Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളിയെ അമിത് ഷായുമായി അടുപ്പിച്ച് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായി; കുമ്മനത്തെ അധ്യക്ഷനാക്കി ഏവരേയും ഞെട്ടിച്ചു; തീവൃ നിലപാടുമായി ഹിന്ദു ഹെൽപ് ലൈനിനുമായി മുന്നോട്ട് പോയത് പരിവാറിന്റെ എതിർപ്പ് അവഗണിച്ചു; വി എച്ച് പിയിൽ നിന്ന് തൊഗാഡിയയെ പുറത്താക്കിയപ്പോഴും തള്ളിപ്പറയാതെ ഒപ്പം നിന്നു; 'മോദി വിരുദ്ധനായ' തൊഗാഡിയയ്‌ക്കൊപ്പം നിൽക്കുന്ന നേതാവിനെ അകറ്റാൻ ഉറച്ച് അമിത് ഷാ; ഇനി പ്രതീഷ് വിശ്വനാഥിന് ബിജെപിയിൽ സ്ഥാനമില്ല

വെള്ളാപ്പള്ളിയെ അമിത് ഷായുമായി അടുപ്പിച്ച് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായി; കുമ്മനത്തെ അധ്യക്ഷനാക്കി ഏവരേയും ഞെട്ടിച്ചു; തീവൃ നിലപാടുമായി ഹിന്ദു ഹെൽപ് ലൈനിനുമായി മുന്നോട്ട് പോയത് പരിവാറിന്റെ എതിർപ്പ് അവഗണിച്ചു; വി എച്ച് പിയിൽ നിന്ന് തൊഗാഡിയയെ പുറത്താക്കിയപ്പോഴും തള്ളിപ്പറയാതെ ഒപ്പം നിന്നു; 'മോദി വിരുദ്ധനായ' തൊഗാഡിയയ്‌ക്കൊപ്പം നിൽക്കുന്ന നേതാവിനെ അകറ്റാൻ ഉറച്ച് അമിത് ഷാ; ഇനി പ്രതീഷ് വിശ്വനാഥിന് ബിജെപിയിൽ സ്ഥാനമില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രധാനമന്ത്രി മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും അതിവിശ്വസ്തനായിരുന്നു മലയാളിയായ പ്രതീഷ് വിശ്വനാഥ്. ഹിന്ദു ഹെൽപ്പ് ലൈൻ നേതാവായ പ്രതീഷ് വിശ്വനാഥിന് അതുകൊണ്ട് തന്നെ ബിജെപി തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനവുമുണ്ടായിരുന്നു. കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയതും എസ് എൻ ഡി പിയെ എൻഡിഎയിലെത്തിച്ചതുമെല്ലാം പ്രതീഷ് വിശ്വനാഥനായിരുന്നു. എന്നാൽ നിലവിൽ പ്രതീഷിന് ബിജെപി നേതൃത്വവുമായി യാതൊരു അടുപ്പവുമില്ല. ഇതാണ് കേരളത്തിലെ ബിജെപി പ്രസിഡന്റിന്റെ തീരുമാനം വൈകാൻ പോലും പ്രധാന കാരണം. പ്രവീൺ തൊഗാഡിയയെ വിശ്വഹിന്ദു പരിഷത്തിൽ നിന്ന് പുറത്താക്കിയതാണ് പ്രതീഷിനേയും ബിജെപിയേയും തമ്മിൽ തെറ്റിക്കുന്നത്.

അശോക് സിംഘാളിന്റെ അനുയായിയായാണ് പ്രതീഷ് വിശ്വനാഥ് ഹൈന്ദവ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവീൺ തൊഗാഡിയയുമായും അടുത്ത ബന്ധം പുലർത്തി. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ പ്രവീൺ തൊഗാഡിയയുമായി അടുപ്പിച്ചത് പ്രതീഷായിരുന്നു. മതാ അമൃതാനന്ദമയീ ആശ്രമവുമായി പ്രതീഷിനുള്ള സ്വാധീനവും എസ് എൻ ഡി പിയെ ബിജെപി പക്ഷത്ത് എത്തിക്കാൻ സഹായകമായി. ഇതോടെ ബിജെപി ദേശീയ നേതൃത്വവുമായി പ്രതീഷ് അടുത്തു. കുമ്മനത്തെ പ്രസിഡന്റാക്കുന്നതിന് പ്രധാന ചാലക ശക്തിയുമായി. ഇതോടെ ബിജെപി രാഷ്ട്രീയത്തിൽ കേരളത്തിലെ സ്വാധീന ശക്തിയായി പ്രതീഷ് മാറി. കേന്ദ്ര നേതൃത്വത്തിന്റെ പലതീരുമാനങ്ങളിലും പ്രതീഷിന്റെ കൈയൊപ്പമുണ്ടായിരുന്നു. എന്നാൽ പ്രവീൺ തൊഗാഡിയയും മോദിയും അകന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തൊഗാഡിയ്‌ക്കൊപ്പം പ്രതീഷ് നിലകൊണ്ടു. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രതീഷ് കണ്ണിലെ കരടായി.

കർണ്ണാടകയിൽ ബിജെപിയുടെ നേട്ടം 105 സീറ്റായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ പ്രതിപക്ഷ ഐക്യം ബിജെപിയുടെ സർക്കാർ രൂപീകരണ മോഹത്തിന് തിരിച്ചടിയായി. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായപ്പോൾ ബംഗളൂരുവിൽ പ്രവീൺ തൊഗാഡിയ പറന്നിറങ്ങി. വിമാനത്താവളത്തിൽ സ്വീകരണവും നൽകി. ഇതിനെല്ലാം പിന്നിൽ പ്രതീഷ് വിശ്വനാഥനായിരുന്നു. മോദിയുമായുള്ള കടുത്ത ഭിന്നതയായിരുന്നു തൊഗാഡിയയെ പരിവാർ പ്രസ്ഥാനത്തിന്റെ അമരത്തു നിന്നും പുറത്താക്കിച്ചത്. ഇതോടെ ബദൽ സംഘടനയ്ക്കുള്ള നീക്കവും തൊഗാഡിയെ തുടങ്ങി. ഇതിന് എല്ലാ സഹായവുമായി നിൽക്കുന്നത് പ്രതീഷ് വിശ്വാഥാണ്. രാജ്യത്തുടനീളം തൊഗാഡിയയുടെ യാത്രകളെ ഏകോപിപ്പിക്കുന്ന ഈ മലയാളിയാണ്. ഇത് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞു. ഇതോടെ കേരളത്തിലെ ബിജെപി നേതാക്കളും പ്രതീഷുമായി അകലം പാലിക്കാൻ തുടങ്ങി.

കേരളത്തിലെ പരിവാർ പ്രസ്ഥാനത്തിനും പ്രതീഷിനോട് താൽപ്പര്യമില്ലായിരുന്നു. ബദൽ ആർ എസ് എസു കളിയാണ് പ്രതീഷ് നടത്തുന്നതെന്നായിരുന്നു വിമർശനം. അപ്പോഴും മോദിയും അമിത് ഷായും പ്രതീഷിനെ പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിൽ ആർഎസ്എസ് ആഗ്രഹം പലതും നടക്കാതെ പോയി. ഈ സാഹചര്യമാണ് പ്രവീൺ തൊഗാഡിയയ്‌ക്കൊപ്പം പ്രതീഷ് പോയതോടെ ഇല്ലാതായത്. പ്രതീഷിന് പരിവാർ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് തുറന്നു പറയാൻ ആർഎസ്എസ് നേതാക്കളും ഇനി തയ്യാറാക്കും. പരിവാർ പ്രസ്ഥാനത്തിനെതിരെ പ്രവർത്തിക്കുന്ന തൊഗാഡിയയുമായി ചേർന്ന് നിൽക്കുന്ന പ്രതീഷിനെതിരെ അണികൾക്കിടയിലും പ്രചരണം നടത്താനാണ് ഒരുവിഭാഗത്തിന്റെ നീക്കം.

പത്തനംതിട്ട കിടങ്ങന്നൂരിൽ മുരിങ്ങൂർ വലിയകാലായിൽ വിശ്വനാഥൻ നായരുടെയും രാധാമണിയുടെയും മകനായ അഡ്വക്കേറ്റ് പ്രതീഷ് വിശ്വനാഥനൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായത് ആരേയും ഞെട്ടിച്ചു കൊണ്ടാണ്. ബിജെപിയുടെ ദേശീയ സെക്രട്ടറിയായി പോലും പ്രതീഷ് എത്തുമെന്ന വിലയിരുത്തലെത്തി. കേരളത്തിൽ ഘർവാപ്പസി സംഘടിപ്പിച്ചതും പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും കഴിഞ്ഞ ഏഴുവർഷമായി വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളെന്ന പേരിൽ പ്രവർത്തിക്കുകയുമായിരുന്നു. പ്രവീൺ തൊഗാഡിയയുടെ നേതൃത്വം അംഗീകരിച്ചു കൊണ്ടായിരുന്നു ഇതെല്ലാം. തൊഗാഡിയെ ആർ എസ് എസിൽ നിന്ന് അലകുമ്പോഴും ഈ അടുപ്പമാണ് തനിക്ക് പ്രധാനമെന്ന നിലപാടാണ് അതിന് ശേഷവും പ്രതീഷ് എടുത്തത്. ഇതാണ് മോദിയെ ചൊടിപ്പിക്കുന്നത്.

ലൗ ജിഹാദ് എന്ന പേരിൽ ഹിന്ദുപെൺകുട്ടികളെ മുസ്ലിം യുവാക്കൾ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന പ്രചാരണത്തിന്റെ സൂത്രധാരനാണ് പ്രതീഷ്. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കുന്ന ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയുടെ ദേശീയ ജോയിന്റ് കോർഡിനേറ്റർ എന്ന പദവിയിൽ നിന്നാണ് പ്രതീഷിന്റെ പ്രവർത്തനങ്ങളും. പതിനഞ്ചു വർഷമായി സംഘപരിവാറിന്റെ വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രതീഷ് വിശ്വനാഥനാണ് ബിജെപി-എസ്എൻഡിപി സഖ്യമൊരുക്കാനുള്ള ആസൂത്രകനായി ആദ്യ ചർച്ചകൾ നടത്തിയത്. അമൃതാനന്ദമയിയുടെ വള്ളിക്കാവിൽ വച്ചാണ് ഇതിനുള്ള ചർച്ചകൾ നടന്നത്. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. എറണാകുളത്തെ മറൈൻഡ്രൈവിൽ നടന്ന കിസ് ഓഫ് ലൗവിനെതിരെ ഹിന്ദുയുവാക്കളെ രംഗത്തിറക്കിയതിലും പ്രതീഷിന്റെ നീക്കങ്ങളായിരുന്നു.

പ്രതീഷ് വിശ്വനാഥിന്റെ വളർച്ചയുടെ പ്രധാനഘടകവും തൊഗാഡിയയായിരുന്നു. പ്രതീഷ് പ്രചാരകനായ ഹിന്ദു ഹെല്പ് ലൈനിനു എല്ലാ വിധ സഹായവും ചെയ്തുകൊടുക്കുന്നത് തൊഗാഡിയയും വിശ്വഹിന്ദു പരിഷത്തുമായിരുന്നു. വ്യാജ ലൗജിഹാദ് ചർച്ച സജീവമാക്കാൻ ക്രൈസ്തവ സംഘടനകളുടെ സഹായം തേടിയതും പ്രതീഷാണ്. പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിൽ് 18 ഓളം ക്രൈസ്തവ സംഘടനകളുമായി ചേർന്ന് ഹെൽപ്ലൈൻ രൂപീകരിക്കാനും നീക്കങ്ങൾ നടന്നിരുന്നു. ദേശീയതലത്തിൽ പ്രവീൺ തൊഗാഡിയയും ആർഎസ്എസ് നേതൃത്വവും തമ്മിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മൃദു ഹിന്ദുത്വ അജണ്ടയുമായി കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ബിജെപിക്ക് പ്രതീഷ് വിശ്വനാഥിന്റെയും ഹിന്ദു ഹെൽപ് ലൈനിന്റെയും തീവ്ര വിഷപ്രചാരണങ്ങൾ വിനയാകുന്നുവെന്ന് പാർട്ടിയിലെ മിതവാദികളായ നേതാക്കൾ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഡൽഹി കേരളാ ഹൗസിലെ ബീഫ് വിഭവങ്ങൾക്കെതിരെ പ്രതീഷ് നടത്തിയ നീക്കങ്ങൾ കേരളത്തിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി ആ ഘട്ടത്തിൽ തന്നെ പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

ഹാദിയാ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടന്ന തീവ്ര ഹിന്ദുത്വ പ്രചാരണങ്ങളുടെ പിന്നിലും ഹിന്ദു ഹെൽപ് ലൈൻ ആയിരുന്നു. ഈ ഘട്ടത്തിലാണ് തീവ്ര ഹിന്ദുത്വവാദികളുടെ പ്രിയങ്കരമായ ഇടമായി ഹിന്ദു ഹെൽപ് ലൈൻ മാറി. അതുകൊണ്ട് തന്നെ മോദിയുമായി പ്രതീഷ് അകലുന്നത് കേരളത്തിലെ ആർ എസ് എസിനും ആശ്വാസമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP