Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവമ്പാടിയിൽ സിപി ജോണിനെ വേണ്ടെന്നത് കുഞ്ഞാലിക്കുട്ടിയുടെ കടുംപിടിത്തം; വടക്കൻ കേരളത്തിലെ ക്രൈസ്തവ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിച്ചത് ഈ പിഴവ്; പട്ടാമ്പി വിട്ടുകൊടുക്കാമെന്ന് കോൺഗ്രസ് ആവർത്തിച്ചു പറഞ്ഞിട്ടും കേട്ടില്ല; എല്ലാം എളുപ്പമാക്കാൻ എത്തിയ കുഞ്ഞാലിക്കുട്ടി യുഡിഎഫിന് നൽകിയത് നതയന്ത്ര പിഴവിന്റെ തിരിച്ചടി; മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തം

തിരുവമ്പാടിയിൽ സിപി ജോണിനെ വേണ്ടെന്നത് കുഞ്ഞാലിക്കുട്ടിയുടെ കടുംപിടിത്തം; വടക്കൻ കേരളത്തിലെ ക്രൈസ്തവ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിച്ചത് ഈ പിഴവ്; പട്ടാമ്പി വിട്ടുകൊടുക്കാമെന്ന് കോൺഗ്രസ് ആവർത്തിച്ചു പറഞ്ഞിട്ടും കേട്ടില്ല; എല്ലാം എളുപ്പമാക്കാൻ എത്തിയ കുഞ്ഞാലിക്കുട്ടി യുഡിഎഫിന് നൽകിയത് നതയന്ത്ര പിഴവിന്റെ തിരിച്ചടി; മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: യുഡിഎഫിന്റെ എല്ലാം എല്ലാമാണ് സിപി ജോൺ. എംവി രാഘവന്റെ വത്സല ശിഷ്യനായ സിപി ജോണിനെ മാറ്റി നിർത്തി നയപരമായ തീരുമാനങ്ങളിൽ നിലപാട് എടുക്കാൻ യുഡിഎഫിന് അസാധ്യവുമാണ്. എന്നിട്ടും ജോണിനോട് ഇത്തവണയും യുഡിഎഫ് കൊലച്ചതികാട്ടി. അതിന്റെ പ്രതിഫലനമാണ് തിരുമ്പാടിയിൽ കിട്ടിയത്. ക്രൈസ്തവ സമൂഹത്തെ മുഴുവൻ മലയോര മേഖലയിൽ യുഡിഎഫിന് എതിരാക്കി. തിരുമ്പാടിയിൽ സിപി ജോൺ നിന്നിരുന്നുവെങ്കിൽ അത് ഫലത്തെ മുഴുവൻ സ്വാധീനിക്കുമായിരുന്നു. ഇതിന് പിന്നിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ പിടിവാശിയാണെന്ന ചർച്ചകൾ യുഡിഎഫിൽ സജീവമാണ്.

കോഴിക്കോട് ക്രൈസ്തവ വോട്ടുകളും നിർണ്ണായകമായിരുന്നു. തിരുവമ്പാടിയിൽ ക്രൈസ്തവ ഭൂരിപക്ഷമാണുള്ളത്. ഈ സീറ്റ് സിപി ജോണിന് വിട്ടു കൊടുക്കണമെന്ന് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗിലും ഇതിന് വേണ്ടി ശബ്ദമുയർന്നു. എംകെ മുനീറിനെ പോലുള്ളവർ ജോണിന് വേണ്ടി വാദിച്ചു. എന്നാൽ തിരുവമ്പാടിയിൽ ജോണിന് സീറ്റ് നൽകുന്നതിൽ കുഞ്ഞാലിക്കുട്ടി വിമുഖത കാട്ടി. അങ്ങനെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിൽ മുസ്ലിം ലീഗ് മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തി. സിപിഎം തന്ത്രപരമായ ഇടപെടിലൂടെ ഈ സീറ്റ് സ്വന്തമാക്കി. ഇതോടെ കോഴിക്കോട്ട ക്രൈസ്തവർ മുഴുവൻ സിപിഎമ്മിനൊപ്പമാവുകയും ചെയ്തു.

തിരുവമ്പാടി സീറ്റ് സിപി ജോണിന് നൽകണമെന്നും പകരം പട്ടാമ്പി നൽകാമെന്നും മുസ്ലിം ലീഗിനോട് കോൺഗ്രസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും ആരും ചെവിക്കൊണ്ടില്ല. ഇതിന്റെ ഫലം കൊടുവള്ളിയിലെ ക്രൈസ്തവ കേന്ദ്രങ്ങളേയും സ്വാധീനിച്ചു. മുനീറിന് ഭൂരിപക്ഷം കുറഞ്ഞു. കോഴിക്കോട് നോർത്തിലും സൗത്തിലും ക്രൈസ്തവർ സിപിഎമ്മിനൊപ്പം നിന്നു. കുറ്റ്യാടിയിലും ബാലുശേരിയിലും എല്ലാം ഇത് പ്രതിഫലിച്ചു. ഇതിനെല്ലാം കാരണമായത് ലീഗിന്റെ തിരുവമ്പാടി ഇടപെടലായിരുന്നു. ഇതിനെല്ലാം കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന വാദം അതിശക്തമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടി മുസ്ലിം ലീഗിലും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ലീഗിൽ 'ആഭ്യന്തരയുദ്ധം' തുടങ്ങിക്കഴിഞ്ഞു. നേതൃത്വത്തെ വിമർശിച്ച് സാമൂഹികമാധ്യമങ്ങളിൽ അണികൾ രംഗത്തെത്തി. മറ്റു ഘടകകക്ഷികളേക്കാൾ പരിക്കിന് ആഴം കുറവാണെങ്കിലും മുന്നണിയുടെ പരാജയത്തിൽ ലീഗ് നേതൃത്വത്തിനും പങ്കുണ്ടെന്നാണ് വിമർശനം. കുഞ്ഞാലിക്കുട്ടിക്കെതിരേയാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തിലേറെയും. എംഎ‍ൽഎ. ആയിരിക്കെ ലോക്സഭയിലേക്ക് പോവുകയും പിന്നീട് എംപി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തതിലാണ് പ്രധാന വിമർശനം. വോട്ടർമാർക്ക് നന്ദി പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഫേസ്‌ബുക്കിലിട്ട പോസ്റ്റിന് താഴെ ശക്തമായഭാഷയിൽ വിമർശനമുയരുന്നുണ്ട്. ഈ 'ചാടിക്കളി' ശരിയായില്ലെന്ന് പാർട്ടി ഭാരവാഹികളടക്കം ഓർമിപ്പിക്കുന്നു. മറ്റു നേതാക്കളുടെ പോസ്റ്റിലും സ്വന്തംനിലയ്ക്കും അണികൾ വിയോജിപ്പ് പരസ്യമാക്കുന്നുണ്ട്.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കേണ്ട ചുമതല നൽകിയാണ് ലീഗ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്. വിമർശനത്തിന്റെ ആക്കംകുറയ്ക്കാനാണ് എംപി. സ്ഥാനം നേരത്തെ രാജിവെച്ച് നിയമസഭയ്‌ക്കൊപ്പം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനും അവസരമൊരുക്കിയത്. എന്നാൽ, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവോടെ യു.ഡി.എഫിന്റെ കടിഞ്ഞാൺ ലീഗിനാകുമെന്ന് പ്രചരിപ്പിക്കാൻ ഇടതുമുന്നണിക്കായി. അത് യു.ഡി.എഫിന്റെ മറ്റുസീറ്റുകളിലും ക്ഷീണമുണ്ടാക്കിയെന്ന് ലീഗിലെ ചില നേതാക്കൾക്കുതന്നെ അഭിപ്രായമുണ്ട്.

ലോക്സഭ അംഗത്വം ഇട്ടെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം സംസ്ഥാനത്ത് ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ മനസ്സില്ലാ മനസ്സോടെ ഉൾക്കൊണ്ടത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധികാരമോഹം യു.ഡി.എഫിന്റെ തോൽവിയിൽ ഒരു ഘടകമായെന്നാണ് ഒരു വിഭാഗം അണികൾ സാമൂഹികമാധ്യമങ്ങളിലൂടെ ഉയർത്തുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികളെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെങ്കിലും 15 വർഷത്തിന് ശേഷം മുസ്ലിം ലീഗിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തേത്. ഭരണപക്ഷത്ത് നിൽക്കുമ്പോഴാണ് ഇതിന് മുമ്പുള്ള വലിയ തിരിച്ചടികളുണ്ടായിട്ടുള്ളത്. എന്നാലിക്കുറി പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള തിരിച്ചടി ഇരട്ടി പ്രഹരമാണ്.

മലപ്പുറത്ത് സീറ്റുകളൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പലരുടേയും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷം നേടിയിട്ടും താനൂർ ഇക്കുറിയും തിരിച്ചുപിടക്കാനായില്ല. 2016, 2011 തിരഞ്ഞെടുപ്പുകളിൽ 24 സ്ഥലത്ത് മത്സരിച്ച ലീഗ് 18-ഉം 20-ഉം സീറ്റുകളിൽ ജയിച്ചിരുന്നു. ഇത്തവണ മൂന്നു സീറ്റുകൾ കൂടി മത്സരിക്കാൻ കിട്ടിയെങ്കിലും നേട്ടമുണ്ടായില്ല. പുതുതായി കിട്ടിയ പേരാമ്പ്ര, കൂത്തുപറമ്പ്, കോങ്ങാട് എന്നിവയിലൊന്നുപോലും പിടിക്കാനുമായില്ല.

കെ.എം. ഷാജി (അഴീക്കോട്), പാറക്കൽ അബ്ദുള്ള (കുറ്റ്യാടി) എന്നിവരാണ് സിറ്റിങ് സീറ്റിൽ തോറ്റ എംഎ‍ൽഎ.മാർ. കോഴിക്കോട് സൗത്തും കളമശ്ശേരിയും നഷ്ടമായി. ഗുരുവായൂർ പിടിക്കാൻ നിയോഗിക്കപ്പെട്ട കെ.എൻ.എ. ഖാദർ എംഎ‍ൽഎ.യും തോൽവിയറിഞ്ഞു. കാൽനൂറ്റാണ്ടിനുശേഷം, സിറ്റിങ് സീറ്റിൽ (കോഴിക്കോട് സൗത്ത്) രംഗത്തിറക്കിയ ഏക വനിതാസ്ഥാനാർത്ഥി അഡ്വ. നൂർബിന റഷീദിനും ജയിക്കാനായില്ല.

കുഞ്ഞാലിക്കുട്ടിയോട് പ്രതിഷേധിച്ച് മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതിയുടെ ലേബലിൽ മത്സരിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങൾക്ക് ലഭിച്ചത് 10479 വോട്ടായിരുന്നു. മലപ്പുറം ലോകസഭാ മണ്ഡലം എംപിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി അകാരണമായി രാജിവെച്ചതിൽ പ്രതീഷേധിച്ച് മലപ്പുറത്തെ ഒരുകുട്ടം യുവാക്കൾ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് 'മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി'. മുസ്ലിം ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ മുൻ സംസ്ഥാന, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായിരുന്നു സമിതിയുടെ തലപ്പത്ത് ഉണ്ടായിരുന്നത്.

മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ സമീപകാലത്ത് പാർട്ടിയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത് പാർട്ടി അനുഭാവികൾ രംഗത്ത് വരിക എന്നത് അഭൂതപൂർവ്വമായ കാര്യമായിരുന്നു.സമിതി ഭാരവാഹികൾ 2021 ഫെബ്രുവരി 12 ന് മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വെച്ച് പത്രസമ്മേളനം നടത്തുകയും കുഞ്ഞാലി കുട്ടി രാജിവെച്ച തീരുമാനത്തെ ശക്തമായി അപലപിക്കുകയും , എംപി സ്ഥാനം രാജിവെച്ച കാര്യത്തിൽ കുഞ്ഞാലി കുട്ടി വോട്ടർമാരോട് മാപ്പുപറയണമെന്നും, നിയമസഭയിലേക്ക് മത്സരിക്കുന്ന തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP