Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

മൂന്നു പെൺമക്കളെ എംബിബിഎസിന് പഠിപ്പിക്കാൻ ഡൊണേഷൻ 90 ലക്ഷം; വസ്തു വകകൾ വിറ്റ് പണം വാങ്ങിയത് ജീവനക്കാരുടെയും ബന്ധുക്കളുടെയും അക്കൗണ്ട് വഴി; പലിശയ്ക്ക് എടുത്തത് 14.46 കോടി; പോപ്പുലർ ഫിനാൻസിനെ തകർത്തത് ആഡംബര ജീവിതമെന്ന് ഇഡിയുടെ റിപ്പോർട്ട്

മൂന്നു പെൺമക്കളെ എംബിബിഎസിന് പഠിപ്പിക്കാൻ ഡൊണേഷൻ 90 ലക്ഷം; വസ്തു വകകൾ വിറ്റ് പണം വാങ്ങിയത് ജീവനക്കാരുടെയും ബന്ധുക്കളുടെയും അക്കൗണ്ട് വഴി; പലിശയ്ക്ക് എടുത്തത് 14.46 കോടി; പോപ്പുലർ ഫിനാൻസിനെ തകർത്തത് ആഡംബര ജീവിതമെന്ന് ഇഡിയുടെ റിപ്പോർട്ട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: 1600 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ഹരിപാലാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്.

എങ്ങനെയാണ് പോപ്പുലർ ഫിനാൻസ് തകർന്നതെന്നും പണം എവിടേക്ക് ഒക്കെ വക മാറ്റിയെന്നുമുള്ള വ്യക്തമായ വിവരം ഇഡി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. നിക്ഷേപകരുടെ പണം നേരിട്ട് വസ്തുവകകളും ആഡംബരക്കാറുകളും വാങ്ങിക്കൂട്ടാനും ഉപയോഗിച്ചു. മക്കളുടെയും മരുമക്കളുടെയും വിദ്യാഭ്യാസത്തിന് കോടികൾ ചെലവഴിച്ചു.

ഇതിന് പുറമേ ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ബിനാമി പേരിൽ പണം കൈമാറ്റം ചെയ്തു. ബാങ്കിൽ കിടന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഡോളറാക്കി മാറ്റി കാരിയർമാരെ ഉപയോഗിച്ചും ബാങ്ക് മുഖേനെയുമാണ് വിദേശത്തേക്ക് കടത്തിയതെന്ന് ഇഡി കണ്ടെത്തി.
ഇങ്ങനെയുള്ള ധൂർത്തിനൊടുവിൽ നിത്യച്ചെലവിന് പോലും പണമില്ലാതെ വന്നപ്പോൾ ആ പ്രതിസന്ധി മറികടക്കാനാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന നിക്ഷേപകരുടെ പണയ സ്വർണം മറ്റു ബാങ്കുളിൽ പണയപ്പെടുത്തി പണമെടുത്തത്. 1132 കേസുകളിലായി 14,46,80,680 രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്.

തോമസ് ഡാനിയലിന്റെ മകൾ ഡോ. റിനു മറിയത്തിന്റെ മൊഴി ആസ്പദമാക്കി ഇഡി പറയുന്നതിങ്ങനെ: തികച്ചും പ്രഫഷണലിസത്തിന് വിരുദ്ധമായിട്ടായിരുന്നു കമ്പനിയുടെ പോക്ക്. കിട്ടിയ പണമെല്ലാം വസ്തുവും ആഡംബരക്കാറുകളും വാങ്ങുന്നതിന് ഉപയോഗിച്ചു. മൂന്നു പെൺമക്കളെയും എംബിബിഎസിന് അയച്ചു. ഇതിന് പുഷ്പഗിരി മെഡിക്കൽ കോളജിൽ ഡൊണേഷനായി നൽകിയത് രണ്ടു പേർക്ക് 25 ലക്ഷം വീതവും മൂന്നാമത്തെയാൾക്ക് 40 ലക്ഷവുമായിരുന്നു. അതു പോലെ തന്നെ 270 ബ്രാഞ്ചുകൾ ഫർണിഷ് ചെയ്യാൻ കോടികൾ വിനിയോഗിച്ചു. മക്കൾക്ക് പുറമേ മരുമകനെയും പഠിപ്പിക്കാൻ പണം ഉപയാഗിച്ചു.

നിക്ഷേപകരുടെ പണമെടുത്തുള്ള ഈ തീക്കളിയാണ് സർവനാശത്തിലേക്ക് നയിച്ചത്. 2013 മുതൽ കമ്പനി ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്തിരുന്നില്ലെന്നും ഡോ. റിനു പറഞ്ഞതായിട്ടാണ് ഇഡിയുടെ വെളിപ്പെടുത്തൽ. 258 ബ്രാഞ്ചുകളിലൂടെ 30,000 നിക്ഷേപകരിൽ നിന്നായി 1600 കോടിയാണ് പോപ്പുലർ ഫിനാൻസ് കമ്പനി സമാഹരിച്ചത്. പ്രതിവർഷം പലിശയിനത്തിൽ നൽകിപ്പോന്നത് 150 കോടിയായിരുന്നു. അന്വേഷണവുമായി ഒരു ഘട്ടത്തിലും തോമസ് ഡാനിയൽ സഹകരിച്ചില്ലെന്ന് ഇഡി അറിയിച്ചു.

യഥാർഥ വസ്തുതകൾ ആദ്യമൊന്നും ഇയാൾ പുറത്തു വിടുകയോ സമ്മതിക്കുകയോ ചെയ്തില്ല. കള്ളപ്പണം വെളുപ്പിക്കാനായി ഓസ്ട്രേലിയ, ദുബായ് എന്നിവിടങ്ങളിലേക്ക് കൊണ്ടു പോയി. ഇതിനായി കാരിയർമാരെ ഉപയോഗിച്ചു. കുറച്ചു പണം ബാങ്കുകൾ വഴിയും വകമാറ്റി.
സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുക്കൾ വിറ്റഴിച്ച തോമസ് ഡാനിയൽ ജീവനക്കാരുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയത്. 2020 ൽ കോന്നി ടൗണിൽ 14 സെന്റ് വിറ്റത് ഒരു കോടി രൂപയ്ക്കാണ്. ഇതിൽ 10 ലക്ഷം രൂപയാണ് പണമായി കൈപ്പറ്റിയത്. ശേഷിച്ച 90 ലക്ഷം അനിൽകുമാർ എന്ന ജീവനക്കാരന്റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ഈ പണത്തിൽ 95 ലക്ഷമാണ് പിന്നീട് നിയമസഹായത്തിനായി ഉപയോഗിച്ചത്.

2006 ൽ ബംഗളൂരുവിൽ അഞ്ചു നില വ്യാവസായിക സമുച്ചയം വിറ്റാണ് തോമസ് ഡാനിയൽ വിൽപ്പനയ്ക്ക് തുടക്കം കുറിച്ചത്. 2013 ൽ തഞ്ചാവൂരിൽ ഒമ്പത് ഏക്കർ വിറ്റു. 2020 ൽ തിരുവല്ലയിലുള്ള 700 സ്‌ക്വയർ ഫീറ്റ് ഫ്ളാറ്റും കോന്നിയിലെ 14 സെന്റും വിറ്റു. പോപ്പുലർ ഫിനാൻസ് ഡിജിഎം, കാഷ്യർ എന്നിവരുടെ മൊഴി പ്രകാരം 100 കോടി രൂപ പിൻവലിച്ച് തോമസ് ഡാനിയൽ വസ്തു വകകൾ വാങ്ങിക്കൂട്ടി. ഇതിനായി ചുമതലപ്പെടുത്തിയത് കാഷ്യറെയായിരുന്നു. ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന കോടികൾ പിൻവലിച്ച് ഡോളറാക്കി മാറ്റി കാരിയർമാരെ ഉപയോഗിച്ച് ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ എത്തിച്ചു.

ദുബായിൽ ഈ പണം നൽകിയത് തോമസ് ഡാനിയലിന്റെ ബന്ധുവായ ബോബൻ എന്നയാൾക്കായിരുന്നു. ബോബൻ ഈ പണം തോമസ് ഡാനിയലിന്റെ അളിയനായ ഓസ്ട്രേലിയയിലുള്ള വർഗീസ് പൈനാടത്തിന് കൈമാറി. ദുബായ് ആസ്ഥാനമായ കാരി കാർട്ട് ട്രേഡിങ് എൽഎൽസി എന്ന കമ്പനിയിൽ എൽദോ എന്നൊരാൾക്കൊപ്പം ചേർന്ന് 50 ശതമാനം ഷെയർ തോമസ് ഡാനിയലിനുണ്ടായിരുന്നു. 10 ലക്ഷം ദിർഹമാണ് ഈ കമ്പനി വാങ്ങാൻ ഉപയോഗിച്ചതെന്ന് തോമസ് ഡാനിയൽ തന്നെ പിന്നീട് ഇഡിക്ക് മുന്നിൽ സമ്മതിച്ചു.
കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് തോമസ് ഡാനിയൽ വസ്തു വകകൾ വാങ്ങിക്കൂട്ടിയത്.

ഇത്രയും വലിയ തട്ടിപ്പ് ആസൂത്രണം ചെയ്ത തോമസ് ഡാനിയലിന് ജാമ്യം നൽകിയാൽ വലിയ തിരിമറികൾ നടത്താൻ അയാൾക്ക് സാധിക്കുമെന്ന അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവിന്റെ വാദം കണക്കിലെടുത്താണ് തോമസ് ഡാനിയലിന് കോടതി ജാമ്യം നിഷേധിച്ചത്. 

2020 ഓഗസ്റ്റ് 29 നാണ് തോമസ് ഡാനിയൽ ആദ്യം അറസ്റ്റിലായത്. പിന്നീട് ആലപ്പുഴയിലെ പ്രത്യേക കോടതി ജാമ്യം നൽകി. 2021 ഓഗസ്റ്റ് 21 ന് ഇഡി വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തു. അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP