Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202206Tuesday

സ്വർണക്കടത്തിൽ പിണറായിയെ വീഴ്‌ത്തിയാൽ ബിജെപിയുടെ തലപ്പത്ത് വൻ ഇളക്കി പ്രതിഷ്ഠ ഉണ്ടാകും; ഒത്തുതീർപ്പ് ആരോപണത്തിൽ കേരളത്തിലെ നേതാക്കൾക്കെതിരെ അണികളുടെ വികാരം ശക്തമാകവേ ബിജെപി സംസ്ഥാന പ്രസിഡന്റാവാൻ പ്രതീഷ് വിശ്വനാഥനും; വിശ്വസ്തനെ അവരോധിക്കാൻ അമിത്ഷാക്കും താൽപ്പര്യം; ബിജെപിയിൽ അസാധാരണ നീക്കങ്ങൾ

സ്വർണക്കടത്തിൽ പിണറായിയെ വീഴ്‌ത്തിയാൽ ബിജെപിയുടെ തലപ്പത്ത് വൻ ഇളക്കി പ്രതിഷ്ഠ ഉണ്ടാകും; ഒത്തുതീർപ്പ് ആരോപണത്തിൽ കേരളത്തിലെ നേതാക്കൾക്കെതിരെ അണികളുടെ വികാരം ശക്തമാകവേ ബിജെപി സംസ്ഥാന പ്രസിഡന്റാവാൻ പ്രതീഷ് വിശ്വനാഥനും; വിശ്വസ്തനെ അവരോധിക്കാൻ അമിത്ഷാക്കും താൽപ്പര്യം; ബിജെപിയിൽ അസാധാരണ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അടിമുടി മാറ്റി മറിക്കുന്ന വിധത്തിലേക്ക് സ്വർണ്ണക്കടത്തു കേസ് മാറുമോ? ഈ ആകാംക്ഷ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ രണ്ടാം ഘട്ടത്തോടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉണ്ട്. സ്വപ്‌ന സുരേഷിന് പിന്നിലാര് എന്ന ചോദ്യമായിരുന്നു ഇതിൽ പ്രസക്തമായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പരാതിയുമായി സ്വപ്‌ന എത്തിയതിന് പിന്നാലെ സരിത്തിനെ വിജിലൻസ് പൊക്കി ചോദ്യം ചെയ്തതിന്റെ ഉദ്ദേശ്യവും ആരാണ് ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നറിയാൻ വേണ്ടിയായിരുന്നു. സ്വപ്‌നയക്ക് പിന്തുണയുമായി ഉള്ളവരുടെ കൂട്ടിത്തിൽ മുൻ വിഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനും ഉണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

എന്നാൽ പിണറായി വിജയനെ ഭയപ്പെടുത്തുന്ന വിധത്തിൽ സ്വപ്‌നയുടെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ ബിജെപി നേതാക്കളുമായി ഒത്തു തീർപ്പെന്ന ആരോപണവും ശക്തമാണ്. ഇത് ബിജെപി രാഷ്ട്രീയത്തിലും അനുരണനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വം നിരന്തരം പിണറായി വിജയനുമായി അഡ്‌ജെസ്റ്റ്‌മെന്റിലാണ് മുന്നോട്ടു പോകുന്നതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് പ്രതീഷ് വിശ്വനാഥനും സ്വപ്നക്ക് സഹായങ്ങളുമായി രംഗത്തെത്തിയത്. ദേശീയ തലത്തിൽ മോദിയും അമിത്ഷായുമായി അടുത്ത ബന്ധമുള്ള നേതാവാണ് പ്രതീഷ് വിശ്വനാഥൻ. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ രണ്ടാം വരവിൽ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടെന്നാണ് സൂചനകൾ.

സംസ്ഥാനത്തെ ബിജെപി നേതാക്കൾ നടത്തിയ ചില ഒത്തുതീർപ്പുകളെ പൊളിക്കും വിധത്തിലാണ് പ്രതീഷ് ഇപ്പോൾ സ്വർണ്ണക്കടത്തു കേസിൽ ഇടപെട്ടിരിക്കുന്നത്. ഇത് പിണറായി വിജയനെ വീഴ്‌ത്താൻ കെൽപ്പുള്ളതായാൽ സംസ്ഥാന ബിജെപിയിലും പൊളിച്ചെഴുത്തിന് സാധ്യത നൽകുന്നു. സ്വർണ്ണക്കടത്തു കേസിൽ തുടക്കത്തിൽ ഉദ്യോഗസ്ഥ തലത്തിലാണ് ഒത്തു തീർപ്പുകൾ നടന്നത്. സിപിഎം എന്ന പാർട്ടിയുടെ ശക്തിയെ അതിജീവിക്കാൻ കെൽപ്പില്ലാത്ത ഉദ്യോഗസ്ഥർ വിട്ടുവീഴ്‌ച്ചകൾക്ക് തയ്യാറായതോടെ ആദ്യ ഘട്ടത്തിൽ കേസ് എങ്ങുമെത്തിയില്ല.

ഇപ്പോൾ ഇത്തരം ഒത്തുതീർപ്പുകളെ പൊളിച്ചു കൊണ്ടുള്ള നീക്കത്തിനാണ് പ്രതീഷ് വിശ്വനാഥന്റെ ശ്രമം. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കിലും വിള്ളലുണ്ടാക്കിയാൽ മാത്രമേ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കൂവെന്ന് വ്യക്തമായ ബോധ്യം അമിത്ഷായ്ക്കുണ്ട്. എന്നാൽ, കോൺഗ്രസിന് വീണ്ടും അവസരം ആകുകയും അറുതെന്നാണ് ഷായുടെ പക്ഷം. ഇതിൽ പിണറായിയെ വീഴ്‌ത്താനുള്ള ദൗത്യമാണ് പ്രതീഷിനുള്ളത്.

സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിന്റെ സി.ആർ.പി.സി 164 പ്രകാരമുള്ള മൊഴി സുപ്രീം കോടതി മുമ്പാകെ എത്തിക്കാനുള്ള ഇ.ഡി. നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ എന്ന് സൂചനകൾ. സ്വപ്ന സുരേഷ് മജിസ്ട്രേട്ട് മുമ്പാകെ നൽകിയ മൊഴിയിൽ ആരോപണങ്ങൾ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെയാണെങ്കിലും പ്രതിസ്ഥാനത്ത് കേന്ദ്ര ഏജൻസികളായ എൻ. ഐ. എയും കസ്റ്റംസുമാണ്. ഇവർക്ക് താൻ നൽകിയ മൊഴിപ്രകാരം അന്വേഷണം നടന്നിട്ടില്ലെന്നും തെളിവുകൾ കേന്ദ്ര ഏജൻസികൾ അട്ടിമറിക്കുകയായിരുന്നു എന്നുമാണ് വകുപ്പ് 164 പ്രകാരമുള്ള മൊഴിയിൽ സ്വപ്ന കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളത്.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ബാധിതനായി വിശ്രമത്തിലേക്കു മാറിയ ഘട്ടത്തിൽ നടന്ന ചില ബാഹ്യ ഇടപെടലുകൾ മൂലം സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കപ്പെട്ടു എന്ന ആക്ഷേപം സംസ്ഥാനത്തെ ആർ. എസ്. എസ്. - ബിജെപി കേന്ദ്രങ്ങൾക്കു പോലുമുള്ളപ്പോഴാണ് നാടകീയമായി സ്വപ്ന സുരേഷ് കോടതി മുമ്പാകെ നിർണ്ണായകമായ മൊഴി നൽകിയത്. ഇക്കാര്യം പ്രതീഷ് കേന്ദ്രത്തെ കാര്യമായി തന്നെ ധരിപ്പിക്കാനാണ് ഒരുങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ തുടങ്ങിയവരുമായി വ്യക്തിപരമായി അടുപ്പമുള്ള, ഇരുവരുടെയും വിശ്വസ്തനായ പ്രതീഷ് വിശ്വനാഥ് കേന്ദ്രത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്നാണ് കർശന നിലപാടിലേക്ക് ഇ.ഡി. നീങ്ങിയ തെന്നാണ് സൂചന. സംസ്ഥാനത്തെ ബിജെപി നേതൃത്വം പോലും ഇ.ഡി. നീക്കങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പ്രതീഷ് വിശ്വനാഥിന്റെ ഇടപെടലുകൾക്കു ശേഷം എൻ. ഐ.എ. യും സിബിഐയും വീണ്ടും കേസിലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതീഷ് വിശ്വനാഥിന്റെ അഭിഭാഷക പങ്കാളിയായ കൃഷ്ണരാജാണ് ഈ ഘട്ടത്തിൽ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ എന്നതും ശ്രദ്ധേയമാണ്.

ശിവശങ്കറിന് ജാമ്യം കിട്ടിയ ശേഷം എൻ. ഐ എ എ യിലുണ്ടായിരുന്ന കേരള പൊലീസ് ഓഫീസർമാർ ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചു മടങ്ങി, അതിൽ ഒരാൾക്ക് സംസ്ഥാന സർക്കാർ ഐ.പി. എസ്. കൺഫർ ചെയ്തു നൽകി , സ്വപ്ന എൻ. ഐ.എക്കു കൈമാറിയ പ്രധാന തെളിവുകൾ അടങ്ങിയ ഐ ഫോൺ മഹസറിൽ രേഖപ്പെടുത്താതെ മുക്കി തുടങ്ങിയ വിവരങ്ങളും പ്രധാനമത്രിയുടെയും ആഭ്യന്തര മത്രിയുടെയും മുന്നിലെത്തിയിട്ടുണ്ട്. ഇതെല്ലാം ചില ഒത്തുതീർപ്പുകളെ തുടർന്നാണെനനാണ് വിലയിരരുത്തൽ. 

സ്വപ്നയുടെ മൊഴി സുപ്രീം കോടതി മുമ്പാകെ എത്തിക്കാനുള്ള ഇ.ഡി. യുടെ നീക്കം നിർണ്ണായകമാണ്. മൊഴി പരിശോധിച്ച് സുപ്രീം കോടതി പരിശോധിച്ച് എന്തെങ്കിലും പരാമർശം നടത്തിയാൽ അത് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നിലവരെ ഉണ്ടായേക്കാം. ഇപ്പോഴത്തെ നിലയിൽ സ്വർണ്ണക്കടത്തു കേസിൽ പിണറായി സർക്കാറിന് ആഘാതമുണ്ടാക്കുന്ന വിധത്തിൽ ഇടപെടലുകൾ ഉണ്ടായാൽ പ്രതീഷ് വിശ്വനാഥൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരെ എത്തിപ്പെടാം. അമിത്ഷായുടെ മനസ്സിലും അതിന് പദ്ധതികളുണ്ടെന്നാണ് സൂചനകൾ. ആർഎസ്എസ് നേതൃത്വത്തിന്റെ താൽപ്പര്യം കൂടി പരിശോധിച്ചാൽ വൽസൻ തില്ലങ്കേരിക്കും സാധ്യതകൾ നിലനിൽക്കുന്നു.

നിലവിൽ ബിജെപിയിൽ ഭാരവാഹിത്തം ഇല്ലാത്തയാളാണ് പ്രതീഷ് വിശ്വനാഥൻ. വിശ്വഹിന്ദു പരിഷത്തിൽ പ്രവീൺ തൊഗാഡിയ പക്ഷത്തായിരുന്നു അദ്ദേഹം. തീവ്രനിലപാടുകൾ കൊണ്ട് ശ്രദ്ധേയനായിരുന്നു പ്രതീഷ്. 2018 ൽ വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര അദ്ധ്യക്ഷനും ഗുജറാത്തിൽ നിന്നുള്ള സംഘപരിവാറിന്റെ ഉന്നത നേതാവുമായ പ്രവീൺ തൊഗാഡിയ ഇന്ത്യയിലെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് അവരുടെ തീവ്രത നഷ്ടപ്പെട്ടു എന്ന ആരോപണം ഉന്നയിച്ച് സംഘടനയിൽ നിന്നും പുറത്തുവരികയുണ്ടായി. അതിതീവ്ര ഹിന്ദുത്വ ആശയങ്ങളിൽ നിന്നുകൊണ്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് അഥവാ എ.എച്.പി എന്ന പുതിയ പാർട്ടി അവർ രൂപീകരിച്ചു. പ്രവീൺ തൊഗാഡിയ അധ്യക്ഷനായിരുന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയായിരുന്നു അന്ന് പ്രതീഷ് വിശ്വനാഥൻ.

ആർ.എസ്.എസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് മോദി, അമിത് ഷാ, പ്രവീൺ തൊഗാഡിയ, മോഹൻ ഭാഗവത് തുടങ്ങിയ ഇന്ത്യയിലെ മുതിർന്ന ഹിന്ദുത്വ നേതാക്കളുമായി ബന്ധമുള്ള ആളായിരുന്നു പ്രതീഷ് വിശ്വനാഥൻ. ഈ ബന്ധം ഇപ്പോഴും അവരുമായി സൂക്ഷിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP