങ്ങുന്നത്. വൻ സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന പരസ്യങ്ങൾ നൽകിയുള്ള പ്രചാരണം ഫലം കണ്ടു. സേഫ് ആൻഡ് സ്‌ട്രോങ്ങിലേക്ക് കോടികളുടെ നിക്ഷേപം ഒഴുകി. തുടക്ക വർഷങ്ങളിൽ ലാഭവിഹിതം കൃത്യമായി നല്കിയതോടെ കമ്പനിയുടെ പ്രശസ്തി വർധിച്ചു. തുടർന്ന് റാണ വിദേശരാജ്യങ്ങളിൽ പോയി പ്രചരണം നടത്തി. തുടർന്നാണ് കമ്പനിയിലേക്ക് കോടികൾ ഒഴുകിയെത്തിയത്.

പ്രവീൺ റാണ അറസ്റ്റിലായത് അറിഞ്ഞ് നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ 55 പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 100 കോടി രൂപയിൽ താഴെയാണു തട്ടിപ്പിന്റെ വ്യാപ്തിയെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ, പരാതിക്കാരുടെ എണ്ണം കൂടിയതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കടക്കുന്ന അവസ്ഥയായി. പ്രതി ചിലവന്നൂരിലെ ഫ്ലാറ്റിൽ നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു ലിഫ്റ്റിൽ കയറി രക്ഷപ്പെട്ടതു പൊലീസിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതോടെയാണു സിറ്റി ക്രൈം സ്‌ക്വാഡും ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷനുകളും സംയുക്തമായി പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP