Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെന്നി ബെഹന്നാൻ മുല്ലപ്പള്ളിക്കൊപ്പം കൂടി; പൗരത്വ നിയമത്തിൽ കെ മുരളീധരനും കെപിസിസി അധ്യക്ഷനൊപ്പമായി; പാർട്ടിയിൽ മേധാവിത്വം നിലനിർത്താൻ പത്തനംതിട്ടയിൽ എ ഗ്രൂപ്പിനെ തകർക്കാൻ ചെന്നിത്തല; ആറന്മുള സീറ്റിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനം നൽകി അടർത്തിയെടുക്കുന്നത് സാക്ഷാൽ പിജെ കുര്യനെ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ചെന്നിത്തലയ്ക്ക് പിന്തുണ നൽകാൻ പ്രഫസറും റെഡി; പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ കലാപവും; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയും

ബെന്നി ബെഹന്നാൻ മുല്ലപ്പള്ളിക്കൊപ്പം കൂടി; പൗരത്വ നിയമത്തിൽ കെ മുരളീധരനും കെപിസിസി അധ്യക്ഷനൊപ്പമായി; പാർട്ടിയിൽ മേധാവിത്വം നിലനിർത്താൻ പത്തനംതിട്ടയിൽ എ ഗ്രൂപ്പിനെ തകർക്കാൻ ചെന്നിത്തല; ആറന്മുള സീറ്റിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനം നൽകി അടർത്തിയെടുക്കുന്നത് സാക്ഷാൽ പിജെ കുര്യനെ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ചെന്നിത്തലയ്ക്ക് പിന്തുണ നൽകാൻ പ്രഫസറും റെഡി; പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ കലാപവും; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഐ ഗ്രൂപ്പിനെ കൂടുതൽ വിശാലമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പണി കൊടുക്കാൻ രമേശ് ചെന്നിത്തല. എ വിഭാഗത്തിൽ നിന്ന് അതിശക്തരെ അടർത്തിയെടുക്കാനാണ് തീരുമാനം. പത്തനംതിട്ട ജില്ലയിൽ ഈ മോഡൽ ഏതാണ്ട് ഫലം കണ്ടു കഴിഞ്ഞു. മുതിർന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പിജെ കുര്യനെ ഒപ്പം കൂട്ടാനാണ് തീരുമാനം. ഡിസിസി അധ്യക്ഷൻ ബാബു ജോർജും കളം മാറി ഐ ഗ്രൂപ്പിലെത്തും. ഐ ഗ്രൂപ്പിന്റെ ഭാഗമാകുന്ന പിജെ കുര്യനെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാമെന്നാണ് ചെന്നിത്തല നൽകിയിരിക്കുന്ന ഉറപ്പ്.

ഐ ഗ്രൂപ്പിലെ പല നേതാക്കളും മുല്ലപ്പള്ളിയുമായി അടുക്കുന്നുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബെഹന്നാലും മുല്ലപ്പള്ളിക്കൊപ്പമായി കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് അസുഖമായതാണ് എ ഗ്രൂപ്പിലെ പ്രശ്‌നങ്ങൾക്ക് കാരണം. അതുകൊണ്ടു തന്നെ എ ഗ്രൂപ്പിലെ പലരും മറ്റ് ലാവണങ്ങൾ തേടുകയാണ്. ഇതിനൊപ്പം ചെന്നിത്തലയെ അംഗീകരിക്കാൻ കഴിയാത്തതു കാരണം കെ മുരളീധരൻ പോലും മുല്ലപ്പള്ളിയുമായി അടുത്തു. പൗരത്വ നിയമത്തിൽ സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭത്തിന് ഇറങ്ങിയ ചെന്നിത്തലയെ ഗ്രൂപ്പിലുള്ളവർ പോലും വിമർശിച്ചു. വി എം സുധീരനൊപ്പമുള്ളവർക്കും മുല്ലപ്പള്ളിയോട് താൽപ്പര്യം കൂടുന്നു. ഇത് മനസ്സിലാക്കിയാണ് എ ഗ്രൂപ്പിനെ പിളർത്താൻ ചെന്നിത്തല പദ്ധതികളൊരുക്കിയത്. ഇതിലേക്ക് കുര്യനെ കൊണ്ടുവരികയായിരുന്നു ചെന്നിത്തല.

പിജെ കുര്യനുമായി ചെന്നിത്തല രണ്ട് വട്ടം ചർച്ച നടത്തി കഴിഞ്ഞു. ഗൾഫ് യാത്രയ്ക്ക് മുമ്പ് കാര്യങ്ങളിൽ വ്യക്തത വരുത്തും. ആറന്മു-തിരുവല്ല സീറ്റുകളിൽ ഒന്നിൽ മത്സരിപ്പിട്ട് പിജെ കുര്യനെ എംഎൽഎയാക്കാമെന്നാണ് ചെന്നിത്തല നൽകിയ ഉറപ്പ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രയുമാകും. പിജെ കുര്യന്റെ അതിവിശ്വസ്തനാണ് ബാബു ജോർജ്. ബാബു ജോർജും ഐ ഗ്രൂപ്പിൽ ചേരാൻ സന്നദ്ധനാണ്. എന്നാൽ പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ ഇത് കലാപമായി മാറുന്നുണ്ട്. എന്നും എതിരാളികളായി കണ്ട ബാബു ജോർജും പിജെ കുര്യനുമായി സഹകരിക്കാൻ ചെന്നിത്തലയുടെ വിശ്വസ്തരിൽ ബഹുഭൂരിഭാഗത്തിനും കഴിയുന്നുമില്ല. കോന്നയിൽ എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനായി സീറ്റ് മോഹൻരാജിന് നൽകിയിരുന്നു. ഇത് ഐ ഗ്രൂപ്പിൽ കലാപാന്തരീക്ഷമുണ്ടാക്കി. ഇത് ആളിക്കത്തിക്കുന്നതാണ് പിജെ കുര്യനുമായി ബന്ധപ്പെട്ട ചർച്ചകളും.

ജില്ലയിലെ 90 ശതമാനം എ ഗ്രുപ്പൂകാരും ഐ ഗ്രൂപ്പിലെത്തുമെന്നാണ് പിജെ കുര്യൻ ചെന്നിത്തലയ്ക്ക് നൽകുന്ന ഉറപ്പ്. കുര്യനും ഉമ്മൻ ചാണ്ടിയുമായി ഏറെ നാളായി അകൽച്ചയിലാണ്. കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ചത് ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണെന്ന വാദം ശക്തമായിരുന്നു. ജോസ് കെ മാണിയെ അവതരിപ്പിച്ച് കുര്യനെ വെട്ടിയതിന് പിന്നിലെ കഥകൾ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയായി മാറിയിരുന്നു. എൻ എസ് എസ് നേതൃത്വുമായി ആത്മബന്ധം കുര്യനുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ചെന്നിത്തലയുമായി കുര്യൻ അടുക്കുന്നത്. അടുത്ത തവണ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ ചെന്നിത്തലയെ മുഖ്യമന്ത്രിയായി കുര്യൻ ഉയർത്തിക്കാട്ടും. ഇതിന് വേണ്ടിയാണ് പുതിയ ചർച്ചകൾ.

പത്തനംതിട്ടയിലെ കോന്നി ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു. അടൂർ പ്രകാശ് ഒഴിഞ്ഞതോടെ കോന്നിയിൽ എ ഗ്രൂപ്പിന്റെ മോഹൻ രാജ് മത്സരിച്ചു. അതുകൊണ്ട് തന്നെ ഇനി ആറന്മുള സീറ്റ് ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് ചെന്നിത്തല പറയുന്നു. ഇവിടെ മത്സരിക്കാൻ ഐ ഗ്രൂപ്പിലെ പലരും ശ്രമം നടത്തുന്നുണ്ട്. ഇതിനിടെയാണ് അടൂർ പ്രകാശിന്റെ സഹകരണത്തോടെ പിജെ കുര്യനുമായി ചെന്നിത്തല ചർച്ച നടത്തുന്നത്. തിരുവല്ലയിൽ കേരളാ കോൺഗ്രസാണ് മത്സരിക്കുന്നത്. ഈ സീറ്റ് കേരളാ കോൺഗ്രസ് വിട്ടു കൊടുക്കുകയുമില്ല. അതുകൊണ്ട് തന്നെ ആറന്മുള കണ്ണുവച്ചാണ് കുര്യന്റെ നീക്കങ്ങൾ. എൻ എസ് എസിന്റെ പിന്തുണയോടെ ഇവിടെ ജയിക്കാമെന്ന് കുര്യനും കണക്കു കൂട്ടുന്നു. ഇതാണ് ഐ ഗ്രൂപ്പിലെ മറ്റുള്ളവരെ വെട്ടിലാക്കുന്നത്. കൂടെ നിന്നവരെ മറന്ന് കുര്യന് സീറ്റ് നൽകാൻ ധാരണയുണ്ടാക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് നേതാക്കൾ ഐ ഗ്രൂപ്പിലെ പ്രമുഖരെ അറിയിച്ചു കഴിഞ്ഞു.

കോന്നിയിൽ മത്സരിക്കാൻ പല ഐ ഗ്രൂപ്പുകാരും ആഗ്രഹിച്ചിരുന്നു. അടൂർ പ്രകാശിന്റെ കടംപിടിത്തം ഇവിടെ വില്ലനായി. ഒടുവിൽ സീറ്റ് എ ഗ്രൂപ്പിന് നൽകുകയും ചെയ്തു. ഇവിടെ സിപിഎം ജയിച്ചു. അതുകൊണ്ട് തന്നെ ഇനി ഇത് പിടിച്ചെടുക്കുക അത്ര എളുപ്പമാകില്ല. അതുകൊണ്ടാണ് കോന്നി വിട്ട് ആറന്മുളയിലേക്ക് പല നേതാക്കളും കണ്ണെറിഞ്ഞത്. നായർ വോട്ടുകളുടെ പിന്തുണയിൽ ജയിക്കാമെന്നും കണക്കു കൂട്ടി. ഇതിനിടെയാണ് ജി സുകുമാരൻ നായരുടെ അടുത്ത ആളെന്ന് ഏവരും വിലയിരുത്തുന്ന പിജെ കുര്യൻ ചെന്നിത്തലയ്‌ക്കൊപ്പം ചേർന്ന് സീറ്റ് തട്ടിയെടുക്കാൻ ഗ്രൂപ്പ് മാറ്റത്തിന് ശ്രമിക്കുന്നത്. മുമ്പ് ആന്റണിയുടെ വിശ്വസ്തനായിരുന്നു പിജെ കുര്യൻ. എന്നാൽ ഉമ്മൻ ചാണ്ടിയുമായി തെറ്റിയതോടെ എ ഗ്രൂപ്പിൽ നിൽക്കാനാവാത്ത സാഹചര്യം വന്നു. ഇതുകൊണ്ടാണ് ചെന്നിത്തല ഗ്രൂപ്പിലേക്ക് മാറുന്നത്.

ഗ്രൂപ്പുകൾക്ക് അതീതമായി നിൽക്കാൻ ആഗ്രഹിച്ചവരാണ് കെവി തോമസും പിജെ കുര്യനും. കെവി തോമസിന് എറണാകുളത്ത് സീറ്റ് നഷ്ടമായി. നിയമസഭാ ഉപതെരഞ്ഞെടുപ്പിലും സീറ്റ് കൊടുത്തില്ല. ഗ്രൂപ്പ് പിന്തുണ ഇല്ലാത്തതു കൊണ്ടായിരുന്നു ഇതെല്ലാം. ഇതു കൊണ്ടാണ് ഐ ഗ്രൂപ്പിന്റെ ഭാഗമാകാൻ പിജെ കുര്യൻ ശ്രമിക്കുന്നത്. പിജെ എത്തിയാൽ ഐ ഗ്രൂപ്പിന് പത്തനംതിട്ടയിൽ തലെയുടുപ്പുള്ള നേതാവായി അദ്ദേഹം മാറും. ഇതാണ് ജില്ലയിലെ മറ്റ് നേതാക്കളെ ആശയക്കുഴപ്പത്തിലാക്കുന്നത്. എന്തു വന്നാലും കുര്യനെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ പ്രാദേശിക നേതാക്കളുടെ എതിർപ്പ് അവഗണിച്ചും മുമ്പോട്ട് പോകാനാണ് ചെന്നിത്തലയുടെ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന്റെ കെപിസിസിയിലെ സ്വാധീനം കൂടി മനസ്സിലാക്കിയാണ് ചെന്നിത്തലയുടെ പുതിയ കളി.

ഒരാൾക്ക് ഒരു പദവിയെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് മുല്ലപ്പള്ളിയാണ്. ഇതും ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റി മറിക്കും. ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടും ടി.എം. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവർ പാർട്ടി പദവികളിൽ തുടരുകയാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും ടി.ജെ. വിനോദ് എറണാകുളം ഡി.സി.സി. അധ്യക്ഷ സ്ഥാനത്ത് തുടരുന്നു. തൃശൂർ ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ടി.എൻ. പ്രതാപൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. എംപി. സ്ഥാനത്തിനൊപ്പം പാലക്കാട് ഡി.സി.സിയുടെ ചുമതലയും വി.കെ. ശ്രീകണ്ഠനുണ്ട്. ഈ സാഹചര്യത്തെ അനുകൂലമാക്കാൻ ഐ ഗ്രൂപ്പും തക്കം പാർക്കുന്നു. ഇതിൽ പൗരത്വ ഭേദഗതിയോടെ മുല്ലപ്പള്ളി പക്ഷത്തോട് അടുക്കുകയാണ് ബെന്നി.

വി എം.സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ സജീവമായിരുന്നു പ്രതാപൻ. പ്രതാപനെ പിണക്കാൻ ഐ ഗ്രൂപ്പിനും താൽപ്പര്യമില്ല. മുല്ലപ്പള്ളിയുമായി പ്രതാപൻ അടുക്കുമോ എന്ന സംശയമാണ് ഇതിന് കാരണം. നിലവിൽ സുധീരനൊപ്പം നിൽക്കുന്ന പ്രതാപനെ കൂടെ നിർത്താനാണ് ചെന്നിത്തലയുടെ ശ്രമം. സ്ഥാനമൊഴിയുകയാണെങ്കിൽ എല്ലാവരും ഒരുമിച്ചാകുമെന്നതിനാൽ പ്രതാപൻ തുടരുന്ന പക്ഷം ഐ ഗ്രൂപ്പിലെ വി.കെ. ശ്രീകണ്ഠനു ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തും തുടരാം. ഉമ്മൻ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബെഹനാൻ മുല്ലപ്പള്ളിക്കൊപ്പം പോയാൽ എ ഗ്രൂപ്പ് ദുർബ്ബലമാകും. കെപിസിസിയെ മുമ്പോട്ട് നയിക്കാൻ ബെന്നിയുടെ സഹായം തുണയാകുമെന്ന് മുല്ലപ്പള്ളിക്ക് അറിയാം. ഫണ്ട് റെയ്സിംഗിലും സംഘടനാ മികവിലും ബെന്നിയുടെ മികവ് തിരിച്ചറിഞ്ഞാണ് മുല്ലപ്പള്ളിയുടെ നീക്കം.

സജീവ രാഷ്ട്രീയത്തിൽനിന്ന് ഉമ്മൻ ചാണ്ടി മാറിനിൽക്കുന്നതാണ് ഇതിന് കാരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പോര് തുടങ്ങി കഴിഞ്ഞു. മുല്ലപ്പള്ളിയും നിയമസഭയിലേക്ക് മത്സരിക്കും. കെപിസിസി അധ്യക്ഷനായിരിക്കുമ്പോൾ ചെന്നിത്തല മത്സരിച്ചിരുന്നു. ഇതേ രീതി തുടരാനാണ് മുല്ലപ്പള്ളിയുടെയും തീരുമാനം. ഗ്രൂപ്പുകളിൽ സജീവമല്ലാത്ത എല്ലാവരേയും ഒരുമിപ്പിക്കുന്നതിനൊപ്പം എ ഗ്രൂപ്പിനേയും അടർത്തിയെടുക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമം. എകെ ആന്റണിയുടെ മനസ്സും മുല്ലപ്പള്ളിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ആന്റണിയുടെ കൂടെ സഹായത്തോടെ പരമാവധി എ ഗ്രൂപ്പ് നേതാക്കളെ കൂടെ കൂട്ടാനാകും ശ്രമം.

വി എം സുധീരനും പ്രത്യേക സാഹചര്യത്തിൽ മുല്ലപ്പള്ളിയെ സഹായിക്കും. കെ മുരളീധരനും പൗരത്വ ഭേദഗതിയിൽ മുല്ലപ്പള്ളിയെ പിന്തുണച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷും ആന്റണിയുടെ താൽപ്പര്യം തിരിച്ചറിഞ്ഞ് കെപിസിസി അധ്യക്ഷനൊപ്പമാണ്. ഇതെല്ലാം ഗ്രൂപ്പ് സമവാക്യങ്ങളെ സാരമായി ബാധിക്കും. എ ഗ്രൂപ്പിൽ വിള്ളലുണ്ടാകുമ്പോൾ സ്വാഭാവികമായി അതിന്റെ ഗുണം ചെന്നിത്തലയ്ക്ക് കിട്ടും. എന്നാൽ ഹൈക്കമാണ്ടിന്റെ പിന്തുണയിൽ ഇതെല്ലാം തകർത്തെറിയാനാണ് മുല്ലപ്പള്ളിയുടെ നീക്കം. ഘടകകക്ഷികൾക്ക് വഴങ്ങാത്ത കരുത്തനായ നേതാവാണ് താനെന്ന് തെളിയിക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം. ഇത് മനസ്സിലാക്കിയാണ് പിജെ കുര്യനെ പോലുള്ള വന്മരങ്ങളെ ചെന്നിത്തലയും സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP