Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോളിടെക്ക്‌നിക്കുകളിലെ 250 ഓളം അദ്ധ്യാപകർക്ക് അർഹതയുള്ളത് സംസ്ഥാന നിരക്കിലുള്ള ശമ്പളം; വാങ്ങുന്നതോ യുജിസിക്ക് തുല്യമായ എഐസിടിഇ സ്‌കീമിലുള്ള ശമ്പളവും; ചട്ടം മറികടക്കാൻ ഉപയോഗിക്കുന്നത് ഡീംഡ് യൂണിവേഴ്‌സിറ്റികളിലെ റെഗുലർ അല്ലാത്ത കോഴ്‌സ് സർട്ടിഫിക്കറ്റുകൾ; നിയമലംഘനത്തിനു കുടപിടിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവും; ഖജനാവിൽ നിന്നും ഒഴുകിപ്പോവുന്നത് കോടികൾ; അധിക തുക തിരികെ പിടിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ

പോളിടെക്ക്‌നിക്കുകളിലെ 250 ഓളം അദ്ധ്യാപകർക്ക് അർഹതയുള്ളത് സംസ്ഥാന നിരക്കിലുള്ള ശമ്പളം; വാങ്ങുന്നതോ യുജിസിക്ക് തുല്യമായ എഐസിടിഇ സ്‌കീമിലുള്ള ശമ്പളവും; ചട്ടം മറികടക്കാൻ ഉപയോഗിക്കുന്നത് ഡീംഡ് യൂണിവേഴ്‌സിറ്റികളിലെ റെഗുലർ അല്ലാത്ത കോഴ്‌സ് സർട്ടിഫിക്കറ്റുകൾ; നിയമലംഘനത്തിനു കുടപിടിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവും; ഖജനാവിൽ നിന്നും ഒഴുകിപ്പോവുന്നത് കോടികൾ; അധിക തുക തിരികെ പിടിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ

എം മനോജ്കുമാർ

തിരുവനന്തപുരം: അർഹതയും അംഗീകാരവും ഇല്ലാതെ ഒരു കൂട്ടം സാങ്കേതിക വിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകർ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പളം വാങ്ങുന്നു. സംസ്ഥാന സ്‌കെയിലിലുള്ള ശമ്പളം വാങ്ങാൻ അർഹതയുള്ള സംസ്ഥാനത്തെ പോളിടെക്കുകളിലെ 250 ഓളം അദ്ധ്യാപകരാണ് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് കേന്ദ്ര സ്‌കെയിലിലുള്ള ശമ്പളം പറ്റുന്നത്. സംസ്ഥാന ഖജനാവിൽ നിന്ന് പ്രതിമാസം കോടികളാണ് അനർഹരായ അദ്ധ്യാപകർക്ക് കേന്ദ്ര സ്‌കെയിലിലുള്ള ശമ്പളം നൽകാൻ വേണ്ടി ചെലവിടുന്നത്. 25000 രൂപ മുതൽ മുകളിലോട്ടുള്ള തുകകളാണ് ഇവർ സംസ്ഥാന ഖജനാവിൽ നിന്നും അധികമായി കരസ്ഥമാക്കുന്നത്. 2013 മുതൽ ഈ രീതിയിൽ അനർഹമായി ഇവർ കേന്ദ്ര ശമ്പളം കൈപ്പറ്റുന്നുണ്ട്. യുജിസിയുടെ സമാനസ്‌കെയിലിലുള്ള ശമ്പളം പറ്റാൻ വേണ്ടി ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ബിടെക് എംടെക് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് അദ്ധ്യാപകർ ഈ ഖജനാവ് കൊള്ള നടത്തുന്നത്.

കഴിഞ്ഞ യുഡിഎഫ് കാലത്ത് ഒരു മന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ആ ഘട്ടത്തിൽ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്നും എംടെക്ക് പാസായി എന്ന് പറഞ്ഞു സർട്ടിഫിക്കറ്റ് വാങ്ങി മലപ്പുറത്തെ ഒരു പ്രിൻസിപ്പാൾ കേന്ദ്ര നിരക്കിലുള്ള ശമ്പളം വാങ്ങുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ സംസ്ഥാന സ്‌കെയിലിൽ ശമ്പളം പറ്റേണ്ട അദ്ധ്യാപകർ ഡീംഡ് യൂണിവേഴ്‌സിറ്റികളിൽ നിന്ന് റെഗുലറും പാർട്ട് ടൈമും അല്ലാത്ത എംടെക്ക്-ബിടെക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കേന്ദ്ര നിരക്കിൽ ശമ്പളം വാങ്ങുന്നുണ്ടെന്നും അധിക തുക സർക്കാർ തിരികെ പിടിക്കേണ്ടതുണ്ടെന്നുമാണ് 2015-ൽ വിജിലൻസ് തന്നെ സർക്കാരിനു റിപ്പോർട്ട് നൽകിയത്. എന്നാൽ അദ്ധ്യാപകർക്ക് അരുനിൽക്കാൻ ഒരു സർക്കാർ കമ്മിറ്റിയെ വെച്ച് നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി ഇവരെ വെള്ളപൂശി നിർത്തുകയാണ് സർക്കാർ ചെയ്തത്. ഇപ്പോൾ കോടികൾ ഖജനാവിൽ നിന്നും ഒഴുകിപോയിട്ടും അദ്ധ്യാപകർ നടത്തുന്ന ഖജനാവ് കൊള്ളയെക്കുറിച്ച് സർക്കാർ നിശബ്ദത പാലിക്കുകയാണ്.

സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ രണ്ടു രീതിയിൽ ശമ്പളം അദ്ധ്യാപകർ കൈപ്പറ്റുന്നുണ്ട്. എഐസിടിഇ സ്‌കീം പ്രകാരമുള്ള കേന്ദ്ര ശമ്പളം, സംസ്ഥാന സ്‌കെയിൽ അനുസരിച്ചുള്ള ശമ്പളം. വകുപ്പ് മേധാവിയോ പ്രിൻസിപ്പാൾമാരോ ആകാൻ എഐസിടിഇ നിഷ്‌ക്കർഷിക്കും പ്രകാരമുള്ള യോഗ്യതകൾ വേണമെന്നു യുജിസിക്ക് തത്തുല്യമായ എഐസിടിഇ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ഏത് വിഭാഗത്തിലാണോ ആ വിഭാഗത്തിൽ ബിടെക്ക്, എംടെക്ക് ബിരുദങ്ങൾ വേണം എച്ച്ഒഡിയാകാനും, പ്രിൻസിപ്പാൾമാരാകാനും. അവർക്ക് എഐസിടിഇ നിരക്കിൽ ശമ്പളം നൽകണം. അല്ലാത്തവർക്ക് സംസ്ഥാന സർക്കാർ സ്‌കെയിലിലും ശമ്പളം നൽകണം. സംസ്ഥാന കേന്ദ്ര ശമ്പള സ്‌കെയിലുകൾ തമ്മിൽ 25000 മുതൽ മുകളിലോട്ട് വർദ്ധനയുണ്ട്. ഇത് മനസിലാക്കിയാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ 250 ഓളം അദ്ധ്യാപകർ ബിടെക്ക്-എംടെക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി എഐസിടിഇ നിരക്കിൽ ശമ്പളം വാങ്ങിക്കുന്നത്. വകുപ്പ് തലവൻ എന്ന പോസ്റ്റുകളും പ്രിൻസിപ്പാൾ പോസ്റ്റുകളും കരസ്ഥമാക്കിയാണ് കേന്ദ്ര നിരക്കിൽ ശമ്പളം വാങ്ങുന്നത്.

എഐസിടിഇ സ്‌കീം പ്രകാരമുള്ള ശമ്പളത്തിനു റെഗുലർ അല്ലെങ്കിൽ പാർട്ട് ടൈം ബിടെക്ക്-എംടെക്ക് കോഴ്‌സുകൾ തന്നെ വേണം എന്ന് എഐസിടിഇ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഈ അദ്ധ്യാപകർ ഡീംഡ് യൂണിവേഴ്‌സിറ്റികളിൽ നിന്നും ബിടെക്ക്-എംടെക്ക് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി വകുപ്പ് തലവൻ അല്ലെങ്കിൽ പ്രിൻസിപ്പാൾ പദവികളും കേന്ദ്ര നിരക്കിൽ ശമ്പളവുമാണ് നേടിയിരിക്കുന്നത്. ഇതെല്ലാം നോക്കേണ്ട സാങ്കേതിക വിദ്യാഭ്യാസവകുപ്പ് അധികൃതർ ഈ അദ്ധ്യാപകർ കേന്ദ്ര നിരക്കിൽ ശമ്പളം വാങ്ങുന്നതും നോക്കി കയ്യുംകെട്ടിയിരിക്കുകയാണ്. നിയമത്തിലെ പഴുതാണ് ഈ അദ്ധ്യാപകർ ഉപയോഗിക്കുന്നത്. ബിടെക്ക്-എംടെക്ക് വേണം എന്നാണ് പറയുന്നത്.

കേരളത്തിനു പുറത്തുള്ള യൂണിവേഴ്‌സിറ്റികളിൽ നിന്നും റെഗുലറും പാർട്ട് ടൈമും അല്ലാത്ത വീക്കെൻഡ് കോഴ്‌സുകളിൽ ചേർന്നാണ് ഇവർ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്. ഇത് എഐസിടിഇ നിബന്ധനകൾക്ക് വിരുദ്ധമാണ്. എന്നാൽ സർട്ടിഫിക്കറ്റിൽ റെഗുലർ-പാർട്ട് ടൈം-വീക്കെൻഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്ന് തൊടുന്യായം പറഞ്ഞാണ് ഇത് പരിശോധിക്കാൻ വേണ്ടി രൂപീകരിച്ച സർക്കാർ കമ്മറ്റി ആ അനധികൃതക്കാരെ നിയമവിധേയമാക്കി മാറ്റിയിരിക്കുന്നത്. റെഗുലറും വീക്കെൻഡും തുല്യമായി പരിഗണിക്കാം എന്ന് പറഞ്ഞു വെള്ളയടിക്കുകയാണ് കമ്മറ്റി ചെയ്തത്. ഇതിനു പിന്നാലെ നിയമാനുസൃതമല്ലാത്ത വിദ്യാഭ്യാസയോഗ്യതകൾ നിയമ വിധേയമാക്കിക്കൊണ്ടു ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഉത്തരവിന്റെ ബലത്തിലാണ് കോടികൾ സർക്കാർ ഖജനാവിൽ നിന്നും ഒഴുകിപ്പോകുന്നത്.

കേന്ദ്രനിരക്കിലുള്ള ശമ്പളം പറ്റാൻ ബിടെക്ക്-എംടെക്ക് കോഴ്‌സുകൾ ചെയ്യാൻ ഒന്നുകിൽ അദ്ധ്യാപകർ ലീവ് എടുത്ത് കോഴ്‌സിനു ചേരണം. അല്ലെങ്കിൽ കേരളത്തിലെ പാർട്ട് ടൈം കോഴ്‌സുകൾ ചെയ്യണം. പാർട്ട് ടൈം കോഴ്‌സുകൾ കേരളത്തിൽ ചെയ്യണമെങ്കിൽ വൈകീട്ട് അഞ്ചര മുതൽ രാത്രി ഒമ്പതര വരെ ക്ലാസുകൾ അറ്റൻഡ് ചെയ്യണം. രണ്ടു വർഷം ദുരിതകാലമാകും. കേരളത്തിനു പുറത്തുള്ള ഡീംഡ് യൂണിവേഴ്‌സിറ്റികളിൽ ആണെങ്കിൽ ഒരു പാടുമില്ല. രജിസ്റ്റർ ചെയ്ത് കഴിയാവുന്ന ക്ലാസുകൾ അറ്റൻഡ് ചെയ്ത് പരീക്ഷ എഴുതിയാൽ ബിടെക്ക്-എംടെക്കുകൾ പാസാകാം. ഫീസ് കൃത്യമായി ഒടുക്കുന്നുണ്ടോ എന്നാണ് ഡീംഡ് യൂണിവേഴ്‌സിറ്റികൾ അടക്കമുള്ള കേരളത്തിനു പുറത്തുള്ള യൂണിവേഴ്‌സിറ്റികൾ നോക്കുന്നത്. എല്ലാം കറക്റ്റ് ആണെങ്കിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഈ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി എഐസിടിഇ നിരക്കിൽ കേന്ദ്ര ശമ്പളം പറ്റുകയാണ് അദ്ധ്യാപകർ ചെയ്യുന്നത്. റെഗുലർ-പാർട്ട് ടൈം കോഴ്‌സുകൾ വേണം എന്ന എഐസിടിഇ നിഷ്‌ക്കർഷ ഒഴിവാക്കുകയും ചെയ്യുന്നു. പരാതി വന്നാൽ റെഗുലർ-പാർട്ട് ടൈം എന്നൊന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല എന്നും വിശദീകരണം നൽകും.

ഈ കാര്യത്തിൽ പരാതി വന്നപ്പോഴാണ് വിജിലൻസ് ക്വിക്ക് വെരിഫിക്കേഷൻ നടത്തിയത്. ഇതിൽ തന്നെ അദ്ധ്യാപകർ നടത്തുന്ന തട്ടിപ്പ് വിജിലൻസിന് ബോധ്യമായിരുന്നു. എന്നാൽ സർക്കാർ അദ്ധ്യാപകർക്ക് അരു നിന്നു. ഒരു കമ്മറ്റിയെ വെച്ച് വാദം കേട്ടപ്പോൾ സർട്ടിഫിക്കറ്റിൽ റെഗുലർ-പാർട്ട് ടൈം എന്നൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്ന വാദം കമ്മറ്റിയും അംഗീകരിച്ച അവസ്ഥയായി. ഇതാണ് അദ്ധ്യാപകരെ രക്ഷപ്പെടുത്തിയത്. ഡീംഡ് യൂണിവേഴ്‌സിറ്റികളുടെ വീക്കെൻഡ് കോഴ്‌സുകൾക്ക് മുൻപ് കേരള സർവ്വകലാശാലയുടെ അക്കാദമിക് സമിതി അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇത് എഐടിസിഎ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് എന്ന് മനസിലാക്കിയപ്പോൾ ഉത്തരവ് പിൻവലിച്ച് അക്കാദമിക സമിതി തലയൂരി.

പോളിടെക്‌നിക്ക് അദ്ധ്യാപകർ കേരള സർവ്വകലാശാലയെ സമീപിച്ചപ്പോൾ അദ്ധ്യാപകർക്ക് സർട്ടിഫിക്കറ്റ് നൽകിയ യൂണിവേഴ്‌സിറ്റിയുടെ റെഗുലർ കോഴ്‌സുകൾ തങ്ങൾ അംഗീകരിച്ചിട്ടുണ്ട് എന്നാണ് കേരള സർവ്വകലാശാല മറുപടി നൽകിയത്. റെഗുലർ-വീക്കെൻഡ് കോഴ്‌സുകൾക്ക് നൽകുന്നത് ഒരേ സർട്ടിഫിക്കറ്റ് ആണെന്ന് വന്നപ്പോൾ പിന്നീട് നടപടികൾ സർക്കാർ തലത്തിൽ നിന്നും വന്നില്ല. ഇതാണ് നിയമവിരുദ്ധമായി ശമ്പളം പറ്റാൻ അദ്ധ്യാപകർക്ക് തുണയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP