Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകാശ് തില്ലങ്കേരിയുടെ വഴിയെ സ്വപ്ന സുരേഷിനെയും വാരിക്കുഴിയിൽ വീഴ്‌ത്താൻ സിപിഎം; കണ്ണൂരിൽ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയോടെ നീക്കം; ആകാശിന് എതിരെ കാപ്പ ചുമത്താൻ കേസുകൾ ചികഞ്ഞെടുത്തതും കാരായിമാരെ രക്ഷിക്കാൻ ശ്രമിച്ചതും ഈ ഉദ്യോഗസ്ഥൻ; വരാനിരിക്കുന്നത് സ്വപ്നയ്ക്കെതിരെ കേസുകളുടെ പ്രളയം; കണ്ണൂരിൽ സ്വപ്നയെ പൂട്ടാൻ അണിയറ നീക്കങ്ങൾ

ആകാശ് തില്ലങ്കേരിയുടെ വഴിയെ സ്വപ്ന സുരേഷിനെയും വാരിക്കുഴിയിൽ വീഴ്‌ത്താൻ സിപിഎം;  കണ്ണൂരിൽ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയോടെ നീക്കം; ആകാശിന് എതിരെ കാപ്പ ചുമത്താൻ കേസുകൾ ചികഞ്ഞെടുത്തതും കാരായിമാരെ രക്ഷിക്കാൻ ശ്രമിച്ചതും ഈ ഉദ്യോഗസ്ഥൻ; വരാനിരിക്കുന്നത് സ്വപ്നയ്ക്കെതിരെ കേസുകളുടെ പ്രളയം; കണ്ണൂരിൽ സ്വപ്നയെ പൂട്ടാൻ അണിയറ നീക്കങ്ങൾ

അനീഷ് കുമാർ

കണ്ണൂർ: മുഖ്യമന്ത്രിയെയും പാർട്ടിയെയും സർക്കാരിനെയും നിരന്തര ആരോപണങ്ങളാൽ വെള്ളം കുടിപ്പിക്കുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കണ്ണൂരിലേക്ക് കൊണ്ടുവന്നു കേസിൽ കുടുക്കാൻ അണിയറ നീക്കങ്ങൾ തുടങ്ങി. ക്രൈംബ്രാഞ്ചിലുള്ള ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ ശക്തമാക്കിയത്.

മുഖ്യമന്ത്രി അടക്കമുള്ള പാർട്ടി നേതാക്കളുടെ അതീവവിശ്വസ്തനായ ഇയാൾക്ക് അടുത്ത കാലത്താണ് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരണസ്മരണ എന്നതു പോലെ ആഭ്യന്തര വകുപ്പ് പ്രമോഷൻ നൽകിയത്. ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ കേസുകൾ ചിക്കി പെറുക്കിയെടുത്തതിനു പിന്നിലും ബുദ്ധികേന്ദ്രം ഈ ഉദ്യോഗസ്ഥൻ തന്നെയാണെന്നാണ് വിവരം.

നേരത്തെ തലശേരി ഇസൈദാർ പള്ളിയിലെ ഫസൽ വധക്കേസിൽ രാഷ്ട്രീയ താൽപര്യത്താൽ സി.പി. എം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ഒഴിവാക്കാൻ ഇയാൾ നടത്തിയ കള്ളക്കളികൾ തുറന്നുകാട്ടിക്കൊണ്ടു സിബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതുകാരണം ഇയാൾക്ക് കൽപ്പിത ഐ.പി. എസ് നൽകുന്നതിൽ നിന്നും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പുകാരണം കേന്ദ്രആഭ്യന്തരവകുപ്പ്് പിന്മാറുകയായിരുന്നു.

സിപിഎം പ്രതിസന്ധി നേരിടുന്ന പല കേസുകളിലും ആത്മമിത്രമായി മാറിയത് ഈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മറ്റു രാഷ്ട്രീയ പാർട്ടികൾ ആരോപിക്കാറുണ്ട്. സമരം ചെയ്ത യുവമോർച്ച പ്രവർത്തകരെ ബൂട്ടിട്ടു ചവുട്ടിയതും ഫസൽ വധക്കേസിൽ ബിജെപി പ്രവർത്തകൻ കുപ്പി സുബീഷിനെ അടിച്ചു പതംവരുത്തി മൊഴി മാറ്റി പറയിപ്പിച്ച് പാർട്ടി ചാനലിലൂടെ പ്രചരിപ്പിച്ചതും ഈ ഉന്നത ഉദ്യോഗസ്ഥന്റെ ബുദ്ധിയാണെന്ന ആരോപണവുമുണ്ടായിരുന്നു.

തോട്ടടയിലെ വിവാഹവീട്ടിലെ ബോംബെറിൽ സി.പി. എം പ്രവർത്തകൻ കൊല്ലപ്പെട്ട കേസും അട്ടിമറിക്കാൻ അന്വേഷണ ചുമതലയില്ലാഞ്ഞിട്ടും ഈ ഉന്നത ഉദ്യോഗസഥൻ തന്നെയാണ് മുഖ്യപങ്കുവഹിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദങ്ങൾ ഉയർത്തുന്ന സ്വപ്ന സുരേഷിനെ ഒതുക്കാൻ ഈ ഉദ്യോഗസ്ഥനെ മുൻനിർത്തി കണ്ണൂരിൽ സി.പി. എം വാരിക്കുഴി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് കണ്ണൂർ തളിപ്പറമ്പിൽ സ്വപ്നാസുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസിനെ ഉപയോഗിച്ചു സ്വപ്നയെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഒതുക്കാനാണ് നീക്കം നടക്കുന്നത്.

സർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും ഇവരെ കോഴ നൽകി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റാരോപിതനുമായ തളിപ്പറമ്പ് കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിള്ളക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി. എം ഉന്നത നേതാവ് തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ സ്വപ്ന സുരേഷ് ഫേയ്‌സ് ബുക്ക് ലൈവിലൂടെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ പരാതികൾ പിൻവലിക്കാൻ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ് പിള്ള തന്നെ വന്ന് കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്ന ആരോപിച്ചത്. ഇതനുസരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം വി ഗോവിന്ദന് വേണ്ടി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.

ഇത്തരം ആരോപണം ഉന്നയിച്ചത് അത്യന്തം സംശയകരമാണ്. സത്യവിരുദ്ധവും കുടിലവുമായ ഈ ആരോപണത്തിന് പിന്നിൽ ചില സമൂഹ വിരുദ്ധ ശക്തികളുടെ വൻ ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

നേരത്തെ തളിപ്പറമ്പിലെ അഭിഭാഷകനായ നിക്കോളാസ് ജോസഫ് മുഖേനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്നാ സുരേഷിനെതിരെ മാനനഷ്ട കേസ് നൽകിയിരുന്നു. സ്വപ്നയ്ക്കെതിരെയുള്ള ചില കേസുകൾ സി.പി. എമ്മിന്റെ അതീവവിശ്വസ്തനായ ഉന്നത പൊലിസ് ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. സ്വപ്നയെ എങ്ങനെയെങ്കിലും കണ്ണൂരിലെത്തിക്കുകയെന്നതാണ് പൊലിസും സി.പി. എം നേതാക്കളുംലക്ഷ്യമിടുന്നത്.

സിപിഎമ്മിനും സർക്കാരിനും തലവേദനയായി മാറിയ സ്വപ്ന സുരേഷിനെ ആകാശ് തില്ലങ്കേരിയെ നേരിട്ടതുപോലെ നിയമപരമായി ഒതുക്കാനാണ് സിപിഎം നീക്കങ്ങൾ നടത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപറമ്പിൽ നിന്നാണ് ഇതിന്റെ ഭാഗമായി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ സ്വപ്നയ്ക്കെതിരെ കണ്ണൂർ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ പാർട്ടി നേതാക്കൾ പരാതി നൽകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP