Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയാൽ വാദി പ്രതിയാകും! ഈടായി നൽകിയ ആധാരം തിരിച്ചു കിട്ടാൻ പരാതി നൽകിയപ്പോൾ ജുവല്ലറി ഉടമയുടെ സൽപ്പേരും സ്വത്തും കണ്ണുവച്ചുള്ള കള്ളപരാതിയെന്ന് പൊലീസിന്റെ കണ്ടെത്തൽ; സ്വർണ്ണ മുതലാളിക്ക് വേണ്ടി ആടിനെ പട്ടിയാക്കി പൊലീസിന്റെ കള്ളക്കളി ഇങ്ങനെ

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയാൽ വാദി പ്രതിയാകും! ഈടായി നൽകിയ ആധാരം തിരിച്ചു കിട്ടാൻ പരാതി നൽകിയപ്പോൾ ജുവല്ലറി ഉടമയുടെ സൽപ്പേരും സ്വത്തും കണ്ണുവച്ചുള്ള കള്ളപരാതിയെന്ന് പൊലീസിന്റെ കണ്ടെത്തൽ; സ്വർണ്ണ മുതലാളിക്ക് വേണ്ടി ആടിനെ പട്ടിയാക്കി പൊലീസിന്റെ കള്ളക്കളി ഇങ്ങനെ

എം പി റാഫി

കോഴിക്കോട്: ഈടിനു നൽകിയ ആധാരം ബോബി ചെമ്മണ്ണൂർ തിരിച്ചു നൽകാത്ത സംഭവത്തിൽ പരാതി ലഭിച്ച് മൂന്നുമാസമായിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. കേസെടുത്ത് അന്വേഷണം നടത്തുന്നതിനു പകരം പരാതിക്കാരനെ കുടുക്കാൻ കള്ളക്കേസും ബോബി ചെമ്മണ്ണൂരിന് അനുകൂലമായി പൊലീസിന്റെ റിപ്പോർട്ടും മെനഞ്ഞിരിക്കുകയാണ്.

ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്‌കരനും കുടുംബവുമാണ് നീതിക്കു വേണ്ടി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങുന്നത്. എന്നാൽ പരാതി നൽകിയതിന്റെ പേരിൽ പൊലീസ് ഒത്താശയോടെ ഭാസ്‌ക്കരനെതിരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുകയാണ്. ഭാസ്‌കരന്റെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി പരാതി സമർപ്പിച്ചതിനു പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ ഭാസ്‌കരനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. മാത്രമല്ല, വൻ തട്ടിപ്പു നടത്തിയ ബോബി ചെമ്മണ്ണൂരിനു അനുകൂലമായി ഭാസ്‌കരന്റെ പരാതിയിൽ പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണ്. പണം നൽകിയാൽ ഭൂമി വിട്ടു നൽകാമെന്നാണ് ബാലുശ്ശേരി പൊലീസിന്റെ നിലപാട്.

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഡിസംബർ 18ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിന്മേൽ യാതൊരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല, ഭാസ്‌കരൻ നൽകിയ പരാതി തന്നെ ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ ഭാസ്‌കരൻ കോഴിക്കോട് റൂറൽ എസ്‌പിക്കു മുന്നിലെത്തി വീണ്ടും പരാതി സമർപ്പിച്ചു. ഈ പരാതിയിന്മേലും പൊലീസിന്റെ ഒളിച്ചു കളി തുടർന്നു. വിഷയം മറുനാടൻ മലയാളി വാർത്തയാക്കിയതോടെ റൂറൽ എസ്‌പി അന്വേഷണ റിപ്പോർട്ട് അയയ്ക്കാൻ ബാലൂശേരി എസ്.ഐക്ക് ഉത്തരവ് കൈമാറി. അന്വേഷണ റിപ്പോർട്ടും മൊഴിയെടുപ്പും പൂർത്തിയാക്കിയെങ്കിലും എഫ്.ഐ.ആർ മാത്രം ഇടാൻ പൊലീസുകാർ തയ്യാറായിരുന്നില്ല.

ഒടുവിൽ സംഭവത്തെ പറ്റി അന്വേഷിച്ച് പൊലീസ് ഉണ്ടാക്കിയ റിപ്പോർട്ടിൽ വാദി പ്രതിയും, തട്ടിപ്പു നടത്തിയ ബോബിക്ക് ക്ലീൻ ചീറ്റും. നിരവധി സൽപ്രവൃത്തികൾ ചെയ്യുന്ന ബോബി ചെമ്മണ്ണൂരിന്റെ സൽപേരിന് കളങ്കമുണ്ടാക്കാനും സ്വത്തിൽ കണ്ണു വച്ചുമാണ് പരാതിക്കാരനായ ഭാസ്‌കരൻ സ്വത്ത് തട്ടുന്നതിനായി ബോബിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നായിരുന്നു പൊലീസ് റിപ്പോർട്ടിന്റെ ചുരുക്കം. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ ഭാസ്‌കരൻ നൽകിയ പരാതി വ്യാജമാണെന്നായിരുന്നുവത്രെ ബാലുശ്ശേരി സി.ഐയുടെ മറുപടി. പാരാതി വ്യാജമാണെന്ന് തെളിയിക്കാൻ എന്ത് അന്വേഷണമാണു നടത്തിയതെന്ന് ചോദിച്ചാൽ മറുപടിയുമില്ല.

പരാതി വ്യാജമാണെന്ന് വരുത്തിതീർക്കുക മാത്രമല്ല, പൊലീസ് വക മധ്യസ്ഥ്യതയും കേസൊതുക്കാൻ വേണ്ടി നടന്നിരുന്നു. ബാലുശ്ശേരി എസ്.ഐ കെ.ടി ശ്രീനിവാസൻ, സി.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതിക്കാരെ വിളിച്ചുവരുത്തി പണം ആവശ്യപ്പെടുകയും, ആവശ്യപ്പെട്ട പത്തു ലക്ഷം നൽകിയാൽ ഭൂമി തിരിച്ചു നൽകാമെന്നുമായിരുന്നു പൊലീസുകാർ പറഞ്ഞിരുന്നത്. മുതലും പലിശയുടെ പത്തിരട്ടിയും തിരിച്ചു നൽകിയ ഭൂമിയുടെ യഥാർത്ഥ ഉടമയോടു തന്നെ പൊലീസുകർ വില പേശുകയായിരുന്നു. പണം നൽകിയാൽ കേസില്ലാതെ ഭൂമി തിരിച്ചു കിട്ടുമെന്നും, ബോബിയോടു പറഞ്ഞ് തുകയിൽ ഇളവ് ചെയ്യിക്കാമെന്നുമായിരുന്നു എസ്.ഐയും സി.ഐയും പറഞ്ഞത്. എന്നാൽ ഇതിനു വഴങ്ങാതെ വന്നതോടെ പരാതിക്കാരനെതിരെ ബോബി ചെമ്മണ്ണൂർ പരാതി സമർപ്പിക്കുകയായിരുന്നു. തുടർന്ന് ബോബിയുടെ പരാതി കാണിച്ച് ഭാസ്‌കരനെയും കുടുംബത്തെയും പൊലീസ് വിരട്ടുകയും കള്ളക്കേസിൽ കുടുക്കുമെന്നുള്ള ഭീഷണിയും പൊലീസ് നടത്തുന്നുണ്ട്.

പലിശക്കു വാങ്ങിയ പണത്തിന്റെ ആറിരട്ടി തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ ഭൂമിയുടെ ആധാരം തിരിച്ച് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്‌കരൻ പാരാതിയുമായി രംഗത്തു വന്നത്. ഉണ്ണികുളം എംഎം പറമ്പിൽ താമസിച്ചു വരുന്ന അറുപതു പിന്നിട്ട സാധാരണക്കാരനായ ഒരു കർഷകനാണ് കെ.പി ഭാസ്‌കരൻ. 1996ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും പലിശക്ക് വാങ്ങിയത്. കെ.എഫ്.സിയിൽ നിന്നും ലോണെടുത്ത് ഹോളോ ബ്രിക്‌സ് നിർമ്മാണം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാപനം നഷ്ടത്തിലാവുകയും കടബാധ്യത വരികയും ചെയ്തപ്പോഴായിരുന്നു ഭാസ്‌കരൻ ഒന്നര ലക്ഷം രൂപ ബോബിയിൽ നിന്നും കടം വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ.

ഇതുപ്രകാരം ഭാസ്‌കരൻ 2180/1986 നമ്പറിൽ ജന്മം തീറാധാര പ്രകാരം കൈവശം വച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്‌കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്‌ട്രേഷൻ മാറ്റുകയും ചെയ്തു. തിരിച്ചടവ് വൈകിച്ച സമയങ്ങളിലെല്ലാം ഗുണ്ടകളെ വിട്ട് ഭീഷണിയും അക്രമവുമായിരുന്നു. ബോബിയുടെ ജീവനക്കാരായ ബൈജു കുറ്റിയിൽ, ജയപ്രകാശ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുതും വലുതുമായ സംഘങ്ങൾ രാപകൽ വ്യത്യാസമില്ലാതെ വീട്ടിലെത്തി അസഭ്യം പറയുകയും കയ്യിലുണ്ടായിരുന്ന പണം പിടിച്ചുപറിച്ചു കൊണ്ടു പോകുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

തിരിച്ചടവ് വൈകിയെന്ന പേരിൽ ഒരു ദിവസം ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ വീട്ടിൽ നിന്നും ഇറക്കി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും കോഴിക്കോട് എം.എം അലി റോഡിലുള്ള ചെമ്മണ്ണൂർ ജൂവലറി ഗോഡൗണിൽ കൊണ്ടു പോയി തന്നെ മർദിക്കുകയും തുടർന്ന് നിരവധി പേപ്പറുകളിൽ ബലംപ്രയോഗിച്ച് ഒപ്പിടുവിക്കുകയും ചെയ്തതായി ഭാസ്‌കരൻ പറയുന്നു. എന്നാൽ അടുത്ത ബന്ധുക്കൾ ആധാരം നൽകിയപ്പോൾ മാത്രമാണ് അടുത്ത ദിവസം രാവിലെ ഇവർ ഭാസ്‌കരനെ വിട്ടയക്കാൻ തയ്യാറായത്. ഈ ആധാരവും ഇതുവരെയും തിരിച്ചു നൽകാൻ തയ്യാറായിട്ടില്ല. തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം ആരോടെങ്കിലും പറയുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്താൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും സംഘം ഭസ്‌കരനു നേരെ ഭീഷണി മുഴക്കിയിരുന്നു.

ഇതിനു ശേഷവും പല തവണ ജീവനക്കാർ ഭാസ്‌കരന്റെ വീട്ടിൽ മദ്യപിച്ചെത്തി പണം ആവശ്യപ്പെടുകയും വീട്ടിലുള്ളവരെ ശകാരിക്കുകയും കൈവശമുള്ള പണം പിടിച്ചു പറിച്ചു കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. പണം അടക്കുന്ന മിക്ക തവണകളിലും റസിപ്റ്റുകളോ മറ്റു രേഖകളോ ഇവർ ഭാസ്‌കരന് നൽകാൻ തയ്യാറായിരുന്നില്ല. ഒരു തവണ ബോബി നേരിട്ടു തന്നെ പണം വാങ്ങുന്നതിനായി ഭാസ്‌കരന്റെ വീട്ടിൽ എത്തിയിരുന്നു. ക്രിത്യമായ പേരുവിവരങ്ങളും വിശദാംശവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടും പൊലീസ് ഈ കുടുംബത്തിന് നീതി നിഷേധിക്കുകയാണ്. അതേസമയം ഭൂമിയുടെ നികുതി രസീറ്റും മറ്റു ബാധ്യതാ സർട്ടിഫിക്കറ്റുകളുമെല്ലാം ധൃതിപിടിച്ച് ഉണ്ടാക്കി ഭൂമി വിൽക്കാനുള്ള ശ്രമവും ബോബി ചെമ്മണ്ണൂർ നടത്തി വരുന്നുണ്ട്.

2014ൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ജോതീന്ദ്രൻ നൽകിയ പരാതിയും സമാന സ്വഭാവമുള്ളതായിരുന്നു. എന്നാൽ ജോതീന്ദ്രന്റെ പരാതിയിൽ നടക്കാവ് പൊലീസ് ഓപ്പറേഷൻ കുബേരയിൽ ഉൾപ്പെടുത്തി567/14 ക്രൈം നമ്പറിൽ കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമുണ്ടായി. ഈ കേസിൽ കോടതി കയറി ഇറങ്ങുന്ന സാഹചര്യമാണ് ബോബി ചെമ്മണ്ണൂരിനുള്ളത്. എന്നാൽ കൊള്ളപ്പലിശ കൈപ്പറ്റി ഈടിനു നൽകിയ ആധാരം തിരിച്ചു നൽകാതിരിക്കുന്ന നഗ്നമായ നിയമ ലംഘനം ഇവിടെ നടന്നിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നതാണ് അത്ഭുതം. മാത്രമല്ല, തിരിച്ചടവ് വൈകിച്ചതിന്റെ പേരിൽ ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ ഗോഡൗണിൽ കൊണ്ടുവന്ന് ക്രൂരമായി മർദിച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടും ഇതിലും നടപടിയില്ല. മുതലാളിമാർക്കെതിരെ കേസെടുക്കാത്ത രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ കുബേര ആരെയും അതിശയിപ്പിക്കുന്ന പദ്ധതി തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP