Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രിട്ടാസുമായുള്ള പ്രഭാവർമ്മയുടെ ഈഗോ ക്ലാഷിൽ ഖജനാവിന് പ്രതിമാസനഷ്ടം 30,000രൂപ; ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററെ സ്‌പെഷ്യൽ സെക്രട്ടറിയായി ഉയർത്തി ശമ്പളം വീണ്ടും വൻതോതിൽ വർദ്ധിപ്പിച്ച് മന്ത്രിസഭാ തീരുമാനം; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് മിണ്ടാതിരുന്ന് അംഗീകാരം നൽകി തോമസ് ഐസക്കും; പിണറായി കാബിനറ്റിന്റെ സ്വജനപക്ഷപാതത്തിൽ മറ്റൊരു തെളിവ് കൂടി പുറത്ത്

ബ്രിട്ടാസുമായുള്ള പ്രഭാവർമ്മയുടെ ഈഗോ ക്ലാഷിൽ ഖജനാവിന് പ്രതിമാസനഷ്ടം 30,000രൂപ; ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററെ സ്‌പെഷ്യൽ സെക്രട്ടറിയായി ഉയർത്തി ശമ്പളം വീണ്ടും വൻതോതിൽ വർദ്ധിപ്പിച്ച് മന്ത്രിസഭാ തീരുമാനം; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് മിണ്ടാതിരുന്ന് അംഗീകാരം നൽകി തോമസ് ഐസക്കും; പിണറായി കാബിനറ്റിന്റെ സ്വജനപക്ഷപാതത്തിൽ മറ്റൊരു തെളിവ് കൂടി പുറത്ത്

എം എസ് സനിൽകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസാണെന്നാണ് പൊതുവേയുള്ള ധാരണ. പ്രഭാവർമ്മ പ്രസ് സെക്രട്ടറിയും. സാധാരണ ഒന്നിലധികം ഉപദേഷ്ടാക്കളെ ഒരു വിഷയത്തിലും മുഖ്യമന്ത്രിമാർ നിയോഗിക്കാറില്ല. ഇത് മാറ്റുകയാണ് മുഖ്യമന്ത്രി പിണറായി വജയൻ. വമ്പൻ ശമ്പളത്തോടെ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവാക്കുകയാണ് പ്രഭാവർമ്മയേയും മുഖ്യമന്ത്രി. ജോൺ ബ്രിട്ടാസ് കൈരളിയുടെ എംഡിയാണ്. സെപ്ഷ്യൽ സെക്രട്ടറിയുടെ പദവിയിൽ ബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയപ്പോൾ പ്രതിഫലം നൽകാതെയായിരുന്നു നിയമനം. എന്നാൽ ഈ നിയമനം ഏറെ പ്രതിസന്ധികൾ മുഖ്യമന്ത്രിക്കുണ്ടാക്കി. ഇതേ തുടർന്നാണ് പ്രഭാവർമ്മയ്ക്ക് സ്ഥാനക്കയറ്റവും അധിക ശമ്പളവും നൽകേണ്ടി വന്നത്.

ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്ററായിരുന്നു പ്രഭാവർമ്മ. മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമാണ്. മാദ്ധ്യമ പ്രവർത്തനത്തിൽ പ്രഭാവർമ്മയുടെ ജൂനിയറാണ് ബ്രിട്ടാസ്. അതുകൊണ്ട് തന്നെ സ്‌പെഷ്യൽ സെക്രട്ടറിയായി ബ്രിട്ടാസിനെ നിയമിച്ചത് പ്രഭാവർമ്മയ്ക്ക് പിടിച്ചില്ല. ബ്രിട്ടാസിന് നൽകുന്ന പദവി തനിക്കും വേണമെന്ന് നിർബന്ധം പിടിച്ചു. ഇതോടെ ശമ്പളവും പദവിയും കൂട്ടുകയാണ് ചെയ്തത്. ഫലത്തിൽ മുഖ്യമന്ത്രിക്ക് രണ്ട് മാദ്ധ്യമ ഉപദേഷ്ടാക്കളായി. ബ്രിട്ടാസിന് ശമ്പളം കൊടുക്കാത്തതുകൊണ്ട് അത് സർക്കാരിന് ബാധ്യതയാകുന്നില്ല. അതിനാൽ ശമ്പളം കൂട്ടിയതിൽ വിവാദം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. പക്ഷേ നാലു മാസത്തിനകം വീണ്ടും പ്രഭാവർമ്മയ്ക്ക് ശമ്പളം കൂട്ടുന്നത് സ്വജന പക്ഷപാതമെന്നാണ് ആക്ഷേപം.

ബന്ധുനിയമനത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. അതുപക്ഷേ വ്യവസായ വകുപ്പിൽ മാത്രം ഒതുങ്ങി. ഇ.പി. ജയരാജന് രാജിവെയ്‌ക്കേണ്ടി വന്നു. മുഖ്യമന്ത്രികൂടി അറിഞ്ഞുകൊണ്ടാണ് ബന്ധുനിയമനങ്ങൾ നടന്നതെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷം ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് പ്രഭാവർമ്മയുടെ പ്രമോഷൻ വിവാദത്തിലാകുന്നത്. സിപിഐ(എം) സഹയാത്രികനായ കവി ആയതു കൊണ്ട് മാത്രമാണ് ഈ സ്ഥാനക്കയറ്റം. ഇതു കൊണ്ട് സർക്കാരിനോ ജനങ്ങൾക്കോ ഒരു ഗുണവുമില്ലെന്നതാണ് യാഥാർത്ഥ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ധനകാര്യമന്ത്രി ഇടയ്ക്കിടെ ആവർത്തിക്കാറുണ്ട്. മുൻ സർക്കാർ ചെയ്തുവച്ച ചതിയാണിതെന്നും അദ്ദേഹം പറയുന്നു. കടുത്ത സാമ്പത്തിക അച്ചടക്കം എല്ലാമേഖലകളിലും കൊണ്ടുവന്നിട്ടുണ്ടെന്നും തോമസ് ഐസക് അവകാശപ്പെടുന്നുണ്ട്.

എന്നാൽ വീണ്ടും പുറത്തുവരുന്നത് സാമ്പത്തിക അച്ചടക്കമില്ലായ്മയുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകളാണ്. ഇതിന് പിന്നാലെയാണ് പ്രഭാവർമ്മയുടെ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനയും വാർത്തകളിലെത്തുന്നത്. ഇതിനോട് മൗനം പാലിക്കുകയാണ് ധനമന്ത്രിയും. മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ ആരും എതിർത്തതുമില്ല. നിസ്സാര കാര്യങ്ങൾ പറഞ്ഞാണ് പ്രഭാവർമ്മയുടെ ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ തലമുതിർന്ന നേതാവാണ് പ്രഭാവർമ്മ. ദേശാഭിമാനിയിൽ 50000ത്തിൽ താഴെ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന പ്രഭാവർമ്മ ഇപ്പോൾ മാദ്ധ്യമ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടപ്പോൾ നിശ്ചയിക്കപ്പെട്ട ശമ്പളസ്‌കെയിൽ 77400-115200. ഇതിപ്പോൾ വീണ്ടും വർദ്ധിപ്പിച്ച 93,000-120000 ആക്കിയിരിക്കുകയാണ്. ശമ്പള വർദ്ധനയെ സംബന്ധിച്ച് സർക്കാർ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. ഈ മാസം ആറിനാണ് പ്രഭാവർമ്മയുടെ ശമ്പളം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയത് (GO (Rt)No. 6381/2016 GAD). ബ്രിട്ടാസും പ്രഭാവർമ്മയും തമ്മിലെ ഈഗോ ക്ലാഷ് കാരണം ഖജനാവിന് പ്രതിമാസം 30,000ത്തോളം രൂപ അധികമായി നൽകേണ്ടി വരുന്നു. മുമ്പ് 87,000 രൂപയോളം വാങ്ങിയിരുന്ന പ്രഭാവർമ്മയുടെ ശമ്പളം പുതിയ ഉത്തരവിലൂടെ ഒരുലക്ഷത്തി പതിനയ്യായിരത്തോളമായാണ് ഉയരുന്നത്.

പൊതുഭരണ വകുപ്പ് തയ്യാറാക്കിയ ഫയൽ ഈമാസം നാലിനാണ് മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്. ധനകാര്യവകുപ്പ് കണ്ട് അനുവാദം നൽകിയ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്.സർക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന ഒന്നാണെന്ന് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ശമ്പളവർദ്ധന നടപ്പിൽ വരുത്തുന്നതെന്നും ഫയലിൽ പറയുന്നു. 2016 ഓഗസ്റ്റ് 29നാണ് പ്രഭാവർമ്മയ്ക്ക് 77400-115200 ശമ്പളസ്‌കെയിൽ നിശ്ചയിച്ച് മന്ത്രിസഭ തീരുമാനമെടുത്തത്. (VIDE Note No. 426/16/PS/CM). എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പുതിയ നിർദ്ദേശ അനുസരിച്ച് പ്രഭാവർമ്മയുടെ ശമ്പളം കൂട്ടാൻ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിസഭയ്ക്ക് മുമ്പാകെ വന്ന നോട്ടിൽ പറയുന്നു. പ്രഭാവർമ്മയുടെ ജോലിയുടെ പ്രധാന്യം. ഉത്തരവാദിത്തങ്ങൾ. ജോലിഭാരം എന്നിവ കണക്കിലെടുത്താണ് ശമ്പളം കൂട്ടേണ്ടത്. എന്നാൽ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടേയും മറ്റും പ്രസ് റിലീസ് തയ്യാറാക്കുക മാത്രമാണ് എന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഉത്തരവാദിത്തം. പുതിയ പദവിയിലും ഇത് മാത്രമാണ് പ്രഭാവർമ്മ ചെയ്യുന്നത്. അപ്പോഴെന്തിനാണ് ശമ്പളവർദ്ധനവ് എന്നതാണ് ഉയരുന്ന ചോദ്യം.

പ്രഭാവർമ്മയുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിന് ധനകാര്യവകുപ്പിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രിമാർക്ക് നൽകിയ കാബിനറ്റ് നോട്ടിൽ പറയുന്നുണ്ട്. ധനകാര്യമന്ത്രി ഫയൽകണ്ടതാണ്. അദ്ദേഹവും പ്രഭാവർമ്മയുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രിമാർക്ക് നൽകിയ കുറിപ്പിൽ വിശദമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഫയലിന്റെ അടിസ്ഥാനത്തിൽ ഈമാസം നാലാംതീയതി പ്രഭാവർമ്മയുടെ ശമ്പളം വർദ്ധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകുകയായിരുന്നു. മുൻപ് നയനാർ മന്ത്രിസഭയുടെ കാലത്തും പ്രഭാവർമ്മ മഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തിന് ഇത്രയും ശമ്പളം നൽകിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP